"പ്രിയദര്‍ശിനി': സ്ത്രീ സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെ പുതിയ അധ്യായം
ഗതാഗത വകുപ്പ് മന്ത്രി
കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെയും അന്തസിന്‍റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് തിങ്കളാഴ്ച കുറിക്കുന്നത്. "ഇന്ദിര ഗ്യാരന്‍റി'യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആർടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദര്‍ശിനി' പദ്ധതിക്ക് സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കിക്കഴിഞ്ഞു. ജൂൺ ഒന്നിലെ മന്ത്രിസഭാ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍, ഗതാഗത വകുപ്പ് 11ന് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഐക്യ ജനാധിപത്യ മുന്നണി ഇന്ദിര ഗ്യാരന്‍റികളിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാര്‍വത്രികം
ആദ്യ ഘട്ടമായി 15 മുതല്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആർടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉള്‍പ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുന്‍കൂര്‍ രജിസ്‌ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്റ്ററില്‍ നിന്ന് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇടിഎം) വഴി പൂജ്യം മൂല്യമുള്ള "പ്രിയദര്‍ശിനി' ടിക്കറ്റ് കൈപ്പറ്റിയാല്‍ മാത്രം മതി. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവില്‍ 3,125 ഓര്‍ഡിനറി ബസുകളാണ് കോര്‍പ്പറേഷന്‍റെ കൈവശമുള്ളത്; സംസ്ഥാനത്തിന്‍റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.
കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ധനപരമായ കരാര്‍ ബാധ്യതകളും ദൈനംദിന ഓപ്പറേഷണല്‍ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തില്‍ സുഗമമായ ക്യാഷ് ട്രാന്‍സ്ഫര്‍ - ഫിനാന്‍ഷ്യല്‍ മാനെജ്‌മെന്‍റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോണ്‍- ഫെയര്‍ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോര്‍പ്പറേഷന്‍ സ്വീകരിക്കും. കോര്‍പ്പറേഷന്‍റെ വരുമാനം പൂര്‍ണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വം. കെഎസ്ആർടിസിയെ ദുര്‍ബലപ്പെടുത്തിയല്ല, ശക്തിപ്പെടുത്തിക്കൊണ്ടു തന്നെയാണ് സ്ത്രീകള്‍ക്കുള്ള ഈ അവകാശം സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.
തിങ്കളാഴ്ച ഉദ്ഘാടനം
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 15ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. ഉദ്ഘാടന സര്‍വീസിന്‍റെ ഡ്രൈവറും കണ്ടക്റ്ററും വനിതകളായിരിക്കും എന്നത് പദ്ധതിയുടെ സ്ത്രീശാക്തീകരണ സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നു. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടന യാത്രയില്‍ പങ്കാളികളാകും. സംസ്ഥാനതല ഉദ്ഘാടനത്തെ തുടര്‍ന്ന് അന്നേ ദിവസം രാവിലെ 9 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പൊയിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
സ്ത്രീ സമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തില്‍ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്‍റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക- സാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റില്‍ മിച്ചം വയ്ക്കാനാകും. യാത്രാച്ചെലവ് എന്ന തടസം നീങ്ങുമ്പോള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരും.
വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരില്‍ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാല്‍ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണര്‍വ്
സ്ത്രീകള്‍ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോള്‍ അത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വ് നല്‍കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്‍റെ മൊത്തം സാമ്പത്തിക വളര്‍ച്ചയെയും ശക്തിപ്പെടുത്തും. ഒപ്പം, സ്വകാര്യ വാഹനങ്ങളില്‍ നിന്ന് പൊതു ഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്‍റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് "പ്രിയദര്‍ശിനി' പദ്ധതി.
ഗ്രാമവണ്ടി മുതല്‍ രാത്രി സര്‍വീസുകള്‍ വരെ
പൊതുഗതാഗതം ജനങ്ങളുടെ അവകാശമാണ് എന്ന കാഴ്ചപ്പാടോടെയുള്ള തുടര്‍ നടപടികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഗ്രാമവണ്ടി സര്‍വീസുകള്‍ വിപുലീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി പദ്ധതി കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കെഎസ്ആർടിസിക്ക് ബസ് സംഭാവന ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും; പൊതുഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന നൂതന സംരംഭമായിരിക്കും ഇത്.
പുതിയ റൂട്ടുകളുടെ സാധ്യത വിദഗ്ധരുടെ സഹായത്തോടെയും നവീന സാങ്കേതികവിദ്യകളുടെ പിന്തുണയോടെയും ശാസ്ത്രീയമായി പരിശോധിക്കും. സമീപകാലത്തുണ്ടായിട്ടുള്ള നഗരവത്കരണ- വികസന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി യാത്രക്കാരുടെ യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടെത്തി, പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ പുതിയ റൂട്ടുകള്‍ രൂപകല്‍പ്പന ചെയ്യുക എന്നതാണ് ലക്ഷ്യം. ഒപ്പം, പുതിയ രാത്രികാല സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. രാത്രിയിലും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം, വിശേഷിച്ച് ജോലി കഴിഞ്ഞ് വൈകി മടങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, വലിയ ആശ്വാസമാകും.
പുതിയ അധ്യായം
പദ്ധതിയുടെ നിര്‍വഹണ ഫലവും നടപ്പാക്കല്‍ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെയും അന്തസിന്‍റെയും പുതിയ അധ്യായമാണ് "പ്രിയദര്‍ശിനി' തുറക്കുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും കെഎസ്ആർടിസിയുടെ ബസുകളിലേക്ക് സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.