സുപ്രീം കോടതി
രാജ്യത്ത് കേന്ദ്ര- സംസ്ഥാന ജീവനക്കാരിലും സ്വകാര്യ മേഖലയിലെ ജീവനക്കാരിലുമെല്ലാം മഹാഭൂരിപക്ഷവും താത്കാലികക്കാരാണ്. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലും ദിവസ വേതനത്തിലുമെല്ലാം ഈ ജീവനക്കാരെ നിയമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളുമെല്ലാം ഇപ്പോള്‍ സ്ഥിരം ജീവനക്കാരുടെ നിയമനം വളരെ ചെറിയൊരു ശതമാനം മാത്രമേ നടത്തുന്നുള്ളൂ. പൊതു മേഖലയില്‍ താത്കാലിക നിയമനം സാർവത്രികമായിരിക്കുന്നു.
നമ്മുടെ സര്‍ക്കാര്‍ മേഖലയിലും മറ്റ് പൊതുമേഖലയിലും പ്രമുഖ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സർവീസുകളിലും സ്ഥിരം ജീവനക്കാരായിരുന്നു മുമ്പ് ഭൂരിപക്ഷം പേരും. എന്നാല്‍ ആ സ്ഥിതിയ്ക്ക് ഇന്ന് വലിയ മാറ്റം വന്നിരിക്കുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങളുടെയും ആഗോളവത്കരണത്തിന്‍റെയും ഭാഗമായാണ് ഈ മാറ്റം. മുതലാളിത്ത രാജ്യങ്ങളിലും സാമ്രാജ്യത്വ രാജ്യങ്ങളിലുമെല്ലാം ഇന്ന് സ്ഥിരം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതിന്‍റെ ഭാഗമായി തന്നെയാണ് മുതലാളിത്ത സമ്പദ്ഘടന കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന നമ്മുടെ രാജ്യത്തും താത്കാലിക ജീവനക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്.
രാജ്യത്തു ശക്തമായിരുന്ന ഫ്യൂഡലിസവും ജന്മിത്വവും തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടിയിരുന്നു. ആദ്യ കാലങ്ങളില്‍ തൊഴിലാളികൾ അടിമകള്‍ക്ക് സമാനമായിരുന്നു. അവര്‍ക്ക് കൂലി പോലും നല്‍കിയിരുന്നില്ല. ഭീഷണിയുടെ നിഴലില്‍ ഇക്കൂട്ടര്‍ എല്ലു മുറിയെ പണിയെടുത്തു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട കൂലി മാത്രമാണ് നമ്മുടെ രാജ്യത്തും നല്‍കിയിരുന്നത്. സ്ഥിരം ജീവനക്കാര്‍ അക്കാലത്ത് വിരളവുമായിരുന്നു. ഏതു ജോലിക്കാരനെയും തൊഴിലുടമയ്ക്ക് എപ്പോഴും പറഞ്ഞയയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഈ സിസ്റ്റത്തിന്‍റെ തുടര്‍ച്ച തന്നെയാണ് യഥാർഥത്തില്‍ ഇന്നുള്ള മഹാഭൂരിപക്ഷം വരുന്ന താത്കാലിക ജീവനക്കാര്‍.
മുതലാളിത്ത സമൂഹത്തില്‍ തൊഴിലാളിയുടെ മൂലധനവും ലാഭവുമൊക്കെ സ്വന്തം അധ്വാനവും അതില്‍ നിന്നുള്ള കൂലിയുമാണ്. ഏതെങ്കിലും മൂലധനം കൊണ്ടുണ്ടാകുന്ന ലാഭത്തില്‍ നിന്നല്ലാതെ പൂര്‍ണമായും സ്വന്തം അധ്വാനം വില്‍ക്കുന്നതില്‍ മാത്രം തങ്ങളുടെ ഉപജീവന മാര്‍ഗം സമ്പാദിക്കുന്ന സമൂഹത്തിലെ ഒരു വര്‍ഗമാണ് തൊഴിലാളി വര്‍ഗമെന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യനായ എംഗല്‍സ് പറഞ്ഞിട്ടുള്ളത്.
അധ്വാനം വിറ്റ് ജീവിക്കുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അതിന്‍റെ വിലയായ കൂലി അപ്പോഴപ്പോള്‍ കൊടുക്കുന്നുണ്ടെന്നും പിന്നീട് ഇവര്‍ക്ക് ഈ അധ്വാനവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ചോദിക്കാന്‍ അവകാശമില്ലെന്നുമാണ് മുതലാളിത്തത്തിന്‍റെ ഒരു വാദം. പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, ഇൻഷ്വറൻസ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊന്നും താത്കാലിക ജീവനക്കാര്‍ക്ക് പല രാജ്യങ്ങളിലും യാതൊരു അവകാശവുമില്ല. അത് ചോദിക്കാന്‍ നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്കും അവകാശമില്ലെന്നാണ് സര്‍ക്കാരിന്‍റെയും തൊഴില്‍ ഉടമകളുടെയും വാദം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റ് ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലും ഇപ്പോള്‍ താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുകയാണെന്ന യാഥാർഥ്യം ഇക്കൂട്ടര്‍ ബോധപൂർവം വിസ്മരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ താത്കാലിക ജീവനക്കാരെയും സ്ഥിരം ജീവനക്കാര്‍ക്ക് സമാനമായി അംഗീകരിക്കുകയും അവര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ടെന്നുമുള്ള വസ്തുത ഇന്ത്യന്‍ ഭരണ വര്‍ഗത്തിനും ഇനി അധികകാലം മറച്ചു വയ്ക്കാന്‍ കഴിയുകയില്ല.
