മർദനത്തിന്‍റെ നോവുകൾ സമ്മാനിക്കുന്നത്...
അഡ്വ. ചാർളി പോൾ
""എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എന്‍റെ വാപ്പയും ഉമ്മയും എന്നോടു ക്രൂരതയാണു കാണിക്കുന്നത്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്‍റെ വാപ്പി --- കഷ്ടമുണ്ട്..''
നോട്ട്ബുക്കിന്‍റെ താളിൽ അശരണയായ ഒരു 9 വയസുകാരി എഴുതിയ ഉള്ളുലയ്ക്കുന്ന തീരാനോവിന്‍റെ വരികളാണിത്. "എന്‍റെ അനുഭവം' എന്നു പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നതു തന്നെ പൊള്ളുന്ന അനുഭവമാണ്.
നാലാം ക്ലാസ് വിദ്യാർഥിനി അനുഭവിച്ച പിതാവിന്‍റെയും രണ്ടാനമ്മയുടെയും കൊടിയ മർദനത്തിന്‍റെ വിവരം ആ താളിലൂടെ പുറംലോകം അറിഞ്ഞു. സ്കൂൾ അധികൃതരുടെ മൊഴിയിൽ ആലപ്പുഴ ജില്ലയിലെ നൂറനാട് പൊലീസ് കേസെടുത്തു- പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെബീന എന്നിവർക്കെതിരേ.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണു കുട്ടി പഠിക്കുന്നത്. കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ മർദിച്ചതിന്‍റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ അന്വേഷിച്ചപ്പോഴാണ് ക്രൂരമർദനത്തിന്‍റെ വിവരം പറഞ്ഞത്. പിന്നാലെയാണ് താൻ നേരിട്ട പ്രയാസങ്ങളെയും മർദനങ്ങളെയും പറ്റി "എന്‍റെ അനുഭവം' എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽ നിന്നു ലഭിച്ചത്. മാതാപിതാക്കളെ വിളിച്ചെങ്കിലും അവരെത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്കൂളിലേക്കു വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്‍റെ മാതാപിതാക്കളാണ് കുട്ടിയെ വളർത്തിയത്. അഞ്ചുവർഷം മുമ്പ് അൻസാർ മാതൃസഹോദരന്‍റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്ക് നാലു വയസുള്ള മകനുണ്ട്.
ഉറങ്ങിക്കിടന്ന കുട്ടിയെ ഷെബീന മുടിയിൽ കുത്തിപ്പിടിച്ച് മുറിക്കു പുറത്തുകൊണ്ടുവന്നു ക്രൂരമായി മർദിച്ചു. ഇരുവരും ചേർന്ന് ഇരു കവിളിലും അടിച്ചു, കാൽമുട്ട് അടിച്ച് ചതച്ചു. ഒരു വർഷമായി തുടരുന്ന ക്രൂര പീഡനത്തിന്‍റെ ചുരുക്കമാണ് നോട്ട്ബുക്കിന്‍റെ താളിൽ കുറിച്ചിട്ടത്.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ കുട്ടിയെ കാണാൻ ചാരുംമൂട്ടിലെ വീട്ടിലെത്തിയിരുന്നു. ആ സംഭവത്തിന്‍റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ തന്നോട് സംസാരിച്ചതെന്നു മന്ത്രി പറയുന്നു. സംസാരിക്കുന്നതിനിടെ, ""എന്‍റെ വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം'' എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറഞ്ഞു. അവിടെ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞുവെന്നാണു ശിവൻകുട്ടി ചൂണ്ടിക്കാട്ടിയത്.
കുട്ടിയുടെ മേൽ നിയന്ത്രണാധികാരമുള്ള വ്യക്തി ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനഃപൂർവം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് മൂന്നുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണ് പരിഗണിക്കാറുള്ളത്.
ക്രൂരത കാട്ടുന്നവരെ ശിക്ഷിക്കാൻ നിയമമുണ്ട്. അതിനേക്കാൾ, ഈ ക്രൂരതകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ അതിഭയാനകങ്ങളാണ്. മാനസികവും ശാരീരികമായ ക്രൂരതകൾ ഏറ്റുവാങ്ങുന്നവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അടിയും മറ്റു ശാരീരിക ശിക്ഷകളും തലച്ചോറിന്‍റെ വികാസപ്രക്രിയയെ ബാധിക്കും. കടുത്ത ശാരീരിക ശിക്ഷ അനുഭവിച്ചവരുടെ തലച്ചോറിന്‍റെ ഘടനയിലും പ്രവർത്തനത്തിലും പ്രത്യേക അടയാളങ്ങൾ കാണാം. ഏഴു വയസു വരെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെല്ലാം തലച്ചോറിൽ രേഖപ്പെടുത്തും. ശാരീരികവും മാനസികവുമായ പീഡനങ്ങളും ശിക്ഷകളും അനുഭവിച്ചവർ മറ്റുള്ളവരേക്കാൾ വേഗത്തിൽ രോഗികളായി മാറും. ശാരീരിക രോഗങ്ങൾ ഇവരിൽ കൂടുതലാണ്. പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നതും കാണാം. ഇവർ അപകടങ്ങളിൽപ്പെടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തേ മരിക്കുന്നു. ചിലർ ആത്മഹത്യാ പ്രവണത കാണിക്കുന്നു.
പിതാവിന്‍റെയും മാതാവിന്‍റെയും ക്രൂരമായ ശിക്ഷാ നടപടികൾ, നിഷേധാത്മക പെരുമാറ്റം, അമിത സ്വാതന്ത്ര്യം, അവഗണന, ധാർമിക അധഃപതനം, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ എന്നിവയെല്ലാം മക്കളുടെ വ്യക്തിത്വ വികസനത്തെ സാരമായി ബാധിക്കും. ഇത്തരം സമീപനങ്ങൾ വൈകല്യങ്ങളിൽ നിന്ന് വൈകല്യങ്ങളിലേക്കാണ് മക്കളെ കൊണ്ടുചെന്ന് എത്തിക്കുക.
ആലീസ് മില്ലർ പറയുന്നു; "വികലമായ എല്ലാ പെരുമാറ്റങ്ങളുടെയും അടിവേരുകൾ ബാല്യദിശയിലാണ്. പ്രശ്നക്കാരായ കുട്ടികൾ സ്വർഗത്തിൽ നിന്നോ നരകത്തിൽ നിന്നോ പൊട്ടിവീഴുന്നതല്ല'. സ്നേഹക്കുറവും അവഗണനയും മക്കളെ ക്രൂരന്മാരും പ്രശ്നസന്തതികളും കുറ്റവാളികളുമാക്കുന്നു.
മാതാപിതാക്കളുടെ അമർഷങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും ദേഷ്യവുമാണു ശാരീരിക ശിക്ഷകളായി പുറത്തുവരുന്നത്. സോഡാ കുപ്പി തുറക്കുമ്പോഴുണ്ടാകുന്ന ചീറ്റൽ പോലെ ഉള്ളിലെ അമർഷം മുഴുവൻ പുറത്തുവരുമ്പോൾ വകതിരിവില്ലാതെ കഠിന ശിക്ഷകൾ നൽകും. ആ കോപാഗ്നിയിൽ കുട്ടികളുടെ ചിറകുകൾ കരിയും, വളർച്ച മുരടിക്കും, നൈരാശ്യവും ശൂന്യതാബോധവും സംഭവിക്കും, ഒന്നിനും വില കാണാത്ത അവർ എല്ലാം അർഥശൂന്യമായി കാണും, കടുത്ത മ്ലാനതയിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിക്കും. യൗവനത്തിലേക്കു കടക്കുമ്പോൾ അവർ ധിക്കാരികളും കൊള്ളരുതാത്തവരുമാകും.
കർക്കശ ചിട്ടകളും കഠിന ശിക്ഷകളും നിറയ്ക്കുന്ന അന്തരീക്ഷം ശൈശവത്തിന്‍റെ കശാപ്പു ശാലകളാണ്. കഠിനശിക്ഷാ രീതികളുടെ വിപത്തുകൾ വളർന്നു വരുമ്പോഴാണ് ഉണ്ടാവുക. വീട്ടിൽ നിന്നും സ്ക്കൂളിൽ നിന്നുമൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്ന കടുത്ത ശിക്ഷകൾ കുട്ടികളുടെ മാനസികാവസ്ഥയെ താറുമാറാക്കും.
ജീവിതകാലം മുഴുവൻ അത് മായാത്ത വടുവായി മനസിൽ കിടക്കും. ശൈശവത്തിൽ അടിച്ചമർത്തപ്പെടുന്ന വികാരങ്ങൾ മുതിരുമ്പോൾ ധിക്കാരത്തിന്‍റെ വികല രൂപത്തിലാണു പുറത്തു വരുക. അവരിൽ പലരും പിന്നീട് സാമൂഹ്യദ്രോഹികളോ ഏകാധിപത്യ പ്രവണതയുള്ളവരോ മനോരോഗികളോ ഒക്കെയായി മാറാം. അഭിമാനക്ഷതമേറ്റ കുട്ടികൾ അപകർഷ ബോധമുള്ളവരാകും.
ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കപ്പെടുന്നത് പ്രധാനമായും ആ വ്യക്തിയുടെ തലച്ചോറിൽ ആറു വയസിനു മുമ്പു പതിഞ്ഞ വികാരങ്ങൾ (ജീവിതാനുഭവങ്ങൾ) മൂലമാണ്. ചെറുപ്പത്തിൽ ധാരാളം സ്നേഹലാളനകൾ അനുഭവിച്ചു വളർന്ന കുട്ടികൾ സദ്സ്വഭാവികളും ആത്മവിശ്വാസമുള്ളവരും മിടുക്കരുമാകും. ചെറുപ്രായത്തിൽ അമിതശിക്ഷ ലഭിച്ചു വളരുന്ന കുട്ടികൾ ദുഃസ്വാഭാവികളും ആത്മവിശ്വാസം കുറഞ്ഞവരും അന്തർമുഖരും ആക്രമണ സ്വഭാവമുളളവരും സ്വാർഥരും മറ്റും ആയിത്തീരാനാണു സാധ്യത. ക്രൂരതകളിലൂടെ കടന്നുപോകുന്ന ബാല്യം ക്രൂരരെയാണ് സൃഷ്ടിക്കുക.
തല്ലുന്നതും ചീത്ത പറയുന്നതും പരിഹസിക്കുന്നതും ശകാരിക്കുന്നതും ശപിക്കുന്നതും താരതമ്യം ചെയ്യുന്നതും ഭയപ്പെടുത്തുന്നതും സ്നേഹത്തിന്‍റെ നിരാസമാണ്. വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാനേ ഇത്തരം പ്രവർത്തികൾ ഉപകരിക്കൂ. വേദനിപ്പിച്ചാൽ ആരായാലും അകന്നുപോകും. സന്തോഷം നൽകിയാൽ അടുക്കുകയും ചെയ്യും. ക്രൂരത കാണിച്ചാൽ ആനയ്ക്കു മദം പൊട്ടും പോലെ മാതാപിതാക്കളെ അത്ഭുതപ്പെടുത്തുമാറ് മക്കൾ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേറ്റമാകും.
സ്നേഹാനുഭവങ്ങൾ, സ്നേഹ സ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, അംഗീകരിക്കൽ, പരിഗണിക്കൽ, അഭിനന്ദിക്കൽ തുടങ്ങിയ ഇടപെടലുകളിലൂടെയാണു കുട്ടികളുടെ തലച്ചോറ് വ്യത്യസ്തമായ കഴിവുകൾ നേടുന്നത്. അവ തലച്ചോറിലെ സർക്യൂട്ടുകളിൽ വ്യത്യാസമുണ്ടാക്കുന്നു. അനുഭവങ്ങൾ തലച്ചോറിന്‍റെ ഘടനയെ മാറ്റും, പോസിറ്റീവ് അനുഭവങ്ങൾ ജീവിതത്തെ സന്തോഷപൂരിതമാക്കും.
വീട്ടിലും വിദ്യാലയത്തിലുമാണ് കുട്ടികളുടെ സ്വഭാവ രൂപവത്ക്കരണം നടക്കുക. രണ്ടിടത്തും സ്നേഹവും പരിഗണനയും സുരക്ഷിതത്വബോധവും ലഭിക്കണം. മനഃശാസ്ത്രജ്ഞനായ യൂങ് പറയുന്നു; ""സൗഹാർദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്‍റെയും ഒരു സസ്യത്തിന്‍റെയും വളർച്ചയ്ക്ക് അനുപേക്ഷണീയമായി വേണ്ടത്''.
വനിതാ- ശിശു വകുപ്പ് മുമ്പ് വീടുകളിലെ സാഹചര്യങ്ങൾ കണ്ടെത്താനുള്ള "വൾനറബിലിറ്റി മാപ്പിങ്' നടത്തിയിരുന്നു. സംസ്ഥാനത്ത് അരക്ഷിത സാഹചര്യത്തിൽ 5.5 ലക്ഷം കുട്ടികളുണ്ടെന്ന് കണ്ടെത്തി. ഇത്തരം കുട്ടികളെ കണ്ടെത്തി അവർക്ക് സംരക്ഷണവും കൗൺസലിങ്ങും നൽകാൻ വീണ്ടും തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങളിൽ കുട്ടികൾ അരക്ഷിതരായി മാറുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങളിലേക്കു നയിക്കുന്നത്. വേർപിരിഞ്ഞു താമസിക്കുന്ന കുടുംബങ്ങൾ, സ്ഥിരമായ കലഹങ്ങൾ, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികൾ, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ, ധാർമിക അധഃപതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ കുട്ടികളെ അരക്ഷിതരാക്കുന്നു. ഈ കാലഘട്ടത്തിലെ പല കുട്ടികളും ക്രൂരത കാട്ടുന്നുവരാണ്. കാരണം തിരക്കിയാൽ അവരിൽ പലരും ബാല്യത്തിലേറ്റ മുറിവുമായി മുന്നോട്ടു നീങ്ങിയവരാണെന്ന് കാണാം.
ചിന്തകനായ ആന്‍റേഴ്‌സൺ പറയുന്നു; ""80 ശതമാനം കുറ്റവാളികളും സ്നേഹമില്ലാത്ത കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. സ്നേഹരാഹിത്യം ക്രൂരതകളുടെ മാനങ്ങളിലേക്കാണ് ഒരുവനെ നയിക്കുന്നത്''.
മനഃശാസ്ത്രജ്ഞ ലോനോൾട്ടോ പറയുന്നു; ""കുടുംബ സാഹചര്യവും കുട്ടികളെ താന്തോന്നികളും ചട്ടമ്പികളുമാക്കും. പകയുമായി വളർന്ന കുട്ടി ആക്രമണ സ്വഭാവം കാണിക്കും''.
കുട്ടിയുടെ ശാരീരിക വളർച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവ വേണം. മാനസിക വളർച്ചയ്ക്കു പരിലാളന, സുരക്ഷിതത്വം, അംഗീകാരം, വ്യക്തി മഹത്വം, പ്രോത്സാഹനം എന്നിവയും ആവശ്യമാണ്. ആത്മീയ വളർച്ചയ്ക്കും ധാർമിക ജീവിതത്തിനും അനുകൂലമായ സാഹചര്യങ്ങളും കുടുംബത്തിലുണ്ടാകണം. എങ്കിലേ നല്ല തലമുറ രൂപീകൃതമാകൂ. ചെറുപ്പത്തിൽ പ്രോത്സാഹനങ്ങളും സ്നേഹലാളനകളും അംഗീകാരവും പരിഗണനയും ലഭിച്ച കുട്ടികളാണു വിജയികളാകുന്നത്. നമ്മൾ സൃഷ്ടിക്കേണ്ടത് വിജയികളായി മാറുന്നവരെയാണ്. അതിനാൽ, ജീവിത ശൈഥില്യങ്ങളുടെയും ദുർമാർഗങ്ങളുടെയും ഇരകളായി കുട്ടികൾ മാറാതിരിക്കാൻ ജാഗ്രത പുലർത്താം. കുടുംബങ്ങളുടെയും വിദ്യാലയത്തിന്‍റെയും സമൂഹത്തിന്‍റെയും ജാഗ്രതയുടെ കരവലയത്തിൽ സുരക്ഷിതരായി നമ്മുടെ ശിശുക്കൾ സന്തോഷത്തോടെ, സ്നേഹം അനുഭവിച്ച് സംതൃപ്തരായി വളരട്ടെ. രാഷ്‌ട്രഭാവി ശോഭനമാകട്ടെ.
(ട്രെയ്‌നറും മെന്‍ററുമായ ലേഖകൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. 8075789768)