സിപിഎമ്മും സമ്മേളനങ്ങളും | അതീതം
##എം.ബി.സന്തോഷ്
മൂന്നാം തവണയും എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ആവശ്യമായ ചർച്ചയും തീരുമാനങ്ങളും സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 'നവകേരളത്തിനായുള്ള പുതുവഴികൾ ' എന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന രേഖയാവും സമ്മേളനത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുക. അതെന്തായാലും, നിലവിലുള്ള സർക്കാരിന്‍റെ മികവും വീഴ്ചകളും പരിശോധിക്കാനും തിരുത്താനുമുള്ള ശ്രമം ഈ സമ്മേളനത്തിലുണ്ടാവുന്നു എന്നത് ചെറിയ കാര്യമല്ല.
ഇന്ത്യയിലെ ഇടതുകക്ഷികൾക്ക് മറ്റ് പാർട്ടികൾക്കില്ലാത്ത സവിശേഷതയുണ്ട്. നിശ്ചിതകാലയളവിൽ അവർ താഴേത്തട്ടുമുതൽ ഏറ്റവും ഉയർന്ന ഘടകങ്ങളുടെ വരെ സമ്മേളനം നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു എന്നതാണത്. ജനാധിപത്യത്തോടൊന്നും കമ്മ്യൂണിസ്റ്റുകാർക്ക് വലിയ പ്രതിപത്തിയില്ലെന്നൊക്കെ കുറ്റം പറയാമെങ്കിലും പാർട്ടിയിലെ ജനാധിപത്യം നിലനിർത്താൻ അവർക്ക് കഴിയുന്നുണ്ട്. സിപിഎമ്മും സിപിഐയും മാത്രമല്ല, യുഡിഎഫിലെ ആർഎസ്പിയും സിഎംപിയുംവരെ ഉൾപ്പാർട്ടി ജനാധിപത്യം പാലിക്കുന്നു.
ഹൈക്കമാൻഡ് നിർണയിക്കുന്ന ഭാരവാഹികളെയാണ് കോൺഗ്രസ് അംഗീകരിച്ചുപോരുന്നത്. ജവഹർലാൽ നെഹ്റു യുഗം കഴിയുന്നതുവരെ ഒരു പരിധിവരെ കോൺഗ്രസിലും ജനാധിപത്യം നിലനിന്നിരുന്നു. അതിനുശേഷം ആരാണോ നേതൃത്വം, അവരുടെ ശബ്ദമായി പാർട്ടിയായി മാറി. 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പിന്നീട് ആദ്യം ഇന്ദിരാഗാന്ധിയിലേക്കും അവരുടെ മക്കളിലേക്കും അതിനുശേഷം ഇപ്പോൾ, കൊച്ചുമക്കളിലേക്കും കേന്ദ്രീകരിച്ചു. ഇന്ത്യാ രാജ്യത്തിന്‍റെ അധികാരം കൈയാളിയിരുന്ന ആ കുടുംബത്തിൽനിന്ന് പ്രതാപൈശ്വര്യങ്ങൾ, കാലം കവർന്നെടുത്ത് ക്ഷയിച്ച തറവാടുപോലെ മാറ്റിയിട്ടും ഹൈക്കമാൻഡ് എന്ന പേരിൽ സോണിയ ഗാന്ധിയും മക്കളും തന്നെയാണ് ഇപ്പോഴും ഈ പാർട്ടിയുടെ സർവാധികാരികൾ. ചില കോർപ്പറേറ്റുകളിലെ ഉന്നതോദ്യോഗസ്ഥരെപ്പോലെ തോന്നുന്നവരെ തോളിലേറ്റി സാമന്തപ്പടയെ സൃഷ്ടിക്കുന്നതിനപ്പുറം പാർട്ടിയുടെ താഴേത്തട്ടുമുതലുള്ള ജനാധിപത്യ ഇടപെടലുകൾ ഇപ്പോഴത്തെ ചെറുപ്പക്കാരായ കോൺഗ്രസുകാർക്കൊന്നും ഓർമയിൽപോലുമില്ലെന്നതുതന്നെയാണ് ആ പാർട്ടിയുടെ ദുര്യോഗം.
ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. ബിജെപിയുടെ പ്രാഥമികാംഗത്വം പോലുമില്ലാത്തവർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷരാവുന്ന കീഴ്വഴക്കംപോലുമുണ്ട്. കോൺഗ്രസിൽ ഒരു കുടുംബമാണ് ഹൈക്കമാൻഡെങ്കിൽ ബിജെപിയിൽ അധികാരത്തിലിരിക്കുന്നവർ എന്ന മാറ്റമേയുള്ളൂ. ഇപ്പോൾ തന്നെ ജില്ലാ അധ്യക്ഷരെ നിയമിക്കാൻ കൂടിയാലോചനകൾ നടന്നു. അതിനുശേഷം ഏറ്റവും കൂടുതൽ വോട്ടുകിട്ടിയവരല്ല പല ജില്ലകളിലും പ്രസിഡന്‍റുമാരായത്. അതിന് മറ്റുപല മാനദണ്ഡവുമുണ്ടെന്നാണ് വിശദീകരണം. ഇതിനർഥം, ഇടതുപാർട്ടികളിൽ താഴേത്തട്ടുമുതൽ പൂർണ അർഥത്തിൽ ജനാധിപത്യം ഉണ്ടെന്നല്ല. അവിടെയും 'തിരുവായ്ക്കെതിർവായില്ലാത്ത' സ്ഥിതി ഉണ്ടാവുന്നുണ്ട്. സിപിഐയിൽ കഴിഞ്ഞ സമ്മേളന കാലയളവിൽ പലേടത്തും അതായിരുന്നു അവസ്ഥ. സിപിഎമ്മിലും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് പാർട്ടിയും സർക്കാരും കേന്ദ്രീകരിക്കുന്നു എന്ന ആക്ഷേപത്തിന് കാരണവും മറ്റൊന്നല്ല. മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലം ആതിഥ്യം വഹിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങുകയാണ്.പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയായത്.ഈ സമ്മേളനത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിലുൾപ്പെടെ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
ഇത്തവണ കൊല്ലത്ത് സമ്മേളനം ചേരുമ്പോൾ ഇന്ത്യയിലാകെ സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. തുടർഭരണം നേടിയ സംസ്ഥാനത്ത് വീണ്ടുമൊരു ഭരണത്തുടർച്ച സ്വപ്നംകാണുന്ന അവസ്ഥയിലുമാണ്. അതിന്, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 37,517 പേരുടെ വര്‍ധനയുമായി 5,64,895 അംഗങ്ങളാണ് പാര്‍ട്ടിയുടെ കരുത്ത്. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം 3247 കൂടി 38,426 എണ്ണമായി. ഇതില്‍ത്തന്നെ 2597 ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ത്രീകളാണ്. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 171 വര്‍ധിച്ച് 2444 ആയി. 210 ഏരിയ കമ്മിറ്റികളാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. ഈ സമ്മേളനകാലത്ത് 40 വനിതാ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ തലപ്പത്തേക്ക് വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ ഏരിയ സെക്രട്ടറിമാരുണ്ടായി എന്നത് മികവാണ്. അപ്പോഴും, ജില്ലാ സെക്രട്ടറിമാരായിവനിതകളാരുമില്ല എന്നത് പാർട്ടിയുടെ പരിമിതിയായി കാണാതിരിക്കാനുമാവില്ല.
കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് നടത്തിയ രഹസ്യ സര്‍വെയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്നാണ് കഴിഞ്ഞ ദിവസം സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ കൊല്ലത്തെത്തിയ പാർട്ടികേന്ദ്രക്കമ്മിറ്റി അംഗം കൂടിയായ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവകാശപ്പെട്ടത്. എൽഡിഎഫ് സർക്കാരിന് മൂന്നാം ഊഴത്തിനുള്ള സാഹചര്യം മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കുന്നു. ഇടത് സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പായി എന്നു പറയുന്നത് അബദ്ധമാണ്. ചെങ്കൊടി പ്രസ്ഥാനത്തിന് മൂന്നാമൂഴം കിട്ടാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടേയുള്ളു. മൂന്നാമൂഴം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനം, പോരാട്ടങ്ങള്‍, അതും ഈ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
മൂന്നാം തവണയും എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ആവശ്യമായ ചർച്ചയും തീരുമാനങ്ങളും സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 'നവകേരളത്തിനായുള്ള പുതുവഴികൾ ' എന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന രേഖയാവും സമ്മേളനത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുക. അതെന്തായാലും, നിലവിലുള്ള സർക്കാരിന്‍റെ മികവും വീഴ്ചകളും പരിശോധിക്കാനും തിരുത്താനുമുള്ള ശ്രമം ഈ സമ്മേളനത്തിലുണ്ടാവുന്നു എന്നത് ചെറിയ കാര്യമല്ല. താഴേത്തട്ടിലുള്ള സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളിലൂടെ രൂപപ്പെടുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെടുന്നു എന്നത് സ്വാഗതാർഹമാണ്. അത്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സമ്മേളനങ്ങൾപോലും മിക്ക കക്ഷികൾക്കും ഇല്ലാത്ത കാലയളവിൽ ഇടതുപാർട്ടികളെ, പ്രത്യേകിച്ചും സിപിഎമ്മിനെ അഭിനന്ദിക്കാതെ നിർവാഹമില്ല.