ലഹരി, ലഹരി, സർവത്ര ലഹരി...

 
Special Story

ലഹരി, ലഹരി, സർവത്ര ലഹരി...

ലഹരി പല വഴിക്കാണ് നമ്മുടെ സമൂഹത്തില്‍ എത്തപ്പെടുന്നത്.

ഓരോ ദിവസവും മാധ്യമ വാര്‍ത്തകളില്‍ ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെക്കുറിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ ഞെട്ടലാണുണ്ടാകുന്നത്. യുവതലമുറയില്‍ പിടിമുറുക്കുന്ന ലഹരി ഉപയോഗം ആശങ്കയുണ്ടാക്കുന്നു. തേളിനെ പോലെ പിടികൂടിയ ലഹരി ഉപയോഗത്തെ ഭയത്തോടു കൂടി വേണം കാണാന്‍. ലഹരിക്ക് അടിമയാകുന്ന വ്യക്തിക്ക് പരിസരബോധം നഷ്ടപ്പെടുന്നു. അമ്മയേയും പെങ്ങന്മാരേയും തിരിച്ചറിയാതെയാകുന്നു. എന്തു ചെയ്യുന്നു എന്ന് അറിയാതെയാകുന്നു.

ലഹരിയുടെ ഭീകരാവസ്ഥ വര്‍ധിച്ചപ്പോള്‍ കേരളത്തിലെ പൊലീസും എക്സൈസ് വകുപ്പും നാർകോട്ടിക്ക് സെല്ലും ജാഗ്രത കര്‍ശനമാക്കി. ഇതിന്‍റെ ഫലമായി ദിവസവും പിടിക്കപ്പെടുന്ന ലഹരി പദാർഥങ്ങളുടെ അളവില്‍ കുതിപ്പുണ്ടായിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ പ്രായം കുറഞ്ഞവരാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. കേരളത്തിലേക്ക് ലഹരി വന്‍ തോതിലാണ് ഒഴുകുന്നത് എന്നത് നമുക്ക് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കും. ലഹരിയുടെ പിടിയില്‍ നിന്ന് പുതുതലമുറയെ രക്ഷിക്കേണ്ട ചുമതല കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി കേരള സമൂഹം ഒറ്റക്കെട്ടായി എടുക്കേണ്ട തീരുമാനമാണ്. ഇതിനുപിന്നില്‍ ആരു തന്നെയായാലും അവരെ പിന്തുണയ്ക്കുന്നതില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നുള്ളതാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. പരസ്പരം പഴിചാരുന്നതിനു പകരം, കുറ്റം ചെയ്തവരെ ശിക്ഷിക്കുന്ന നയത്തിലേക്ക് എല്ലാ കക്ഷിരാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും ഉറച്ച തീരുമാനമെടുക്കുക തന്നെ വേണം.

കഞ്ചാവ് ഇന്ന് കേരളത്തില്‍ വ്യാപകമായി ലഹരി പദാർഥമായി ഉപയോഗിക്കുന്നു. കഞ്ചാവ് ചെടി കൂടുതല്‍ കാണപ്പെടുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ്. ഇത് ഒരു ഔഷധമായും ലഹരി പദാർഥമായും ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കഞ്ചാവിന്‍റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ് എന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കള്‍ പുരാതന ഇന്ത്യയിലെ ഇൻഡോ ആര്യന്മാരും പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവേദ ഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തില്‍ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സോമ എന്ന പാനീയം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. കുംഭമേളകളില്‍ പോയവര്‍ക്കറിയാം അവിടെ പരസ്യമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ. വടക്കേ ഇന്ത്യയിലെ പ്രമുഖ ഹിന്ദു ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി താമസിക്കുന്ന സന്യാസ വേഷധാരികളില്‍ മിക്കവരും കഞ്ചാവിന്‍റെ അടിമകളാണ്. എന്തിനേറെ പറയുന്നു, രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഹ‌ൃദയഭാഗമായ കോണാട്ട് പ്ലേസിന് ചേര്‍ന്നുള്ള ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ എപ്പോഴും കഞ്ചാവിന്‍റെ രൂക്ഷ ഗന്ധമാണ്.

കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തില്‍ വരുത്തുന്ന മാരക ഫലങ്ങളാണ് ഇതിനെ ഒരു ലഹരിയാക്കി മാറ്റുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ തുടക്കത്തില്‍ കൃത്രിമമായ ഒരു മനഃസുഖം പ്രദാനം ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാള്‍ക്ക് വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. തുടര്‍ച്ചയായുള്ള കഞ്ചാവിന്‍റെ ഉപയോഗം ഓര്‍മ, അവബോധം, മാനസികാവിഷ്കാരങ്ങള്‍ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യന്‍ മനുഷ്യനല്ലാതാകുന്ന അവസ്ഥ ഉണ്ടാകുന്നു.

എംഡിഎംഎ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്നാണ് മെത്തലീന്‍ഡയോക്സി മെത് ആംഫീറ്റമിന്‍. ഇത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന രാസലഹരി വസ്തുവാണ്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തുവാണിത്. നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതല്‍നേരം ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേളകളിലും നൃത്ത പരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരി മരുന്നായ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയ്ക്ക് കേരളത്തില്‍ വ്യാപക ആവശ്യക്കാര്‍ ഉണ്ടെന്നാണ് കേരള എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും യുവാക്കളും വിദ്യാർഥികളും ഉള്‍പ്പെടുന്നു. ഡിജെ പാര്‍ട്ടികളില്‍ എത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിന് വിനിയോഗിക്കാനും ചെയ്യുന്നതിനാലാണ് ഇതിന് പാര്‍ട്ടി എന്ന പേര് വന്നത്. മണവും രുചിയും ഇല്ലാത്ത ഇത് ചിലപ്പോള്‍ ജൂസില്‍ കലക്കി നല്‍കിയാണ് മയക്കുന്നത്. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.

മണിക്കൂറുകള്‍ നീളുന്ന സംഗീത-നൃത്ത പരിപാടികള്‍ ഇന്ന് കേരളത്തില്‍ വ്യാപകമാണ്. മിക്ക പരിപാടിയുടെ സംഘാടകരും ലഹരി മാഫിയയുടെ ഏജന്‍റുമാരാകും. അവിടെ ലഭിക്കുന്ന ആഹാര പാനീയങ്ങളില്‍ ലഹരി കലര്‍ത്തിയിട്ടുണ്ടാകും. ക്ഷീണമില്ലാതെ പരിപാടിയുടെ ഭാഗമാകാനും തളരാതെ നൃത്തം ചെയ്യാനും പതിവിലും കൂടുതല്‍ ആനന്ദം ലഭിക്കാനും ഇത് കാരണമാകും. തുടര്‍ന്നും സമാന സംഗീത നൃത്ത പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടാകും. അതേ സംഘാടകരുടെ പരിപാടി മികച്ചതാണെന്നും ആസ്വാദ്യമാണെന്നും തോന്നുന്നത് ലഹരി കാരണമാണ്. അതുകൊണ്ടുതന്നെ വലിയ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ പോലും ഇത്തരം ലഹരി മരുന്നുകളുടെ അടിമകളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജില്‍ നൃത്തം ചെയ്യാന്‍ ഈ ലഹരി ഉപയോഗം ആവശ്യമാണെന്ന് കലാകാരന്മാര്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് ഇന്ന് പരക്കെ സംസാരമാണ്.

വൈദ്യരംഗത്ത് ഉപയോഗിക്കുന്ന പല മരുന്നുകളും ലഹരിയുടെ ഉത്തേജകമുള്ളതാണെന്ന് വൈദ്യശാസ്ത്രം തന്നെ പറയുന്നു. ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വില്‍പ്പന നടത്തരുത് എന്നുള്ള നിയമം നമ്മുടെ നാട്ടിലുണ്ട്. എന്നാലും പല മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഹരി കലര്‍ന്ന മരുന്നുകള്‍ യഥേഷ്ടം വില്‍പ്പന നടക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്. അതിനും തടയിടേണ്ടതുണ്ട്. ലഹരി പല വഴിക്കാണ് നമ്മുടെ സമൂഹത്തില്‍ എത്തപ്പെടുന്നത്.

