ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും ബുധനാഴ്ച മഹാ ശിവരാത്രി 
Special Story

ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും ബുധനാഴ്ച മഹാ ശിവരാത്രി

പരമശിവനെക്കുറിച്ച്‌ പല ധർമ ഗ്രന്ഥങ്ങളിലും അപാരമായ ജ്ഞാനമുണ്ട്‌.

നന്ദകുമാർ കൈമൾ

നമ്മളെല്ലാവരും ദേവീദേവന്മാരെക്കുറിച്ച്‌ അറിയുന്നത്‌ ചെറുപ്പകാലം മുതൽ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കഥകളിൽ കൂടിയാണല്ലോ. എന്നാൽ ദേവീദേവന്മാരുടെ ഉപാസനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പിന്നിലുള്ള ശാസ്ത്രം, ദേവീദേവന്മാരുടെ തത്ത്വം, ശക്തി ഇതിന്‍റെ പിന്നിലുള്ള ശാസ്ത്രം നമുക്കറിയില്ല.

ദേവീദേവന്മാരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ അവരിൽ കൂടുതൽ വിശ്വാസം ഉണ്ടാകുകയും ഈ വിശ്വാസം പിന്നീട്‌ ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയിൽ നടക്കുകയും ചെയ്യും.

പരമശിവനെക്കുറിച്ച്‌ പല ധർമ ഗ്രന്ഥങ്ങളിലും അപാരമായ ജ്ഞാനമുണ്ട്‌. അതിലുള്ളതെല്ലാം പഠിച്ച്‌ മനസിലാക്കുവാൻ നമുക്ക്‌ ഒരു ജന്മം മതിയാവില്ല. എന്നാൽ ശിവന്‍റെ ഉപാസന ചെയ്യാൻ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നമുക്ക്‌ ഈ ലേഖനത്തിലൂടെ മനസിലാക്കാം.

ശിവൻ

'ശിവൻ' എന്നു വച്ചാൽ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവൻ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്‌. ശിവൻ സ്വയം പ്രകാശിച്ചുകൊണ്ട്‌ ഈ സന്പൂർണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ്‌ ശിവനെ "പരബ്രഹ്മം' എന്നു വിളിക്കുന്നത്‌. ശിവന്‌ ശങ്കരൻ, സഹാകാലേശ്വരൻ, മഹാദേവൻ, ഭാലചന്ദ്രൻ, കർപ്പൂരഗൗരൻ, നീലകണ്‌ഠൻ എന്നിങ്ങനെ പല പേരുകളുമുണ്ട്‌.

ശിവന്‍റെ സവിശേഷതകൾ

1. ഡമരൂ /തുടി: ഡമരു ശബ്ദബ്രഹ്മത്തിന്‍റെ പ്രതീകമാണ്‌. അതിൽനിന്ന്‌ 52 അക്ഷരങ്ങളുടെ മൂല ധ്വനിയും 14 മാഹേശ്വരസൂത്രങ്ങളുടെ രൂപത്തിൽ അക്ഷരമാലയും ഉത്ഭവിച്ചു. അതിൽ നിന്നാണ്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌.

2. ത്രിശൂലം: ഇത്‌ ഇക്കാര്യങ്ങളെ സൂചിപ്പിക്കുന്നു-

A. ത്രിഗുണങ്ങൾ (സത്ത്വ, രജ, തമ)

B. സൃഷ്ടി, സ്ഥിതി, സംഹാരം ഇവയുടെ ഉറവിടം

C. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ ത്രിശൂലത്തിന്‍റെ മൂന്നു മുനകളാകുന്നു.

