ലാത്തിയല്ല പരിഹാരം
ജ്യോത്സ്യൻ|ഗ്രഹനില
ലാത്തിച്ചാർജോ കണ്ണീർവാതകമോ ആയിരുന്നില്ല സമാധാനപരമായ വിദ്യാർഥി പ്രതിഷേധങ്ങൾക്കുള്ള പരിഹാരം. കാരണം, രാജ്യത്തിന്‍റെ അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട സൈനികർക്കും പൊലീസുകാർക്കും പഠനവും തൊഴിലും സ്വപ്നം കാണുന്ന മക്കളുണ്ട്
"വിദ്യാധനം സർവധനാൽ പ്രധാനം' എന്നത് ഭാരതീയ സംസ്കാരത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടാണ്. കാലം കടന്നുപോകുമ്പോൾ ഭൗതിക സമ്പത്തുകൾ നഷ്ടപ്പെട്ടാലും വിജ്ഞാനം മനുഷ്യനൊപ്പം നിലനിൽക്കും. അതുകൊണ്ടുതന്നെയാണ് ഗുരുകുല വിദ്യാഭ്യാസം മുതൽ ആധുനിക സർവകലാശാലാ സംവിധാനങ്ങൾ വരെ വിജ്ഞാനത്തെ ഏറ്റവും വലിയ മൂല്യമായി കണക്കാക്കുന്നത്.
ലോകത്തിലെ ഏറ്റവും പുരാതനവും മഹത്തരവുമായ വിദ്യാഭ്യാസ പാരമ്പര്യങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്കുള്ളത്. തക്ഷശിലയും നാളന്ദയും പോലുള്ള വിജ്ഞാനകേന്ദ്രങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിച്ച ചരിത്രമാണ് നമുക്കുള്ളത്. സ്വന്തം മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ ജീവിതകാല സമ്പാദ്യവും കഷ്ടപ്പാടും സമർപ്പിക്കുന്ന ലക്ഷക്കണക്കിന് മാതാപിതാക്കളുടെ പ്രതീക്ഷകളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ അടിത്തറ.
ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്‍റെ തലസ്ഥാനമായ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും വിദ്യാർഥികളും ഭരണകൂടവും തമ്മിൽ നടന്ന സംഘർഷങ്ങളും പ്രതിഷേധങ്ങളും ഓരോ ഇന്ത്യക്കാരനെയും ഒരുപോലെ ആശങ്കപ്പെടുത്തിയത്. അഴിമതിക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരായ പ്രതിഷേധങ്ങൾ വെറുമൊരു രാഷ്ട്രീയ വിഷയമായി കാണാൻ കഴിയില്ലായിരുന്നു. രാജ്യത്തിന്‍റെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അതിന്‍റെ കേന്ദ്രബിന്ദു.
നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ മുതൽ വിവിധ സംസ്ഥാനങ്ങളിലെ സിബിഎസ്ഇ, പിഎസ്‌സി പരീക്ഷകളെ സംബന്ധിച്ചുള്ള ആരോപണങ്ങൾ വരെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവങ്ങൾ കടുത്ത നിരാശ പരത്തി. രാഷ്‌ട്രീയ ആരോപണങ്ങൾക്കപ്പുറം, ഒരു മത്സരപരീക്ഷയ്ക്ക് പിന്നിൽ ഒരു വിദ്യാർഥിയുടെ മാത്രം അധ്വാനമല്ല, ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും ത്യാഗങ്ങളുമുണ്ടെന്ന തിരിച്ചറിവാണ് അത്യന്താപേക്ഷിതം.
സിജെപി ഉൾപ്പെടെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിൽ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശമാണ്. ലാത്തിച്ചാർജോ കണ്ണീർവാതകമോ ആയിരുന്നില്ല അതിനുള്ള പരിഹാരം. കാരണം, രാജ്യത്തിന്‍റെ അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട സൈനികർക്കും പൊലീസുകാർക്കും പഠനവും തൊഴിലും സ്വപ്നം കാണുന്ന മക്കളുണ്ട്; സമരം ചെയ്ത വിദ്യാർഥികളുടെ വേദന ഈ കുടുബങ്ങളുടെ കൂടി വേദനയായിരുന്നു.
എന്നാൽ, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച്, പ്രക്ഷോഭങ്ങളും സമരങ്ങളും അവസാനിപ്പിച്ചത് വലിയൊരാശ്വാസമാണ് നൽകുന്നത്. ഭരണകൂടവും വിദ്യാർഥി പ്രതിനിധികളും സമവായത്തിലെത്തുകയും സമരം പിൻവലിക്കുകയും ചെയ്തത് സ്വാഗതാർഹമായ ചുവടുവയ്പ്പാണ്.
എന്നാൽ സമരം അവസാനിച്ചു എന്നത് കൊണ്ട് മാത്രം പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുന്നില്ല. പാർലമെന്‍റ് സമ്മേളനം നടക്കുന്ന ഈ വേളയിൽ, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ ക്രമക്കേടുകളിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ തീരുമാനങ്ങൾ ഉണ്ടാകണം.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യത്തിന്‍റെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ വിശ്വാസ്യത സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ദേശീയ താത്പര്യം. വിദ്യാർഥികളുടെ ആശങ്കകൾ പൂർണമായും പരിഹരിക്കാനും ആവശ്യമായ പരിഷ്കാരങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാർ മുന്നിട്ടിറങ്ങണം.
ലോകം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സാമൂഹിക സുസ്ഥിരതയും വിദ്യാഭ്യാസ സംവിധാനത്തോടുള്ള വിശ്വാസവും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. സമരം അവസാനിച്ച ഈ നല്ല അന്തരീക്ഷത്തിൽ തുറന്ന സംവാദങ്ങളിലൂടെയും സുതാര്യമായ നടപടികളിലൂടെയും ജനങ്ങളുടെയും യുവാക്കളുടെയും വിശ്വാസം പൂർണമായി വീണ്ടെടുക്കാൻ സർക്കാരിന് സാധിക്കണം. പരീക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നത് പഠിക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി ചെയർമാനായി മുൻ ഐഎസ് ആർഒ ചെയർമാൻ എസ്. സോമനാഥ്, ഇന്‍റലിജന്‍റ്സ് ബ്യൂറോ മുൻ ഡയറക്ടർ തപൻ ഡേക്ക, ഐഐടി മദ്രാസ് ഡയറക്റ്റർ വി. കാമകോടി, മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവർ അംഗങ്ങളായ ഉന്നതാധികാര സമിതിയെ നിയോഗിച്ചത് തികച്ചും സമയോചിതമായി എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.