സത്യത്തിൽ ഇറാൻ കുട്ടികളോട് എന്താണ് ചെയ്യുന്നത്?
file photo
1980-88 കാലത്തു നടന്ന ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ബാല സൈനികരായി നിർബന്ധിത സൈനിക സേവനത്തിനായി ഇറാൻ യുദ്ധമുന്നണിയിൽ കൊന്നൊടുക്കിയത് 36,000ത്തിലധികം കുട്ടികളെ!
അമെരിക്കൻ സൈന്യം കൊന്നൊടുക്കിയ തങ്ങളുടെ കുട്ടികളുടെ ചിത്രവും പേറി മനുഷ്യാവകാശ കാർഡ് ഇറക്കി കളിക്കുകയാണ് ഇപ്പോൾ ഇറാൻ. എന്നാൽ സത്യത്തിൽ ഇറാൻ കുട്ടികളോട് എന്താണ് ചെയ്യുന്നത്?
ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട ബാലസൈനികൻ ഹസൻ ജങ്ജുവിന്‍റെ അവസാന ചിത്രം
അമെരിക്കൻ സൈന്യം കൊന്നൊടുക്കിയ തങ്ങളുടെ കുട്ടികളുടെ ചിത്രവും പേറി മനുഷ്യാവകാശ കാർഡ് ഇറക്കി കളിക്കുകയാണ് ഇപ്പോൾ ഇറാൻ. എന്നാൽ സത്യത്തിൽ ഇറാൻ കുട്ടികളോട് എന്താണ് ചെയ്യുന്നത്? അതറിയണമെങ്കിൽ ഇറാനിലെ ബാല സൈനികരെ കുറിച്ചറിയണം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
1980-88 കാലത്തു നടന്ന ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ബാല സൈനികരായി നിർബന്ധിത സൈനിക സേവനത്തിനായി ഇറാൻ യുദ്ധമുന്നണിയുടെ മുൻ നിരയിലേയ്ക്ക് അയച്ചത് വെറും ഒമ്പതു വയസ് പ്രായമുള്ള കുട്ടികൾ വരെയുള്ള പ്രായപൂർത്തിയാകാത്ത അഞ്ചു ലക്ഷത്തി അമ്പതിനായിരം ഇറാനി കുട്ടികളെയാണ്! ഇതിൽ ഏറ്റവും കുറഞ്ഞത് 36,000 പേരെങ്കിലും കൊല്ലപ്പെട്ടു. ഇറാഖി ടാങ്കിനടിയിൽ ഗ്രനേഡ് പൊട്ടിച്ചതിന് അന്ന് കേവലം പതിമൂന്നു വയസു മാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദ് ഹൊസൈൻ ഫഹ്മിദെ എന്ന കുട്ടിയെ ദേശീയ നായകനായി ഇറാൻ പ്രകീർത്തിച്ചു.
കണ്ണീരായി അലിറേസ എന്ന പതിനൊന്നുകാരൻ
കണ്ണീരായി അലിറേസ എന്ന പതിനൊന്നുകാരൻ
തങ്ങളുടെ കുട്ടികളെ യുഎസ് കൊന്നു എന്നു നിലവിളിച്ച് ഓടി നടക്കുന്ന ഇറാൻ തന്നെയാണ് അലിറേസ ജാഫാരി എന്ന പതിനൊന്നു വയസുകാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ടെഹ്റാനിലെ ബാസിജ് ചെക്ക് പോയിന്‍റിൽ ബാലസൈനികനായി കൊണ്ടു നിർത്തി ഡ്രോൺ ആക്രമണത്തിൽ കൊന്നു കളഞ്ഞത്. ആറാംക്ലാസ് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അലിറേസ ജാഫാരി.
പിതാവു തന്നെയാണ് അവനെ ഫൊർ ഇറാൻ പദ്ധതിയുടെ ഭാഗമായ ബാലസൈനിക വിഭാഗത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോയത്. ഇറാനിയൻ സൈന്യത്തിലെ ഉയർന്ന മരണനിരക്ക് കണക്കിലെടുത്ത് ഇപ്പോൾ പന്ത്രണ്ടു വയസും അതിനു മുകളിലുമുള്ളവരെ സൈന്യത്തിലേയ്ക്ക് എടുക്കുന്നു എന്നും ഫൊർ ഇറാൻ എന്ന പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള കൗമാരക്കാർക്ക് ബാസിജ് മിലിഷ്യയുടെ കീഴിൽ യുദ്ധത്തിൽ പങ്കെടുക്കാമന്നും ഈയടുത്തയിടെ ഇറാൻ സൈനിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
അതിനു പിന്നാലെയാണ് ടെഹ്റാനിലെ ബാസിജ് ചെക്ക് പോയിന്‍റിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നു പറഞ്ഞ് അതു നികത്താൻ തന്‍റെ രണ്ടു മക്കളെ, അതും പന്ത്രണ്ടു വയസ് പോലുമായിട്ടില്ലാത്ത- പതിനൊന്നും ഒമ്പതും വയസ് മാത്രം പ്രായമുള്ള രണ്ടു കുരുന്നുകളെ ഒരു പിതാവ് വീട്ടിൽ നിന്നിറക്കി മരണത്തിന്‍റെ വായിലേയ്ക്ക് ഇട്ടു കൊടുത്തത്. ഇതിനെതിരേയൊന്നും ഇറാനിൽ ആർക്കും പ്രതികരിക്കേണ്ട. ആർക്കും നൊമ്പരവുമില്ല.
ചെക്ക് പോയിന്‍റിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും നാലു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും തന്‍റെ ഭർത്താവ് തന്നോട് പറഞ്ഞതായി അലിറേസയുടെ അമ്മ പറഞ്ഞു.
ഇറാൻ മക്കൾക്ക് നൽകുന്നത് രക്തസാക്ഷി മോഹം എന്നസ്വപ്നം!
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളോ വിദ്യാഭ്യാസമോ മാനുഷിക മൂല്യങ്ങളോ അല്ല ആ പിഞ്ചു മനസിൽ ആ മാതാപിതാക്കൾ കുത്തിനിറച്ചത്. പകരം യുദ്ധത്തിൽ രക്തസാക്ഷിയാകാനുള്ള ആഗ്രഹമാണ് ആ പൈതലിന്‍റെ ഉള്ളിൽ അവർ കുത്തി വച്ചത്.
അതു കൊണ്ടാണല്ലോ
"അമ്മേ, നമ്മൾ ഈ യുദ്ധം ജയിക്കുകയോ രക്തസാക്ഷികളാകുകയോ ചെയ്യാം. ദൈവം അനുഗ്രഹിക്കട്ടെ, നമ്മൾ വിജയിക്കും, പക്ഷേ എനിക്ക് ഒരു രക്തസാക്ഷിയാകാൻ ആഗ്രഹമുണ്ട് ' എന്ന് തന്‍റെ മകൻ യുദ്ധമുഖത്തേയ്ക്കു പോകും മുമ്പേ തന്നോടു പറഞ്ഞതായി ആ അമ്മ യാതൊരു സങ്കോചവുമില്ലാതെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ബലിയാടാക്കപ്പെടുന്ന ഇറാനിയൻ ബാല്യങ്ങൾ മിസൈലിനരികെ
ബലിയാടാക്കാൻ സിറിയയിലേയ്ക്കും അയയ്ക്കപ്പെട്ട ഇറാനി കുഞ്ഞുങ്ങൾ
2017ൽ സിറിയൻ സംഘർഷമുണ്ടായപ്പോൾ സിറിയൻ സർക്കാർ സേനയ്ക്കു വേണ്ടി ഫത്തേമിയോൺ ഡിവിഷനിൽ പോരാടാനായി ഇറാൻ-അഫ്ഗാൻ അഭയാർഥി കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നതായും അവരിൽ ചിലർക്ക് പതിനാലു വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു എന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് രേഖപ്പെടുത്തി.
ഐആർജിസിയുടെ കീഴിലുള്ള അർധ സൈനിക വാളണ്ടിയർ മിലിഷ്യയായ ബാസിജിലൂടെയാണ് ഇറാൻ രേഖപ്പെടുത്തപ്പെട്ടതും ദീർഘവുമായ ഈ ബാല സൈനിക ചരിത്രം തുടരുന്നത്.
ബാല സൈനികവൃത്തി: ആഗോള തലത്തിൽ വൻ യുദ്ധക്കുറ്റം
ബാല സൈനികവൃത്തി: ആഗോള തലത്തിൽ വൻ യുദ്ധക്കുറ്റം
അന്താരാഷ്ട്ര നിയമപ്രകാരം പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികളെ നിർബന്ധിതമായോ അല്ലാതെയോ സൈന്യത്തിൽ ചേർക്കുന്നത് ഒരു വലിയ യുദ്ധക്കുറ്റമാണ്.
ഈ യുദ്ധക്കുറ്റം തടയാൻ രൂപീകരിച്ച കൺവൻഷനിൽ ഇറാനും കക്ഷി!
ഈ യുദ്ധക്കുറ്റം തടയാൻ വേണ്ടി രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവൻഷനിൽ ഇറാൻ ഒരു കക്ഷിയാണ് എന്നതാണ് വൈരുദ്ധ്യം! സൈന്യത്തിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടു വയസായി നിശ്ചയിക്കുന്ന പ്രോട്ടോക്കോളിൽ ഒപ്പു വച്ച രാജ്യവുമാണ് ഇറാൻ. എന്നിട്ടാണ് സ്വന്തം കുട്ടികളുടെ ബാല്യം പോലും ഇറുത്തെടുത്ത് യുദ്ധമുന്നണിയിലിട്ട് നിർലജ്ജം ബാല ഹത്യ നടത്തുന്നത്! ഈ ഇറാനാണ് തങ്ങളുടെ സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട പേരും പറഞ്ഞ ഇപ്പോൾ ലോകത്തിനു മുന്നിൽ കള്ളക്കണ്ണീരൊഴുക്കുന്നത്!
പുസ്തകം ലാളിക്കേണ്ട കൈകളിൽ എകെ 47 നൽകുന്ന നിഷ്ഠൂരത
പുസ്തകം ലാളിക്കേണ്ട കൈകളിൽ എകെ 47 നൽകുന്ന നിഷ്ഠൂരത
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തിനായുള്ള സകല നിയമങ്ങളിലും ഒപ്പു വച്ചിട്ട് സ്വന്തം രാജ്യത്തെത്തുമ്പോൾ ഐആർജിസി റിക്രൂട്ട്മെന്‍റ് റെഗുലേഷൻസ് നിയമം ആർട്ടിക്കിൾ 93 ൽ പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ '"സാധാരണ ബാസിജി'കളായി ചേരാൻ അനുവദിക്കുന്ന നിയമപരമായ പഴുതുണ്ടാക്കി സ്വന്തം ബാലകരെ യുദ്ധമുഖത്തെത്തിച്ച് കൂട്ടക്കൊലയ്ക്കിരയാക്കുന്നു. പുസ്തകവും പേനയും ഫുട്ബോളും ക്രിക്കറ്റ് ബാറ്റും പിടിക്കേണ്ട കൈകളിൽ എകെ-47 ശൈലിയിലുള്ള അസോൾട്ട് റൈഫിളുകൾ നൽകുന്നു!
തികഞ്ഞ മനുഷ്യത്വ രഹിതമായ ഇറാനിയൻ ഭരണകൂടത്തിനെതിരേ പ്രതികരിച്ചവരെ അടിച്ചമർത്താനും 2022ൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കലാപ വിരുദ്ധ സേനയായി ഇറാൻ ഉപയോഗിച്ചിരുന്നു. ലോകത്ത് സ്വന്തം ജനതയെ ഇത്രയധികം നിർദാക്ഷിണ്യം കൊന്നൊടുക്കുന്ന കൂട്ടരാണ് ഇപ്പോൾ മനുഷ്യത്വം പറഞ്ഞ് യുഎന്നിൽ കരയുന്നതെന്നത് വിരോധാഭാസമല്ലാതെ മറ്റെന്ത്?