യുദ്ധം കൊണ്ട് എന്തു നേടുന്നു..?
ജ്യോത്സ്യൻ|ഗ്രഹനില
സമാധാനം സ്ഥാപിക്കാൻ യുദ്ധത്തിന് കഴിയില്ല; മറിച്ച് യുദ്ധം അവസാനിപ്പിക്കാൻ സമാധാനത്തിനാണ് കഴിയുക. മനുഷ്യ ചരിത്രത്തിന്‍റെ ഏടുകൾ തിരഞ്ഞുനോക്കുമ്പോൾ, യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ഒരിക്കലും സ്ഥിരമായ സമാധാനത്തിന് വഴിതെളിച്ചിട്ടില്ലെന്ന് വ്യക്തമായി കാണാം. യുദ്ധം മനുഷ്യർക്കു നൽകിയത് പട്ടിണിയും വേദനയും നാശനഷ്ടങ്ങളും മാത്രമാണ്.
മതഗ്രന്ഥങ്ങളിലും ഇതേ സന്ദേശം പ്രതിഫലിക്കുന്നു. ബൈബിളിൽ ആദമിന്‍റെയും ഹവ്വയുടെയും പുത്രന്മാരായ കായേനും ആബേലും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ മനുഷ്യകുലത്തിന്‍റെ ദുഃഖഗാഥയുടെ തുടക്കമായി കാണപ്പെടുന്നു. അതിനുശേഷം മനുഷ്യ ചരിത്രം ഏറ്റുമുട്ടലുകളുടെ കഥകളാൽ നിറഞ്ഞു.
ആധുനിക ലോകത്തും ഈ യാഥാർഥ്യം മാറിയിട്ടില്ല. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ദീർഘകാല സംഘർഷം ഇന്നും തുടരുകയാണ്; എന്നാൽ അതിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല. അഖണ്ഡ ഭാരതം ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ടത് വലിയ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാനായിരുന്നു എന്നാണ് മഹാത്മജിയും മുഹമ്മദലി ജിന്നയും പറഞ്ഞത്. എന്നിട്ടും സംഘർഷങ്ങളും രക്തപാതങ്ങളും ഇന്നും അവസാനിച്ചിട്ടില്ല.
ലോകത്തിലെ വൻകിട ശക്തികളായ അമെരിക്കയും റഷ്യയും പല രാജ്യങ്ങളിലും യുദ്ധങ്ങളും സൈനിക ഇടപെടലുകളും നടത്തിയിട്ടും അവിടെയൊന്നും സമാധാനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യുദ്ധങ്ങൾ അതിന്‍റെ തെളിവുകളാണ്. കുറേ നാളുകളായി റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷവും ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
ഹിരോഷിമയിൽ വീണ അണുബോംബുകൾ മനുഷ്യരാശിക്ക് നൽകിയ ഭീതിയും നാശവും ഇന്നും മറക്കാനാവാത്തതാണ്. എന്നാൽ അത്രയും ഭീകരമായ അനുഭവങ്ങൾക്കു ശേഷവും ലോകരാജ്യങ്ങൾ ആണവായുധ മത്സരത്തിൽ നിന്ന് പിന്മാറിയിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമിച്ചു കൂട്ടുന്ന ആയിരക്കണക്കിനു ഭൂഖണ്ഡാന്തര മിസൈലുകൾ മനുഷ്യരാശിക്ക് ഒരു പരിഹാരവും നൽകുന്നില്ല; മറിച്ച് ഭയം മാത്രം വർധിപ്പിക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ആത്മീയ നേതൃത്വത്തിന്‍റെ പ്രസക്തി കൂടുതൽ തെളിഞ്ഞു കാണാം. ഒരു ചെറു രാജ്യമായ വത്തിക്കാൻ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളുന്നത് അവിടെ നിന്നുയരുന്ന സമാധാന സന്ദേശം കൊണ്ടാണ്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്നുള്ള മാർപാപ്പയുടെ വചനങ്ങൾ യുദ്ധത്തിന്‍റെ നടുവിൽ പോലും മനുഷ്യരിൽ പ്രത്യാശയുടെ കിരണം തെളിക്കുന്നു. ആയുധങ്ങളുടെ ശക്തിക്കു പകരം കരുണയും സഹിഷ്ണുതയും സംവാദവും പ്രബോധിപ്പിക്കുന്ന അത്തരം സന്ദേശങ്ങൾക്കാണ് യഥാർഥ ശക്തി.
ഇന്ന് ലോകത്തിന്‍റെ ഏതു ഭാഗത്തും ഉണ്ടാകുന്ന സംഘർഷങ്ങൾ അവിടെ മാത്രമായി ഒതുങ്ങുന്നില്ല. അത് മറ്റെല്ലാ രാജ്യങ്ങളെയും ഓരോ തരത്തിൽ ബാധിക്കുന്നതും നാം കാണുന്നു. റഷ്യ- യുക്രെയ്‌ൻ യുദ്ധവും യുഎസ്- ഇറാൻ യുദ്ധവും ഇന്ത്യയെ സാരമായി ബാധിച്ചു. അങ്ങകലെ, കാതങ്ങൾ ദൂരെയുള്ള ഹോർമൂസ് കടലിടുക്കിലെ സംഘർഷങ്ങൾ നമ്മുടെ കൊച്ചു കേരള സംസ്ഥാനത്തെ പോലും ബാധിച്ചുവെന്നത് മറക്കരുത്.
അതിനാൽ യുദ്ധത്തിന്‍റെ വഴിയല്ല, സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും വഴിയാണ് മനുഷ്യരാശിക്കു വേണ്ടത്. അതിനായി ഓരോരുത്തരും പകയും സ്വാർഥതയും ഒഴിവാക്കി, വിട്ടുവീഴ്ചകൾക്ക് തയാറായി, സഹജീവികളോട് കരുണ കാണിക്കേണ്ട സമയമാണിത്. യുദ്ധമല്ല, സമാധാനമാണ് മനുഷ്യരാശിയുടെ ഭാവി എന്നാണ് ജോത്സ്യന് പറയാനുള്ളത്.