ഡല്‍ഹി മാതൃകയില്‍ സമ്പൂര്‍ണ "ഫെയ്സ്‌ലെസ് ' വകുപ്പാക്കുക
അഡ്വ. സി.എല്‍. എബനേസര്‍
കേരളം ഇന്നു നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും, സർക്കാർ സേവനങ്ങൾ സമ്പൂര്‍ണ ഡിജിറ്റലൈസേഷനായി മാറിയ ഈ കാലഘട്ടത്തിലും, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലവിലെ ഘടനയില്‍ അടിയന്തരമായി വരുത്തേണ്ട ചില ഭരണപരമായ പരിഷ്‌കാരങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
വകുപ്പിലെ ജീവനക്കാരുടെ എണ്ണം വർധിക്കുകയും, എന്നാല്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ അവരുടെ യഥാര്‍ഥ ജോലിഭാരം കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തില്‍, ഭരണച്ചെലവ് ചുരുക്കാനും കാര്യക്ഷമത കൂട്ടാനും താഴെ പറയുന്ന വസ്തുതകള്‍ പരിഗണിച്ച് അടിയന്തര നടപടികള്‍ ഗതാഗത മന്ത്രി ഉടൻ തന്നെ സ്വീകരിക്കണമെന്ന അഭ്യര്‍ഥനയാണ് മുന്നോട്ടു വയ്ക്കുന്നത്.
1. റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളുടെ (ആർടിഒ) എണ്ണം 14 ആയി പരിമിതപ്പെടുത്തുക
മുന്‍കാലങ്ങളില്‍ കേരളത്തില്‍ കേവലം 14 ജില്ലാ ആര്‍ടിഒമാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍ അവര്‍ 35,000ത്തോളം സ്വകാര്യ ബസ് പെര്‍മിറ്റുകളും അനുബന്ധ കാര്യങ്ങളും വളരെ കൃത്യമായി കൈകാര്യം ചെയ്തിരുന്നു. എല്ലാ മാസവും അജൻഡ നിശ്ചയിച്ച് ആര്‍ടി മീറ്റിങ്ങുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് ആര്‍ടിഒമാരുടെ എണ്ണം 50 ആയി ഉയര്‍ന്നു. മറുവശത്ത്, സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം 9,000 ആയി കുറയുകയും ചെയ്തു. ജോലിഭാരം വളരെ കുറഞ്ഞിട്ടും ഇന്ന് 6 മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ആര്‍ടി മീറ്റിങ്ങുകള്‍ നടക്കുന്നത്. അതിനാല്‍, വലിയ ചെലവു ചുരുക്കലിനും ഉദ്യോഗസ്ഥ വിന്യാസത്തിനുമായി നിലവിലുള്ള 50 ആര്‍ടി ഓഫിസുകള്‍ക്കു പകരം എല്ലാ ജില്ലകളിലും ഓരോന്നു വീതം 14 പ്രധാന ഓഫീസുകളായി ഇതിനെ ചുരുക്കണം.
2. ഡല്‍ഹി മാതൃകയില്‍ സമ്പൂര്‍ണ "ഫെയ്സ്‌ലെസ് ' വകുപ്പാക്കുക
നിലവില്‍ "സാരഥി', "വാഹന്‍' തുടങ്ങിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയറുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനായി മാറിയിട്ടുണ്ട്. ലൈസന്‍സ്, വാഹന ആര്‍സി ബുക്ക് പുതുക്കല്‍ തുടങ്ങിയവയ്ക്കായി പൊതുജനങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഡല്‍ഹി ഗവണ്‍മെന്‍റ് നടപ്പിലാക്കിയ "ഫെയ്സ്‌ലെസ്ഡിപ്പാര്‍ട്ട്‌മെന്‍റ് 'കേരളത്തിലും നടപ്പിലാക്കേണ്ടതുണ്ട്.
പൊതുജന സമ്പര്‍ക്കം പരിമിതപ്പെടുത്തിക്കൊണ്ട്, ഓഫിസുകളുടെ പ്രവര്‍ത്തന സമയം രാവിലത്തെ സെഷനില്‍ മാത്രമായി ക്രമീകരിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി കൂടി കണക്കിലെടുത്താല്‍, വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ ആകുന്നതോടെ വന്‍തോതില്‍ ഓഫിസുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും.
