2025 നവംബർ 1-ന് വടക്കൻ ടെഹ്‌റാനിലെ തന്റെ വസതിയിൽ വെച്ച് ടെഹ്‌റാനിലെ ഇന്ത്യൻ അംബാസഡർ രുദ്ര ഗൗരവ് ശ്രേഷ്ഠ്
file photo
ഞെട്ടണ്ട...ലോകത്ത് ആദ്യമായി പേർഷ്യൻ ഭാഷയിൽ ഒരു പത്രം അച്ചടിച്ചത് രവീന്ദ്ര നാഥ ഗോറിന്‍റെ സ്വന്തം ബംഗാളിൽ, കൊൽക്കത്തയിൽ ആയിരുന്നു. പത്രം മാത്രമല്ല, ആദ്യ പേർഷ്യൻ നിഘണ്ടുവും ആദ്യ പേർഷ്യൻ സമാഹാരവും അച്ചടിക്കപ്പെട്ടത് ഭാരതത്തിന്‍റെ മണ്ണിലാണ്!
ഇപ്പോൾ ഈ വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്നത് ഇറാനിലെ ഇന്ത്യൻ അംബാസഡർ രുദ്ര ഗൗരവ് ശ്രേഷ്ഠ് ആണ്. ഇറാനിലെ ടെഹ്റാൻ ടൈംസിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ബ്രിട്ടീഷ് കാലഘട്ടത്തിനു മുമ്പ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അക്കാലത്ത് ഇന്ത്യയിൽ പേർഷ്യൻ സംസാരിക്കുന്നവരുടെ എണ്ണം ഇന്നത്തെ ഇറാനിലെ ആകെ ജനസംഖ്യയെക്കാൾ ഏഴിരട്ടിയായിരുന്നു എന്നും അംബാസിഡർ ടെഹ്റാൻ ടൈംസിനോടു പറഞ്ഞു.
താജ്മഹലിന്‍റെ ശില്പി ഒരു ഇറാനിയൻ ആയിരുന്നു എന്നും ഷാജഹാന്‍റെ പ്രിയപത്നി മുംതാസ് മഹലും ഒരു ഇറാനിയൻ രാജകുമാരി ആയിരുന്നു എന്ന വസ്തുതയും രുദ്ര ഗൗരവ് ശ്രേഷ്ഠ് തെഹ്റാൻ ടൈംസിനോടു വെളിപ്പെടുത്തി. ഷാജഹാൻ ചക്രവർത്തിയുടെ പ്രണയകുടീരം കാണാനെത്തുന്ന ടൂറിസ്റ്റുകൾക്കു പക്ഷേ ഈ ബന്ധം അറിയാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947 ലെ ഇന്ത്യാ-പാക് വിഭജനത്തിനു മുമ്പ് ഇന്ത്യയും ഇറാനും പൊതു അതിർത്തി പങ്കിട്ടിരുന്ന നേരിട്ടുള്ള അയൽക്കാർ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് അറിയാൻ താൽപര്യപ്പെടുന്നവർക്ക് ഇറാനിൽ നിന്നു ലഭിക്കുന്നതിലും അധികം പൗരാണിക-സാംസ്കാരിക അറിവുകൾ ലഭിക്കുക ഇന്ത്യയിൽ നിന്നായിരിക്കുമെന്നും ഇന്ത്യയിൽ ഇന്നും അര ലക്ഷത്തോളം പേർഷ്യൻ കയ്യെഴുത്തു പ്രതികൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അംബാസിഡർ വ്യക്തമാക്കി.
ഇന്ത്യൻ പ്രകാശോത്സവം ആയ ദീപാവലിയും ഇരുട്ടിന്‍റെ മേൽ വെളിച്ചത്തിന്‍റെ വിജയം ആഘോഷിക്കുന്ന ഇറാനിയൻ ആഘോഷമായ ചാർഷാൻബെ സൂരിയുമായും യാൽഡയുമായും നല്ല പ്രതീകാത്മക സാമ്യമാണ് ഉള്ളതെന്നും രുദ്ര പറഞ്ഞു.
താജ്മഹലിന്‍റെ മുഖ്യ ശില്പി
ഉസ്താദ് അഹമ്മദ് ലാഹോരി.
ഉസ്താദ് അഹമ്മദ് ലാഹോരി. അതായിരുന്നു താജ്മഹലിന്‍റെ മുഖ്യ ശില്പിയുടെ പേര്. അദ്ദേഹം പേർഷ്യൻ സാംസ്കാരിക മേഖലയുടെ ഭാഗമായിരുന്ന ലാഹോറിലെ ഒരു വാസ്തു ശില്പി കുടുംബത്തിലാണ് പിറന്നത്. പേർഷ്യൻ, ഇസ്ലാമിക്, ഇന്ത്യൻ വാസ്തു വിദ്യാ ശൈലികൾ സംയോജിപ്പിച്ചാണ് അദ്ദേഹം താജ്മഹൽ നിർമിച്ചത്.
മുംതാസ് മഹൽ-ഷാജഹാന്‍റെ പ്രണയിനി
മുംതാസ് മഹൽ-ഷാജഹാന്‍റെ പ്രണയിനി
ആഗ്രയിൽ ഒരു പേർഷ്യൻ പ്രഭു കുടുംബത്തിലാണ് മുംതാസ് മഹലിന്‍റെ ജനനം. മുഗൾ കൊട്ടാരത്തിൽ ബഹുമാന്യ സ്ഥാനം വഹിച്ചിരുന്ന പേർഷ്യൻ പ്രഭുവായ അബുൽ-ഹസൻ അസഫ് ഖാന്‍റെ മകളും മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്‍റെ പ്രിയപ്പെട്ട ചക്രവർത്തിനിയായ നൂർജഹാന്‍റെ അനന്തരവളും ആയിരുന്നു അർജുമന്ദ് ബാനു ബീഗം എന്ന പേരിൽ ജനിച്ച മുംതാസ്.
ഷാജഹാന്‍റെ ഭാര്യയായതോടെയാണ് കൊട്ടാരത്തിലെ ഉന്നതൻ എന്നർഥമുള്ള മുംതാസ് മഹൽ എന്ന പദവി അവർക്കു ലഭിച്ചത്. 1628 മുതൽ 1631 വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായിരുന്നു ഈ പേർഷ്യൻ പ്രഭു കുമാരി.