പെട്രോളിൽ എഥനോൾ കലർത്തുന്ന കാര്യത്തിൽ ഇന്ത്യയുടെ മാതൃക ബ്രസീലാണ്.
പി.ബി. ബാലു
എഥനോൾ എന്ന വാക്ക് കേൾക്കുമ്പോൾ മിക്കവരുടെയും മനസിൽ ആദ്യം വരുന്നത് 'ഇ20' പെട്രോളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര സർക്കാരിന്‍റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പദ്ധതിയിലൂടെ എഥനോൾ രാജ്യത്തിന്‍റെ ഊർജ നയത്തിലെ പ്രധാന ചർച്ചാവിഷയമായി മാറി. നിലവിൽ അത് വലിയ സമര വിഷയമാവുകയും ചെയ്തിട്ടുണ്ട്.
എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമല്ല ഇന്ത്യ. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും പതിറ്റാണ്ടുകൾക്ക് മുമ്പേ ഈ ദിശയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. പ്രത്യേകിച്ച് ബ്രസീലും അമെരിക്കയും എഥനോളിനെ ഒരു ബദൽ ഇന്ധനമായി വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
1970കളിൽ തന്നെ എഥനോളിന്‍റെ സാധ്യതകൾ ബ്രസീൽ തിരിച്ചറിഞ്ഞിരുന്നു. 1973ലെ ആഗോള എണ്ണ പ്രതിസന്ധിയെത്തുടർന്ന് പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനായി എഥനോൾ ഉത്പാദനം വർധിപ്പിക്കാൻ അവർ പദ്ധതിയിട്ടു. തുടർന്ന്, 1975ൽ, ബ്രസീൽ സർക്കാർ "പ്രോൽകോൾ' എന്ന ദേശീയ പരിപാടി ആരംഭിച്ചു. കരിമ്പിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർധിപ്പിക്കുകയും പെട്രോളിന്‍റെയും ഡീസലിന്‍റെയും ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
തുടക്കത്തിൽ, 10 മുതൽ 25 ശതമാനം വരെ എഥനോൾ പെട്രോളുമായി കലർത്തി. 70കളിലും 80കളിലും എഥനോൾ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും ബ്രസീൽ വികസിപ്പിച്ചെടുത്തു. സർക്കാർ പിന്തുണയും സബ്‌സിഡിയും കാരണം ആ വാഹനങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെട്ടു.
ബ്രസീലിനെപ്പോലെ, ആഗോളതലത്തിൽ എഥനോൾ ഉത്പാദനത്തിൽ അമെരിക്കയും ഒരു പ്രധാന പങ്കാളിയാണ്. 20ാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ അമെരിക്കയിൽ എഥനോൾ ഉപയോഗിച്ചുവരുന്നു. എന്നാൽ 70കളിൽ ഇതിന്‍റെ വ്യാപകമായ ഉപയോഗം ആരംഭിച്ചു. ധാന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിലാണ് അമെരിക്ക പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉത്പാദനം കുറഞ്ഞു, പക്ഷേ 70കളിലെ എണ്ണ പ്രതിസന്ധി എഥനോളിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ യുഎസ് സർക്കാർ എഥനോൾ പ്രോത്സാഹിപ്പിച്ചു. 78ലെ എനർജി പോളിസി ആക്റ്റ് എഥനോൾ ഇന്ധനത്തിന് നികുതി ഇളവു നൽകി. അത് എഥനോൾ ഉത്പാദനത്തിലും ഉപയോഗത്തിലും വർധനവിന് കാരണമായി.
2005ൽ പുനരുപയോഗ ഇന്ധന മാനദണ്ഡം (ആർഎഫ്എസ്) നടപ്പിലാക്കിയപ്പോഴാണ് യുഎസ് എഥനോൾ പ്രോഗ്രാമിന് ഏറ്റവും വലിയ പ്രോത്സാഹനം ലഭിച്ചത്. ഒരു നിശ്ചിത അളവിൽ എഥനോൾ ഗ്യാസോലിനുമായി കലർത്തണമെന്നതു നിർബന്ധമാക്കി. 2007ലെ എനർജി ഇൻഡിപെൻഡൻസ് ആൻഡ് സെക്യൂരിറ്റി ആക്റ്റ് പിന്നീട് കൂടുതൽ ഉയർന്ന ലക്ഷ്യങ്ങൾ വച്ചു. യുഎസിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഗ്യാസോലിൻ ഇ10 ഗ്യാസോലിൻ ആണ്. ഇ15, ഇ85 പോലുള്ള മിശ്രിതങ്ങളും ലഭ്യമാണ്. എങ്കിലും അവയുടെ ഉപയോഗം പരിമിതമാണ്. ഇന്ന് ലോകത്ത് ഏറ്റവും വലിയ തോതിൽ എഥനോൾ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് യുഎസ്.
ബ്രസീൽ- അമെരിക്ക മോഡലിൽ നിന്നാണ് ഇന്ത്യയും എഥനോൾ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയിൽ എഥനോൾ ബ്ലെൻഡഡ് പെട്രോൾ (Ethanol Blended Petrol– EBP) പദ്ധതി 2003 ജനുവരി ഒന്നിനാണ് ആരംഭിച്ചത്. പദ്ധതി നിലവിൽ വന്ന സമയത്ത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രി രാം നായിക്കുമായിരുന്നു. പെട്രോളിൽ 5 ശതമാനം എഥനോൾ കലർത്തി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതിയുടെ തുടക്കം. ആദ്യഘട്ടത്തിൽ 9 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് അന്ന് ഇത് നടപ്പാക്കിയത്.
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക, പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക, കരിമ്പും മറ്റു ധാന്യങ്ങളും അടക്കമുള്ള കാർഷിക ഉത്പന്നങ്ങളിൽ നിന്ന് എഥനോൾ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക, ഗോഡൗണുകളിൽ കിടന്നു നശിച്ചുപോകുന്ന ടൺ കണക്കിനു ധാന്യങ്ങളെ പുനരുപയോഗിക്കുക, കരിമ്പിൻചണ്ടിയും വൈക്കോലും അടക്കമുള്ളവ മലിനീകരണമുണ്ടാക്കും വിധം കത്തിച്ചുകളയുന്നത് ഒഴിവാക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി മാറ്റിയത്.
നരേന്ദ്ര മോദി സർക്കാർ എത്തിയതിനു ശേഷം ഈ പദ്ധതി വിപുലീകരിച്ച് 10 ശതമാനവും പിന്നീട് 20 ശതമാനം എഥനോൾ മിശ്രിതമുള്ള ഇ20 പെട്രോൾ രാജ്യവ്യാപകമായി നടപ്പാക്കുന്ന നയത്തിലേക്ക് മാറി. 2021-22 ൽ ഇന്ത്യ 10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിച്ചു. 2022-23ൽ ഇത് 12.06 ശതമാനമായും 2023-24ൽ 14.06 ശതമാനമായും 2025 ജൂലൈയിൽ 20 ശതമാനമായും വർധിപ്പിച്ചു. 2014-15 മുതൽ 2025 വരെ പെട്രോളിന് പകരം എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്തതിലൂടെ രാജ്യം ഏകദേശം 1.40 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതായി സർക്കാർ പറയുന്നു. 2030ഓടെ പെട്രോളിൽ 30 ശതമാനം എഥനോൾ മിശ്രിതം കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ അടുത്ത പ്രധാന ലക്ഷ്യം.
ഇന്ത്യയുടെ ഇ20 പദ്ധതി പ്രധാനമായും മൂന്നു ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടപ്പാക്കിയത്- ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, കരിമ്പ് ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ഒരുക്കുക.
ഈ രംഗത്തെ മാതൃക ബ്രസീലാണ്. അവിടെ പെട്രോളിൽ 27 ശതമാനം എഥനോൾ (ഇ27) നിർബന്ധമായും ചേർക്കുന്നു. അതിനൊപ്പം, രാജ്യത്തെ ലക്ഷക്കണക്കിന് ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾ 100 ശതമാനം എഥനോൾ (ഇ100) ഉപയോഗിച്ചും ഓടുന്നു. പെട്രോളിന്‍റെയും എഥനോളിന്‍റെയും വിപണി വില അനുസരിച്ച് ഉപഭോക്താവിന് ഇന്ധനം തെരഞ്ഞെടുക്കാം.
അമെരിക്കയിൽ സാധാരണ ഇ10 ലഭ്യമാണെങ്കിലും ഇ15 വ്യാപകമാകുകയാണ്. ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾക്കായി ഇ85ഉം ലഭ്യമാണ്. കാനഡ, തായ്‌ലൻഡ്, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളും എഥനോൾ മിശ്രിത നയം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
എഥനോൾ, പെട്രോൾ, അല്ലെങ്കിൽ ഇവ രണ്ടും വിവിധ അനുപാതങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾ (Flex- Fuel Vehicles– FFVs) ഇതിന്‍റെ വിജയത്തിന് ആവശ്യമാണ്. ഇന്ധനത്തിലെ എഥനോളിന്‍റെ അളവ് തിരിച്ചറിഞ്ഞ് അതനുസരിച്ച് എൻജിന്‍റെ പ്രവർത്തനം സ്വയം ക്രമീകരിക്കുന്ന ഇലക്‌ട്രോണിക് എൻജിൻ മാനെജ്മെന്‍റ് സംവിധാനമാണ് ഇവയുടെ പ്രധാന സവിശേഷത.
എഥനോൾ ഉപയോഗത്തിന് അനുയോജ്യമായ ഫ്യൂവൽ ടാങ്ക്, പൈപ്പുകൾ, സീലുകൾ, എൻജിൻ ഘടകങ്ങൾ എന്നിവയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഫ്യൂവൽ ഇൻജക്‌ഷൻ, ഇഗ്നിഷൻ ടൈമിങ് തുടങ്ങിയവ ഇന്ധനത്തിന്‍റെ ഘടന അനുസരിച്ച് സ്വയം ക്രമീകരിക്കും. വാഹനത്തിന്‍റെ രൂപകൽപ്പന അനുസരിച്ച് ഇ20, ഇ85, ഇ100 തുടങ്ങിയ എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാനാകും. ഇങ്ങനെ ഉയർന്ന എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വാഹനങ്ങളും ആവശ്യമാണ്.
എഥനോൾ അല്ലെങ്കിൽ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾ ലോകത്തു നിരവധി പ്രമുഖ വാഹന നിർമാതാക്കൾ പുറത്തിറക്കുന്നുണ്ട്. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് വലിയ വിപണിയാണുള്ളത്.
ഫോക്സ്‌വാഗൺ, ടൊയോട്ട, ജനറൽ മോട്ടോഴ്സ് (ഷെവർലേ), ഫിയറ്റ്, ഫോർഡ്, ഹോണ്ട, ഹ്യുണ്ടായ്, റെനോ, നിസാൻ, മിത്‌സുബിഷി തുടങ്ങിയ കമ്പനികൾ വിവിധ ഫ്ലെക്സ്- ഫ്യൂവൽ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ബ്രസീൽ വിപണിയിൽ കൊറോള ഫ്ലെക്സ്, ഒനിക്സ് ഫ്ലെക്സ്, പോളെ ഫ്ലോക്സ് തുടങ്ങിയ മോഡലുകൾ ഏറെ പ്രചാരത്തിലുണ്ട്. പെട്രോളിനൊപ്പം എഥനോൾ ഉപയോഗിക്കാനുള്ള സൗകര്യം കാരണം അവിടുത്തെ വാഹന വിപണിയുടെ വലിയൊരു ഭാഗം ഇത്തരം വാഹനങ്ങളാണ്. അമെരിക്കയിലും ഇ85 എഥനോൾ പെട്രോൾ ഉപയോഗിക്കുന്ന ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾ ലഭ്യമാണ്.
നിർഭാഗ്യവശാൽ ഇന്ത്യയിൽ നിലവിൽ പൂർണമായ ഫ്ലെക്സ്- ഫ്യൂവൽ വാഹനങ്ങൾ വ്യാപകമായി വിൽപ്പനയ്ക്കില്ല. എന്നാൽ ടൊയോട്ട, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ എഥനോൾ അനുയോജ്യമായ വാഹന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ശ്രമിക്കുന്നുണ്ട്. ഇന്ത്യ ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിനൊപ്പം എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കുന്ന ധാരാളം വാഹനങ്ങൾ കൂടി ഉണ്ടാവണം എന്നതാണു ശ്രദ്ധിക്കേണ്ടത്.