3. കെഎംടിഎയും എംവിഡിയുടെ കുറയുന്ന പങ്കും:
കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (കെഎംടിഎ) യാഥാർഥ്യമാക്കുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സമാന രീതിയില്‍ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും ഇത്തരം മെട്രോപൊളിറ്റന്‍ അഥോറിറ്റികള്‍ വരാന്‍ പോകുന്നു. ഭാവിയില്‍ റൂട്ട് ആസൂത്രണം, പെര്‍മിറ്റ് വിതരണം, ടൈം ടേബിള്‍ ക്രമീകരണം തുടങ്ങിയ പ്രധാന ചുമതലകളെല്ലാം ഇത്തരം നഗര ഗതാഗത അഥോറിറ്റികളുടെ കീഴിലാകും. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പങ്ക് കേവലം നിയമപാലനവും റോഡ് സുരക്ഷയും മാത്രമായി ചുരുങ്ങും. ഈ സാഹചര്യത്തില്‍ 50 ആര്‍ടി ഓഫിസുകള്‍ നിലനിര്‍ത്തുന്നത് തികച്ചും അശാസ്ത്രീയമാണ്.
4. പരിഷ്‌കാരത്തിന്‍റെ സാമ്പത്തിക ലാഭം:
36 അധിക ആര്‍ടി ഓഫിസുകള്‍ നിര്‍ത്തലാക്കുന്നതു വഴി സര്‍ക്കാരിന് വന്‍ തുക ലാഭിക്കാം. സ്വന്തമായി കെട്ടിടമില്ലാത്ത ആര്‍ടി ഓഫിസുകളുടെ കനത്ത വാടകയും വൈദ്യുതി, ഇന്‍റര്‍നെറ്റ് ബില്ലുകളും ഇല്ലാതാകുന്നതിലൂടെ വര്‍ഷം തോറും ഏകദേശം 5.04 കോടി രൂപ ലാഭമാണ്. ഉയര്‍ന്ന തസ്തികകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അലവന്‍സുകള്‍, ഓഫിസ് വാഹനങ്ങള്‍, ഇന്ധനച്ചെലവ് എന്നിവ വെട്ടിക്കുറയ്ക്കുന്നത് വഴി പ്രതിവര്‍ഷം 7.38 കോടിയോളം രൂപ മിച്ചമാകും. ആകെ നേരിട്ടുള്ള ലാഭം പ്രതിവര്‍ഷം കുറഞ്ഞത് 12.42 കോടി രൂപ ഭരണച്ചെലവില്‍ നിന്ന് മാത്രം സര്‍ക്കാരിന് മിച്ചം പിടിക്കാം.
ഇതിനുപുറമേ, ഭാവിയില്‍ പുതിയ ഓഫിസുകള്‍ നിര്‍മിക്കുന്നതിനുള്ള മൂലധനച്ചെലവ് ഒഴിവാകുകയും ചെയ്യും. ഈ ഓഫിസുകളിലെ ക്ലറിക്കല്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിടാതെ തന്നെ, റോഡ് സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗങ്ങളിലേക്കോ മറ്റ് അടിയന്തര സേവന മേഖലകളിലേക്കോ മാറ്റിപ്പാര്‍പ്പിച്ച് മികച്ച രീതിയില്‍ വിന്യസിക്കാന്‍ സാധിക്കും.
5. ഉചിതമായ നടപടിക്കായുള്ള അഭ്യര്‍ഥന:
ഡിജിറ്റല്‍ യുഗത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, മോട്ടോര്‍ വാഹന വകുപ്പിലെ ആര്‍ടിഒമാരുടെ എണ്ണം 50ല്‍ നിന്ന് 14 ആയി കുറയ്ക്കാനും വകുപ്പിനെ സമ്പൂര്‍ണ ഫെയ്സ്‌ലെസ് സംവിധാനമാക്കി മാറ്റാനും ആവശ്യമായ നയപരമായ തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അതിലൂടെ ലാഭിക്കുന്ന കോടിക്കണക്കിനു രൂപ ജനക്ഷേമകരമായ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.