ഇടവപ്പാതിയുടെ തുടക്കത്തിൽ പതിവുള്ള ശാന്തതയുടെ സ്ഥാനത്ത് ഇത്തവണ ഇടിയും മിന്നലും കാറ്റുമെല്ലാമടങ്ങിയ ക്രൗര്യഭാവമാണ് പ്രകൃതിക്ക്

 
xtestator
Special Story

താളം തെറ്റുന്ന മഴ, ചുട്ടുപൊള്ളുന്ന ഭൂമി

ഇടവപ്പാതിയുടെ തുടക്കത്തിൽ പതിവുള്ള ശാന്തതയുടെ സ്ഥാനത്ത് ഇത്തവണ ഇടിയും മിന്നലും കാറ്റുമെല്ലാമടങ്ങിയ ക്രൗര്യഭാവമാണ് പ്രകൃതിക്ക്. ഈ സ്വഭാവ മാറ്റത്തിനു കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് ഒറ്റ കാരണം

അജയൻ

മൺസൂൺ തുടങ്ങിയിട്ട് ആഴ്ചയൊന്നായി. ഇടവപ്പാതിയുടെ തുടക്കത്തിൽ പതിവുള്ള ശാന്തതയുടെ സ്ഥാനത്ത് ഇത്തവണ ഇടിയും മിന്നലും കാറ്റുമെല്ലാമടങ്ങിയ ക്രൗര്യഭാവമാണ് പ്രകൃതിക്ക്. ഈ സ്വഭാവ മാറ്റത്തിനു കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് ഒറ്റ കാരണം- ആഗോള താപനം! നിരന്തരം പെയ്യുന്ന മഴയ്ക്കു പോലും ഏറുന്ന ചൂടിനെ നിയന്ത്രിക്കാനാവുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

മേയ് 24ന് മൺസൂൺ ആരംഭിച്ച് ഒരാഴ്ച കൊണ്ട് കേരളത്തിൽ 395.5 മില്ലിമീറ്റർ മഴ പെയ്തുകഴിഞ്ഞു. ഇടവാപ്പാതിയുടെ ആദ്യവാരത്തിലെ ശരാശരി 69.6 മില്ലിമീറ്റർ മാത്രമായിരിക്കെയാണിത്. സാധാരണയിലും 468% അധികം മഴയാണ് ഇതിനകം പെയ്തുകഴിഞ്ഞത്. കണ്ണൂരിൽ സാധരയിലും 850 ശതമാനം അധികമാണ് ഒരാഴ്ചത്തെ മഴ.

വേനൽമഴയിലും തുലാവർഷത്തിലും ഇടിമിന്നലോടുകൂടിയ മഴ സാധാരണമാണ്. ഇടവപ്പാതിയിൽ അതു പതിവില്ല. എന്നാലിപ്പോൾ കേരളത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കിക്കൊണ്ട് ഇടവപ്പാതി തകർത്തു പെയ്യുമ്പോഴും തീവ്രമായ ഇടിമിന്നലിന്‍റെ സാന്നിധ്യമുണ്ട്. ഭൂമി എത്രത്തോളം ചൂടാകുന്നു എന്നതിന്‍റെ സൂചകമായാണ് കാലാവസ്ഥാ നിരീക്ഷകർ ഈ പ്രതിഭാസത്തെ കാണുന്നത്.

മേഘങ്ങളുടെ സ്വഭാവ സവിശേഷതകളിലും പ്രകടമായ മാറ്റമുണ്ട്. സാധാരണയായി, ക്യുമുലസ് മേഘങ്ങളാണ് ഇടവപ്പാതിയുടെ സമയത്ത് കണ്ടുവരുന്നത്; കുറഞ്ഞ ആഴവും കൂടിയ വ്യാപ്തിയുമാണ് ഇവയുടെ പ്രത്യേകത. അറബിക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റാണ് കേരളത്തിന്‍റെ ചക്രവാളത്തിലേക്ക് ക്യുമുലസ് മേഘങ്ങളെ കൊണ്ടുവരുക. അങ്ങനെയുള്ള സമയത്ത് അന്തരീക്ഷ ഈർപ്പം ഏകദേശം 70 ശതമാനമായിരിക്കും. ചൂടുള്ള വായു മുകളിലേക്കുയരുമ്പോൾ, നീരാവി വേഗത്തിൽ ഘനീഭവിക്കും. ഇത് പരിമിതമായ ആഴവും ഉയരവുമുള്ള ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാൻ കാരണമാകും. ഇത്തരം മേഘങ്ങൾ ഇടിമിന്നലുണ്ടാക്കില്ല.

ഇടിമിന്നൽ ഉണ്ടാകണമെങ്കിൽ, മേഘങ്ങൾക്ക് ഗണ്യമായ ഉയരമുണ്ടായിരിക്കണം. എങ്കിൽ മാത്രമേ അവയിൽ വൈദ്യുത ചാർജുകൾ സൃഷ്ടിക്കപ്പെടൂ. മുകൾ ഭാഗത്ത് പോസിറ്റിവ് ചാർജും അടിത്തട്ടിൽ നെഗറ്റിവ് ചാർജുമായിരിക്കും ഇത്തരം മേഘങ്ങൾക്ക് ഉണ്ടാകുക.

വേനൽക്കാലത്ത്, അറബിക്കടലിൽ നിന്നു നേരിട്ടുള്ള ഈർപ്പം തീരത്തേക്കു വരുന്നതിനെ കാറ്റുകളുടെ വേഗം തടസപ്പെടുത്തുന്നു. അതിനാൽ അന്തരീക്ഷത്തിൽ ഈർപ്പം കുറവായിരിക്കും. തൽഫലമായി, സാധാരണയിൽ കൂടുതൽ ഉയരത്തിലെത്തുമ്പോൾ മാത്രമായിരിക്കും മേഘങ്ങൾ ഘനീഭവിക്കുക. ഇത് ഉയർന്ന ക്യുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണത്തിനു കാരണമാകുന്നു. പലപ്പോഴും ഇവയുടെ അടിഭാഗം ഭൂമിയിൽ നിന്ന് രണ്ടു കിലോമീറ്റർ ഉയരത്തിലും മുകൾ ഭാഗം 12 കിലോമീറ്റർ വരെ ഉയരത്തിലുമായിരിക്കും. മിന്നലിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇത്തരം മേഘങ്ങളിലാണ്.

ആഗോള താപനിലയിലെ വർധന കാരണം സംവഹനം തീവ്രമാകുകയും, കൂടുതൽ അസ്ഥിരമായ കാലാവസ്ഥാ സംവിധാനങ്ങളുടെ രൂപീകരണത്തിനു കാരണമാവുകയും ചെയ്യുന്നു. താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധന പോലും അന്തരീക്ഷത്തിന്‍റെ ഈർപ്പ സംഭരണ ​​ശേഷി ഏകദേശം 7% വർധിപ്പിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ഫലമായി, ഇടവപ്പാതിയിൽ പതിവുള്ള ക്യുമുലസ് മേഘങ്ങൾക്കൊപ്പം, ഇടിമിന്നലുണ്ടാക്കുന്ന ക്യുമുലോനിംബസ് മേഘങ്ങളും രൂപംകൊള്ളുന്നു. ഇടിമിന്നലിനു മാത്രമല്ല, പതിവിലേറെ തീവ്രമായ മഴയ്ക്കും ഇതു കാരണമാകുന്നു.

ആഗോളതാപനം ഇപ്പോൾ നിഷേധിക്കാനാവാത്ത വസ്തുതയായി മാറിക്കഴിഞ്ഞു. ആകാശം കൂടുതൽ അസ്ഥിരമാകാനുള്ള സാധ്യതയാണ് തെളിഞ്ഞു നിൽക്കുന്നത്. ഒരു കാലത്ത് അളന്നു മുറിച്ചതു പോലെ കൃത്യമായി വന്നുപോയിരുന്ന മഴക്കാലത്തിന്‍റെ താളമാകെ തെറ്റിക്കഴിഞ്ഞു, ഇടിമിന്നൽ അകമ്പടിയാകുന്ന ഇടവപ്പാതി സാധാരണവുമായിരിക്കുന്നു.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