രാഷ്‌ട്രപതി
രാഷ്‌ട്രപതി
ഭാവിയെ രൂപപ്പെടുത്തുന്നുവരാണ് അധ്യാപകർ. ഇന്ന്, ഈ അധ്യാപക ദിനത്തിൽ, കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകർന്നുനൽകുന്ന എല്ലാ അധ്യാപകർക്കും, മുഴുവൻ ഭാരതീയരുടെയും പേരിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
രണ്ടാമത്തെ രാഷ്‌ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തന്‍റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം അറിയാവുന്നതാണല്ലോ. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനായ പണ്ഡിതനും പ്രശസ്തനായ എഴുത്തുകാരനും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞനും ആയിരുന്നിട്ടുപോലും, അദ്ദേഹം തന്‍റെ അധ്യാപകനായുള്ള പങ്കിനെയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കരുതിയത്.
ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മുൻ രാഷ്‌ട്രപതിമാരിൽ ഒരാളായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനോട് ജനങ്ങൾ അദ്ദേഹത്തെ ഒരു ശാസ്ത്രജ്ഞനായാണോ അതോ ഒരു രാഷ്‌ട്രപതിയായാണോ ഓർമിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. താൻ ഒരു അധ്യാപകനായി ഓർമിക്കപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് ഡോ. കലാം അതിന് മറുപടി നൽകിയത്.
യോഗ്യതയും വ്യക്തിത്വവും കൊണ്ട് ആദരണീയരാകുന്ന അധ്യാപകരും അത്തരം അധ്യാപകരോട് സമർപ്പണബോധമുള്ള വിദ്യാർഥികളുമാണ് എന്നും നമ്മുടെ മാതൃക. അധ്യാപകർ വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കണം, അവരെല്ലാവരോടും സമത്വത്തോടും നീതിയോടും പെരുമാറണം, ദേഷ്യപ്പെടരുത്, ക്ഷമ കൈവെടിയരുത്, വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകണം, അവരുടെ പഠനശേഷിക്ക് അനുസരിച്ച് പഠിപ്പിക്കണം എന്നാണ് നമ്മുടെ പ്രാചീന ഗ്രന്ഥങ്ങൾ നിർദേശിക്കുന്നത്. ഇത്തരം അധ്യാപകരോടുള്ള ആഴത്തിലുള്ള ആദരവിന്‍റെ ഭാഗമായാണ്, ഏകദേശം മൂന്ന് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തൈത്തിരീയ ഉപനിഷത്തിലെ ശിക്ഷാവല്ലി "ആചാര്യ ദേവോ ഭവ' എന്ന കാലാതീതമായ സന്ദേശം നൽകിയത്.
പണ്ഡിതരും അനുകമ്പയുള്ളവരുമായ നിരവധി അധ്യാപകർ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ്. ചിലപ്പോഴൊക്കെ അധ്യാപകർ സ്കൂൾ സമയത്തിന് ശേഷവും സ്വന്തം വീടുകളിൽ വച്ച് നമ്മെ പഠിപ്പിക്കുകയും, വലിയ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യുമായിരുന്നു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, തുടർപഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യ പെൺകുട്ടിയായിരുന്നു ഞാൻ. പിന്നീട് ഭുവനേശ്വരിൽ പഠിക്കുമ്പോഴും അധ്യാപകരിൽ നിന്ന് ധാരാളം സ്നേഹവും പ്രോത്സാഹനവും ലഭിക്കാൻ ഞാൻ ഭാഗ്യം ചെയ്തവളായിരുന്നു.
വളരെ വിനയത്തോടെയാണ് ഞാൻ എന്‍റെ അധ്യാപകരെക്കുറിച്ച് പരാമർശിക്കുന്നത്, കാരണം അവരുടെ കഥ ആഴമേറിയ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു: സ്നേഹസമ്പന്നനും സമർപ്പിതനുമായ ഒരു അധ്യാപകന് ഒരു വിദ്യാർഥിയിൽ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണർത്താൻ സാധിക്കും. ആ പ്രോത്സാഹനത്താൽ ശക്തി പ്രാപിക്കുന്ന വിദ്യാർഥികൾ, ജീവിതത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഏറ്റവും ഉയർന്ന ലക്ഷ്യങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസവും കൈവരിക്കുന്നു.
അധ്യാപകർ വെറും പാഠ്യപദ്ധതി പഠിപ്പിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. സ്വന്തം പെരുമാറ്റത്തിലൂടെയും മാതൃകയിലൂടെയും, ഫലപ്രദമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായ കലയും നൈപുണ്യങ്ങളും അവർ വിദ്യാർഥികളെ പഠിപ്പിക്കുന്നു. ഒരു വഴികാട്ടി (മെന്‍റർ) എന്നതിനു പുറമെ, വിദ്യാർഥികളുടെ അറിവ് തേടിയുള്ള യാത്രയിൽ അധ്യാപകർ അഭ്യുദയകാംക്ഷിയും സുഹൃത്തും സഹയാത്രികരുമാണ്.
നല്ലൊരു അധ്യാപകൻ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള, പുരാതന കാലം മുതൽ നമ്മുടെ സംസ്കാരത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട ഉൾക്കാഴ്ച ഇന്ന് പ്രസക്തമായി തുടരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് "മാളവികാഗ്നിമിത്രം' എന്ന നാടകത്തിൽ മഹാകവി കാളിദാസൻ എഴുതിയത്, ആഴത്തിലുള്ള അറിവും ഒപ്പം ആ അറിവ് കാര്യക്ഷമമായി പകർന്നുനൽകാനുള്ള കഴിവുമുള്ള ആളാണ് നല്ലൊരു അധ്യാപകൻ എന്നാണ്.
ഒരു പ്രശസ്ത സംസ്‌കൃത സുഭാഷിതം നമ്മോട് പറയുന്നു: "സർവത്ര വിജയം ഇച്ഛേത്, ശിഷ്യാദ് ഇച്ഛേത് പരാജയം' - ഒരാൾക്ക് എല്ലായിടത്തും വിജയം ആഗ്രഹിക്കാം, എന്നാൽ സ്വന്തം ശിഷ്യന്‍റെ മുന്നിൽ മാത്രം പരാജയം ആഗ്രഹിക്കണം. വിദ്യാർഥികളിൽ സ്വതന്ത്ര ചിന്താഗതി പ്രോത്സാഹിപ്പിക്കുക, അവരുടെ ജിജ്ഞാസ ഉണർത്തുക, ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രവണത വളർത്തുക, യുക്തിചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും മൂർച്ച കൂട്ടുക, അവരെ സ്വതന്ത്ര വ്യക്തികളായി വളരാൻ സഹായിക്കുക എന്നിവ അധ്യാപനത്തിലെ ഏറ്റവും പ്രയോജനകരവും സംതൃപ്തി നൽകുന്നതുമായ വശങ്ങളിൽപ്പെടുന്നു. ഇത്തരം പ്രചോദനാത്മകമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയകരമായ സംരംഭകർ, മിടുക്കരായ ശാസ്ത്രജ്ഞർ, സർഗാത്മക കലാകാരന്മാർ, ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്താൻ ശേഷിയുള്ള പൗരന്മാർ എന്നിവരടങ്ങുന്ന തലമുറകളെ വാർത്തെടുക്കാൻ സാധിക്കൂ.
അധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല; അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്; മനുഷ്യകുലത്തെ രൂപപ്പെടുത്തുന്ന പവിത്രമായ ദൗത്യമാണത്. വരാനിരിക്കുന്ന തലമുറകൾക്കായി വഴിവെളിച്ചം കാട്ടുന്ന മഹത്തായ ഉത്തരവാദിത്തമാണത്.
അധ്യാപനവുമായി ബന്ധപ്പെട്ട ഓർമകൾ എനിക്ക് സവിശേഷമായ ഒരു സംതൃപ്തി നൽകുന്നുണ്ട്. ഒഡിഷയിലെ റൈരംഗ്പുരിലുള്ള ശ്രീ അരബിന്ദോ ഇന്‍റഗ്രൽ സ്കൂളിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനു പുറമെ, കുട്ടികളെ സംഗീത പരിപാടികൾക്കും കായിക വിനോദങ്ങൾക്കും നാടകങ്ങൾക്കും തയാറാക്കാൻ സഹായിക്കുന്നതിൽ പൂർണമായി പങ്കാളിയായിരുന്നു. സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചും ചടങ്ങുകളിലെ കുട്ടികളുടെ സന്തോഷകരമായ ആവേശത്തെക്കുറിച്ചും ഓർത്തെടുക്കുന്നത് ഇന്നും വലിയ ഉന്മേഷം നൽകുന്നു. മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളെ പിക്നിക്കുകൾക്ക് കൊണ്ടുപോകുന്നതിലും, കളികളിലൂടെയും പര്യവേഷണങ്ങളിലൂടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും ലോകത്തേക്ക് അവരെ പരിചയപ്പെടുത്തുന്നതിലും ഞാൻ വലിയ തൃപ്തിയും അർഥവും കണ്ടെത്തിയിരുന്നു.
സ്കൂൾ പഠനം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും എന്‍റെ വിദ്യാർഥികൾ എന്നെ അവരുടെ കുടുംബ ചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. പല വിദ്യാർഥികളുടെയും പേരുകൾ മാത്രമല്ല, നമ്മൾ സ്നേഹത്തോടെ അവരെ വിളിച്ചിരുന്ന വിളിപ്പേരുകളും എനിക്ക് വ്യക്തമായി ഓർമയുണ്ട്. ഞാൻ പഠിപ്പിച്ച വിദ്യാർഥികളിൽ നിന്ന് ഞാനും ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുട്ടികളുടെ സ്വാഭാവികതയിൽ നിന്നും ജിജ്ഞാസയിൽ നിന്നും അധ്യാപകരും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രാഷ്‌ട്രപതിയായുള്ള എന്‍റെ കാലാവധിയുടെ രണ്ടാം വർഷം പൂർത്തിയാകുന്ന വേളയിൽ, രാഷ്‌ട്രപതി ഭവന്‍റെ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളെ കാണാനും അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കാനും ഞാൻ എപ്പോഴും താത്പര്യപ്പെടുന്നു. അവർ പങ്കുവെക്കുന്ന കാര്യങ്ങൾ എപ്പോഴും എന്‍റെ മനസിൽ നിലനിൽക്കും.
ഏകദേശം 11 വർഷങ്ങൾക്ക് മുമ്പ്, ഞാൻ എന്‍റെ ഗ്രാമത്തിലെ വീട്ടിൽ ഒരു റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുമാണ് ആ സ്കൂളിൽ പഠിക്കുന്നത്. കുട്ടികളെ കാണാൻ ഇടയ്ക്കിടെ ആ സ്കൂൾ സന്ദർശിക്കാറുണ്ട്. ജൂൺ 20ന്, എന്‍റെ ജന്മദിനത്തിൽ കുട്ടികളെ കാണാൻ സാധിച്ചതിൽ ഞാൻ വലിയ സന്തോഷവതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്നോടൊപ്പം സ്കൂൾ സന്ദർശിക്കുകയും വിദ്യാർഥികൾക്ക് പ്രചോദനം നൽകുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയ ആ അസാധാരണ അനുഭവം അവർക്ക് എന്നും ഒരു പ്രചോദന സ്രോതസായിരിക്കും. ആ കുട്ടികൾ ഉയർച്ച കൈവരിക്കുന്നത് കാണുന്നത് എന്നിൽ ഒരു പ്രത്യേക അർഥബോധവും തൃപ്തിയും നിറയ്ക്കുന്നു.
വിദ്യാഭ്യാസം പകർന്നു നൽകുന്നത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമല്ല. പെരുമാറ്റത്തിലൂടെയും നേട്ടങ്ങളിലൂടെയും കുട്ടികൾക്ക് മാതൃകയാകുന്നവരും പ്രചോദനത്തിന്‍റെ ഉറവിടമാണ്.
രക്ഷിതാക്കളും രക്ഷകർത്താക്കളും മക്കളെ പഠിക്കാൻ അയക്കുമ്പോൾ വലിയ വിശ്വാസമാണ് അധ്യാപകരിൽ അർപ്പിക്കുന്നത്. അധ്യാപകർ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണുമെന്നും, കുട്ടിയുടെ സുരക്ഷയിലും വികസനത്തിലും പരമാവധി ശ്രദ്ധ പുലർത്തുമെന്നും അവർ വിശ്വസിക്കുന്നു. ഈ പവിത്രമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അധ്യാപകരുടെയും ധർമമാണ്. അധ്യാപകന്‍റെ മനോഭാവവും പെരുമാറ്റവും കുട്ടികളിൽ ഭയവും ആശങ്കയും ഉണ്ടാക്കുന്നതോ, അവരുടെ മനോവീര്യം തകർക്കുന്നതോ, അപകർഷതാബോധം വളരാൻ അനുവദിക്കുന്നതോ ആകരുത്.
വിദ്യാർഥികളെ നല്ല മനുഷ്യരായി മാറുവാൻ വഴിനടത്തുക എന്നത് അധ്യാപകരുടെ പവിത്രമായ കടമയാണ്. തങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ധാർമികത പുലർത്തുന്നതോടൊപ്പം തന്നെ സമൃദ്ധിയും പ്രശസ്തിയും കൈവരിക്കുന്ന വിദ്യാർഥികളാണ് ഒരു അധ്യാപകന്‍റെ വിജയത്തിന്‍റെ ജീവിക്കുന്ന പ്രതീകങ്ങൾ.
സാമൂഹിക ഉൾക്കൊള്ളലിന് മുൻഗണന നൽകി നമ്മുടെ രാജ്യം ഒരു വികസിത രാഷ്‌ട്രമാകുക എന്ന ലക്ഷ്യത്തിലേക്ക് സ്ഥിരതയോടെ മുന്നേറുകയാണ്. ഈ യാത്രയിൽ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെയും പാരമ്പര്യങ്ങളുടെയും മഹത്വത്തെ വിലമതിക്കുന്ന; ശാസ്ത്രീയ കാഴ്ചപ്പാട് വളർത്തിയെടുക്കുകയും മാനവരാശിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന; അന്ത്യോദയ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുന്ന; പരിസ്ഥിതിയെയും സർവ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന; വ്യക്തിഗതവും കൂട്ടായതുമായ ഉന്നതിക്കായി പരിശ്രമിക്കുന്ന, ഒപ്പം "രാഷ്‌ട്രം പ്രഥമം' എന്ന ബോധത്തോടെ മുന്നോട്ടുപോകുന്നതുമായ വിദ്യാർഥി തലമുറകളെ നമ്മുടെ അധ്യാപകർ വാർത്തെടുക്കണം. രാജ്യത്തെ ഓരോ പൗരനോടും ഞാൻ അഭ്യർഥിക്കുന്നു: പ്രതിബദ്ധതയും ആത്മാർഥതയുമുള്ള നമ്മുടെ അധ്യാപകരെ എപ്പോഴും ഏറ്റവും ഉയർന്ന ആദരവോടെ കാണുക. സമർപ്പിതരായ നമ്മുടെ അധ്യാപകരുടെ സംഭാവനകളിലൂടെ ഭാരതം തുടർന്നും പഠിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്യട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.