3. ഗംഗ: സൌരയൂഥത്തിന്‍റെ കേന്ദ്രബിന്ദുവാണ്‌ സൂര്യൻ, ശരീരത്തിന്‍റെ കേന്ദ്രബിന്ദു ആത്മാവും; ഇതുപോലെ ഓരോ വസ്തുവിലുമുള്ള ചൈതന്യത്തിന്‍റെയും പവിത്രകങ്ങളുടേയും (സൂക്ഷ്‌മമായ ചൈതന്യത്തിന്‍റെ കണങ്ങൾ) കേന്ദ്രബിന്ദുവാണ്‌ "ഗം'. ഏതിൽ നിന്നുമാണോ ഗം ഗമനം ചെയ്യുന്നത്‌ ആ പ്രവാഹമാണ്‌ ഗം ഗഃ - ഗംഗ’. ശിവന്‍റെ ശിരസിൽ നിന്നും ഗം പ്രവഹിക്കുന്നു. ഇതിനെയാണ്‌ ശിവന്‍റെ ശിരസിൽ നിന്നും ഗംഗ ഉത്ഭവിക്കുന്നു’, എന്നു പറയുന്നത്‌.

4. ചന്ദ്രൻ: ശിവൻ നെറ്റിയിൽ ചന്ദ്രനെ ധരിച്ചിരിക്കുന്നു. ചന്ദ്രൻ മമത, ക്ഷമാശീലം, വാത്സല്യം എന്നീ മൂന്നു ഗുണങ്ങളും ഒത്തു ചേരുന്ന അവസ്ഥ ആകുന്നു.

5. ത്രിനേത്രൻ:

A. ശിവന്‍റെ ഇടത്തെ കണ്ണ്‌ ഒന്നാമത്തേതും, വലത്തെ കണ്ണ്‌ രണ്ടാമത്തേതും, ഭ്രൂമധ്യത്തിനു കുറച്ചു മുകളിലായി സൂക്ഷ്‌മ രൂപത്തിലുള്ള കണ്ണ്‌ മൂന്നാമത്തെ കണ്ണുമാകുന്നു. ഇടതു- വലതു കണ്ണുകളുടെ സംയുക്ത ശക്തിയുടെ പ്രതീകമാണ്‌ മൂന്നാം കണ്ണ്‌. ഇത്‌ അതീന്ദ്രിയ ശക്തിയുടെ മഹാപീഠമാണ്‌. ഇതിനെ ജ്യോതിർമഠം, വ്യാസപീഠം എന്നിങ്ങനെയും പറയുന്നു.

B. ശിവൻ ത്രിനേത്രനാകുന്നു, അതായത്‌ ഭൂതം, വർത്തമാനം, ഭാവി എന്നീ ത്രികാലങ്ങളിലുമുള്ള സംഭവങ്ങളെ അവലോകനം ചെയ്യാൻ സമർഥനാകുന്നു.

C. യോഗശാസ്ത്രപ്രകാരം മൂന്നാം കണ്ണ്‌ സുഷുമ്ന നാഡിയാകുന്നു.

6. ഭസ്മം: ശിവൻ ശരീരത്തിൽ ഭസ്മം ധരിക്കുന്നു.

ഭൂ-ഭവ്‌ എന്നാൽ ജനിക്കുക. അസ്‌ - അസ്മ - അശ്മ എന്നാൽ ചാരം. ജനിക്കുകയും പിന്നെ ചാരമായി തീരുകയും ചെയ്യുന്നതെന്തോ അതിനെ ഭസ്മം എന്നു പറയുന്നു. ശ്മ (സ്മ) എന്നതിന്‍റെ അർഥം ചാരമെന്നും ശൃ-ശന്‌ എന്നതിന്‍റെ അർഥം ചിതറിക്കിടക്കുന്നത്‌ എന്നുമാണ്‌; എവിടെ ചാരം ചിതറിക്കിടക്കുന്നുവോ അത്‌ ശ്മശാനമാകുന്നു. ഭൂമി അഗ്നിയിൽ (തേജസിൽ) നിന്നും ഉണ്ടായതാണ്‌. ഭൂമിയിലുള്ള സകല ജീവജാലങ്ങളും ഭൂമിയുടെ തേജസിൽനിന്നും ഉത്ഭവിക്കുകയും അതേ തേജസിൽതന്നെ ലയിക്കുകയും ചെയ്യുന്നു.

