സഹകരണ സംഘങ്ങളെ പിടിച്ചുലയ്ക്കുന്ന നികുതിക്കൊടുങ്കാറ്റ്|പൊട്ടാൻ വെമ്പുന്ന ടൈം ബോംബ് - പരമ്പര ഭാഗം 1 
Special Story

പൊട്ടാൻ വെമ്പുന്ന ടൈം ബോംബ്; സഹകരണ സംഘങ്ങളെ പിടിച്ചുലയ്ക്കുന്ന നികുതിക്കൊടുങ്കാറ്റ്| പരമ്പര ഭാഗം 1

കേരളത്തിലെ മിക്ക സഹകരണ സംഘങ്ങളും ആദായ നികുതി വകുപ്പിന്‍റെ വലയിൽപ്പെട്ടിരിക്കുന്നു. മിക്കവയ്ക്കും നോട്ടീസും ലഭിച്ചു. പരിഹാരം എളുപ്പമല്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അജയൻ

കേരളത്തിലെ മിക്ക സഹകരണ സംഘങ്ങൾക്കും മേൽ ആദായ നികുതി വകുപ്പിന്‍റെ നോട്ടീസുകൾ അശനിപാതം പൊലെ പതിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലില്ലാത്ത വിധം ഗുരുതരമായ പ്രതിസന്ധിയാണ് അവയിലേറെയും മുന്നിൽ കാണുന്നത്. ഭീമമായ കുടിശികയിൽനിന്ന് ആശ്വാസം തേടി അധികൃതർ പരക്കം പായുന്നു. സ്വന്തം പ്രവൃത്തികൾ തന്നെയാണ് ഈ പ്രാഥമിക സഹകരണ സംഘങ്ങളുടെ അടിത്തറ തന്നെ ദുർബലമാക്കും വിധം ഭീമാകാരമായ നികുതിഭാരത്തിനു കാരണമായിരിക്കുന്നത്.

സംസ്ഥാനത്തെ ബാങ്കിങ് മേഖലയുടെ 40 ശതമാനം വ്യവസായവും കൈയാളുന്നത് സഹകരണ മേഖലയാണ്. ആകെ നിക്ഷേപം രണ്ടര ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരും.

ടാക്സ് റിബേറ്റ് തേടി ദിവസേനയെന്നോണം സഹകരണ സംഘങ്ങൾ അപ്പീലുകൾ ഫയൽ ചെയ്തുകൊണ്ടിരിക്കുന്നു. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളിൽ പലതിനും പാൻ നമ്പർ പോലുമില്ലെന്ന് അവരിപ്പോൾ തുറന്നു സമ്മതിക്കേണ്ടിവരുന്നു. എന്നിട്ടും സമ്പൂർണ ബാങ്കിങ് പ്രവർത്തനം തന്നെയാണ് അവ ഇതുവരെ നടത്തിവന്നതും ഇപ്പോഴും തുടരുന്നതും. സാമ്പത്തിക വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള ഓഡിറ്റിങ് പ്രക്രിയ പോലും വെറും ചടങ്ങായി ഒതുക്കിയതാണ് വലിയ വീഴ്ചയ്ക്കു കളമൊരുക്കിയത്.

ഗ്രാമീണ കർഷകർക്കുള്ള ജീവനാഡി എന്ന നിലയിൽ വിഭാവനം ചെയ്യപ്പെട്ട സ്ഥാപനങ്ങളാണിവ. നിർദിഷ്ട ജനസമൂഹങ്ങൾക്കിടയിൽ സ്വയംപര്യാപ്തതയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ, നിശ്ചിത മേഖലയിൽ താമസിക്കുന്നവർക്കു മാത്രമാണ് ഓരോ സഹകരണ സംഘങ്ങളിലും അംഗത്വമെടുത്ത് ഗുണഭോക്താക്കളാകാൻ അനുവാദമുണ്ടായിരുന്നത്. കൃഷിക്ക് വളം വാങ്ങാനോ, താത്കാലിക സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനു ഹ്രസ്വകാല വായ്പ തരപ്പെടുത്താനോ, ചെറിയൊരു പലചരക്ക് കടയോ നീതി മെഡിക്കൽ സ്റ്റോറോ നടത്താനോ..., അങ്ങനെ സുരക്ഷയുടെ ഒരു കവചമൊരുക്കുകയായിരുന്നു പ്രാഥമിക സഹകരണ സംഘങ്ങളുടെ അടിസ്ഥാന കർത്തവ്യം. കർഷകരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വിപണിയിലെ അസ്ഥിരതകളിൽനിന്നും സംരക്ഷിക്കാൻ ഇതുകൊണ്ടു സാധിക്കുമെന്നാണു കരുതപ്പെട്ടിരുന്നത്.

എന്നാൽ, ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം എന്ന മഹത്തായ ആശയം, പ്രായോഗികതലത്തിൽ തകിടം മറിഞ്ഞു. സാമ്പത്തിക സഹായത്തിന്‍റെ അടിസ്ഥാന ഘടങ്ങളായിരുന്ന സ്ഥാപനങ്ങൾ നിയമലംഘനത്തിലൂടെ അനിയന്ത്രിത പണമിടപാട് കേന്ദ്രങ്ങളായി മാറി. നിയമവിധേയ ധനകാര്യ സ്ഥാപനങ്ങൾ എന്ന വ്യാജേന ഈ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ തുകകൾ നിക്ഷേപമായി സ്വീകരിച്ചു, ചിട്ടി വരെ നടത്തി വലിയ വായ്പകൾ നൽകി. ബാങ്കിങ് സ്ഥാപനത്തിലെ ആകെ നിക്ഷേപത്തിന്‍റെ എത്ര ശതമാനം വായ്പയായി നൽകാം എന്നു നിഷ്കർഷിക്കുന്ന ക്രെഡിറ്റ് - ഡെപ്പോസിറ്റ് അനുപാതം പോലും ലംഘിക്കപ്പെട്ടു. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ കാലതാമസം നേരിടുന്നതിനു കാരണമിതാണ്.

പലർക്കും കള്ളപ്പണം നിക്ഷേപിച്ച്, ആദായ നികുതിയുടെ വലക്കണ്ണികളിൽ കുടുങ്ങാതെ പലിശ കൊയ്യാനുള്ള സങ്കേതങ്ങളായി ഇവ മാറി. ഉറവിട നികുതി ഈടാക്കൽ (Tax Deducted at Source - TDS) സമ്പ്രദായം നിലവിലില്ലാത്തതിനാൽ ഈ നിഴൽ ബാങ്കുകൾ സമ്പത്തിന്‍റെ അനിയന്ത്രിത വളർച്ചയ്ക്കാണ് വളമിട്ടു കൊടുക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന ആശയം തന്നെ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു.

ഭീമമായ നിക്ഷേപങ്ങളുടെ ഭാഗമായി, വായ്പകളിൽ നിന്നുള്ള പലിശയും വളം, ഇവർ നടത്തുന്ന സൂപ്പർ മാർക്കറ്റുകൾ പോലുള്ള സ്ഥാപനങ്ങളിലെ ലാഭവുമെല്ലാം പ്രധാനമായും സർക്കാർ ട്രഷറിയിലും കേരള ബാങ്കിലും ജില്ലാ സഹകരണ ബാങ്കുകളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ബാങ്കുകളിലുമായി സൂക്ഷിക്കുന്നു. ഇതെല്ലാം ചട്ടപ്രകാരം തന്നെയാണ്. എന്നാൽ, ഇത്തരം ഇടപാടുകളിലെല്ലാം ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തിനു സൗകര്യമുണ്ടാകണമെന്ന ചട്ടം കൂടി നിലവിലുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തന മേഖലാ പരിധി മുതൽ, റെഗുലേറ്ററി സംവിധാനങ്ങൾക്ക് നിരീക്ഷിക്കാനുള്ള സൗകര്യം വരെയുള്ള ചട്ടങ്ങൾ ലംഘിക്കപ്പെടുകയാണ്. ഇതെല്ലാം ക്രമേണ മറനീക്കി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. നിയമത്തിന്‍റെ കൈകൾ ഇതിലേക്കെല്ലാം നീണ്ടു തുടങ്ങിയിരിക്കുന്നു. സംശയാസ്പദമായ ഇടപാടുകളെല്ലാം ആദായ നികുതി വകുപ്പ് ഇഴകീറി പരിശോധിക്കുന്നുണ്ടിപ്പോൾ. ചട്ടലംഘനങ്ങൾക്ക് 1961ലെ ആദായ നികുതി നിയമത്തിന്‍റെ 68ാം വകുപ്പ് പ്രകാരമുള്ള സർചാർജുകളും ചുമത്തുന്നുണ്ട്. ഇതുപ്രകാരം, വായ്പ ഇനത്തിൽ രേഖപ്പെടുത്തുന്ന ഏതു തുകയും, അതിന്‍റെ സ്വഭാവവും സ്രോതസും വ്യക്തമാക്കിയിട്ടില്ലെങ്കിലും പരിശോധനയ്ക്കു വിധേയമാണ്. ബോധിപ്പിക്കുന്ന കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ബോധ്യമാകുന്നില്ലെങ്കിൽ ഈ തുക വിശദീകരണമില്ലാത്ത ക്യാഷ് ക്രെഡിറ്റായി കണക്കാക്കി അതിന് അനുസൃതമായ നികുതി ചുമത്താം.

സഹകരണ നിയമത്തിലെ 80പി വകുപ്പ് പ്രകാരം 20 ശതമാനം നികുതി ഒടുക്കി ഭീമമായ ബാധ്യത ഒഴിവാക്കാനുള്ള പരക്കംപാച്ചിലിലാണ് സഹകരണ സംഘങ്ങൾ. രജിസ്റ്റേർഡ് സൊസൈറ്റികളുടെ നിർദിഷ്ട പ്രവർത്തനങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനത്തിനും ലാഭത്തിനും നികുതി ഇളവ് നൽകുന്ന വ്യവസ്ഥയാണിത്. എന്നാൽ, സാമ്പത്തിക കെടുകാര്യസ്ഥത നാൾക്കുനാൾ തെളിഞ്ഞു വരുകയും, നിരീക്ഷണ ഏജൻസികളുടെ നടപടികൾക്ക് കാർക്കശ്യമേറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ ഇളവ് വാങ്ങിയെടുക്കുന്നതും എളുപ്പമല്ല. യഥാർഥ സഹകരണ പ്രസ്ഥാനങ്ങൾക്ക് അർഹമായ ഇളവ് ഇവയിൽ എത്ര സൊസൈറ്റികൾക്ക് അവകാശപ്പെടാനാകും എന്ന ചോദ്യം പ്രസക്തമാണ്. അതു സാധിക്കുന്നില്ലെങ്കിൽ നിയന്ത്രണമില്ലാത്ത ചൂഷണത്തിന്‍റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്നു തന്നെ കരുതാം.

(പരമ്പര ഭാഗം 2: സഹകരണ പ്രസ്ഥാനത്തിലെ ആസൂത്രിത മൂല്യശോഷണം)

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു