Dawood Ibrahim | ദാവൂദ് ഇബ്രാഹിം

 
File photo
Special Story

വീണ്ടും പിടിമുറുക്കുന്ന ഡി-കമ്പനി

ഒരു കാലത്ത് മുംബൈ നഗരം ദാവൂദ് ഇബ്രാഹിമിന്‍റെ നിഴലിനെ പോലും ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ പുതുതലമുറയെ ലക്ഷ്യം വച്ചുള്ള പുതിയ ബിസിനസ് മോഡലുമായി കളത്തിലിറങ്ങിയിരിക്കുകയാണ് അയാളുടെ ഡി-കമ്പനി

പ്രത്യേക ലേഖകൻ

ഒരു ക്രൈം ത്രില്ലറില്‍ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞുവന്നതു പോലെ തോന്നുന്ന ഒരു രഹസ്യമാണ് മധ്യപ്രദേശിലെ ഭോപ്പാലിന്‍റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുര ഗ്രാമം ഒളിപ്പിച്ചുവച്ചത്. അവിടെ പതിനൊന്നാം നമ്പര്‍ വീടിന്‍റെ പൂട്ടിയിട്ട ഗേറ്റിനു പിന്നില്‍ 2025 ഓഗസ്റ്റ് 16ന് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തിയത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്.

ദാവൂദ് ഇബ്രാഹിമിന്‍റെ ഏറ്റവും കുപ്രസിദ്ധരായ കൂട്ടാളികളില്‍ ഒരാളുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിനു രൂപയുടെ സിന്തറ്റിക് മയക്കുമരുന്ന് ഫാക്റ്ററിയായിരുന്നു ഡിആര്‍ഐ അവിടെ കണ്ടത്. പൊതുവേ ശാന്തമെന്നു തോന്നിപ്പിച്ച ജഗദീഷ്പുരയിലെ ഗ്രാമീണതയുടെ മുഖംമൂടി കീറിമുറിക്കുന്നതായിരുന്നു ഡിആര്‍ഐ റെയ്ഡ്.

ഫാക്റ്ററിക്കുള്ളില്‍ 92 കോടി രൂപ വിലമതിക്കുന്ന 61.20 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണും (എംഡി) ഇന്ത്യയിലുടനീളമുള്ള വിപണികളെ ഇട്ടുമൂടാന്‍ പോന്ന 541 കിലോഗ്രാം അസംസ്‌കൃത രാസവസ്തുക്കളുമാണു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഡി-കമ്പനിയുടെ സ്വാധീനം മധ്യപ്രദേശിലേക്ക് എങ്ങനെ വ്യാപിച്ചിരിക്കുന്നുവെന്നും അത് അന്താരാഷ്ട്ര മയക്കുമരുന്നുകളുടെ ഉത്പാദന കേന്ദ്രമാക്കി മധ്യപ്രദേശിനെ എങ്ങനെ മാറ്റുന്നുവെന്നും ഈ റെയ്ഡിലൂടെ വെളിപ്പെട്ടു.

എന്താണ് മെഫെഡ്രോണ്‍?

ഒരു സിന്തറ്റിക് ഡ്രഗ്ഗാണിത്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് സാധാരണയായി ഇവ ഉത്പാദിപ്പിക്കുന്നത്. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികള്‍ക്ക് ഒരു പ്രധാന വെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്ന മയക്കുമരുന്നും ഇതാണ്.

മാറുന്ന മുംബൈ

പതിറ്റാണ്ടുകള്‍ക്കു മുന്‍പു ദാവൂദ് ഇബ്രാഹിമിന്‍റെ നിഴലിനെ കണ്ടാല്‍ പോലും മുംബൈ പേടിച്ചു വിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിടിച്ചുപറി സംഘങ്ങളും, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും, ക്വട്ടേഷന്‍ കൊലപാതകങ്ങളുമൊക്കെ മുംബൈ നഗരത്തിന് പുതുമയുള്ള കാര്യമേ അല്ലായിരുന്നു. എന്നാല്‍ കാലക്രമേണ നഗരം വളരുകയും പൊലീസ് നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ ഡി-കമ്പനി നിശബ്ദമായി. മുംബൈ വിട്ട് ദുബായിലേക്കും കറാച്ചിയിലേക്കും താവളം മാറ്റി. ഇപ്പോള്‍ ഇതാ പുതിയ രൂപത്തില്‍ പുതിയ ബിസിനസ് മോഡലുമായി തിരിച്ചുവന്നിരിക്കുകയാണ് ഡി-കമ്പനി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്, ബട്ട്...

വീണ്ടും പിടിമുറുക്കുന്ന ഡി-കമ്പനി

മെഫെഡ്രോണിന്‍റെ ഉത്പാദനം, കള്ളക്കടത്ത് എന്നിവ ഏറ്റവും ലാഭകരമായ ബിസിനസാണ്. ഇതിനു വേണ്ടി ഒരു റാക്കറ്റ് തന്നെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ റാക്കറ്റിലേക്ക് ദാവൂദ് ഇബ്രാഹിം, സലിം ഡോല ഇസ്മായില്‍, ഉമൈദ്-ഉര്‍-റഹ് മാന്‍ എന്നിവര്‍ പാക്കിസ്ഥാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഫണ്ട് ഒഴുക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.

ആരാണീ സലിം ഡോല?

കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ വിശ്വസ്ത സഹായിയായിരുന്ന സലിം ഡോല, മുംബൈയിലെയും ഗുജറാത്തിലെയും പഴയ ഡി-കമ്പനി ബന്ധങ്ങള്‍ ഉപയോഗിച്ച് തുര്‍ക്കിയില്‍ നിന്നാണ് ഇന്ത്യയിലെ മയക്കുമരുന്ന റാക്കറ്റിനെ നിയന്ത്രിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കയിലെയും മെക്‌സിക്കോയിലെയും മയക്കുമരുന്ന് കാര്‍ട്ടലുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് സര്‍ക്യൂട്ടിലെ ഏറ്റവും കൂടുതല്‍ തിരയുന്ന പേരുകളിലൊന്നായി സലിം ഡോല വളര്‍ന്നു. 1988ല്‍ മുംബൈ വിമാനത്താവളത്തില്‍ 40 കിലോഗ്രാം മാന്‍ഡ്രാക്‌സുമായിട്ടാണ് ആദ്യം സലിം ഡോല പിടിക്കപ്പെട്ടത്. ദാവൂദ് ഇബ്രാഹിം സംഘവുമായി ഡോലയ്ക്ക് ബന്ധമുണ്ടെന്നും ഡി-കമ്പനിക്കു വേണ്ടി മുമ്പ് മയക്കുമരുന്ന് ബിസിനസ് കൈകാര്യം ചെയ്തിരുന്ന ഇക്ബാല്‍ മിര്‍ച്ചിയുടെ റോള്‍ ഇപ്പോള്‍ സലിം ഡോല ഏറ്റെടുത്തിട്ടുണ്ടെന്നുമാണു പൊലീസ് ബലമായി സംശയിക്കുന്നത്.

1980കളില്‍ ഡി-കമ്പനിയുടെ ആസ്ഥാനമായി അറിയപ്പെട്ടിരുന്ന ഡോംഗ്രിയിലാണ് ഡോല താമസിച്ചിരുന്നത്. പിന്നീട് യുഎഇയിലേക്കു താമസം മാറ്റി.

2018ല്‍ മുംബൈ വിമാനത്താവളത്തിനു സമീപം 1000 കോടി രൂപ വിലമതിക്കുന്ന ഫെന്റാനില്‍ എന്ന ഒപ്പിയോയിഡ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ ഡോലയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.

സമീപകാലത്ത് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് 5.5 കോടി രൂപയുടെ ഗുട്ട്ക കടത്തിയതിനും ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്‍റലിജന്‍സ് ഡോലയെ അറസ്റ്റ് ചെയ്തിരുന്നു.

കൂര്‍മ ബുദ്ധി

ഓരോ തവണ പിടിക്കപ്പെടുമ്പോഴെല്ലാം ഡോലയ്ക്ക് ജാമ്യം ലഭിക്കുമായിരുന്നു. കാരണം എന്‍ഡിപിഎസ് ആക്ടിലെ പഴുതുകളെക്കുറിച്ച് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുംബൈയില്‍ ഡോലയ്ക്കു ഹൃദയ ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതേ തുടര്‍ന്നു നെഞ്ചില്‍ ഒരു പാട് പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് ഡോലയെ കസ്റ്റഡിയിലെടുക്കുമ്പോഴെല്ലാം, അയാള്‍ തന്‍റെ ഷര്‍ട്ട് തുറന്ന് മുറിവ് കാണിക്കുകയും, തന്നെ അടിക്കരുതെന്നും അടിച്ചാല്‍ മരിക്കുമെന്നും പറഞ്ഞു അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു പതിവ്. 2018ല്‍ ഡോല ഇന്ത്യ വിട്ട് യുഎഇയിലേക്ക് താമസം മാറ്റി. ഡോലയെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അടുത്തിടെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡോല മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മദ്യം മാത്രമാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഡോലയുടെ മകന്‍ താഹെര്‍ മയക്കുമരുന്നിന് അടിമയാണ്. ഈയൊരു കാരണം കൊണ്ടു തന്നെ മയക്കുമരുന്ന് ഇടപാടുകളില്‍ മകനെ ഉള്‍പ്പെടുത്താറില്ല. പകരം ഡെപ്യൂട്ടിയായ ലാവിഷ് എന്ന സലിം ഷെയ്ഖിനെയാണു ഏല്‍പ്പിച്ചിരിക്കുന്നത്.

അത്യാധുനിക സജ്ജീകരണം

History and unknown stories of Mumbai underworld

ഒരു അത്യാധുനിക സജ്ജീകരണമാണു ജഗദീഷ്പ്പുര ഫാക്റ്ററിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാണുവാന്‍ സാധിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് മിക്‌സിങ് മെഷീനുകള്‍, കെമിക്കല്‍ റിയാക്റ്ററുകള്‍, ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ് ചേംബറുകള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ അവിടെ കണ്ടത്. ഗുജറാത്തില്‍ പരിശീലനം നേടിയ ഫാര്‍മസി ഡിപ്ലോമയുള്ള ഫൈസല്‍ ഖുറേഷിയും ഫൈസലിന്‍റെ സഹായി റസാഖ് ഖാനും ചേര്‍ന്നാണ് ഫാക്റ്ററിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തിരുന്നത്. ഭിവന്ദിയില്‍ നിന്നും താനെയില്‍ നിന്നും മെത്തിലീന്‍ ഡൈക്ലോറൈഡ്, അസെറ്റോണ്‍, മോണോമെത്തിലാമൈന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, 2-ബ്രോമോ എന്നീ രാസവസ്തുക്കള്‍ സലിം ഡോലയുടെ ഉത്തരവനുസരിച്ച് ഫാക്റ്ററിയിലേക്കു മിനി ട്രക്കുകളില്‍ എത്തിച്ചു കൊണ്ടിരുന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ മുംബൈയില്‍ നിന്ന് 400 കിലോ രാസവസ്തുക്കള്‍ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ടെന്നാണു ഫൈസല്‍ ഖുറേഷി സമ്മതിച്ചത്. ഈ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകര്‍ പ്രദേശവാസികളെ വശീകരിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു.

ജഗദീഷ്പുരയിലെ വീട് ഏഴ് വര്‍ഷത്തോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 14നായിരുന്നു വൈദ്യുതി കണക്ഷന്‍ അനുവദിച്ചത്. അതു പക്ഷേ പതിവ് പരിശോധനകള്‍ മറികടന്നായിരുന്നെന്നു പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ സംഭവത്തില്‍ കൈക്കൂലിയും ഗൂഢാലോചനയും നടന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

ജഗദീഷ്പ്പുര ഫാക്റ്ററിയിലേത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. അവിടെ നടന്ന ഒരൊറ്റ റെയ്ഡില്‍ അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണു പിടികൂടിയത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. അധോലോകം പുതിയ ബിസിനസ് മോഡലുകളിലേക്ക് ചുവടുമാറ്റിയിരിക്കുന്നു.

തുര്‍ക്കി മുതല്‍ ദുബായ് വരെയും മുംബൈയിലെ ഇരുണ്ട ഇടവഴികള്‍ മുതല്‍ ഭോപ്പാലിലെ ശാന്തമായ ഗ്രാമങ്ങള്‍ വരെയും ദാവൂദ് ഇബ്രാഹിമിന്‍റെ സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ ഡി-കമ്പനിയുടെ ഇടപാടുകള്‍ അടുത്ത തലമുറയെ ലക്ഷ്യം വച്ചുള്ളതാണ്. അത് മറവില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പാകം ചെയ്യുന്ന ലഹരിപ്പൊടികളും ദ്രാവകങ്ങളുമാണ്.

കേരളത്തിലെ റേഷൻ മുഴുവൻ 'മോദി അരി'; ഒരു അരി പോലും പിണറായി നൽകുന്നില്ലെന്ന് ജോർജ് കുര്യൻ

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണം 4 ആയി, സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

വടകര ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരുക്ക്

ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

ധർമസ്ഥല വിവാദം: തിമരോഡിയുടെ വീട്ടിൽ റെയ്ഡ്