സമരം രാജ്യദ്രോഹമല്ല

 
Special Story

സമരം രാജ്യദ്രോഹമല്ല

പാർലമെന്‍റിലെ ഭൂരിപക്ഷ സംഖ്യയിൽ മാത്രം ഒതുങ്ങുന്നത് അല്ല ജനാധിപത്യ പ്രക്രിയ

MV Desk

വീണ്ടുവിചാരം| ജോസഫ് എം. പുതുശ്ശേരി

പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണോ? സമരം രാജ്യദ്രോഹമാണോ? അല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങൾ കാണുമ്പോൾ ഈ സംശയങ്ങളാണുളവാക്കുക. ഡൽഹിയിലെ ജന്തർമന്തറിൽ വിദ്യാർഥികളും യുവജനങ്ങളുമടങ്ങിയ ഇന്ത്യൻ യുവതയുടെ സമാധാനപരമായ ഒത്തുചേരൽ. ഗാന്ധിജി കാണിച്ചു തന്ന സത്യഗ്രഹ സമരം. ഒരു മാസത്തിലേറെയായി നടക്കുന്ന ഈ സത്യഗ്രഹ സമരകാലത്ത് ഒരു അനിഷ്ട സംഭവവുമുണ്ടായില്ല. ആയിരങ്ങൾ തടിച്ചുകൂടി പ്രതിഷേധം രേഖപ്പെടുത്തുന്നു. മുദ്രാവാക്യങ്ങൾ മുഴക്കുന്നു. പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു. ഇതൊന്നും കേട്ടതോ കണ്ടതോ ആയി ബന്ധപ്പെട്ടവരാരും ഭാവിച്ചതു പോലുമില്ല. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രൂപംകൊണ്ട കോക്രോച് ജനതാ പാർട്ടി(സിജെപി) നടത്തുന്ന സമരത്തെ എന്തിന് ശ്രദ്ധിക്കണം എന്ന പുച്ഛഭാവമായിരുന്നു അധികാരികൾക്ക്. യുവാക്കളുടെ ഭീതിയോ ആശങ്കയോ നീറ്റലോ ഒന്നും അവർ കണക്കിലെടുത്തില്ല. പരീക്ഷാ ക്രമക്കേടു തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരുടെ രോഷാഗ്നിയാണ് ഈ സമരം എന്ന സാമാന്യ യുക്തി പോലും അവർക്കുണ്ടായില്ല. ഇങ്ങനെ അവഗണിക്കപ്പെട്ട സമരം നീണ്ടുപോകുമ്പോഴും സമരരൂപം മാറ്റാനോ ശ്രദ്ധിക്കപ്പെടാനുള്ള വഴിതേടാനോ സമരക്കാർ ശ്രമിച്ചതേയില്ല എന്നതാണ് ശ്രദ്ധേയം. അക്കാര്യത്തിൽ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

സമരത്തിന്‍റെ ഒരു ഘട്ടത്തിൽ യുവത പ്രകടിപ്പിക്കുന്ന ആവശ്യങ്ങൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ വിദ്യാഭ്യാസ - പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അതോടെ സമരം മറ്റൊരു മാനത്തിലെത്തിയിട്ടും പ്രശ്ന പരിഹാരത്തിന് ജനാധിപത്യ സർക്കാരിൽ നിന്നുണ്ടാകേണ്ട സാമാന്യ മര്യാദ പുലർന്നില്ല.

ആ ഘട്ടത്തിലാണ് സമരക്കാർ പാർലമെന്‍റ് മാർച്ച് പ്രഖ്യാപിക്കുന്നത്. അത് ഭരണക്കാരെ അലോസരപ്പെടുത്തി. സോനം വാങ്ചുകിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തികച്ചും നാടകീയമായിരുന്നു പൊലീസിന്‍റെ നീക്കങ്ങൾ. സത്യഗ്രഹ വേദിയിലേക്ക് മിന്നൽ വേഗത്തിൽ കടന്നു കയറി സിജെപി പ്രവർത്തകരെ ബലംപ്രയോഗിച്ച് ഒഴിവാക്കിയിട്ടാണ് സോനം വാങ്ചുകിനെ നീക്കിയത്. പൊലീസുകാർ ചേർന്ന് വെള്ള ഷീറ്റ് വിരിച്ചുപിടിച്ച് വേദിയിലെ കാഴ്ച മറച്ചായിരുന്നു ഈ നീക്കങ്ങൾ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി വരുമ്പോഴേക്കും വാങ്‌ ചുക്കിനെ പുറത്തെത്തിച്ച് ആംബുലൻസിൽ കയറ്റിയിരുന്നു. സഫ്ദർജങ്‌ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും ഏകപക്ഷീയമായ നടപടി എന്ന് ആരോപിച്ച് അദ്ദേഹം ചികിത്സ സ്വീകരിക്കാൻ തയാറായില്ല. വാങ്ചുക്കിന് ആരോഗ്യ പ്രശ്നം ഉണ്ടെന്നു സൂചിപ്പിച്ചു ആശുപത്രി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ സംശയം പ്രകടിപ്പിച്ചു. തങ്ങൾക്ക് വിശ്വാസമുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റാൻ വിടുതൽ തരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഗീതാഞ്ജലി ഈ ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അനുമതി നൽകി. ഇതേ തുടർന്ന് അദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.

നിരാഹാര സത്യഗ്രഹത്തിന്‍റെ 21ാംദിവസമായിരുന്നു ഈ നടപടികളെല്ലാം. അതുവരെ തിരിഞ്ഞു നോക്കാതെ അവഗണിച്ചിട്ട് എന്തിനായിരുന്നു ധൃതിപിടിച്ചുള്ള നടപടി. പാർലമെന്‍റ് മാർച്ച് പ്രഖ്യാപനം ഭരണക്കാരുടെ സമനില തെറ്റിച്ചു എന്നുവേണം കരുതാൻ. ബലൂണിലെ കാറ്റു കുത്തി വിടുന്നത് പോലെ സോനത്തിന്‍റെ അറസ്റ്റിലൂടെ സമരക്കാരെ നിർവീര്യമാക്കാമെന്നാണ് ഭരണക്കാർ വ്യാമോഹിച്ചത്. പക്ഷേ അതൊന്നും ഫലിച്ചില്ല. സോനത്തിന് പകരം സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.

പാർലമെന്‍റ് മാർച്ചിൽ സമാനതകൾ ഇല്ലാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തിയത്. അധികാരികളെ അമ്പരപ്പിച്ച യുവജന സാന്നിധ്യം. സർക്കാർ സംവിധാനങ്ങളും വ്യവസ്ഥാപിത മാർഗങ്ങളും പരാജയപ്പെടുമ്പോൾ അതിനെതിരെ ഉയരുന്ന ജനരോക്ഷത്തിന്‍റെ പ്രതിഫലനം.

പിന്നീട് അവിടെ ഉണ്ടായത് നരനായാട്ട്. ഗുരുതരമായി പരിക്കേറ്റ നൂറുകണക്കിന് വിദ്യാർഥികളെയാണ് നമുക്ക് കാണാനായത്. ഒട്ടേറെ പൊലീസുകാർ ചേർന്ന് ഒരു യുവാവിനെ നിരന്തരമായി മർദിക്കുമ്പോഴും ഓടിയൊളിക്കാൻ ശ്രമിക്കാതെ 'അടിച്ചോളൂ അടിച്ചോളൂ' എന്ന് പറഞ്ഞു അവിടെത്തന്നെ നിലയുറപ്പിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായത് നാം കണ്ടു. സമര വേദിയിലേക്ക് കടന്നു കയറിയ പൊലീസ് പന്തലും ക്രമീകരണങ്ങളുമെല്ലാം തല്ലിത്തകർത്തു. സമീപകാലത്തെങ്ങും കാണാത്ത മൃഗീയവും പൈശാചികവുമായ മർദനമുറകളാണ് അവിടെ അരങ്ങേറിയത്. പെൺകുട്ടികൾക്ക് നേരെ പുരുഷ പൊലീസുകാർ കൈയേറ്റത്തിന് മുതിരുന്ന ദൃശ്യങ്ങളും അഡീഷണൽ ഡിസിപി സന്ദീപ് ലാംബ പ്രതിഷേധക്കാരിയുടെ മുഖത്തടിക്കുന്ന ദൃശ്യവും പൊലീസിന്‍റെ അക്രമവിള യാട്ടത്തിൽ ചിലത് മാത്രം. ഗുരുതരമായി പരുക്കേറ്റ ഒരു യുവതി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ച നിലയിലാണ് സാക്ഷി എന്ന വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മൂക്കിന് താഴെ ഇത്തരമൊരു നിഷ്ഠുരമായ പൊലീസ് നടപടി അവരറിയാതെ സംഭവിക്കുമോ? എന്തിനുവേണ്ടിയായിരുന്നു ഈ തേർവാഴ്ച? അഹിംസാ മാർഗത്തിൽ സമാധാനപരമായി നടന്ന ഒരു സത്യഗ്രഹത്തെയും പ്രതിഷേധ മാർച്ചിനെയും കൊടിയ മർദനം കൊണ്ട് നേരിടുന്ന ഭരണാധികാരികൾ ജനാധിപത്യക്രമത്തിന്‍റെ പ്രതീകങ്ങളാണോ?

ഇവിടെയാണ് രാജ്യം എങ്ങോട്ടേക്കെന്ന ആശങ്ക ഉയരുന്നത്. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും എല്ലാം അടിച്ചമർത്തുന്ന സമീപനം. സമരക്കാരെ "അർബൻ നക്സലേറ്റുകളെന്നും ദേശദ്രോഹികളെന്നും' ചാപ്പ കുത്തി വായടപ്പിക്കാനും ഒറ്റപ്പെടുത്താനുമുള്ള പതിവു ശൈലിയുടെ ആവർത്തനം. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിയോജിപ്പും പ്രതിഷേധങ്ങളുമൊക്കെ ജനാധിപത്യത്തിന്‍റെ ശക്തി സൗന്ദര്യങ്ങളാണ്. അതുകൂടി ചേരുമ്പോൾ മാത്രമേ ജനാധിപത്യ സംജ്ഞയ്ക്കു അതിന്‍റെ സമൂർത്ത ഭാവം ആർജിക്കാനാവൂ.

പരീക്ഷ ക്രമക്കേട് വർഷംതോറും ആവർത്തിക്കപ്പെടുമ്പോൾ ഭാവി തലമുറയോട് എന്ത് സമാധാനമാണ് പറയാനുള്ളത്. സാമ്പത്തിക പരിമിതികളുടെ നടുവിലും ഉള്ളതെല്ലാം സ്വരുക്കൂട്ടി കുട്ടികളുടെ നല്ല നാളേക്കായി സർവതും സമർപ്പിച്ചു കാത്തിരിക്കുന്ന രക്ഷിതാക്കളോട് എന്ത് ന്യായമാണ് പറയുക. സ്വന്തമായുള്ള കഠിനാധ്വാനവും കുടുംബത്തിന്‍റെ കഷ്ടപ്പാടുമെല്ലാം വൃഥവാ യി എന്നറിയുന്ന നിമിഷത്തിൽ ജീവൻ തന്നെ ഹോമിക്കുന്ന വിദ്യാർഥികളോട് ആര് ഉത്തരം പറയും. ഈ വർഷം ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് 20 ഓളം പേരാണ് അങ്ങനെ ജീവൻ ബലിയർപ്പിച്ചത്.

2014 മുതൽ 2024 വരെ 66 പ്രധാന പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്നെന്നാണ് കണക്ക്. ഒടുവിൽ നീറ്റ് പ്രവേശന പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും 18 ലക്ഷം കുട്ടികൾ എഴുതിയ സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിലെ സർവ്വത്ര കുഴപ്പങ്ങളും. ഇതെല്ലാമായിട്ടും ഒരു നടപടിയുമില്ലെന്നു പറഞ്ഞാൽ ആർക്കാണത് ഉൾക്കൊള്ളാനാവുക.

ഉത്തരവാദി കളായി ആരെങ്കിലും വേണ്ടേ? കുറ്റക്കാർ ശിക്ഷിക്കപ്പെടേണ്ടേ? ഇവിടെ അതൊന്നും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുകകൂടിയാണ് ചെയ്യുന്നത്. സ്വതന്ത്ര സ്വഭാവം ഉള്ള ദേശീയ പരീക്ഷ ഏജൻസി എന്നവകാശപ്പെടുന്ന എൻടിഎ യുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ തന്നെ പുത്തരിയല്ലല്ലോ. ഇതിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് എങ്ങനെ ഒഴിഞ്ഞു മാറാനാവും. 2024ലെ നീറ്റ് - യു ജി പരീക്ഷയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ വെളിച്ചത്തിൽ മത്സര പരീക്ഷകളുടെ നടത്തിപ്പ് പരിഷ്കരിക്കുന്നതിന് ശുപാർശകൾ സമർപ്പിക്കാൻ ഐഎസ്ആർഒ.മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി വിദഗ്ധസമിതി നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ല. അപ്പോൾ ആരാണ് അതിന് ഉത്തരവാദി? ശുപാർശകൾ ഫയലിൽ ഉറങ്ങുമ്പോൾ കുറ്റമറ്റതാവരുതെന്ന് നിർബന്ധമുള്ളതാർക്കാണെന്ന ചോദ്യമാണുയരുന്നത്. ചോദ്യപേപ്പർ ചോർച്ച ഘോര പാപമാണെന്ന് ഇപ്പോൾ പറയുന്ന പ്രധാനമന്ത്രി ഇതിനു മറുപടി പറയേണ്ടേ?

ഈ ദുര്യോഗം യുവതലമുറയെ വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് അതിനെതിരായ ചെറുത്തുനിൽപ്പവുമായി അവർ രംഗത്ത് വരുന്നത്. അവരെ വേട്ടപ്പട്ടികളെ പോലെ നിർദ്ദയമായി തല്ലിയൊതുക്കാൻ ശ്രമിക്കുമ്പോൾ രാജ്യമൊ ട്ടാകെ അതിനെതിരായ പ്രതിരോധമുയരണം. ഡൽഹിയിലെ പൊലീസിന്‍റെ കിരാത വേട്ടക്കിരയായ യുവജനങ്ങൾ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് ആ മർദനം ഏറ്റുവാങ്ങിയത്. രാജ്യത്തിന്‍റെ ഭാവിക്കായി. ഈ നെറികേട് അവസാനിപ്പിക്കും വരെ അവർക്കൊപ്പം നിൽക്കാൻ നമുക്ക് ബാധ്യതയുണ്ട്.

തല്ലിച്ചതച്ചതിനുശേഷം തിരിഞ്ഞോടാതെ മുറിവുകൾ വച്ചു കെട്ടിയും വേദന കടിച്ചമർത്തിയും സമരവേദിയിലേക്ക് തന്നെ അവർ തിരിച്ചെത്തിയിരിക്കുന്നത് പ്രതീക്ഷ നൽകുന്നു. ഇത് ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിനു ശേഷം രാജ്യത്തിന്‍റെ ഭാവിക്കുവേണ്ടി നടത്തുന്ന പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഇതു വിജയിച്ചേ മതിയാവൂ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ഭക്ഷ്യവിതരണ ശംഖലകൾക്ക് "പ്രൊട്ടസ്റ്റ് സൈറ്റ്, ജന്തർമന്തർ, നിയർ പൊലീസ് ബാരിക്കേഡ് " എന്ന വിലാസത്തിൽ ഓർഡർ നൽകി സമരവേദിയിലേക്ക് ഭക്ഷണ പായ്ക്കറ്റുകൾ എത്തിക്കാൻ അപരിചിതരായ ആളുകൾ നടത്തുന്ന ശ്രമം ഇതിന്‍റെ തെളിവാണ്.

സമരക്കാർക്ക് നേരെ നടന്ന മൃഗീയ മർദനത്തിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചു ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള മുൻനിര പ്രതിപക്ഷ നേതാക്കളെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യം ജനാധിപത്യത്തിന്‍റെ അപായ മണിമുഴക്കമാണ്. ഫാസിസത്തിന്‍റെ ശീൽഘാ രമാണ്. അധികാരം മത്തുപിടിപ്പിച്ചതിന്‍റെ നിദർശനം. ജനാധിപത്യ ശരീരത്തെ ബാധിച്ചിരിക്കുന്ന അധികാര ധാർഷ്ട്യത്തിന്‍റെയും അപ്രമാദിത്വത്തിന്‍റെയും ഈ ദുർമേദസ് ഒഴിവാക്കാൻ ജാഗ്രതയോടെ അണിനിരക്കേണ്ട കാലഘട്ടമാണിത്.

""നിങ്ങൾ പ്രക്ഷോഭകരോടു യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപെടണമെന്ന് പോലുമില്ല. പക്ഷേ പൗരർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.സ്വന്തം പൗരരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? "- ശ്രേയ ഖണ്ടേവാളിന്‍റെ ഏറെ പ്രസക്തമായ ഈ വാക്കുകൾ ജനാധിപത്യ ബോധമുള്ള രാജ്യത്തെ മുഴുവനാളുകളും ഉയർത്തുന്ന ചോദ്യമാണ്.

പാർലമെന്‍റിലെ ഭൂരിപക്ഷ സംഖ്യയിൽ മാത്രം ഒതുങ്ങുന്നത് അല്ല ജനാധിപത്യ പ്രക്രിയ. ജനാഭിലാഷവും ജനസമ്മതിയും അവിടെ പ്രധാനപ്പെട്ടതാണ്. അതോർത്തു വയ്ക്കാൻ ഭരണാധികാരികൾക്കാവുന്നില്ലെങ്കിൽ അവരെ അത് ഓർcപ്പെടുത്താൻ നമുക്കാവണം. അതുകൊണ്ടാണ് രാജ്യം മുഴുവൻ പിൻബലം നൽകേണ്ട പ്രക്ഷോഭമായി ഇത് മാറുന്നത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്