.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"പ്രഗതി' അടിസ്ഥാന സൗകര്യത്തിനായുള്ള വ്യവസ്ഥാപിത രൂപകല്പന
file photo
അരിഹന്ത് കുമാർ
സ്വാതന്ത്ര്യലബ്ധി മുതൽ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ രൂപപ്പെടുത്തിയത് അടിസ്ഥാന സൗകര്യമാണ്. ദൂരദേശങ്ങളെ റെയ്‌ൽവേ ബന്ധിപ്പിക്കുമെന്നും, ദേശീയപാതയിലൂടെ സംസ്ഥാനങ്ങൾക്കിടയിലെ വാണിജ്യ ബന്ധം വർധിക്കുമെന്നും, ഊർജത്തിനും ജലസേചനത്തിനുമായി അണക്കെട്ടുകൾ നിലകൊള്ളുമെന്നും, വൈദ്യുതി ലൈനുകൾ വിദൂര ഗ്രാമങ്ങളിലേക്ക് വെളിച്ചമെത്തിക്കുമെന്നുമുള്ള കാഴ്ചപ്പാട് വ്യക്തമായിരുന്നു. പദ്ധതികൾ വലുതാകുന്തോറും അവ കൂടുതൽ സങ്കീർണമായി.
ഭൂമിയേറ്റെടുക്കൽ അനുമതികൾക്കായി കാത്തുനിന്നു; അനുമതികൾ രൂപകൽപ്പനകൾക്കും, രൂപകൽപ്പനകൾ സൗകര്യങ്ങൾ ഒരുക്കുന്നതിനും കാത്തിരുന്നു. സൗകര്യങ്ങൾ ഒരുക്കാൻ മറ്റൊരു ഓഫിസിലോ, മറ്റൊരു അധികാര പരിധിയിലോ, മറ്റൊരു ഫയലിലോ കുടുങ്ങിക്കിടക്കുന്ന അനുമതികൾക്കായി കാത്തുനിൽക്കേണ്ടി വന്നു. ഓരോ കാലതാമസത്തിനും കാരണങ്ങളുണ്ടായിരുന്നു; ഓരോ കാരണത്തിനും ഉത്തരവാദികളുമുണ്ടായിരുന്നു; എന്നാൽ ആത്യന്തിക ഫലത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. വർഷങ്ങളോളം, പല പദ്ധതികളും ഒറ്റപ്പെട്ട രീതിയിൽ അവലോകനം ചെയ്യപ്പെട്ടു, വൈകിയതിനു ശേഷം മാത്രം കാരണങ്ങൾ വിശദീകരിക്കപ്പെട്ടു, അവ അനന്തമായി നീണ്ടുപോയി. പുരോഗതി നിലയ്ക്കുമ്പോൾ, അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കേവലം നടപടിക്രമങ്ങളിൽ ഒതുങ്ങി. നീക്കം എല്ലായിടത്തും ഉണ്ടായിരുന്നെങ്കിലും എവിടെയും കൃത്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞില്ല.
അവിടെ കുറവായിരുന്നത് ഇച്ഛാശക്തിയോ നിക്ഷേപമോ ആയിരുന്നില്ല; മറിച്ച്, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന തടസങ്ങളെ ഒന്നിച്ച് കാണാനും ഒന്നിച്ചു പരിഹരിക്കാനും അവ പൂർത്തിയാക്കാൻ പ്രേരിപ്പിക്കാനുമുള്ള വേദിയായിരുന്നു. പദ്ധതി നടത്തിപ്പിലെ നിശബ്ദമെങ്കിലും നിർണായകമായ ഈ വിടവ് നികത്താനാണ് "പ്രഗതി'യുടെ (PRAGATI) നേതൃത്വത്തിലുള്ള ആവാസവ്യവസ്ഥ ലക്ഷ്യമിട്ടത്.
അവലോകനത്തിന്‍റെ മറ്റൊരു തലം എന്നതിലുപരി, സമാന്തരമായി പോയിരുന്ന പ്രവർത്തനങ്ങൾ ഒത്തുചേരുന്ന സംഗമസ്ഥാനമായാണ് "പ്രഗതി' നിലവിൽ വന്നത്. 2015ൽ വിഭാവന ചെയ്ത ഇതിന്‍റെ പിന്നിൽ ലളിതമായ ആശയമുണ്ടായിരുന്നു: മേൽനോട്ടം തീരുമാനങ്ങളിലേക്കു നയിക്കണം, അവ ലക്ഷ്യപ്രാപ്തിയിൽ അവസാനിക്കണം. പ്രധാനമന്ത്രി അധ്യക്ഷനായ ഈ വേദിയിൽ കേന്ദ്ര സെക്രട്ടറിമാരും സംസ്ഥാന ചീഫ് സെക്രട്ടറിമാരും ഒത്തുചേർന്നു.
ദേശീയ പ്രാധാന്യമുള്ള പദ്ധതികളും അവയിലെ തടസങ്ങളും ഒരുപോലെ വീക്ഷിക്കാനും അവ കൈകാര്യം ചെയ്യുന്നവരെ ഏകോപിപ്പിക്കാനും അതിലൂടെ സാധിച്ചു. ആ വേദിയിൽ, ഭാഷാപ്രയോഗങ്ങൾ കൊണ്ട് കാലതാമസത്തെ ഒളിപ്പിക്കാൻ ആർക്കും കഴിയില്ലായിരുന്നു. ഓരോ നാഴികക്കല്ലും പരിശോധിക്കപ്പെട്ടു; പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെട്ടു; ചോദ്യങ്ങൾ നേരിട്ട് ചോദിക്കപ്പെട്ടു. എല്ലാത്തിനുമുപരി, ഓരോ ഉത്തരവാദിത്വവും ഒരു വ്യക്തിയുമായും കൃത്യമായ സമയപരിധിയുമായും കൂട്ടിയിണക്കപ്പെട്ടു.
എങ്കിലും, "പ്രഗതി'യുടെ യഥാർഥ വിജയം ഈ ഉന്നതതല അവലോകനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അവയ്ക്കു മുമ്പും ശേഷവും നടക്കുന്ന നിശബ്ദവും എന്നാൽ നിരന്തരവുമായ പ്രവർത്തനങ്ങളിലാണ് അതിന്‍റെ കരുത്ത്. ഈ പ്രാരംഭ അച്ചടക്കം, മുൻകാല പഠനങ്ങൾ, തുടർച്ചയായ മേൽനോട്ടം എന്നിവ ഉറപ്പാക്കുന്നത് ഈ സംവിധാനത്തിന്‍റെ പ്രവർത്തനപരമായ നട്ടെല്ലായ പദ്ധതിനിരീക്ഷണ സംഘം (പ്രൊജക്റ്റ് മോണിറ്ററിങ് ഗ്രൂപ്പ്- പിഎംജി) ആണ്.
അപൂർവമായി മാത്രം സംഭവിക്കുന്ന രീതിയിൽ, ലക്ഷ്യബോധത്തോടെയുള്ള പിഎംജിയുടെ വളർച്ചയ്ക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലളിതമായ ഡിജിറ്റൽ ഇന്‍റർഫേസായി ആരംഭിച്ചത് ഇന്ന് ഇന്ത്യയിലെ അടിസ്ഥാനസൗകര്യ പദ്ധതികൾ നിരീക്ഷിക്കുന്ന രീതിയെത്തന്നെ പുനർനിർമിച്ച, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമായി പരിണമിച്ചിരിക്കുന്നു.
ഈ ഘടനയ്ക്കുള്ളിൽ, വിവരങ്ങളുടെ ഏകീകരണത്തിനും വിശകലനത്തിനുമുള്ള ആദ്യ കേന്ദ്രമായാണ് പിഎംജി പ്രവർത്തിക്കുന്നത്. ഓരോ പദ്ധതിയെയും അതിന്‍റെ സൂക്ഷ്മതലത്തിൽ നിരീക്ഷിക്കുകയും, പ്രായോഗിക തടസങ്ങൾ തിരിച്ചറിയുകയും, അവകാശവാദങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്ത്, പ്രഗതിയുടെ ഉന്നതതല അവലോകനങ്ങൾക്കായി കൃത്യമായ വിവരങ്ങൾ അവർ കൈമാറുന്നു.