ഒരു കാര്യം വളരെ വ്യക്തമായി സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. വിദ്യാർഥികളില്‍ ലഹരി ഉപയോഗം വർധിക്കുന്നതില്‍ അധ്യാപകരെയും രാഷ്‌ട്രീയക്കാരെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കള്‍ ശക്തമായ ഇടപെടലുകള്‍ വീടുകളില്‍ നിന്ന് നടത്തിയാലേ യുവതലമുറയിലെ ലഹരി പ്രയോഗം നിയന്ത്രിക്കുവാന്‍ സാധിക്കൂ. സ്വന്തം മക്കള്‍ മാതാപിതാക്കളില്‍ നിന്ന് അകന്നു നില്‍ക്കുന്നതും സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതും മാതാപിതാക്കളോട് ശത്രുത, മാതാപിതാക്കളോടും സഹോദരങ്ങളോടും സംഘര്‍ഷം, മോശം പെരുമാറ്റം തുടങ്ങിയവ കാട്ടുന്നതും ലഹരി ഉപയോഗത്തിന്‍റെ ലക്ഷണമായി തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ സ്വന്തം മക്കളില്‍ നടത്തിയാല്‍ മാത്രമേ യുവതലമുറയിലെ ലഹരി പ്രയോഗത്തിന് തടസം നില്‍ക്കാന്‍ പറ്റൂ. സ്വന്തം മക്കള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

വീടുകളില്‍ നിന്നു തന്നെ ലഹരി ഉപയോഗത്തിന്‍റെ സാധ്യതകളെ ഇല്ലാതാക്കുകയാണ് പ്രാഥമികമായി വേണ്ടത്. പണം ധാരാളമായി കിട്ടുമ്പോള്‍ യുവജനങ്ങളില്‍ ലഹരിപ്രയോഗം തുടക്കം കുറിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പണത്തിന്‍റെ ലഭ്യത കുറയുമ്പോള്‍ മോഷണം മുതല്‍ അക്രമണങ്ങളിലേക്ക് വരെ ലഹരി ഉപയോഗിക്കുന്ന യുവജനങ്ങള്‍ എത്തുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഒരു രോഗാവസ്ഥയായി മാറുന്നു. മയക്കുമരുന്ന് ആസക്തി ഒരു വിട്ടുമാറാത്ത തലച്ചോറ് രോഗമാണ്. ലഹരി അഥവാ മയക്കു മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അപകടകരമായ അവസ്ഥയില്‍ എത്തുന്നു. ഒരു വ്യക്തിയെ ആവര്‍ത്തിച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. ആവര്‍ത്തിച്ചുള്ള മയക്കുമരുന്ന് ഉപയോഗം തലച്ചോറിനെ മാറ്റുകയും ആസക്തിയിലേക്ക് നയിക്കുകയും ചെയ്യും. ആസക്തിയില്‍ നിന്നുള്ള തലച്ചോറിലെ മാറ്റങ്ങള്‍ നീണ്ടുനില്‍ക്കും, അതിനാല്‍ മയക്കുമരുന്ന് ആസക്തി ഒരു ആവര്‍ത്തിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നു. ഇതിനർഥം, രോഗമുക്തി നേടിയ ആളുകള്‍, വര്‍ഷങ്ങളോളം മരുന്നുകള്‍ കഴിക്കാതിരുന്നതിനു ശേഷവും, വീണ്ടും മരുന്നുകള്‍ കഴിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതനായാലും അയാള്‍ കര്‍ശന നിരീക്ഷണത്തിലാകണം എന്ന് ചുരുക്കം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു