വക്കം അബ്ദുൾ ഖാദർ

 
Special Story

വക്കം അബ്ദുൾ ഖാദർ: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അഗ്നി നക്ഷത്രം

കേരള ഭഗത് സിങ് വക്കം അബ്ദുൾ ഖാദറിന്‍റെ രക്ത സാക്ഷിത്വത്തിന് 83 വർഷം

MV Desk

1943 സെപ്റ്റംബർ 10 ന് ഇരുപത്താറാം വയസിലാണു വക്കം അബ്ദുൾ ഖാദർ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ചത്. ആ ജീവത്യാഗത്തിന്‍റെ ഓർമകൾക്ക് ഇന്ന് 83 വർഷം. വക്കം അബ്ദുൾ ഖാദറിന്‍റെ പ്രിയ സഖാക്കൾ അനന്തൻ നായർ, ബർദാൻ, ഫൗജാ സിങ് എന്നിവരെയും അതെ ദിവസം തന്നെ ബ്രിട്ടിഷ് സാമ്രാജ്യത്വം തൂക്കിലേറ്റി.

അഡ്വ ടി. മനോജ്‌ കുമാർ

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഹിമാലയ സമാനമായ ദേശസ്നേഹത്തോടെയും ഉജ്വല വിപ്ലവ വീര്യത്തോടെയും മുന്നേറി അവ്യാഖേയ ദുരിതാനുഭവങ്ങളേറ്റു വാങ്ങി ചരിത്രത്തെ ചുവപ്പിച്ച കേരള ഭഗത് സിങ് വക്കം അബ്ദുൾ ഖാദറിന്‍റെ രക്ത സാക്ഷിത്വത്തിന് 83 വർഷം പൂർത്തിയാവുകയാണ്.1943 സെപ്റ്റംബർ 10 ന് മദ്രാസ് സെൻട്രൽ ജയിലിൽ അദ്ദേഹത്തെ തൂക്കിലേറ്റി.വക്കം അബ്ദുൾ ഖാദറിന്‍റെ പ്രിയ സഖാക്കൾ അനന്തൻ നായർ, ബർദാൻ, ഫൗജാ സിങ് എന്നിവരെയും അതെ ദിവസം തന്നെ ബ്രിട്ടിഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. യുവത്വത്തിന്‍റെ സുവർണ കാലത്ത് സ്വന്തം ജീവനെ നാടിന് ബലി നൽകിയ അനശ്വര രക്തസാക്ഷികൾ!

1939 ൽ ആരംഭിച്ച രണ്ടാം ലോക മഹാ യുദ്ധത്തിൽ ബ്രിട്ടൻ പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബ്രിട്ടിഷ്‌‌രാജിനെ തകർക്കാൻ രാജ്യത്തിന്‍റെ പുറത്തുള്ള ഇന്ത്യക്കാർ രൂപപ്പെ ടുത്തിയ ഒരു സൈന്യം ഇന്ത്യയിലേക്ക് ഇരമ്പിയെത്തണമെന്നും ഇവിടുത്തെ സ്വാതന്ത്ര്യ സമരത്തോട് ഐക്യപ്പെടണമെന്നുമുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ആഹ്വാനം ദക്ഷിണ പൂർവ ഏഷ്യയിലെ ഇന്ത്യക്കാരെ ഇളക്കി മറിച്ചു. ഈ ദൗത്യത്തിന് നേതൃത്വം നൽകാൻ നേതാജി 1941 ജനുവരി 17ന് കൽക്കട്ടയിലെ വീട്ടുതടങ്കലിൽ നിന്ന് കാവൽ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് സാഹസികമായി വിദേശത്തേക്ക് കടന്നു. 1941 നവംബർ രണ്ടിന് ജർമനിയിലെ ബെർലിനിൽ അദ്ദേഹം ഫ്രീ ഇന്ത്യ സെന്‍റർ സ്ഥാപിച്ച് ബ്രിട്ടിഷ് രാജിനെതിരേ പോരാടാനുള്ള സൈന്യത്തെ രൂപപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചു.

തുടർന്ന് സുഭാഷ് ചന്ദ്ര ബോസ് 1942 ജനുവരി ഒന്നിനു ബെർലിനിൽ ജപ്പാന്‍റെ അംബാസിഡറെ കാണുകയും അവരുടെ ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തന ങ്ങൾക്ക് ദക്ഷിണ പൂർവേഷ്യയിലെ ഇന്ത്യക്കാരുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.ദക്ഷിണ പൂർവേഷ്യയിൽ ഉള്ള ഇന്ത്യക്കാർ അണി നിരക്കുന്ന സൈന്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. അതിന്‍റെ മിലിട്ടറി വിഭാഗമായി ദക്ഷിണ പൂർവേഷ്യയിൽ എത്തിപ്പെട്ട ഇന്ത്യക്കാർ അണി നിരന്ന ഇന്ത്യൻ നാഷണൽ ആർമി അംഗീകരിക്കപ്പെട്ടു. അതിന്‍റെ നായക സ്ഥാനത്തേക്ക് നേതാജി സുഭാഷ് ചന്ദ്ര ബോസിനെ അവരോധിച്ചു. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള താത്കാലിക സർക്കാർ (ആസാദ്‌ ഹിന്ദ് സർക്കാർ)നേതാജിയുടെ നേതൃത്വത്തിൽ സിംഗപ്പുരിൽ രൂപീകരിക്കപ്പെട്ടു.

ഇപ്രകാരം വിദേശത്തു രൂപപ്പെട്ടു വന്ന ബ്രിട്ടിഷ് രാജിനെതിരേയുള്ള യുദ്ധ സന്നാഹത്തിന്‍റെ ഭാഗമായി സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സൈനിക പരിശീലന കേന്ദ്രം മലേഷ്യയിലെ പെനാങ്കിൽ ആരംഭിച്ചു. നിരവധി ചെറുപ്പക്കാർ അവിടെ പരിശീലനം നേടാൻ ഓടിയെത്തി. അവിടെ പരിശീലനം നേടിയവരിൽ നിന്നും ഏറ്റവും പ്രതിഭകളായ 33 പേർ ഉൾപ്പെട്ട ഒരു ആത്മഹത്യ സ്ക്വാഡിനെ തെരഞ്ഞെടുത്തു. അതിൽ 11പേർ മലയാളികളായിരുന്നു. അവർ നടത്തിയ ദേശാഭിമാന പ്രചോദിതമായ ദൗത്യങ്ങൾ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതപ്പെടേണ്ടതാണ്. നൂറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ജീവിതം ചതച്ചരക്കുന്ന ബ്രിട്ടിഷ് രാജിനെതിരേ പോരാട്ടങ്ങളുടെ പരമ്പരകൾ ആസൂത്രണം ചെയ്യുക എന്ന സാഹസിക ദൗത്യം ഏറ്റെടുത്ത സ്‌ക്വാഡുകളിൽ ഒന്നിന്‍റെ ഭാഗമായി വക്കം അബ്ദുൾ ഖാദറും അനന്തൻ നായരും ബർദാനും ഫൗജ സിങ്ങും ഉൾപ്പെടുന്ന സംഘം അന്തർ വാഹിനിയിൽ അതി സാഹസികമായി സഞ്ചരിച്ച് താനൂർ കടപ്പുറത്ത് എത്തിച്ചേർന്നു. നിർഭാഗ്യ വശാൽ തങ്ങളുടെ ദൗത്യം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ ആ പോരാളികൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ദേശസ്നേഹത്തിന്‍റെ പ്രതീകങ്ങളായ തീക്ഷ്ണ യൗവനങ്ങൾ സ്വന്തം നാട്ടുകാരാൽ ഒറ്റു കൊടുക്കപ്പെട്ടു!

കൊടിയ ഭേദ്യത്തിന്‍റെ പീഡന പർവങ്ങൾ താണ്ടിയ ആ നാടിന്‍റെ പുത്രൻമാർ സധൈര്യം വിചാരണ നേരിട്ടു. എനിമി ഏജന്‍റ്സ് ഓർഡിനൻസ് പ്രകാരം വിചാരണ കോടതി അവരെ അഞ്ചു വർഷം കഠിന തടവിനും അതിന് ശേഷം തൂക്കികൊല്ലാനും ശിക്ഷിച്ചു. എന്നാൽ അപ്പീൽ കോടതി അഞ്ചു വർഷം കഠിന തടവ് എന്ന വ്യവസ്ഥ എടുത്തു കളഞ്ഞ് അവരെ ഉടൻ തൂക്കിലേറ്റാൻ വിധിച്ചു.1943 ലെ വിചാരണ കോടതിയുടെ 5വർഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള വിധിക്ക് മാറ്റം വന്നിരുന്നില്ലെങ്കിൽ ആ വിലപ്പെട്ട ജീവനുകൾ പൊലിയില്ലായിരുന്നു. ഇന്ത്യസ്വാതന്ത്ര്യത്തിന്‍റെ പുലരിയെ ചുംബിച്ച 1947 ൽ ആ വീര പോരാളികൾ ജീവനോടെ ഉണ്ടാകുമായിരുന്നു.

ധീര പോരാളി വക്കം അബ്ദുൾ ഖാദർ മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടു മുമ്പുള്ള രാത്രിയിൽ എഴുതിയ രണ്ട് കത്തുകൾ എഴുതി ഒന്ന് തന്‍റെ അടുത്ത സുഹൃത്തും തന്‍റെ സഹ തടവുകാരനുമായ ബോണിഫൈസിന്. രണ്ടാമത്തേത് തന്‍റെ പ്രിയങ്കരനായ പിതാവിന്. അസാധാരണമായ ദേശ സ്നേഹത്തിന്‍റെ, ധൈര്യത്തിന്‍റെ, പോരാട്ട വീര്യത്തിന്‍റെ തീനാളങ്ങൾ...ഭാവി തലമുറക്ക് വേണ്ടിയുള്ള ഒരു വിപ്ലവ കാരിയുടെ മാനിഫെസ്റ്റോ!

ഇരുപത്താറാമത്തെ വയസ്സിൽ വക്കം അബ്ദുൾ ഖാദർ, പ്രിയ സഖാക്കൾക്കൊപ്പം തൂക്കിലേറ്റപ്പെട്ടു. വക്കം അബ്ദുൾ ഖാദറിന്‍റെ ജീവിതത്തെ ആധാരമാക്കി പി. എം. എ. ഖാദർ എന്ന നോവലിസ്റ്റ് എഴുതിയ ജീവ ചരിത്ര നോവലിൽ ആ ധീര പോരാളികളുടെ മരണത്തോടടുത്ത ചില നിമിഷങ്ങളെ ഇങ്ങനെ വരച്ചു കാട്ടുന്നു :

"ഖാദർ, ഫൗജ സിങ്, ബർദാൻ, അനന്തൻ നായർ എന്ന ക്രമത്തിൽ അവർ നിന്നു.

പ്രോസിക്യൂട്ടർ നാലു പേരോടുമായി ചോദിച്ചു :"എന്തെങ്കിലും അവസാന ആഗ്രഹം? എനി ലാസ്റ്റ് വിഷ്? "

ഫൗജ സിങും ബർദാനും അനന്തൻ നായരും മൗനം പാലിച്ചു.

ഖാദർ പറഞ്ഞു : "യെസ്, അനന്തൻ നായർ ഷുഡ് ബി അലൗഡ് ടു ഡൈ നിയർ മി. അനന്തൻ നായരെ എന്‍റെ തൊട്ടരികിൽ നിന്ന് തൂക്കിലേറാൻ അനുവദിക്കണം.പരസ്പരം കുത്തി മരിക്കുന്ന ഞങ്ങളുടെ സമുദായങ്ങളെ സാക്ഷി നിർത്തി, ഒരേ സത്യത്തിന് ഞങ്ങൾക്കൊരുമിച്ച് ജീവൻ നൽകാൻ അനുവാദമുണ്ടാകണം '

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയാണു ലേഖകൻ.

Mob :9388718975

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്