അന്താരാഷ്ട്ര യോഗ ദിനം 2026
(ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി)
ലോകം ഈ വര്‍ഷം അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുമ്പോൾ നിർണായക നാഗരിക ഘട്ടത്തിലാണ് മാനവികത. ശ്രദ്ധേയമായ സാങ്കേതിക - ഭൗതിക പുരോഗതിയുടെ യുഗത്തില്‍ ജീവിക്കുമ്പോഴും വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും മാനസിക സമ്മർദവും പരിസ്ഥിതി നാശവും സുസ്ഥിരമല്ലാത്ത ജീവിതരീതികളും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികളിൽ പലതിന്‍റെയും അടിസ്ഥാനമായ പൊതുവെല്ലുവിളി അനിയന്ത്രിതവും വിവേകശൂന്യവുമായ ഉപഭോഗമാണ്.
പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം മുതൽ ഡിജിറ്റൽ ലോകത്തെ അമിത ആശ്രയത്വവും സുസ്ഥിരമല്ലാത്ത ജീവിതശൈലിയും വരെ സന്തുലിത ജീവിതരീതിയില്‍നിന്ന് അകന്നുപോവുകയാണ് ആധുനിക സമൂഹങ്ങൾ. ഈ പശ്ചാത്തലത്തിലാണ് യോഗ കേവലം പൗരാണിക ആരോഗ്യ പരിരക്ഷാ രീതിയെന്നതിലുപരി ഉത്തരവാദിത്തപൂര്‍ണ ജീവിതത്തിന്‍റെ ശാശ്വത ചട്ടക്കൂടായി ഉയർന്നുവരുന്നത്. സ്വയം നിയന്ത്രണത്തിന്‍റെയും മിതത്വത്തിന്‍റെയും വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പുകളുടെയും കരുത്തുറ്റ പാതയാണ് യോഗ മാനവരാശിക്ക് നല്‍കുന്നത്. നമ്മിലും നമുക്ക് ചുറ്റുമുള്ള ലോകത്തും എങ്ങനെ ഐക്യം വീണ്ടെടുക്കാമെന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു.
വിവേകപൂർണമായ വിനിയോഗത്തിന് ആഹ്വാനം
അമിതോപഭോഗത്തിന്‍റെ ആഗോള വെല്ലുവിളി അഭിമുഖീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വം 'മിഷൻ ലൈഫ്' അഥവാ പാരിസ്ഥിതിക ജീവിതരീതി എന്ന ആശയത്തിലൂടെ ശക്തമായ ദിശാബോധം പകര്‍ന്നു നൽകിയിട്ടുണ്ട്. സിഒപി 26 സമ്മേളനത്തിൽ യോഗയുടെ ആശയവുമായി ആഴത്തിൽ ചേർന്നുനിൽക്കുന്ന ഒരു തത്വം പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി: "വിവേകശൂന്യവും വിനാശകരവുമായ ഉപഭോഗത്തിന് പകരം വിവേകപൂർണവും ആസൂത്രിതവുമായ വിനിയോഗമാണ് ഇന്ന് ലോകത്തിനാവശ്യം."
അടുത്തകാലത്ത് ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കുമിടയിൽ ഈ ആഹ്വാനം പ്രധാനമന്ത്രി ഒരു ദൈനംദിന പൗരധർമമെന്ന നിലയില്‍ വിപുലീകരിച്ചു. ഇന്ധനം സംരക്ഷിക്കുന്നതും അനാവശ്യ ഊർജോപയോഗം കുറയ്ക്കുന്നതും മുതൽ അത്യാവശ്യമല്ലാത്ത ചെലവുകൾ പുനഃപരിശോധിക്കുന്നത് വരെ ഒഴിവാക്കാവുന്ന ഉപഭോഗങ്ങൾ ബോധപൂർവം പരിമിതപ്പെടുത്താൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ ആഹ്വാനത്തിന് ദാരിദ്ര്യവുമായി ബന്ധമില്ല. മറിച്ച്, കൂട്ടായ പ്രതിരോധശേഷിയും സുസ്ഥിരതയും കൈവരിച്ച് ദേശീയ ഉത്തരവാദിത്വം പിന്തുടരാനുള്ള തന്ത്രപരവും ധാർമ്മികവുമായ ആഹ്വനമാണിത്. ചെറുതും വലുതുമായ ഓരോ ശ്രമങ്ങളും പ്രധാനമാണെന്നും ഓരോ തുള്ളി വെള്ളവും ചേർന്നാണ് ഒരു കുടം നിറയുന്നതെന്നും അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു.
യോഗയുടെ അടിസ്ഥാന തത്വങ്ങളുമായി ഈ ആശയങ്ങൾ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. 'അപരിഗ്രഹം' അഥവാ അനാവശ്യ സമ്പാദ്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനെയും 'സന്തോഷ' അഥവാ ഒരാള്‍ക്ക് യഥാർഥത്തില്‍ ആവശ്യമായതില്‍ സംതൃപ്തി കണ്ടെത്തുന്നതിനെയും കുറിച്ചാണ് യോഗയുടെ തത്വചിന്ത സംസാരിക്കുന്നത്. വ്യക്തികളെ നിർബന്ധിത ഉപഭോഗത്തിൽ നിന്നകറ്റി വിവേകപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കുന്ന ചിന്താഗതി ഈ തത്വങ്ങൾ വളർത്തിയെടുക്കുന്നു. കേവലം നിഷ്ക്രിയ ഉപഭോക്താക്കളിൽ നിന്ന് ഭൂമിയുടെ ഉത്തരവാദിത്ത സംരക്ഷകരാക്കി യോഗ നമ്മെ പരിവര്‍ത്തനം ചെയ്യുന്നു.
പരിസ്ഥിതിസൗഹൃദ മാർഗമെന്ന നിലയിൽ യോഗ
മനുഷ്യന് ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹം തൃപ്തിപ്പെടുത്താൻ അതിനാവില്ല. പ്രകൃതിയുമായി പരസ്പര ബന്ധത്തിന്‍റെ ആഴം വർധിപ്പിച്ച് ഈ ബോധ്യം വീണ്ടെടുക്കാൻ യോഗ വഴിയൊരുക്കുന്നു. നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും ആഗ്രഹിക്കുന്ന സുരക്ഷിത നിലനില്‍പ്പുമെല്ലാം ഒരു പൊതു പാരിസ്ഥിതിക വ്യവസ്ഥയുടെ ഭാഗമാണ്.
യോഗാഭ്യാസം ക്രമേണ നമ്മുടെ പെരുമാറ്റത്തെ ഉള്ളിൽ നിന്ന് പുനരാവിഷ്കരിക്കുന്നു. മാനസിക അസ്വസ്ഥതകളെ ശാന്തമാക്കുന്ന യോഗ വിവേകശൂന്യമായ എടുത്തുചാട്ടം കുറയ്ക്കുകയും സ്വയം അച്ചടക്കം പാലിക്കാന്‍ കരുത്തു പകരുകയും ചെയ്യുന്നു. പെട്ടെന്നുള്ള സംതൃപ്തിക്കും അമിത ഉപഭോഗസംസ്കാരത്തിനും പിന്നാലെ പായുന്ന ലോകത്ത് യഥാർത്ഥ ആവശ്യങ്ങളും അനന്തമായ ആഗ്രഹങ്ങളും തമ്മിൽ തിരിച്ചറിയാനാവശ്യമായ ആന്തരിക വ്യക്തത കൈവരിക്കാന്‍ യോഗ സഹായിക്കുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായും ആയുഷ് മന്ത്രാലയവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മന്ത്രിയെന്ന നിലയിൽ പകർച്ചവ്യാധി ഇതര രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയാര്‍ന്ന പൊതുജനാരോഗ്യ മാർഗമായി യോഗ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞാൻ എല്ലാ ദിവസവും കാണുകയാണ്. ശാരീരിക പ്രവർത്തനങ്ങളും മാനസിക സന്തുലിതാവസ്ഥയും അച്ചടക്കത്തോടുകൂടിയ ജീവിതവും പ്രോത്സാഹിപ്പിച്ച് അനാരോഗ്യ ശീലങ്ങളെയും അമിത വൈദ്യശാസ്ത്ര ഇടപെടലുകളെയും ആശ്രയിക്കുന്നത് യോഗ കുറയ്ക്കുന്നു. യോഗാത്മക ജീവിതശൈലി സ്വാഭാവിക ലാളിത്യത്തെയും മിതത്വത്തെയും സന്തുലിത പോഷകാഹാരത്തെയും മാലിന്യ ലഘൂകരണത്തെയും വിവേകപൂർണമായ വിഭവ ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ശീലങ്ങളില്‍ പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് അനിവാര്യമായ മാറ്റങ്ങളാണിവ.യോഗയെന്നത് വ്യക്തിഗത ആരോഗ്യത്തിന്‍റെ വഴി മാത്രമല്ല; മറിച്ച് പരിസ്ഥിതി ഉത്തരവാദിത്തത്തിന്‍റെ പ്രായോഗിക ചട്ടക്കൂട് കൂടിയാണ്.
ഇന്ത്യയുടെ ആഗോള ആരോഗ്യ നേതൃത്വം
ലോകത്തിന് ഇന്ത്യ നൽകിയ ഏറ്റവും സ്വാധീനമേറിയ സംഭാവനകളിലൊന്നായി യോഗ ഇന്ന് മാറിയിരിക്കുന്നു - ആരോഗ്യത്തിന്‍റെയും ഐക്യത്തിന്‍റെയും കൂട്ടായ ക്ഷേമത്തിന്‍റെയും ശക്തമായ ആവിഷ്കാരമാണത്. പൗരാണിക സാംസ്കാരിക രീതിയെന്ന നിലയില്‍ തുടക്കം കുറിച്ച യോഗ ഇന്ന് ഭൗമശാസ്ത്രത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും ഭാഷയുടെയും സംസ്കാരത്തിന്‍റെയുമെല്ലാം അതിരുകള്‍ ഭേദിച്ച് ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു.
വര്‍ഷംതോറും വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് പേര്‍ യോഗ ദിനാഘോഷങ്ങളിൽ പങ്കുചേരുന്നു. കേവലം ആസനങ്ങൾ ചെയ്യുന്നതിലപ്പുറം കൂടുതൽ ആരോഗ്യകരവും സന്തുലിതവും സുസ്ഥിരവുമായ ജീവിതമെന്ന ഒരു കൂട്ടായ ആഗ്രഹം അവർ നെഞ്ചേറ്റുന്നു. പ്രതിരോധാത്മക ആരോഗ്യ പരിരക്ഷയുടെയും മാനസിക ക്ഷേമത്തിന്‍റെയും വിവേകപൂർണമായ ജീവിതത്തിന്‍റെയും സാർവത്രിക ഭാഷയായി യോഗ ഉയർന്നുവന്നുകഴിഞ്ഞു.
യോഗയിലൂടെ സമഗ്രാരോഗ്യം കൈവരിക്കാന്‍ നിർബന്ധിതമല്ലാത്തതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ചട്ടക്കൂട് ഇന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നു. ആധുനിക കാലത്തെ ആശങ്കകളെ ശാശ്വത ജ്ഞാനത്തിലൂടെ പരിഹരിക്കുന്ന ഒന്നാണത്. 2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ആഴമേറിയ പ്രാധാന്യവും ഇതാണ്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പർശിക്കുന്ന യോഗ സ്വന്തം ജീവിതശീലങ്ങളെ പരിവർത്തനം ചെയ്യാന്‍ പ്രചോദനം പകരുന്ന സമാനതകളില്ലാത്ത വേദിയൊരുക്കുന്നു. സുസ്ഥിരതയുടെയും മിതത്വത്തിന്‍റെയും ബോധപൂർണമായ ജീവിതത്തിന്‍റെയും സന്ദേശങ്ങൾ യോഗയുടെ കൂട്ടായ മനോഭാവത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുകയും ലോകത്തെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു.
2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ കൂട്ടായ സങ്കൽപ്പം
യഥാർഥ ക്ഷേമത്തിന് തനിയെ നിലനില്‍പ്പില്ല. മനുഷ്യന്‍റെ ആരോഗ്യവും സമൂഹത്തിന്‍റെ ക്ഷേമവും ഭൂമിയുടെ ആരോഗ്യവും തമ്മില്‍ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ജീവിതശൈലി രോഗങ്ങളും പരിസ്ഥിതി നാശവുമെല്ലാം സൃഷ്ടിക്കുന്ന വെല്ലുവിളികൾ നയപരമായ ഇടപെടലുകൾക്കപ്പുറം നമ്മുടെ ശീലങ്ങളിലെ പരിവർത്തനവും ആവശ്യപ്പെടുന്നുണ്ട്.
ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ നമ്മുടെ പ്രതിബദ്ധത യോഗ പായയില്‍ മാത്രമൊതുങ്ങരുത്. കേവലം ദൈനംദിന പരിശീലനമെന്നതിലുപരി ജീവിതരീതിയായി നമുക്ക് യോഗയെ സ്വീകരിക്കാം - വിവേകപൂർണമായ വിനിയോഗവും ആന്തരിക അച്ചടക്കവും പാരിസ്ഥിതിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന ഒരു ജീവിതരീതി.
ബോധപൂർണമായ ജീവിതം നയിക്കാന്‍ പ്രധാനമന്ത്രി നല്‍കിയ ആഹ്വാനം നമുക്ക് ഏറ്റെടുക്കാം. ഉപഭോഗത്തിലൂടെ മാത്രമല്ല, മറിച്ച് എത്രത്തോളം ഉത്തരവാദിത്തത്തോടെ നാം ജീവിക്കുന്നുവെന്നതിന്‍റെ അടിസ്ഥാനത്തില്‍ പുരോഗതി വിലയിരുത്തുന്ന ഒരു ഭാവി നമുക്ക് യാഥാർഥ്യമാക്കാം.