വിവാഹമോചനം പുരുഷന്മാരെ സാമ്പത്തികമായി തകർക്കുന്നു, വായ്പയിൽ കുടുക്കുന്നു: പഠനം
വിവാഹമോചനം വൈകാരികമായ തകർച്ചയ്ക്ക് മാത്രമല്ല സാമ്പത്തിക തകർച്ചയ്ക്കും കൂടി ഇടയാക്കുന്നുണ്ടെന്ന് തെളിയിച്ച് പഠനങ്ങൾ. 1 ഫിനാൻസ് മാഗസിൻ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീ- പുരുഷന്മാർ എന്നിവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. വിവാഹമോചനത്തിനു വേണ്ടിയുള്ള ലീഗൽ ചാർജ്, ജീവനാംശം എന്നിവയ്ക്കു പിന്നാലെ കോടതിക്കാര്യങ്ങൾക്കായി ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്നതടക്കമുള്ള പ്രശ്നങ്ങൾ മൂലം വൻ സാമ്പത്തിക ബാധ്യതയിലേക്കാണ് വീഴുന്നത്.
ആറ് മാസത്തിനിടെ 1258 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 42 ശതമാനം വിവാഹമോചനത്തിനു ശേഷം ജീവനാംശം നൽകാനും വക്കീൽ ഫീസിനുമായി വായ്പ്പയെടുക്കുന്നുവരാണെന്നാണ് കണ്ടെത്തിയത്. 26 ശതമാനം സ്ത്രീകളും മുൻ ഭർത്താവിന്‍റെ മുഴുവൻ സ്വത്തിന്‍റെ മൂല്യത്തേക്കാൾ കൂടുതൽ പണം ജീവനാംശമായി കൈപ്പറ്റുന്നുണ്ടെന്നും കണ്ടെത്തി.
വിവാഹമോചനത്തിലൂടെ പുരുഷന്മാർ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് വീഴുന്നുവെന്നും അതേ സമയം സ്ത്രീകൾ ജോലിയിലും താമസത്തിലും സ്ഥിരതയില്ലായ്മ അനുഭവിക്കുന്നുവെന്നുമാണ് പഠനത്തിൽ നിന്ന് വ്യക്തമായത്.
വിവാഹമോചനത്തിനു ശേഷം 23 ശതമാനം സ്ത്രീകളും പുതിയ നഗരത്തിലേക്ക് താമസം മാറ്റും. ജോലി ചെയ്യുന്ന സ്ത്രീകളിൽ 16 ശതമാനം പേരും ജോലിയിൽ നിക്ഷേപിക്കുന്ന സമയം കുറയ്ക്കും അതേ സമയം 30 ശതമാനം പേരും ജോലി തന്നെ ഉപേക്ഷിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
വിവാഹജീവിതത്തിൽ 67 ശതമാനം ദമ്പതികളും 15 ദിവസം കൂടുമ്പോൾ പണത്തിന്‍റെ പേരിൽ വഴക്കിടാറുള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും സാമ്പത്തികവിഷയത്തിൽ കലഹമുണ്ടാകുന്നുവെന്ന് 90 ശതമാനം പേരും പറയുന്നു.
സാമ്പത്തിക അസ്ഥിരത നേരിടുന്നവരിൽ ആണ് ഇത്തരം കലഹം പതിവാകുന്നത്.