ബേട്ടി പഠാവോ, സമാജ് ബച്ചാവോ

 
Special Story

ബേട്ടി പഠാവോ, സമാജ് ബച്ചാവോ

നല്ല ഉദ്ദേശ്യങ്ങൾക്ക് ഉത്തരവാദിത്വം, നേതൃത്വം, നയം എന്നിവയുടെ പിന്തുണയുണ്ടാകണം.

Megha Ramesh Chandran

ഡോ. ഷമിക രവി

'ബേട്ടി പഠാവോ തോ ക്യാ കരേഗി?' (പെൺകുട്ടികൾ പഠിച്ചിട്ട് എന്തു ചെയ്യാനാണ്?) എന്ന വാചകം ‌വീടുകളിലും ഗ്രാമങ്ങളിലും ഒരിക്കൽ മുഴങ്ങിക്കേട്ടിരുന്ന രാജ്യമായിരുന്ന ഇന്ത്യയിൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ കരുത്തുറ്റ പരിവർത്തനമാണ് കഴിഞ്ഞ ദശകത്തിലുണ്ടായത്. ഗുജറാത്തിലെ ദ്വാരകയിൽ നടന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളോട് അഞ്ചാം ക്ലാസിനപ്പുറം എത്ര പേർ പഠിച്ചിട്ടുണ്ടെന്നു ചോദിച്ചു.

അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പ്രായമായ സ്ത്രീകളിൽ ഭൂരിഭാഗവും കൈകൾ ഉയർത്തി. അതേസമയം, കൈകളുയർത്തിയ ചെറുപ്പക്കാരായ സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. കാരണം തിരക്കിയപ്പോൾ, പെൺമക്കളെ പഠിപ്പിക്കാത്തതിനു പിതാക്കന്മാർക്കു ശിക്ഷ നൽകിയിരുന്ന ഗെയ്ക്‌വാഡ് കാലഘട്ടത്തെക്കുറിച്ച് അവർ പറഞ്ഞു. അക്കാലത്ത്, നിയമനടപടികൾ ഫലപ്രദമായിരുന്നു. ഇന്ന്, പല അമ്മായിയമ്മമാർക്കും സാക്ഷരതയുണ്ട്; എന്നാൽ, അവരുടെ മരുമക്കൾക്ക് അതു ലഭിച്ചിട്ടില്ല.

ഈ സംഭവം ഒരു വലിയ സത്യത്തെ അടിവരയിടുന്നു: നല്ല ഉദ്ദേശ്യങ്ങൾക്ക് ഉത്തരവാദിത്വം, നേതൃത്വം, നയം എന്നിവയുടെ പിന്തുണയുണ്ടാകണം. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിനു സാക്ഷ്യം വഹിക്കുകയാണ്. നിയമങ്ങൾ മാത്രമല്ല, മാനസികാവസ്ഥകളും മാറ്റാനുള്ള മുന്നേറ്റമാണിത്. ഈ പരിവർത്തനം ക്ലാസ് മുറികളിൽ കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തുക എന്നതു മാത്രമല്ല. ഏറ്റവും ഫലപ്രദമായ മാറ്റത്തിനുള്ള ഉപകരണമായ വിദ്യാഭ്യാസം ഉപയോഗിച്ച് പെൺമക്കളെ ശാക്തീകരിക്കുന്നതിലൂടെ, സമൂഹത്തിന്‍റെയും ആരോഗ്യത്തിന്‍റെയും സമ്പദ്‌വ്യവസ്ഥയുടെയും ജനസംഖ്യാ ശാസ്ത്രത്തിന്‍റെയും അടിത്തറ മാറ്റുന്നതിനെക്കുറിച്ചു കൂടിയാണ്.

ഗുജറാത്ത് മാതൃക

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പെൺ ഭ്രൂണഹത്യ, പെൺകുട്ടികളുടെ നിരക്ഷരത തുടങ്ങിയ പ്രശ്നങ്ങൾ നേരിടാൻ ബഹുമുഖ സമീപനം ആവശ്യമാണെന്നു നരേന്ദ്ര മോദി തിരിച്ചറിഞ്ഞു. അതിന് നിയമങ്ങൾ മാത്രം മതിയാകുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും പിന്തുണയോടെ പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ അടിസ്ഥാനപരമായ മാറ്റമാണു വേണ്ടിയിരുന്നത്. 2003ൽ ആരംഭിച്ച കന്യ കേളവാണി യജ്ഞം ഈ മാറ്റത്തിനുള്ള പ്രധാന മാർഗമായി. ആ സംരംഭം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവബോധം വളർത്തി‌. കൗമാരപ്രായത്തിൽ പെൺകുട്ടികൾ സ്കൂളുകളിൽ നിന്നു കൊഴിഞ്ഞുപോകാനുള്ള പ്രധാന കാരണമായിരുന്ന, സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഇല്ലാത്തതു പോലുള്ള തടസങ്ങളെ അഭിസംബോധന ചെയ്തു.

അതിന്‍റെ ഫലങ്ങൾ ശ്രദ്ധേയമായിരുന്നു. ദേശീയ ശരാശരിയേക്കാൾ കുറവായിരുന്ന ഗുജറാത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക് ക്രമാനുഗതമായി വർധിച്ച് 70% ആയി. ഇതു ദേശീയ ശരാശരിയായ 64%ത്തേക്കാൾ കൂടുതലാണ്. അതിശയകരമെന്നു പറയട്ടെ, ലക്ഷ്യമിട്ട ജില്ലകളിലെ വിദ്യാർഥിനികളുടെ സ്കൂൾ കൊഴിഞ്ഞുപോക്കു നിരക്കിൽ 90%ത്തിന്‍റെ വലിയ കുറവുണ്ടായി.

പൊതുജനങ്ങളുടെ വ്യാപക പിന്തുണയിലൂടെ മോദി ഈ നയപരമായ സംരംഭത്തെ പരിവർത്തനം ചെയ്തു. പൊതു പരിപാടികളിൽ ലഭിച്ച സമ്മാനങ്ങൾ അദ്ദേഹം ലേലം ചെയ്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ₹19 കോടി സമാഹരിച്ചു. വ്യക്തിപരമായ സംഭാവനയായി അദ്ദേഹം ₹ 21 ലക്ഷം നൽകുകയും ചെയ്തു. ഈ ശ്രമങ്ങൾ ശക്തമായ ഒരു സന്ദേശം നൽകി: പെൺകുട്ടികളുടെ വിദ്യാഭ്യാസം കേവലം ഗവണ്മെന്‍റ് പദ്ധതിയായിരുന്നില്ല; അതൊരു പൊതു മുന്നേറ്റമായിരുന്നു.

രാജ്യവ്യാപക വിജയം കണ്ട

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ

ഗുജറാത്തിലെ വിജയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'' (ബിബിബിപി) പദ്ധതി 2015ൽ രാജ്യവ്യാപകമായി ആരംഭിച്ചു. അതിന് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു: പെൺ ഭ്രൂണഹത്യ തടയുക, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.

പ്രാരംഭഘട്ടത്തിൽ, ലിംഗഭേദം നിർണായകമായ 100 ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഈ പദ്ധതി പിന്നീടു രാജ്യവ്യാപകമാക്കി. മാറ്റത്തിനായുള്ള ഏകോപിത നീക്കത്തിൽ, വനിതാ- ശിശു വികസനം, ആരോഗ്യ- കുടുംബ ക്ഷേമം, മാനവ വിഭവശേഷി വികസനം എന്നീ മന്ത്രാലയങ്ങളെ ഇത് ഒരുമിപ്പിച്ചു. ഫലങ്ങളുടെ മറ്റു കണക്കുകൾക്കൊപ്പം, പെൺകുട്ടികളുടെ അതിജീവന നിരക്കിലാണ് ഇതിന്‍റെ സ്വാധീനം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്.

2015 –16ലെ ഇന്ത്യയിലെ ജനന സമയത്തെ ലിംഗാനുപാതം (Sex Ratio at Birth - SRB) 1,000 ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്നതിൽ നിന്ന്, 2019–21ൽ 929 ആയി മെച്ചപ്പെട്ടു. പ്രോത്സാഹനജനകമായി, 30 സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ 20 എണ്ണവും ദേശീയ ശരാശരിയായ 930 എന്ന ലിംഗാനുപാതത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു (സ്രോതസ്: HMIS, MoHFW). 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'വിജയകരമായി നടപ്പാക്കി 10 വർഷം പൂർത്തിയാക്കുമ്പോൾ ഈ കണക്കുകൾ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

അലയൊലികൾ

കണക്കുകൾക്കപ്പുറം

ജനന സമയത്ത് ലിംഗാനുപാതത്തിലെ പുരോഗതി പ്രോത്സാഹനജനകമാണെങ്കിലും, അവ വളരെ വലിയൊരു ചിത്രത്തിന്‍റെ ഭാഗം മാത്രമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ യഥാർഥ ശക്തി അതു സമൂഹത്തിലുടനീളം സൃഷ്ടിക്കുന്ന അലയൊലികളിലാണ്. വിദ്യാസമ്പന്നരായ സ്ത്രീകൾ സാധാരണ വൈകിയാണു വിവാഹം കഴിക്കുന്നത്. ഇവർക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും. ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്ക് (ടിഎഫ്ആർ) 2.0 ആയി കുറഞ്ഞു. വർധിച്ചുവരുന്ന സ്ത്രീ വിദ്യാഭ്യാസവും തൊഴിൽശക്തി പങ്കാളിത്തവുമായി ഈ മാറ്റം വളരെയടുത്തു ബന്ധപ്പെട്ടിരിക്കുന്നു.

സെക്കൻഡറി വിദ്യാഭ്യാസമുള്ള സ്ത്രീകളിൽ ആശുപത്രിയിൽ പ്രസവിക്കുക, പ്രസവത്തിനു മുമ്പു പരിചരണം തേടുക എന്നീ സാധ്യതകൾ കൂടുതലാണ്. പെൺകുട്ടികളുടെ ശിശുമരണ നിരക്ക് (ഐഎംആർ) 2014ൽ 1,000 ജനനങ്ങൾക്ക് 49 ആയിരുന്നത് 2020ഓടെ 33 ആയി കുറഞ്ഞു. മൊത്തത്തിലുള്ള സ്ത്രീ തൊഴിൽ പങ്കാളിത്തം വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും, സാക്ഷരതയിലും വൈദഗ്ധ്യത്തിലും അഭിവൃദ്ധി പ്രാപിക്കുന്ന മേഖലകളായ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്റ്റെം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഇതു വർധിക്കുകയാണ്. സായുധ സേനയിലെ ഓഫിസർമാർ മുതൽ ടെക് സ്റ്റാർട്ടപ്പുകളുടെ സിഇഒമാർ വരെ, ഇന്നത്തെ വിദ്യാസമ്പന്നരായ ഇന്ത്യൻ സ്ത്രീകൾ അവരുടെ അമ്മമാർക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതിബന്ധങ്ങൾ മറികടക്കുകയാണ്.

ശാക്തീകരിക്കപ്പെട്ട

സമൂഹങ്ങൾ

വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ വിദ്യാസമ്പന്നരായ അമ്മമാരായി വളരുന്നു. അത് എല്ലാ കാര്യങ്ങളെയും മാറ്റിമറിക്കുന്നു. വിദ്യാസമ്പന്നരായ അമ്മമാരുടെ കുട്ടികൾ സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മികച്ച ആരോഗ്യഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നുവെന്നാണു പഠനങ്ങൾ. തലമുറകളെ സ്പർശിക്കുന്ന ശാക്തീകരണത്തിന്‍റെ സവിശേഷ ചക്രമാണിത്.

മധ്യപ്രദേശിൽ, സമീപകാല സർവെകൾ കാണിക്കുന്നത് 89.5% പേർക്കും "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' സംരംഭത്തെക്കുറിച്ച് അറിയാമെന്നാണ്. 63.2% പേരെ ഇത് അവരുടെ പെൺമക്കളെ സ്കൂളിലേക്ക് അയയ്ക്കാൻ നേരിട്ട് പ്രോത്സാഹിപ്പിച്ചു. ശൈശവ വിവാഹം വൈകിപ്പിക്കാനും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും സമൂഹങ്ങളിൽ വർധിച്ച പിന്തുണയുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകൾ വെറും സംഖ്യകളല്ല. ഒരുകാലത്ത് പെൺകുട്ടികളെ സ്കൂളുകളിൽ നിന്നു പൂർണമായും മാറ്റിനിർത്തിയിരുന്ന പ്രദേശങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയെയാണ് അവ പ്രതിഫലിപ്പിക്കുന്നത്.

മാറ്റം സൃഷ്ടിക്കാൻ

ഒരുങ്ങുന്ന തലമുറ

പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതും ഇതുവരെ നേടിയ മുന്നേറ്റങ്ങളും നമ്മുടെ സാമൂഹിക പരിണാമത്തിലും രാജ്യത്തുടനീളമുള്ള സാംസ്കാരിക കാഴ്ചപ്പാടുകളിലുണ്ടായ മാറ്റത്തിലും വഴിത്തിരിവാണ്. യുവതികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ചിന്തനീയവും ഫലപ്രദവുമായ നയങ്ങൾ വഴി സുഗമമാക്കിയ ആഴത്തിലുള്ള മാറ്റമാണിത്. വ്യക്തിഗത ജീവിതത്തെ മാത്രമല്ല, സമൂഹങ്ങളെയാകെ മെച്ചപ്പെടുത്തുന്ന അനുകൂലമായ ഈ പ്രതികരണചക്രം കാരണം ഈ സംരംഭങ്ങളുടെ ദീർഘകാല സ്വാധീനം കൂടുതൽ വ്യക്തമാകും.

ഇന്നത്തെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ വെറും വിദ്യാർഥികളല്ല; അവർ നാളത്തെ നേതാക്കളും വക്താക്കളും മാറ്റത്തിന് വഴിയൊരുക്കുന്നവരുമാണ്. വിദ്യാസമ്പന്നരായ പെൺകുട്ടികൾ തൊഴിൽ മേഖലയുടെ ഭാഗമാകാനും, കുടുംബങ്ങളുടെ വരുമാനത്തിൽ സംഭാവന നൽകാനും, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാനും കൂടുതൽ സാധ്യതയുണ്ട്.

ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാറ്റങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുമെന്നും, ഓരോ പെൺകുട്ടിക്കും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും അവകാശമുള്ള കൂടുതൽ തിളക്കമാർന്നതും നീതിയുക്തവുമായ സമൂഹത്തിലേക്ക് നയിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം. ഒരു കാര്യം വ്യക്തമായി പറയാനാകും: ഒരു പെൺകുട്ടിയെ പഠിപ്പിക്കുമ്പോൾ, നാം രക്ഷിക്കുന്നത് ഒരു സമൂഹത്തെയാണ്.

(പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും ഇന്ത്യാ ഗവൺമെന്‍റ് സെക്രട്ടറിയുമാണ് ലേഖിക. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വ്യക്തിപരം).

ശബരിമലയിലെ സ്വർണപ്പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും

ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനം ലക്ഷ്യം: മുഖ്യമന്ത്രി

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

ഡിഗ്രി, പിജി പരീക്ഷകളും ഓൺലൈനിലേക്ക്

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും