തെരുവു നായ്ക്കളുടെ മുന്നിലേക്ക് ജനങ്ങളെ വലിച്ചെറിയരുത്
അഡ്വ. ചാർളി പോൾ
പൗരന്മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാരും തദ്ദേശ സ്ഥാപന അധികാരികളും ജനങ്ങളെ തെരുവു നായ്ക്കളുടെ മുന്നിലേക്കു വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം നമ്മൾ കാണുന്നത്. തെരുവു നായ്ക്കളുടെ സ്വൈര്യവിഹാരം നാടിന്‍റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. ഇവയുടെ ആക്രമണവും പേവിഷബാധ കാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വർധിച്ചു കൊണ്ടേയിരിക്കുകയാണ്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3,16,793 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. 2019ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം 2,89,986 തെരുവു നായ്ക്കൾ ഉണ്ടെന്നായിരുന്നു കണക്ക്. പിന്നീട് സെൻസസ് നടന്നിട്ടില്ല. ഇപ്പോൾ 4 ലക്ഷത്തിലേറെ തെരുവു നായ്ക്കൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 2020-2024 കാലത്ത് സംസ്ഥാനത്ത് 94 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. 2020ൽ 5 പേർ മരിച്ചിടത്ത് 2024 ആയപ്പോഴേക്ക് 26 പേരായി.
പ്രതിരോധ കുത്തിവയ്പിന് ശേഷവും വൈറസ് ബാധിച്ചു 3 കുട്ടികൾ മരിച്ചു. പിഞ്ചുകുഞ്ഞുങ്ങൾ പോലും പേ വിഷബാധയേറ്റ് മരിക്കുകയാണ്. വളരെ ഭീതിദമാണ് കേരളത്തിന്‍റെ അവസ്ഥ. 2021 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ 2 ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ 2 വർഷമായി അത് 3 ലക്ഷം കടന്നു. 2024ൽ 3.16 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. ദിനംതോറും പാൽ - പത്രം വിതരണക്കാർ, മത്സ്യ കച്ചവടക്കാർ, ഇരുചക്ര വാഹന- സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, പുലർകാല സവാരിക്കാർ എന്നിങ്ങനെ എല്ലാവരും ആക്രമിക്കപ്പെടുകയാണ്.
വയോജനങ്ങളും കുഞ്ഞുങ്ങളുമാണ് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35 ശതമാനത്തോളം കുട്ടികളാണ്. മുഖത്തും കൈകളിലുമാണ് കൂടുതലും കടിയേൽക്കുന്നത് എന്നതിനാൽ കുട്ടികളിൽ അപകട സാധ്യത കൂടുതലാണ്. പേപ്പട്ടിയാണ് കടിച്ചതെങ്കിൽ പേ വിഷം പെട്ടെന്ന് തലച്ചോറിൽ എത്താം. നായയുടെ കടിയേറ്റ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തിട്ടും മരണങ്ങൾ ഉണ്ടാകുന്നത് നടുക്കം ഉണ്ടാക്കുന്നു. 2021ന് ശേഷം പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷം 22 പേർ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. ജനങ്ങൾ വാക്സിന്‍റെ ഫലക്ഷമതയെ സംശയിക്കുന്ന സാഹചര്യമാണ്. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വാക്സിന് പൊതുവായ ഗുണമേന്മ ഉണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ പ്രഥമ ശുശ്രൂഷയിലോ ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്ക്കുന്നതിലോ വാക്സിൻ സൂക്ഷിക്കുന്നതിലോ കുത്തിവയ്ക്കുന്നതിലോ ഉണ്ടാകുന്ന പിഴവുകൾ, വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കാത്തത്, ശരീരം ആന്‍റി ബോഡി ഉത്പാദിപ്പിക്കാത്ത അവസ്ഥ, വാക്സിന്‍റെ ഫലക്ഷമതയിലെ കുറവ്, വാക്സിൻ സംഭരണ കേന്ദ്രത്തിലോ അത് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന താപ വ്യത്യാസമൂലമുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ വാക്സിനെടുത്തിട്ടും പേ വിഷബാധയുണ്ടാകാൻ ഇടവരുത്തുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഇക്കാര്യത്തിലെ ജനങ്ങളുടെ ആശങ്ക എത്രയും വേഗം ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ദൂരീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
പ്രഥമ ശുശ്രൂഷയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പെടുക്കുന്നതും പേ വിഷബാധ തടയുന്നതിൽ അതീവ നിർണായകമാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനു മുമ്പു തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി പരമാവധി വൈറസുകളെ നീക്കുന്നത് ഗുണപ്രദമാണ്. മൃഗങ്ങളുടെ കടി, മാന്തൽ എന്നിവയിലൂടെ മുറിവുണ്ടായാൽ ആ ഭാഗം എത്രയും പെട്ടെന്ന് സോപ്പ് ഉപയോഗിച്ച് കഴുകണം. പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. സോപ്പുപയോഗിച്ച് കഴുകിയാൽ 70 ശതമാനം അണുബാധ ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
1964ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11ാം വകുപ്പു പ്രകാരം തെരുവു നായ്ക്കളെ കൊല്ലാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ 2001ലെ മൃഗ പ്രജനന നിയന്ത്രണ (അനിമൽ ബർത്ത് കൺട്രോൾ- എബിസി) ചട്ടം നായ്ക്കളെ കൊല്ലുന്നത് വിലക്കി. വന്ധ്യംകരണത്തിലൂടെ തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കണം എന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ 2001 മുതൽ എബിസി പ്രോഗ്രാം നടപ്പാക്കിയിരുന്നെങ്കിൽ ഇത്ര രൂക്ഷമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 2015-16 മുതലാണ് ഇവിടെ എബിസി നടപ്പാക്കി തുടങ്ങിയത്. 2016 മുതൽ 2024 വരെയുള്ള 8 വർഷം സംസ്ഥാനത്ത് വന്ധ്യകരണം നടത്തിയത് 1.16 ലക്ഷം തെരുവു നായ്ക്കളെ മാത്രമാണ്.
എല്ലാ തെരുവു നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിൽ ഷെൽറ്റർ ഹോമുകൾ തുറക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഷെൽറ്റർ ഹോം ഒരിടത്തും ആരംഭിച്ചിട്ടില്ല. തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ ഷെൽറ്റർ ഹോം പ്രായോഗികമല്ലെന്നും ജനങ്ങൾ ഷെൽറ്റർ ഹോമുകൾ തുറക്കാൻ എതിരാണെന്നുമാണ് വകുപ്പ് മന്ത്രി ഇപ്പോൾ പറയുന്നത്. കോടികൾ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുശാസിക്കുന്ന നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടക്കുന്നില്ല. 15 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.
തെരുവിൽ നായ്ക്കളുടെ കടി കൊണ്ട് മരിക്കുന്നത് സാധാരണക്കാരുടെ മക്കളാണ്. നിയമം പറയുന്നവരും നടപ്പാക്കുന്നവരും അവരുടെ മക്കളും കാറിൽ സഞ്ചരിക്കുന്നതിനാൽ അവർക്ക് നായ്ക്കളെ പേടിക്കേണ്ടി വരുന്നില്ല. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുമതി ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന നായ്ക്കളെ തൊടാൻ പറ്റാത്ത അവസ്ഥയാണ്. നായ പ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നിൽ വമ്പൻ വാക്സിൻ ലോബികളാണെന്ന് പറയപ്പെടുന്നു. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതയാണ് പ്രശ്നമെങ്കിൽ എന്തുകൊണ്ടാണ് നായ്ക്കളുടെ കാര്യത്തിൽ മാത്രം ഇവർ താല്പര്യമെടുക്കുന്നത്. ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെ കൊല്ലുന്നു.
തെരുവിലല്ല നായ്ക്കളെ വളർത്തേണ്ടത്. ലോകത്തൊരിടത്തും തെരുവിൽ നായ്ക്കളെ വളർത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകൾ പോലെ നമുക്ക് ശ്വാനാലയങ്ങൾ തുറക്കാം. അത്തരം ഷെൽറ്ററുകൾ ജനവാസ മേഖലയിൽ നിന്ന് അകലെയാവണം. മൃഗസ്നേഹികൾക്ക് അവിടെ ചെന്ന് അവരെ പരിലാളിക്കാം, ദത്തെടുക്കാം, അരുമയായി പോറ്റി വളർത്താം. തെരുവ് നായ്ക്കൾക്ക് ഭക്ഷണമാകുന്ന മാലിന്യത്തിന്‍റെ ലഭ്യതയാണ് അവയുടെ വ്യാപനത്തിന് പ്രധാന കാരണം. വഴിയോരക്കടകളിലും മത്സ്യ-മാംസ വിൽപ്പനശാലകളിലും നിന്നുള്ള അവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
മാലിന്യക്കൂമ്പാരം പെരുകാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സമൂഹവും നിരന്തര ജാഗ്രത പുലർത്തണം. വന്ധ്യംകരിച്ചാലും നായ്ക്കൾ കടിക്കും. എന്നാലും എബിസി പദ്ധതി യുദ്ധകാലടിസ്ഥാനത്തിൽ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ തയാറാവുക. പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സർക്കാർ ജനങ്ങളെ ഇനിയും തള്ളി വിടരുത്. സർവകക്ഷി യോഗം വിളിച്ചുചേർന്ന് കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ തേടണം.
അധികാരികൾ നിഷ്ക്രിയത്വം തുടർന്നാൽ ജനങ്ങൾ സഹികെട്ട് നിയമം കൈയിലെടുത്തേക്കാം. കാട്ടുപന്നിയെ കൊണ്ട് സഹികെട്ട ജനം തിരിച്ചടിച്ചപ്പോൾ ചത്ത കാട്ടുപന്നിയുടെ പുറകെ പോകേണ്ടെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞത് തെരുവു നായ്ക്കളുടെ (പേപ്പട്ടികളുടെ) കാര്യത്തിലും നടപ്പാക്കിയാൽ മതി. പ്രശ്നത്തിന് എളിയ തോതിൽ പരിഹാരം കണ്ടെത്താം. തെരുവു നായ്ക്കളില്ലാത്ത കേരളത്തിനായി ഒന്നിക്കാം. പേപ്പട്ടികളിൽ നിന്ന് ജനതയെ രക്ഷിക്കാം.
(ട്രെയ്നറും മെന്‍ററുമാണ് ലേഖകൻ- 8075789768)