മറക്കരുത്, കീറിയെറിഞ്ഞ ബില്ലിനെ...

 
Special Story

മറക്കരുത്, കീറിയെറിഞ്ഞ ബില്ലിനെ...

ഗുരുതര ക്രിമിനൽ കുറ്റാരോപണം നേരിട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഏതൊരു മന്ത്രിയും അധികാരത്തിൽ തുടരുന്നത് ധാർമികതയ്ക്ക് ചേരുന്നതല്ല എന്നാണ് ഇത് അവതരിപ്പിച്ച ബിജെപി സർക്കാരിന്‍റെ ശക്തമായ നിലപാട്.

ജ്യോത്സ്യൻ

ഗുരുതരമായ കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവർ തുടർച്ചയായി 30 ദിവസം തടവിലായാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടും എന്ന സുപ്രധാന നിയമനിർമാണം ഭരണഘടന 130-ാം ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന സന്ദർഭമാണിത്. സ്വാഭാവികമായും ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റിക്ക് ബില്ല് വിട്ടു കൊടുക്കുകയും അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്തു സഭയുടെ അംഗീകാരം നേടുകയും ചെയ്യും.

ഗുരുതര ക്രിമിനൽ കുറ്റാരോപണം നേരിട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഏതൊരു മന്ത്രിയും അധികാരത്തിൽ തുടരുന്നത് ധാർമികതയ്ക്ക് ചേരുന്നതല്ല എന്നാണ് ഇത് അവതരിപ്പിച്ച ബിജെപി സർക്കാരിന്‍റെ ശക്തമായ നിലപാട്. എന്നാൽ, ബിജെപി ഇതര സർക്കാരുകളെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഈ ഭേദഗതിയുടെ ഉദ്ദേശ്യം എന്നാണ് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി ആരോപിക്കുന്നത്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ ബില്ല് അവതരിപ്പിച്ചപ്പോൾ അതിശക്തമായ എതിർപ്പ് ഇന്ത്യ മുന്നണി എംപിമാർ സൃഷ്ടിക്കുകയും ബില്ല് കീറി എറിയുകയും ചെയ്തത്. ലോക്സഭയിൽ മുൻനിരയിൽ നിന്ന് ബില്ല് അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൂടുതൽ സുരക്ഷിതത്വത്തിനായി മൂന്നാംനിര ബെഞ്ചിന്‍റെ മധ്യത്തിലേക്ക് നീങ്ങേണ്ടിയും വന്നു.

എന്നാൽ 2014 ൽ ഡോ. മൻമോഹൻസിങ് സർക്കാർ, മന്ത്രിമാർ മുഖ്യമന്ത്രിമാർ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റാരോപണങ്ങൾ വന്നാൽ പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ മാത്രമേ നിയമനടപടികളിലേക്കും ശിക്ഷയിലേക്കും കടക്കാവൂ എന്ന നിയമം ക്യാബിനറ്റിൽ അംഗീകരിച്ചത് യുവ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകരുടെ മുമ്പിൽ പരസ്യമായി കീറിക്കളഞ്ഞത് ഇന്ത്യ മുന്നണിയുടെയും പ്രത്യേകിച്ച് കോൺഗ്രസിന്‍റെയും നേതാക്കന്മാർ ഇപ്പോൾ മറന്നു പോകരുത്. പ്രധാനമന്ത്രി മൻമോഹൻസിങ് യുഎസിലായിരുന്നപ്പോഴാണ് ക്യാബിനറ്റ് എടുത്ത ഈ തീരുമാനം രാഹുൽ ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത്.

2013 ജൂലൈ 10ലെ സുപ്രീംകോടതി വിധി ഒരു പൗരൻ ജയിലിലോ പൊലീസ് കസ്റ്റഡിയിലോ ആയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നായിരുന്നു. ഇത്തരം വിധികളുടെയൊക്കെ പശ്ചാത്തലത്തിലാണ് 2014 ൽ ഡോ. മൻമോഹൻ സിങ് ക്യാബിനറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ സംരക്ഷിക്കുന്ന ഒരു നിയമനിർമാണത്തിന് അംഗീകാരം നൽകിയത്.

ആ നിയമം പാർലമെന്‍റിൽ അവതരിപ്പിച്ച് അംഗീകരിപ്പിക്കാൻ കഴിയാതെ വന്നതുകൊണ്ടാണ് കാലിത്തീറ്റ കുംഭക്കോണ കേസിൽ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജയിലിൽ കിടക്കേണ്ടിവന്നത്. ഈ ലാലു പ്രസാദിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ബീഹാറിൽ രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടികൾ നടക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ കിടക്കേണ്ടി വന്നതും രാഹുൽഗാന്ധിയുടെ അന്നത്തെ നിലപാട് മൂലമാണ്.

ജനപ്രതിനിധികൾക്കെതിരായി കേസ് അന്വേഷിക്കാനും തുടർന്ന് കേസെടുക്കാനും സ്പീക്കറുടെ അനുവാദവും രേഖയും വേണം എന്നതിന്‍റെ പേരിലാണ് പല സംസ്ഥാനങ്ങളിലെയും കുറ്റാരോപിതരായ എംഎൽഎമാർ രക്ഷപ്പെട്ടിട്ടുള്ളത്. കേരളത്തിലും സ്പീക്കറുടെ സംരക്ഷണം കിട്ടിയ എംഎൽഎമാർ ഉണ്ട് എന്നതും വിസ്മരിക്കരുത്.

ഇതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നിരിക്കുന്ന കുറ്റക്കാരായി ശിക്ഷ ലഭിച്ച് ജയിലിൽ കിടക്കുന്ന ജനപ്രതിനിധികൾക്ക് മന്ത്രിസഭയിൽ അംഗമാകാൻ അവകാശമില്ല എന്ന നിയമനിർമാണത്തിന്‍റെ പ്രസക്തി. പാർലമെന്‍റ് അംഗമായ വിശ്വപൗരൻ ശശി തരൂർ ബില്ലിനെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാണ്.

വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകളെക്കുറിച്ച് രാജ്യവ്യാപകമായി രാഹുലിന്‍റെ നേതൃത്വത്തിൽ സമരപരമ്പരകൾ നടക്കുമ്പോൾ ക്രിമിനൽ കുറ്റക്കാരായ ജനപ്രതിനിധികളെയും മന്ത്രിമാരെയും സംരക്ഷിക്കുന്ന ഒരു സമീപനം എടുക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്ന ഒരു കേന്ദ്രസർക്കാർ അധികാരത്തിലിരിക്കുമ്പോൾ അവർ കൊണ്ടുവരുന്ന 130-ാം ഭരണഘടന ഭേദഗതി നിയമത്തിലുള്ള ഉദ്ദേശ്യശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത് തെറ്റായി തന്ത്രികൾ കാണുന്നില്ല. നിതാന്ത ജാഗ്രതയാണ് ജനാധിപത്യത്തിന് നൽകേണ്ട വില എന്ന കാര്യം എല്ലാവരും ഓർക്കണം.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