ഈ തെരഞ്ഞെടുപ്പു കാലത്ത് ഇതേ പറയാനുള്ളൂ: സംഭവിക്കുന്നതെല്ലാം നല്ലതിന്!

 
Special Story

ഈ തെരഞ്ഞെടുപ്പു കാലത്ത് ഇതേ പറയാനുള്ളൂ: സംഭവിക്കുന്നതെല്ലാം നല്ലതിന്!

2021ൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആരംഭിച്ചതാണ് അതിദാരിദ്ര്യ മുക്ത പദ്ധതി.

MV Desk

ജ്യോത്സ്യൻ

2025 നവംബർ ഒന്ന് കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമായിരുന്നു. അന്നാണ് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ""അതിദാരിദ്ര്യമുക്ത കേരളം'' എന്ന നേട്ടം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു പ്രഖ്യാപനമായിരുന്നു അത്.

2021ൽ രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആരംഭിച്ചതാണ് അതിദാരിദ്ര്യ മുക്ത പദ്ധതി. ഈ പദ്ധതിയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങൾക്ക് പുതിയൊരു ജീവിതം നൽകുകയായിരുന്നു.

4,766 കുടുംബങ്ങൾക്കു പുതിയ വീടും 2,713 കുടുംബങ്ങൾക്കു വസ്തുവും വീടും ലഭിച്ചു. 5,446 കുടുംബങ്ങൾക്ക് വീടുകൾ പുതുക്കിപ്പണിയാൻ സാമ്പത്തിക സഹായവും ലൈഫ് മിഷൻ പദ്ധതി വഴി അർഹരായ എല്ലാ കുടുംബങ്ങൾക്കും വീടുകളും നൽകി. 20,648 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം കിട്ടി. അതിൽത്തന്നെ 2,210 പേർക്ക് പാകം ചെയ്ത ഭക്ഷണമാണു നൽകിയത്. 5,132 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡുകളും 29,427 കുടുംബങ്ങളിലെ 81,281 വ്യക്തികൾക്ക് വൈദ്യസഹായവും എത്തിച്ചു. കൂടാതെ 4,394 കുടുംബങ്ങൾക്ക് ഉപജീവനത്തിനായി സ്വയം തൊഴിലും ജോലിക്കുള്ള പിന്തുണയും നൽകി.

ഇങ്ങനെ വളരെ വിപുലമായ സഹായമാണ് നൽകിയിരിക്കുന്നതെന്ന് അവകാശപ്പെട്ട് കേരളത്തിലെ ഇടതു സർക്കാർ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും മുഴുവൻ പേജ് പരസ്യവും നൽകി. ഇതൊരു നല്ല കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സൂചിപ്പിക്കുന്നതു പോലെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞോ?

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണി ഇറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ സൂചിപ്പിച്ചിരുന്നത് കേരളത്തിൽ 4.5 ലക്ഷം അതിദരിദ്രരുണ്ടെന്നും അവരുടെ ദാരിദ്ര്യം തുടച്ചുമാറ്റും എന്നുമായിരുന്നു. ഇപ്പോൾ 64,000 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യ പട്ടികയിൽ നിന്ന് പുറത്തു കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ ഇതൊരു തെരഞ്ഞെടുപ്പു തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും കുടിശികകളും വാരിക്കോരി നൽകുകയാണ്. ഒരു വർഷത്തോളമായി സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്തിരുന്ന ആശാ വർക്കർമാർക്ക് ഇപ്പോഴാണു പ്രതിദിനം 33 രൂപ കൂടി സഹായം എത്തിയത്.

ഏതായാലും, കേരളത്തിലെ 64,000 കുടുംബങ്ങളെ അതിദാരിദ്ര്യ രേഖയിൽ നിന്ന് പുറത്തു കൊണ്ടുവന്നത് നല്ല കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല. ഇനിയും ധാരാളം മുന്നോട്ടുപോകാനുണ്ട്. കേരളം പൂർണ സാക്ഷരതയിലെത്തിയപ്പോഴും ശുചിത്വപൂർണ സംസ്ഥാനമായപ്പോഴും ഘട്ടം ഘട്ടമായാണ് ആ നേട്ടങ്ങൾ കൈവരിച്ചത്. പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി പൂർണമാകണമെങ്കിൽ അടുത്ത പ്രാവശ്യം ഭരണത്തിലേറുന്നവരും ഈ പദ്ധതിയുടെ തുടർച്ചയുമായി മുന്നോട്ടുപോകണം.

നവംബർ ഒന്നിന് മറ്റൊരു പ്രത്യേകത കൂടി കണ്ടു. കാൽ നൂറ്റാണ്ടായി കോൺഗ്രസിൽ മെംബർഷിപ്പ് ഇലക്‌ഷൻ നടത്തിയിട്ട്. പണ്ടുമുതലേ നേതാക്കളുടെ പെട്ടി ചുമക്കുന്നവർക്കാണു കോൺഗ്രസിൽ സ്ഥാനമാനങ്ങൾ കിട്ടുന്നത്. കോൺഗ്രസിന്‍റെ ഭരണഘടനയനുസരിച്ച് പ്രൈമറി മെംബർഷിപ്പ് വിതരണം ചെയ്ത് ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മറ്റിക്കാരും കെപിസിസി ഭാരവാഹികളും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറണം. എന്നാൽ അതൊക്കെ ഒരു പഴങ്കഥയായി.

കെപിസിസിക്ക് ഒരു ജനറൽ ബോഡിയുണ്ട്. ഇപ്പോൾ ആ ജനറൽ ബോഡി മീറ്റിങ് വിളിച്ചു കൂട്ടാൻ തിരുനക്കര മൈതാനം തന്നെ വേണം! ഒരു ജാഥ നടത്താൻ ഇപ്പോഴുള്ള കെപിസിസി ഭാരവാഹികൾ മാത്രം മതി! അതിനു പുറമേ രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റിയും വന്നിട്ടുണ്ട്.

ഇപ്പോഴിതാ, അതിനു പുറമെ വീണ്ടും 17 പേരടങ്ങുന്ന കോർ കമ്മിറ്റിയും രൂപീകരിച്ചിരിക്കുന്നു. വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളെ ഫലപ്രദമായി നേരിടാൻ ഈ കമ്മറ്റികളുടെയെല്ലാം മീറ്റിങ് വിളിച്ചുകൂട്ടി തീരുമാനം എടുക്കുമ്പോഴേക്കു തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിരിക്കും..! ഏതായാലും ഐക്യ കേരള ദിനത്തിൽ കേരളത്തിലെ കോൺഗ്രസിന് പുതുജീവൻ നൽകാൻ 17 അംഗ കോർ കമ്മിറ്റി കൂടി ഉണ്ടാക്കിയത് നല്ല കാര്യമാണെന്നാണ് ജോത്സ്യന് പറയാനുള്ളത്.

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ജിതേഷ് ശർമ നയിക്കും, വൈഭവ് സൂര‍്യവംശി ഉൾപ്പടെ യുവ താരങ്ങൾ; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമായി

ബിഹാറിൽ കൊട്ടിക്കലാശം; ജനഹിതം തേടി നേതാക്കൾ, വിധിയെഴുത്ത് വ്യാഴാഴ്ച

"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