പ്രിയദര്‍ശിനി പദ്ധതി പ്രതിസന്ധിയിലേക്കോ ?

 
Special Story

പ്രിയദര്‍ശിനി പദ്ധതി പ്രതിസന്ധിയിലേക്കോ ?

പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം: സി.പി.ജോണ്‍

MV Desk

അഡ്വ. സി. എല്‍. എബനേസര്‍

'രാജാവിന് തെറ്റ് പറ്റില്ല' (King can do no wrong) എന്ന ബ്രിട്ടീഷ് ഭരണതത്വത്തിന് സമാനമായൊരു സാഹചര്യമാണ് ഇന്ന് കേരളത്തില്‍ സംഭവിക്കുന്നത്. രാജാവിന് തെറ്റ് പറ്റില്ല; പക്ഷേ ഇവിടെ തെറ്റ് പറ്റിയാല്‍ അത് തിരുത്താനായി ഒരു കമ്മിഷനെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്. യാതൊരു അടിസ്ഥാന പഠനമോ സാമ്പത്തിക വിശകലനമോ ഇല്ലാതെ നടപ്പിലാക്കിയ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി, സംസ്ഥാന സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. ആ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ആദ്യ നീക്കമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചിരിക്കുന്നത്.

മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണറും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. പത്മകുമാർ അധ്യക്ഷനായ സമിതിയുടെ വൈസ് ചെയർപേഴ്‌സൺ, മുൻ നാറ്റ്‌പാക് ഉദ്യോഗസ്ഥയായ ബി. ജി. ശ്രീദേവിയാണ്. ജോയിന്‍റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ മനോജ് കുമാർ കൺവീനറായും, അഡീഷണൽ സെക്രട്ടറി വിജയശ്രീ കെ. എസ്, ട്രാൻസ്‌പോർട്ട് ഇക്കോണമിസ്റ്റ് സഞ്ജയ് ആർ. ജെ. എന്നിവർ അംഗങ്ങളായും സമിതിയിൽ പ്രവർത്തിക്കും. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന് കൈ പൊള്ളുന്നു

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി സ്വകാര്യ ബസ് മേഖലയേക്കാള്‍ കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കുമാണ്. പദ്ധതി രൂപീകരിക്കുമ്പോള്‍ പ്രതിദിനം ഏകദേശം രണ്ട് കോടി രൂപയുടെ ബാധ്യത മാത്രമാണ് കണക്കാക്കിയിരുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ അത് 2.75 കോടി രൂപയിലധികമായി ഉയര്‍ന്നിട്ടുണ്ടെന്നും ഉടന്‍ തന്നെ മൂന്ന് കോടി രൂപയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.ഈ പദ്ധതിക്കായി ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നിലവിലെ ചെലവു തുടര്‍ന്നാല്‍ ആ തുക ഒരു വര്‍ഷം പോലും തികയാതെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോകാന്‍ സാധ്യതയുണ്ട്.

എന്തുകൊണ്ട് ഇപ്പോള്‍ അഞ്ചംഗ വിദഗ്ധ സമിതി?

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമിതിയുടെ പ്രഖ്യാപിത ലക്ഷ്യം പൊതുഗതാഗതത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ്. എന്നാല്‍ പ്രായോഗികമായി നോക്കുമ്പോള്‍ ഈ സമിതിക്ക് രണ്ട് പ്രധാന ദൗത്യങ്ങളാണുള്ളത്. സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശമിപ്പിക്കുക. പ്രിയദര്‍ശിനി പദ്ധതിമൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക.

റൂട്ട് പുനഃക്രമീകരണം: യഥാര്‍ഥ ലക്ഷ്യം എന്താണ് ?

ഇപ്പോള്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളും സ്വകാര്യ ബസുകളും ഒരേ റൂട്ടുകളില്‍ സമാന്തരമായി സര്‍വീസ് നടത്തുന്ന സാഹചര്യമാണുള്ളത്. ഈ റൂട്ടുകള്‍ ശാസ്ത്രീയമായി മാപ്പ് ചെയ്ത് പുനഃക്രമീകരിക്കാനാണ് സമിതി ശുപാര്‍ശ ചെയ്യാന്‍ സാധ്യത. ഇത് പുറമേയ്ക്ക് സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ നടപടിയായി അവതരിപ്പിക്കപ്പെടുമെങ്കിലും, അതിന്‍റെ പ്രധാന ലക്ഷ്യം കെഎസ്ആര്‍ടിസിയുടെ ദിനംപ്രതി വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതായിരിക്കും.

45 ദിവസത്തെ കൗണ്ട്ഡൗണ്‍-സര്‍ക്കാര്‍ ഈ പദ്ധതി നിലവിലെ രൂപത്തില്‍ അധികനാള്‍ തുടരാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നാണ് സൂചന. പദ്ധതി പൂര്‍ണമായി പിന്‍വലിക്കുന്നത് രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകാം. അതിനാല്‍ പദ്ധതി അവസാനിപ്പിക്കുന്നതിനുപകരം 'പദ്ധതി പരിഷ്‌കരണം' എന്ന മാര്‍ഗം സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

ഡല്‍ഹി/ബംഗാള്‍ മാതൃകയിലേക്ക് കേരളം?

നിലവില്‍ യാതൊരു തിരിച്ചറിയല്‍ പരിശോധനയും കൂടാതെ എല്ലാവര്‍ക്കും സീറോ-വാല്യൂ ടിക്കറ്റ് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ പറയുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കുക. അര്‍ഹരായ ഗുണഭോക്താക്കളെ മാത്രം ഉള്‍പ്പെടുത്തുക.

റേഷന്‍ കാര്‍ഡ്, വരുമാന മാനദണ്ഡങ്ങള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുക. ക്യു.ആര്‍ കോഡ് അല്ലെങ്കില്‍ ടാപ്പ്-ഇന്‍/ടാപ്പ്-ഔട്ട് സംവിധാനം നടപ്പാക്കുക. ഒരു ദിവസം അല്ലെങ്കില്‍ ഒരു മാസത്തില്‍ അനുവദിക്കാവുന്ന സൗജന്യ യാത്രകളുടെ എണ്ണം നിശ്ചയിക്കുക. ഡിജിറ്റല്‍ ഡാറ്റയുടെ അടിസ്ഥാനത്തില്‍ പദ്ധതി നിരീക്ഷിക്കുകയും ദുരുപയോഗം കുറയ്ക്കുകയും ചെയ്യുക. ഇത്തരം മാതൃകകള്‍ സാമ്പത്തിക ബാധ്യത നിയന്ത്രിക്കുന്നതിനും യഥാര്‍ഥ ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നതിനും സഹായകമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്താന്‍ സാധ്യതയുണ്ട്.

സ്വകാര്യ ബസ് ഉടമകള്‍ എന്ത് ചെയ്യണം?

ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. സമരപരിപാടികള്‍ തുടരുന്നതോടൊപ്പം കനത്ത നഷ്ടം നേരിടുന്നവര്‍ക്ക് ജി-ഫോം നല്‍കി താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി നികുതി ബാധ്യത കുറയ്ക്കുന്ന നിയമപരമായ മാര്‍ഗങ്ങളും ഉപയോഗിക്കാം. അതോടൊപ്പം റൂട്ട് പുനഃക്രമീകരണം, നികുതി ഇളവുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ സമിതിയുടെ മുമ്പാകെ ശക്തമായി അവതരിപ്പിക്കേണ്ടതാണ്. ഇപ്പോള്‍ പന്ത് പൂര്‍ണമായും സര്‍ക്കാരിന്‍റെ കോര്‍ട്ടിലാണ്.

കേരളത്തിലെ യാഥാര്‍ഥ്യം

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയാലും കേരളം പൂര്‍ണമായി നിശ്ചലമാകില്ല എന്നതാണ് ഗതാഗത കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ആകെ വാഹനങ്ങളില്‍ പൊതുഗതാഗത ബസുകളുടെ വിഹിതം വളരെ കുറവാണ്.

കേരളത്തിലെ റോഡ് ഗതാഗതത്തിന്‍റെ പ്രധാന ചാലകശക്തി ഇരുചക്രവാഹനങ്ങളാണ്. ഏകദേശം 1.2 കോടി ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാനത്തെ മൊത്തം വാഹന ഗതാഗതത്തില്‍ ഏകദേശം 65 ശതമാനവും ഇവയാണ്.

എന്നിരുന്നാലും സ്വകാര്യ ബസുകള്‍ ഇല്ലാതാകുന്നതിന്റെന്‍റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുക പ്രതിദിനം കുറഞ്ഞ വരുമാനമുള്ള, പൊതുഗതാഗതത്തെ പൂര്‍ണമായും ആശ്രയിക്കുന്ന സാധാരണ ജനങ്ങളായിരിക്കും. അതിനാല്‍ സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി വെറും വ്യവസായ പ്രശ്‌നമല്ല. അത് സാമൂഹിക നീതിയുടെയും പൊതുഗതാഗതത്തിന്‍റെയും വിഷയമാണ്.

പ്രിയദര്‍ശിനി പദ്ധതി ഇന്ന് സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധിയേക്കാള്‍ കൂടുതല്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക വെല്ലുവിളിയായി മാറിയിരിക്കുകയാണ്. റൂട്ട് പുനഃക്രമീകരണം, ഡിജിറ്റല്‍ ഗുണഭോക്തൃ തിരിച്ചറിയല്‍, അര്‍ഹത അടിസ്ഥാനമാക്കിയുള്ള സൗജന്യ യാത്രാ സംവിധാനം എന്നിവയിലൂടെ പദ്ധതിയെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം രൂപപ്പെടാം. അടുത്ത ഏതാനും ആഴ്ചകള്‍ കേരളത്തിലെ പൊതുഗതാഗത നയത്തിന് നിര്‍ണായക ദിനങ്ങളായിരിക്കും.

പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം: സി.പി.ജോണ്‍

പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം: സി.പി.ജോണ്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 'പ്രിയദര്‍ശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നു ഗതാഗതമന്ത്രി സി. പി. ജോണ്‍. ജൂണ്‍ 15നാണ് പദ്ധതി ആരംഭിച്ചത്. അതിനുശേഷം പ്രതിദിനം ഏകദേശം 11 മുതല്‍ 12 ലക്ഷം വരെ സ്ത്രീകളാണ് സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്നതെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും സി.പി.ജോണ്‍ പറഞ്ഞു.

പദ്ധതി നടപ്പിലാക്കിയതോടെ വനിതാ യാത്രക്കാരുടെ എണ്ണം ഏകദേശം 40 ശതമാനം വര്‍ധിച്ചതായും, ഒരു മാസത്തിനുള്ളില്‍ ഏകദേശം 3 കോടി വനിതാ യാത്രകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനം ഏകദേശം 3.5 കോടി രൂപ സര്‍ക്കാര്‍ ഈ പദ്ധതിക്കായി ചെലവഴിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതനുസരിച്ച്, ഒരു മാസത്തില്‍ ഏകദേശം 96 കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്

നാട്ടുകാർ പിരിവിട്ട് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ തട്ടുകടയിൽ രാസലഹരി വിറ്റതിന് അറസ്റ്റിൽ