താത്കാലിക ജീവനക്കാര്‍ക്ക് നമ്മുടെ രാജ്യത്ത് നിഷേധിക്കപ്പെട്ടിട്ടുള്ള സ്ഥിരപ്പെടുത്തലും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള നിരന്തരമായ ക്യാംപെയിനുകളും പ്രക്ഷോഭണങ്ങളും ഇവിടെ നടന്നുവരികയാണ്. ഇതിനിടയിലാണ് താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും തൊഴിലുടമകള്‍ക്ക് ഇത് നിഷേധിക്കാന്‍ കഴിയുകയില്ലെന്നും കാട്ടി സുപ്രീം കോടതിയുടെ ഐതിഹാസികമായ വിധി ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പില്‍ തുടര്‍ച്ചയായി ദീര്‍ഘകാലം സേവനമുഷ്ഠിച്ച താത്കാലിക ജീവനക്കാർക്കും വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. പെന്‍ഷന്‍ ഔദാര്യമല്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ.ജി. മാസിഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. 1965ലെ സെന്‍ട്രല്‍ സിവില്‍ സർവീസസ് (താത്കാലിക സർവീസ്) നിയമങ്ങള്‍ പ്രകാരം താത്കാലിക തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ജോലി സ്ഥിരപ്പെടുത്താത്തതിന്‍റെ പേരില്‍ അത് നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു.
മൂന്നു പതിറ്റാണ്ട് പോസ്റ്റ് ഓഫീസില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ താത്കാലിക ജീവനക്കാരനായിരുന്ന സൂരജ് സാഹുവിന്‍റെ വിധവയായ ഭിഖാനി ദേവി ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കു വേണ്ടി നടത്തിയ 18 വര്‍ഷത്തെ നിയമ പോരാട്ടമാണ് ഫലം കണ്ടത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും പട്‌ന ഹൈക്കോടതിയും പെന്‍ഷന്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്‍റെ ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ സേവന ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ യോഗ്യരായവര്‍ക്ക് അതു നിഷേധിക്കുന്നതു നീതീകരിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ മാതൃകാ തൊഴിലുടമയായി പ്രവര്‍ത്തിക്കണം. കടമകളുടെയും ഉത്തരവാദിത്വങ്ങളും സമാനമായി നിര്‍വഹിക്കുന്ന ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ഏതെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള വര്‍ഗീകരണം ഭരണഘടനാ ധാർമികതയുടെ ലംഘനമാകും. താത്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പെന്‍ഷന്‍ തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചുള്ള ദാനമല്ലെന്നും ദീര്‍ഘകാല സേവനത്തിലൂടെ മാറ്റി വച്ച വേതനമാണെന്നും കോടതി വ്യക്തമാക്കി.
പെന്‍ഷന്‍ മാറ്റി വയ്ക്കപ്പെട്ട വേതനമാണ്, ഔദാര്യമല്ല, ഭരണഘടനാപരമാണെന്ന ഒരു അവകാശമാണ് എന്നു സംശയത്തിനിടയില്ലാത്ത വിധം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒരു മാതൃകാ തൊഴിലുടമയായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വിധിയില്‍ എടുത്തു പറഞ്ഞതും ഓരോ സംസ്ഥാനത്തുമുള്ള ലക്ഷോപലക്ഷം താത്കാലിക ജീവനക്കാര്‍ക്ക് ഏറ്റവും ഗുണകരമാണ്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ആനുകൂല്യം രാജ്യത്തെ എല്ലാ താത്കാലിക ജീവനക്കാര്‍ക്കും ലഭ്യമാക്കേണ്ടതാണ്. ഭരണകൂടങ്ങള്‍ തൊഴിലാളികൾക്ക് അനുകൂല്യമായ നിലപാടു കൈക്കൊള്ളാന്‍ സ്വാഭാവികമായും അറച്ചു നില്‍ക്കും. അതുകൊണ്ടു തന്നെ ശക്തമായ ക്യാംപെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു പരമോന്നത കോടതിയുടെ ഐതിഹാസികമായ ഈ വിധി നടപ്പിലാക്കാനുള്ള യോജിച്ച പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്‍റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവേണ്ടത്.
(ലേഖകന്‍റെ ഫോണ്‍ : 9847132428)