ശരീരം നശ്വരമാണ്‌ എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന്‌ ഭസ്മം പഠിപ്പിക്കുന്നു. ഭസ്മം തൊടുമ്പോൾ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലണം എന്നു പറയുന്നു.

7. രുദ്രാക്ഷം: രുദ്ര + അക്ഷം എന്നതിൽ നിന്നുമാണ്‌ രുദ്രാക്ഷം എന്ന വാക്കുണ്ടായത്‌.

A. അക്ഷം എന്നാൽ അച്ചുതണ്ട്‌ എന്നാകുന്നു. ഒരേ അക്ഷത്തിൽ കറങ്ങുന്നതിനാൽ കണ്ണുകളേയും അക്ഷമെന്നു പറയുന്നു. രുദ്ര + അക്ഷം അതായത്‌ എല്ലാം കാണുവാനും ചെയ്യുവാനും കഴിവുള്ളവൻ, ഉദാ. മൂന്നാം കണ്ണ്‌ ആകുന്നു രുദ്രാക്ഷം.

B. രുദ്രാക്ഷം ബീജമാണ്‌, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേപോലെയാണ്‌. രുദ്രാക്ഷം ആത്മാവിന്‍റെ പ്രതീകമാണ്‌. രുദ്രാക്ഷത്തിന്‍റെ നിറം ചുവപ്പും രൂപം മത്സ്യത്തെപ്പോലെ പരന്നതുമാണ്‌. അതിന്‍റെ മുകളിൽ മഞ്ഞ നിറത്തിലുള്ള വരകളും ഒരു ഭാഗത്ത്‌ അല്പം തുറന്ന വായുമുണ്ടായിരിക്കും.

C. രുദ്രാക്ഷം സത്ത്വ തരംഗങ്ങളെ ആഗിരണം ചെയ്യുന്നു, അതിന്‍റെ മുകൾ ഭാഗത്തു നിന്നും സത്ത്വ തരംഗങ്ങൾ ബഹിർഗമിക്കുകയും ചെയ്യുന്നു.

D. യഥാർഥ രുദ്രാക്ഷവും വ്യാജ രുദ്രാക്ഷവും: യഥാർഥ രുദ്രാക്ഷം വെള്ളത്തിൽ ഇട്ടു വച്ചാൽ മുങ്ങിപ്പോകും. വ്യാജ രുദ്രാക്ഷം വെള്ളത്തിൽ പൊങ്ങി നിൽക്കും. യഥാർഥ രുദ്രാക്ഷത്തിന്‍റെ നിറം ഇളകില്ല, അതിൽ പ്രാണികളും വരില്ല. എന്നാൽ വ്യാജ രുദ്രാക്ഷത്തിൽ ഈ രണ്ടു കാര്യങ്ങളും സംഭവിക്കുവാനുള്ള സാധ്യതയുണ്ട്‌.

ശിവലിംഗത്തിന്‌ അർധ പ്രദക്ഷിണം

വയ്ക്കുന്നതിന്‍റെ കാരണമെന്ത്‌?

ശിവലിംഗത്തിനു മുമ്പിൽ നിൽക്കുമ്പോൾ വലതു വശത്ത്‌ അഭിഷേക ജലത്തിന്‍റെ ഓവ്‌ കാണാം. പ്രദക്ഷിണം വയ്ക്കുമ്പോൾ ഇടതു വശത്തുകൂടി നടന്ന്‌ ഓവിന്‍റെ മറുവശം വരെ പോകുക. ഇനി ഓവ്‌ മുറച്ചു കടക്കാതെ തിരിച്ച്‌ പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന്‌ പ്രദക്ഷിണം പൂർണമാക്കുക.

ശിവലിംഗം മനുഷ്യ പ്രതിഷ്‌ഠിതമോ മനുഷ്യ നിർമിതമോ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകം ആകുകയുള്ളൂ. സ്വയംഭൂ അല്ലെങ്കിൽ ചലലിംഗത്തിന്‌ (വീട്ടിൽ സ്ഥാപിച്ച ലിംഗം) ഇത്‌ ബാധകമല്ല. ശിവക്ഷേത്രങ്ങളിലെ ഓവ്‌ എന്നു വച്ചാൽ ശക്തിയുടെ പ്രവാഹ മാർഗം. അതിനാൽ അതിനെ മുറിച്ചു കടക്കുമ്പോൾ അതിൽനിന്നും വരുന്ന ശക്തി നമുക്ക്‌ സഹിക്കുവാൻ കഴിഞ്ഞെന്നു വരില്ല. ഓവിന്‍റെ മുമ്പിൽ നിന്നാൽ ഈ ശക്തി നമുക്ക്‌ അനുഭവപ്പെടും. കൂടെ കൂടെ ഓവ്‌ മുറിച്ച്‌ കടന്നാൽ ഈ ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്‌.

ശിവന്‌ കൂവളയില എന്തിന്‌,

എങ്ങനെ അർപ്പിക്കണം?

"ത്രിദലം ത്രിഗുണാകാരം ത്രിനേത്രം ച ത്യ്രായുധം

ത്രിജന്മപാപസംഹാരം ഏകബില്വം ശിവാർപണം''.

അർഥം: മൂന്ന്‌ ഇലകളുള്ളതും ത്രിഗുണങ്ങളെപ്പോലെയുള്ളതും, മൂന്ന്‌ കണ്ണുകൾ പോലെയുള്ളതും, മൂന്ന്‌ ആയുധങ്ങൾ ധരിച്ചതു പോലെയുള്ളതും മൂന്ന്‌ ജന്മങ്ങളിലെ പാപങ്ങളുടെ ക്ഷാളനം ചെയ്യുന്നതുമായ ഈ കൂവളയില ഞാൻ ശിവന്‌ സമർപ്പിക്കുന്നു.

കൂവളത്തിലയിൽ ശിവതത്ത്വം കൂടുതൽ ആകർഷിക്കാനുള്ള കഴിവുള്ളതിനാൽ ശിവന്‌ അത്‌ അർപ്പിക്കുന്നു. ശിവന്‌ 3 ഇലകൾ ഒരുമിച്ചുള്ള കൂവളത്തിലകൾ അർപ്പിക്കുന്പോൾ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയിൽ ശിവലിംഗത്തിൽ കമഴ്‌ത്തി വയ്ക്കുക. ഇതിലൂടെ ഇലകളിൽനിന്നും നിർഗുണ തലത്തിലെ സ്‌പന്ദനങ്ങൾ കൂടുതൽ അളവിൽ പ്രക്ഷേപിക്കപ്പെട്ട്‌ ഭക്തർക്ക്‌‌‌ അതിന്‍റെ ഗുണം ലഭിക്കുന്നു.

മഹാ ശിവരാത്രി വ്രതത്തിന്‍റെ

മഹത്ത്വം എന്താണ്‌ ?

മഹാ ശിവരാത്രി ശകവർഷ മാഘ മാസ ചതുർദശി എന്ന തിഥിക്കാണ്‌ വരുന്നത്‌. മഹാ ശിവരാത്രിക്ക്‌ വ്രതം അനുഷ്‌ഠിക്കുന്നു. ശിവൻ സഹജമായി പ്രസന്നനാകുന്ന ദേവനാണ്‌. അതിനാൽ ഭൂമിയിൽ ശിവഭക്തന്മാർ വളരെ കൂടുതലാണ്‌.

ശിവൻ രാത്രിയുടെ ഒരു യാമത്തിൽ വിശമ്രിക്കുന്നു. ഈ യാമത്തിനെയാണ്‌ മഹാ ശിവരാത്രി എന്നു പറയുന്നത്‌. ശിവന്‍റെ വിശമ്രസമയത്ത്‌ ശിവതത്ത്വത്തിന്‍റെ പ്രവർത്തനം നിൽക്കുന്നു; അതായത്‌ ആ സമയത്ത്‌ ശിവൻ ധ്യാനാവസ്ഥയിൽ നിന്നും സമാധി അവസ്ഥയിലേക്കു പോകുന്നു. ശിവന്‍റെ സമാധി അവസ്ഥ എന്നാൽ ശിവൻ തനിക്കുവേണ്ടി സാധന ചെയ്യുന്ന സമയം. ഈ സമയത്ത്‌, അന്തരീക്ഷത്തിലെ തമോഗുണം ശിവൻ സ്വീകരിക്കാത്തതിനാൽ അന്തരീക്ഷത്തിൽ തമോഗുണവും അതു കാരണം അനിഷ്ട ശക്തികളുടെ ബലവും വളരെയധികം വർധിക്കുന്നു. അതുകൊണ്ട്‌ അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി നാം മഹാശിവരാത്രി വ്രതം അനുഷ്‌ഠിച്ച്‌ ശിവതത്ത്വം നേടാൻ ശമ്രിക്കുന്നു.

വ്രതത്തിന്‍റെ ഫലം:

മഹാ ശിവരാത്രി വ്രതം അനുഷ്‌ഠിക്കുന്നവരിൽ എന്‍റെ കൃപാകടാക്ഷം താഴെ പറയും പ്രകാരമുണ്ടാകും -

1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂർണമാകും,

2. കുമാരികമാർക്ക്‌ ആഗ്രഹിക്കുന്നതുപോലുള്ള വരനെ കിട്ടും,

3. വിവാഹിത സ്ത്രീകളുടെ സഭാഗ്യം നിലനില്ക്കും’,

എന്നിങ്ങനെ ശിവൻ സ്വയം ഭക്തന്മാർക്ക്‌ വചനം നൽകിയിട്ടുണ്ട്‌.

മഹാ ശിവരാത്രി ദിവസം

ശിവനാമജപം

മഹാ ശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാൾ 1000 മടങ്ങ്‌ കൂടുതൽ പ്രവർത്തന ക്ഷമമാകുന്നു. അതിന്‍റെ ഗുണം നേടുന്നതിനായി ’ഒാം നമഃ ശിവായ’എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.

ശിവജപം: നമഃ ശിവായ എന്നത്‌ ശിവന്‍റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്‍റെയും അർഥം ഇപ്രകാരമാണ്‌:

ന - എല്ലാവരുടേയും ആദിദേവൻ.

മ - പരമജ്ഞാനം നല്കുന്നവൻ, മഹാപാതകങ്ങളെ നശിപ്പിക്കുന്നവൻ.

ശി - മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും.

വാ - വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം.

യ - പരമാനന്ദസ്വരൂപനും ശിവന്‍റെ ശുഭമായ വാസസ്ഥാനവും.

അതിനാൽ ഈ അഞ്ച് അക്ഷരങ്ങളെ ഞാൻ നമസ്കരിക്കുന്നു.

ശിവനോട്‌ ചെയ്യേണ്ട

വ്യത്യസ്‌ത പ്രാർഥനകൾ

ശിവനോട്‌ ചെയ്യേണ്ട പ്രാർഥനകളുടെ ചില ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു.

1. ഹേ മഹാദേവാ, അങ്ങയെപ്പോലുള്ള വിരക്തി ഭാവം എനിക്കും നൽകണേ.

2. മഹാദേവാ, അനിഷ്‌ട ശക്തികളുടെ ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കണെ. അങ്ങയുടെ നാമജപത്തിന്‍റെ സംരക്ഷണ കവചം എന്‍റെ ചുറ്റും എപ്പോഴും ഉണ്ടായിരിക്കട്ടെ.

3. ഭഗവാനേ, ആത്മീയ സാധന ചെയ്യാൻ അങ്ങ്‌ തന്നെ ഞങ്ങൾക്ക്‌ ശക്തി, ബുദ്ധി, പ്രേരണ നൽകിയാലും. സാധനയിൽ വരുന്ന തടസങ്ങളെ ഭഗവാൻ തന്നെ ഇല്ലാതാക്കണേ, എന്ന്‌ അങ്ങയുടെ തൃപ്പാദങ്ങളിൽ പ്രാർഥിക്കുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു