ശബരിമലയിൽ മാറ്റങ്ങൾ വന്നേ പറ്റൂ
ജ്യോത്സ്യൻ
ലോകപ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശബരിമല. മലയാളികളേക്കാൾ കൂടുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എല്ലാ വർഷവും വനാന്തരത്തിലെ ഈ ക്ഷേത്ര സന്നിധിയിലെത്തുന്നത്. കഴിഞ്ഞ മാസം രാഷ്‌ട്രപതി ദ്രൗപദി മുർമു ഇവിടെ നടത്തിയ സന്ദർശനം വലിയ തോതിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അതിനിടെ, അടുത്ത കാലത്ത് ഉയർന്നു വന്ന സന്നിധാനത്തെ സ്വർണപ്പാളി തട്ടിപ്പ് ശബരിമലയെ കൂടുതൽ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. കള്ളന്മാർക്കും കൊള്ളക്കാർക്കും അഴിമതിക്കാർക്കുമൊക്കെ നടമാടാനുള്ള ഒരിടമായി ശബരിമല മാറിയിരിക്കുന്നു എന്നാണ് ആരോപണം.
മണ്ഡല- മകരവിളക്കു കാലത്തു മാത്രം ഇവിടെയെത്തുന്ന ഏകദേശം 53 ലക്ഷം ഭക്തന്മാർക്കു വേണ്ടി കേവലം 1,000 ശുചിമുറികൾ മാത്രമേയുള്ളൂ എന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമാണ്. മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തും, എല്ലാ മാസങ്ങളിലും നട തുറക്കുമ്പോഴും ഇവിടെയെത്തുന്ന അയ്യപ്പഭക്തർക്ക് ശുചിത്വമേറിയ അന്തരീക്ഷവും ശുചിമുറികളും വിരി വയ്ക്കാൻ വൃത്തിയുള്ള സ്ഥലങ്ങളും ലഭ്യമാക്കേണ്ടത് സർക്കാരിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും വലിയ ഉത്തരവാദിത്വമാണ്.
മുമ്പൊക്കെ പ്രതിദിനം ഒന്നേകാൽ ലക്ഷം പേർ വരെ ദർശനം നടത്തിയിരുന്നു. അതു നിയന്ത്രിക്കാൻ ബുദ്ധിമുട്ടായതോടെ, ദർശനത്തിന് ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തി ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി. ശബരിമലയെ സംബന്ധിച്ചിടത്തോളം ഓൺലൈനായി പ്രതിദിനം 70,000 പേരും തൽസമയം 20,000 പേരും ദർശനത്തിനായി ബുക്ക് ചെയ്യുന്നു എന്നത് ആൾക്കൂട്ടത്തിന്‍റെ വലിപ്പം സൂചിപ്പിക്കുന്നു. അയ്യപ്പഭക്തർ കോടിക്കണക്കിന് രൂപയും മറ്റു സ്വർണാഭരണങ്ങളും അടക്കമുള്ളവ നേർച്ചയായി അവിടെ സമർപ്പിക്കുന്നുണ്ട്. ശബരിമലയ്ക്ക് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നിരിക്കെ ഭക്തർക്ക് ആവശ്യമായ പ്രാഥമിക സൗകര്യമില്ലെന്നത് വളരെ ലജ്ജാകരമാണ്.
ഇതിനു പുറമേ പ്രസാദമായി വിതരണം ചെയ്യുന്ന അരവണ പായസവും അപ്പവും ഉണ്ടാക്കുന്നതിലും വലിയ അലംഭാവം കാണിച്ചിട്ടുണ്ട്. ഈ പ്രസാദങ്ങളിൽ ചേർക്കുന്ന ശർക്കര, നെയ്യ്, ഏലയ്ക്ക അടക്കമുള്ള പദാർഥങ്ങളുടെ ഗുണിലവാരത്തെപ്പറ്റി ഗുരുതരമായ ആരോപണങ്ങൾ മുൻകാലങ്ങളിൽ ഉയർന്നിരുന്നു. ശബരിമല ഭക്തർക്ക് നൽകേണ്ട ശുദ്ധമായ കുങ്കുമത്തിന് പകരം രാവസ്തുക്കളിലൂടെ നിറം കലർത്തിയ കൃത്രിമ കുങ്കുമം നൽകുന്ന കാര്യവും അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു.
തീർഥാടന കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്കു മാറ്റേണ്ടത് നമ്മുടെ പിൽഗ്രിം ടൂറിസത്തിന്‍റെ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. തിരുപ്പതി, പഴനി,കാമാഖ്യ, അയോധ്യ, പുരി, അമൃതസർ സുവർണ ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ആ സംസ്ഥാനങ്ങൾ നൽകുന്ന സൗകര്യങ്ങൾ കേരള സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിൽ കണ്ടു മനസിലാക്കേണ്ടതാണ്.
പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചാർജെടുത്ത കെ. ജയകുമാറിൽ വലിയ പ്രതീക്ഷയാണ് പൊതുസമൂഹത്തിനുള്ളത്. ചീഫ് സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കേന്ദ്ര സർക്കാരിലും പ്രവർത്തിച്ച് തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരു ഈശ്വര വിശ്വാസി കൂടിയാണ് അദ്ദേഹം. ശബരിമല സ്പെഷ്യൽ കമ്മിഷണർ, ഹൈക്കോടതി നിയോഗിച്ച ഹൈപവർ കമ്മറ്റി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നതിനാൽ അവിടത്തെ കാര്യങ്ങളെപ്പറ്റി പൂർണ ധാരണയും അദ്ദേഹത്തിനുണ്ടാകുമെന്നുറപ്പ്. അദ്ദേഹത്തിന്‍റെ കാലത്ത് ശബരിമലയിൽ മാത്രമല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.
ഈശ്വരാനുഗ്രഹം തേടിയെത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങളെ വഞ്ചിക്കുന്ന നടപടികളാണ് പല ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്ക്കുകളിലും ഇന്ന് നടക്കുന്നത്. വൻ തോതിൽ പണമെത്തുന്ന ഇത്തരം സ്ഥാപനങ്ങൾ സത്യസന്ധമായും സുതാര്യമായും നടത്താനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാരും ജനങ്ങളും നിയമപീഠങ്ങളും മുൻകൈയെടുക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.