കൊടും വരള്‍ച്ചയും പ്രളയവും ഒന്നിച്ച്; ലോകത്തെ നശിപ്പിക്കാനുള്ള ശക്തിയുമായി എൽ നിനോ വരുന്നു!

 
Special Story

കൊടും വരള്‍ച്ചയും പ്രളയവും ഒന്നിച്ച്; ലോകത്തെ നശിപ്പിക്കാനുള്ള ശക്തിയുമായി എൽ നിനോ വരുന്നു!

എൽ നിനോ ഏറ്റവുമധികം ബാധക്കുക ഇന്ത്യയെയായിരിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കടുത്ത പ്രതിസന്ധി ഉണ്ടാവും

Namitha Mohanan

കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള കരുത്തുമായി വീണ്ടും എൽ നിനോ വരുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വിദഗ്ധരാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. ലോകത്തെ വരൾച്ചയിൽ കരിയിക്കാനും പ്രളയത്തിൽ മുക്കാനും ശക്തിയുള്ളതാണ് എൽനിനോ പ്രതിഭാസം. ഇത്തവണ എൽനിനോ പ്രതിഭാസത്തിന് കടുപ്പം കൂടുതലാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍ നിനോ. എന്നാല്‍ ഈ വര്‍ഷത്തെ എല്‍ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് പ്രവചനം. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം.

പ്രകൃതിയോടുള്ള മനുഷ്യന്‍റെ സമീപത്തിന്‍റെ ഫലമാണ് പ്രകൃതിയുടെ ഈ പ്രതികാരം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയും ലോകം കണ്ടിട്ടില്ലാത്ത പ്രളയവുമാണ് എൻനിനോ പ്രതിഭാസത്തിലുണ്ടാവുക. ലണ്ടനിലെ ഇംപീരിയല്‍ കോളെജില്‍ ക്ലൈമറ്റ് സയന്‍സ് പ്രൊഫസറായ ഫ്രെഡറിക് ഓട്ടോയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

എന്താണ് എൽ നിനോ പ്രതിഭാസം

ഭൂമിയുടെ ഒരു ഭാഗത്ത് പ്രളയവും മറുഭാഗത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എല്‍ നിനോ. പസഫിക് സമുദ്ര ജലത്തിന്‍റെ താപനിലയില്‍ ഉണ്ടാകുന്ന അസാധാരണമായ വർധനവാണ് ഇതിന് കാരണം.

കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽനിനോക്കാവും.

ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അർഥമാണ് സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്ന പേരിനുള്ളത്. തെക്കേ അമെരിക്കയോടു ചേർന്നുള്ള ഭാഗങ്ങളിൽ എൽ നിനോ പ്രതിഭാസം ക്രിസ്മസിനടുത്ത സമയത്ത് ഉണ്ടാവുന്നതിനാലാണ് ഈ പേരിട്ടത്.

സാധാരണയായി പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റ് ഉപരിതലത്തിലെ ചൂടുവെള്ളത്തെ ഏഷ്യയുടെയും ഓസ്ട്രേലിയയുടെയും ഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന്, സൗത്ത് അമെരിക്കന്‍ തീരങ്ങളില്‍ അടിത്തട്ടിലുള്ള തണുത്ത ജലം മുകളിലേക്ക് ഉയര്‍ന്നു വരുകയാണ് സാധാരണയായി നടക്കുക.

എന്നാൽ, ഈ പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റ് എല്‍ നിനോ വരുന്നതോടെ വേഗത കുറയും. ചിലപ്പോള്‍ നിന്നുപോവാം. അങ്ങനെ വന്നാല്‍ പടിഞ്ഞാറോട്ട് പോകേണ്ട ചൂടുവെള്ളം പസഫിക് സമുദ്രത്തിന്‍റെ മധ്യഭാഗത്തും സൗത്ത് അമെരിക്കന്‍ തീരങ്ങളിലും കെട്ടിക്കിടന്ന് ചൂടുപിടിക്കുന്നു. ഈ ചൂടുപിടിക്കല്‍ ആഗോളതലത്തില്‍ വായുസഞ്ചാരത്തെ ബാധിക്കും. മേഘങ്ങളുണ്ടാവുന്നത് തടസപ്പെടും.

ഇത് 2 തരത്തിലാണ് ലോകത്തെ ബാധിക്കുക. ഒന്ന്, അതിരൂക്ഷമായ വരള്‍ച്ചയുണ്ടാവും. ഇന്ത്യ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മഴ കുറയും. കടുത്ത വരള്‍ച്ചയും ചൂടുമുണ്ടാവും. രണ്ടാമത്തേത് സാധ്യത പ്രളയവും പെരുമഴയുമാണ്. സൗത്ത് അമെരിക്കന്‍ രാജ്യങ്ങളായ പെറു, ഇക്വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലും അമെരിക്കയുടെ ചില ഭാഗങ്ങളിലും കനത്ത മഴയും പ്രളയവുമുണ്ടാകും.

എൽ‌ നിനോ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെയാണ്.ഇന്ത്യയിൽ എൽ നിനോ പ്രതിഭാസം ചൂടും ദുർബലമായ മൺസൂൺ മഴയുമാണ് സമ്മാനിക്കുക. കരയിലെയും കടലിലെയും താപവ്യതിയാനമാണ് ഇന്ത്യയിൽ വേനലും മഴയും നിശ്ചയിക്കുന്നത്.

എൽ നിനോ വർഷങ്ങളിൽ അന്തരീക്ഷ വായുവിന്‍റെ ചലനം ദുർബലമാകുന്നതിലൂടെ മൺസൂണിനും ശക്തികുറയും. ശക്തമായ എൽ നിനോ രൂപപ്പെടുകയാണെങ്കിൽ, അത് ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഉഷ്ണതരംഗ സാധ്യത വർധിപ്പിക്കും. കാലവർഷം കുറയുന്നതിലേക്കും ഇതു നയിക്കുമെന്നാണ് ആശങ്ക. കനത്ത വേനലും ചൂടും ഉണ്ടാവും. കുടിവെള്ളം കിട്ടാതാവും. കൃഷി നശിക്കും. അതിനാൽ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കടുത്ത പ്രതിസന്ധിയാവും ഉണ്ടാവുക.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