മുമ്പ് പല ഫയലുകളിലും കത്തുകളിലുമായി ചിതറിക്കിടന്നിരുന്ന വിവരങ്ങൾ ഇപ്പോൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാണ്. പദ്ധതിയുടെ പുരോഗതി, ചെലവ്, സമയപരിധി, നാഴികക്കല്ലുകൾ എന്നിവയുടെ തത്സമയ വിവരങ്ങളും പദ്ധതി പ്രദേശത്തു നിന്നുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്ന പദ്ധതികൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ സംവിധാനത്തിന്‍റെ ഭാഗമാകുന്നു. മുൻകാല റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കാതെ, നിലവിലെ യാഥാർഥ്യങ്ങൾ മനസിലാക്കി തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഡേറ്റ വിനിമയം ക്രമീകരിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പദ്ധതിയും പ്രശ്നങ്ങളും പിന്തുടരുന്ന അതിന്‍റെ സുസംഘടിത സംവിധാനമാണ്. പദ്ധതി നടത്തിപ്പിലെ തടസങ്ങൾ ഇനി കത്തുകളിലോ അനുബന്ധ രേഖകളിലോ മറഞ്ഞുകിടക്കില്ല; അവ കൃത്യമായി രേഖപ്പെടുത്തുകയും, സമയവിവരങ്ങൾ ഉൾപ്പെടുത്തുകയും, പരിഹാരത്തിനുള്ള കൃത്യമായ സമയപരിധിയോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം നൽകുകയും ചെയ്യുന്നു.
സുതാര്യത ഇതിന്‍റെ രൂപകൽപ്പനയിൽത്തന്നെ ഉൾച്ചേർത്തിരിക്കുന്നു. കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന ഗവൺമെന്‍റുകൾ, ജില്ലാ ഭരണ സംവിധാനങ്ങൾ, പദ്ധതി നിർമാതാക്കൾ എന്നിവർക്ക് ഒരേ വിവരങ്ങൾ ഒരേ സമയം കാണാനും, അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, പുതിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും, പ്രശ്നപരിഹാരം വരെ അതിന്‍റെ പുരോഗതി വിലയിരുത്താനും സാധിക്കും.
വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നത് ഉത്തരവാദിത്വബോധത്തിൽ വലിയ മാറ്റം കൊണ്ടുവരുന്നു. ഓരോരുത്തരുടെ ചുമതലകൾക്ക് അനുസരിച്ചുള്ള ഡാഷ്‌ബോർഡുകൾ ഉന്നത ഉദ്യോഗസ്ഥർ മുതൽ ജില്ലാ ഭരണാധികാരികൾ വരെയുള്ളവർക്ക് തങ്ങളുടെ പരിധിയിൽ ശ്രദ്ധയർപ്പിക്കേണ്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്നു.
സ്വയം പ്രവർത്തിക്കുന്ന മുന്നറിയിപ്പു സംവിധാനങ്ങളും ഓർമപ്പെടുത്തലും വഴി പ്രശ്നങ്ങൾ വിസ്മരിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്നു; പകരം, പരിഹരിക്കപ്പെടുന്നതു വരെ അവ ചർച്ചാവിഷയമായി തുടരുന്നു. യോഗങ്ങളുടെ കാര്യപരിപാടികൾ, മിനിറ്റ്സുകൾ, മറ്റ് അവലോകന രേഖകൾ എന്നിവ ഡേറ്റയിൽ നിന്ന് നേരിട്ട് തയാറാക്കുന്നതിലൂടെ റിപ്പോർട്ടിങ്ങിനായുള്ള അധ്വാനം കുറയും, തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
ഇതിന്‍റെ ഫലമായി, മിക്ക പ്രശ്നങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ ഏകോപനത്തിലൂടെ നിശബ്ദമായി പരിഹരിക്കപ്പെടുന്നു; എന്നാൽ അന്തർ- മന്ത്രാലയ തലത്തിലുള്ള കൂടുതൽ സങ്കീർണമായ തടസങ്ങൾ ഒരു നിശ്ചിത ചട്ടക്കൂടിലൂടെ ഉന്നതതല പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നു. പിഎംജി കേന്ദ്രമായി പ്രവർത്തിക്കുന്ന "പ്രഗതി' നയിക്കുന്ന ഈ സംവിധാനം സാങ്കേതികവിദ്യയെയും ഭരണനിർവഹണത്തെയും ബന്ധിപ്പിക്കുന്നു.
ഇത് വിവരങ്ങളെ തീരുമാനങ്ങളായും, തീരുമാനങ്ങളെ പ്രായോഗിക നേട്ടങ്ങളായും മാറ്റുന്നു. ഈ വ്യവസ്ഥിതിയിൽ ഒരു കാര്യം പൂർത്തീകരിക്കുക എന്നത് വെറും ആഗ്രഹമല്ല, മറിച്ച് അനിവാര്യതയാണ്. മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലും പെരുമാറ്റരീതികൾ എങ്ങനെ മാറി എന്നതിന് ഞാൻ സാക്ഷിയാണ്. എല്ലാവരും ഒരേ വസ്തുതകൾ കാണുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു.
പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന സംവിധാനത്തിൽ, കാലതാമസം എന്നത് കൃത്യമായി അടയാളപ്പെടുത്തപ്പെടുകയും ആവർത്തിച്ച് പരിശോധിക്കപ്പെടുകയും ചെയ്യുന്നതിനാൽ അത് ഒളിച്ചുവയ്ക്കുക പ്രയാസമാണ്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന വിമാനത്താവളങ്ങൾ, റെയ്‌ൽ പാതകൾ, ഹൈവേകൾ, വൈദ്യുതി ലൈനുകൾ തുടങ്ങിയ പദ്ധതികൾ ചലിക്കാൻ തുടങ്ങിയത് അവയുടെ സ്വഭാവം മാറിയതു കൊണ്ടല്ല; മറിച്ച് അവയ്ക്ക് ചുറ്റുമുണ്ടായിരുന്ന അവ്യക്തത നീങ്ങിയതുകൊണ്ടാണ്.
ഇന്ന്, 85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 3,000ത്തിലധികം പദ്ധതികൾ ഈ സംവിധാനത്തിലൂടെ മുന്നോട്ടുപോകുന്നു. പ്രശ്നങ്ങൾ ഉടലെടുക്കുകയും അവ പരിഹരിക്കപ്പെടുകയും ഒടുവിൽ കൃത്യമായ വ്യവസ്ഥിതിയിലൂടെ പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു. അത് ഭരണനിർവഹണത്തിന്‍റെ അച്ചടക്കമാണ്.
സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇതിന്‍റെ ഫലം ഒടുവിൽ തുറന്നുകൊടുക്കുന്ന പാലത്തിലൂടെയും, കൃത്യസമയത്ത് ഓടുന്ന ട്രെയ്‌നിലൂടെയും, പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാത്ത വിമാനത്താവളങ്ങളിലൂടെയും അനുഭവവേദ്യമാകുന്നു. ഓരോ പദ്ധതി പൂർത്തിയാകുമ്പോഴും, ഭരണസംവിധാനത്തിന് കൃത്യനിഷ്ഠ പാലിക്കാൻ കഴിയുമെന്ന വിശ്വാസം പൗരന്മാരിൽ പുനഃസ്ഥാപിക്കപ്പെടുന്നു.
ഇന്ത്യ മുന്നോട്ട് നോക്കുമ്പോൾ, മൂലധനവും ലക്ഷ്യബോധവും പ്രധാനമാണ്, പക്ഷേ എല്ലാത്തിനേക്കാളും പ്രധാനം പദ്ധതികളുടെ നടത്തിപ്പാണ്. അത് വ്യക്തിപരമായ മിടുക്കിലോ ഇടയ്ക്കിടെയുള്ള ഇടപെടലുകളിലോ മാത്രം അധിഷ്ഠിതമാകരുത്; പകരം അത് ഭരണവ്യവസ്ഥയുടെ ഭാഗവും സുസ്ഥിരവുമാകണം. അതാണ് "പ്രഗതി' കൈവരിച്ച നിശബ്ദമായ നേട്ടം. ഭരണനിർവഹണത്തിന് കാലങ്ങളായി ഇല്ലാതിരുന്ന ഒന്ന് ഇത് നൽകി: സമയത്തെ കൈകാര്യം ചെയ്യാനുള്ള മാർഗം.
അധികാരത്തെ ഉത്തരവാദിത്വത്തോടും, ഡേറ്റയെ തീരുമാനങ്ങളോടും, മേൽനോട്ടത്തെ പൂർത്തീകരണത്തോടും കൂട്ടിയിണക്കുന്നതിലൂടെ, "കാലതാമസം' എന്ന ശീലത്തെ അംഗീകരിക്കാനാകാത്ത വീഴ്ചയായി മാറ്റാൻ ഇതിന് സാധിച്ചു.പുരോഗതി എന്നത് എപ്പോഴും ശബ്ദമുഖരിതമാകണമെന്നില്ല എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. ചിലപ്പോൾ അത് കാര്യങ്ങൾ പാളിപ്പോകാൻ അനുവദിക്കാത്ത വ്യവസ്ഥിതിയായിട്ടാകും നമ്മുടെ മുന്നിലെത്തുന്നത്.
[ലേഖകൻ പദ്ധതി നിരീക്ഷണ സംഘത്തിന്‍റെ (പ്രൊജക്റ്റ് മോണിറ്ററിങ് ഗ്രൂപ്പ് - പിഎംജി) മേധാവിയും സീനിയർ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റുമാണ്]