നമ്മുടെ വൈവിധ്യമാർന്ന ഭാഷാ പൈതൃകത്തെ അടയാളപ്പെടുത്തുന്നതിനായി ഡിസംബർ 4 മുതൽ 11 വരെ സംഘടിപ്പിച്ച ഭാരതീയ ഭാഷാ ഉത്സവ് വരാഘോഷം ആദരണീയ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഡിസംബർ 11 വരെ എല്ലാ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു. ഭാരതത്തിന്‍റെ സാംസ്കാരിക സാരാംശം ഉൾക്കൊള്ളുന്ന ഈ വർഷത്തെ ആഘോഷത്തിന്‍റെ വിധിനിർണായക പ്രമേയം "ഭാഷകളിലൂടെ ഐക്യം' എന്നതാണ്.
ഒക്റ്റോബർ 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി എന്നീ 5 ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി നൽകി ചരിത്രം സൃഷ്ടിച്ചു. അതിലൂടെ തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ തുടങ്ങി 6 ഭാഷകളടങ്ങിയ ശ്രേഷ്ഠ ഭാഷാ ശ്രേണി വിപുലീകരിക്കപ്പെട്ടു. ഭാരതത്തിന്‍റെ ഉദാത്തമായ ഭാഷാ പൈതൃകത്തിനുള്ള ആഴത്തിലുള്ള അംഗീകാരമായി മാറിയ ഈ പ്രഖ്യാപനത്തിൽ മാതൃഭാഷാ സ്നേഹികൾ, പ്രത്യേകിച്ച് ഈ ഭാഷകൾ മാതൃഭാഷയാക്കിയ ജനസമൂഹങ്ങൾ, അത്യധികം അഭിമാനിക്കുന്നു.
ഭാരതീയതയുടെ വ്യത്യസ്ത ആവിഷ്കാരങ്ങളാണ് വൈവിധ്യമാർന്ന നമ്മുടെ ഭാഷകൾ. അവ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയിൽ അന്തർലീനവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തിൽ, എല്ലാ ഇന്ത്യൻ ഭാഷകളും ദേശീയ ഭാഷകളാണെന്നു മാത്രമല്ല അവ ഓരോന്നും ഭാരതീയതയുടെ ആത്മാവാണെന്നതിനാൽ ആദരവും അർഹിക്കുന്നു. ഭാഷാപരമായ വൈവിധ്യം ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുകയും "ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അതിനാൽ, നാം ഓരോരുത്തരും മാതൃ ഭാഷയെ അഭിമാന ചിഹ്നമായി ധരിക്കണം. ആഗോളതലത്തിലുള്ള ചില ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചു. ""ഐക്യരാഷ്‌ട്ര സഭയിൽ പോലും അഭിമാനപൂർവം ഞാൻ ഭാരതീയ ഭാഷ സംസാരിക്കുന്നു. ശ്രോതാക്കൾ അംഗീകരിക്കാൻ കുറച്ച് സമയമെടുക്കുകയാണെങ്കിൽ, അങ്ങനെയാകട്ടെ'' എന്ന അദ്ദേഹത്തിന്‍റെ അഭിപ്രായം ഇന്ത്യയുടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും ഭാഷാഭിമാനത്തിന്‍റെ മൂല്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ഒന്നിലധികം ഭാഷകൾ സമരസതാപൂർവം മുന്നോട്ടു പോവുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത നാടാണ് ഭാരതം. ബഹുഭാഷാവാദത്തിന്‍റെ പരമോദാത്തതയുടെ മൂർത്തിമദ്ഭാവമാണ് നമ്മുടെ രാജ്യം. നമ്മുടെ ഭാഷാപരമായ വൈവിധ്യം അത്ഭുതാവഹമായ വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തിന്‍റെ ഐക്യത്തിന് കോട്ടം തട്ടാത്ത വിധം,മൂല്യവത്തും സങ്കീർണവുമായ ഒരു ചിത്ര കമ്പളം രൂപപ്പെടുത്തുന്നതു പോലെ ദേശീയ സ്വത്വം നെയ്തെടുക്കുന്നു.
കൊളോണിയൽ ഭരണകാലത്ത് ഈ സാംസ്കാരിക സ്വത്വം വലിയ ശോഷണം നേരിട്ടു. 1835 ഫെബ്രുവരി 2ന്, തോമസ് ബാബിങ്ടൺ മെക്കാളെ, "മെക്കാളയുടെ വിദ്യാഭ്യാസ സമ്പ്രദായം' എന്നറിയപ്പെടുന്ന ഒരു മെമ്മോറാണ്ടം അന്നത്തെ ഗവർണർ ജനറലിന് സമർപ്പിച്ചു. മാതൃഭാഷകളേക്കാൾ ഇംഗ്ലീഷിന് മുൻഗണന നൽകി. സാംസ്കാരികവും ഭാഷാപരവുമായ വേരുകളിൽ നിന്ന് ഇന്ത്യക്കാരെ അടർത്തി മാറ്റി ബ്രിട്ടീഷ് താത്പര്യങ്ങളോട് വിശ്വസ്തത പുലർത്തുന്ന ഒരു ജനസമൂഹമായി വാർത്തെടുക്കാനായിരുന്നു ശ്രമങ്ങളൊക്കെയും. അന്നു തുടങ്ങി നൂറ്റാണ്ടുകളായി, അനാരോഗ്യകരമായ ഈ കൊളോണിയൽ പൈതൃകം നമ്മുടെ സാംസ്കാരികവും ഭാഷാപരവുമായ അഭിമാനത്തെ ഗുരുതരമായി മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്നു.
സമ്പന്നവും വൈവിധ്യപൂർണവുമായ ഭാഷാ ജനസമൂഹമാണ് ഭാരതത്തിനുള്ളത്. ജനസംഖ്യയുടെ എൺപത് ശതമാനവും ഇംഗ്ലീഷേതര, പ്രാദേശിക ഭാഷ സംസാരിക്കുന്നവരായി സ്വയം തിരിച്ചറിയുന്നു. ആഴത്തിലുള്ള പഠനത്തിന് ആധാരം മാതൃഭാഷയാണ്. നമ്മുടെ ഭാഷകൾ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല - അവ ചരിത്രത്തിന്‍റെയും പാരമ്പര്യങ്ങളുടെയും നാടോടിക്കഥകളുടെയും കലവറകളാണ്. തലമുറകളുടെ സഞ്ചിത ജ്ഞാനം സംരക്ഷിച്ച് അതുല്യമായ ലോകവീക്ഷണം വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസം മാതൃഭാഷയിൽ ആരംഭിക്കുമ്പോൾ കുട്ടികളുടെ സർഗാത്മക, ഭാവാത്മക ബുദ്ധി പോഷിപ്പിക്കപ്പെടുന്നു.
മാതൃഭാഷയിലെ പ്രൈമർ (തുടക്കക്കാരെയും അർദ്ധ സാക്ഷരരായ പഠിതാക്കളെയും എഴുത്തും വായനയും പഠിപ്പിക്കുന്ന പുസ്തകമോ പരമ്പരയോ ആണ് ഭാഷാ പ്രൈമർ) വീട്ടിൽ നിന്ന് ക്ലാസ് മുറിയിലേക്ക് തടസമില്ലാത്ത പാലം നിർമിക്കുന്നു, "മാതൃ' ഭാഷയിൽ നിന്ന് "മറ്റ് ' ഭാഷകളിലേക്ക് നയിക്കുന്നു- സംസാരത്തിൽ നിന്ന് എഴുത്തിലേക്കും പദാവലിയിൽ നിന്ന് അർഥശാസ്ത്രത്തിലേക്കും ഭാഷയിൽ നിന്ന് വിഷയ ധാരണയിലേക്കും ക്രമബദ്ധമായി എത്തിച്ചേരാൻ സഹായിക്കുന്നു. രവീന്ദ്രനാഥ ടാഗോർ വ്യക്തമാക്കിയ പോലെ, "ഒരു കുട്ടി സംസാരിക്കാൻ പഠിക്കുന്നത് പാഠപുസ്തകങ്ങളിൽ നിന്നല്ല, മാതാവിൽ നിന്നാണ്'. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം അടിസ്ഥാന ധാരണയിൽ നിന്ന് സങ്കീർണമായ ചിന്തയിലേക്കുള്ള സ്വാഭാവിക പുരോഗതി ത്വരിതപ്പെടുത്തുന്നു.
ബൗദ്ധികവും സാംസ്കാരികവുമായ സമ്പത്തിന്‍റെ നിധികുംഭമാണ് ഭാരതത്തിന്‍റെ ഭാഷാ വൈവിധ്യം. കശ്മീരിലെ മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ സൂര്യശോഭയിൽ തിളങ്ങി നിൽക്കുന്ന കന്യാകുമാരിയുടെ തീരങ്ങൾ വരെയും, കച്ചിന്‍റെ വരണ്ട വിശാലതകൾ മുതൽ കൊഹിമയിലെ പച്ചപ്പ് നിറഞ്ഞ മലനിരകൾ വരെയും, നമ്മുടെ ഭാഷകൾ തനത് ജനതവിഭാഗങ്ങളുടെ ആന്തരിക സത്തയെ ഉൾക്കൊള്ളുന്നു. കുട്ടികളെ മാതൃഭാഷയിൽ പഠിപ്പിക്കുന്നത് പൈതൃകവുമായുള്ള ബന്ധം സംരക്ഷിക്കുക മാത്രമല്ല, അവരെ ഭാവി സജ്ജരാക്കുകയും ചെയ്യുന്നു. മാതൃഭാഷയിൽ ശക്തമായ അടിത്തറ പാകുന്നതിലൂടെ, മറ്റ് ഭാഷകളും വിഷയങ്ങളും എളുപ്പത്തിലും ആഴത്തിലും പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ കഴിയും.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഈ ദർശനം ശരിയായി ഉൾക്കൊള്ളുന്നു. നമ്മുടെ ഭാഷാപരമായ പൈതൃകം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം, പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഹൃദയഭാഗത്ത് മാതൃഭാഷയെ പ്രതിഷ്ഠിക്കുന്നു. ഭാഷ കേവലം പഠനത്തിനുള്ള ഒരു ഉപകരണമല്ല, മറിച്ച് വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും വൈജ്ഞാനിക വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള സുപ്രധാന ഘടകമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
എൻഇപി 2020ന്‍റെ ഗുണഫലങ്ങൾ സാക്ഷാത്ക്കരിക്കണമെങ്കിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉന്നത നിലവാരമുള്ള അധ്യാപന, പഠന സാമഗ്രികളിലേക്കുള്ള തുല്യമായ പ്രവേശനം ആവശ്യമാണ്. വിദ്യാഭ്യാസത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സംയോജനത്തിന് നയം ശക്തമായ ഊന്നൽ നൽകുന്നു. രാജ്യത്തിന്‍റെ വൈവിധ്യമാർന്ന ഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്‍റെ ഭാഷാ സംഗം പ്രോഗ്രാമും മെഷീൻ ട്രാൻസലേഷൻ സെന്‍ററും മുതൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്‍റെ അനുവാദിനി ആപ്പിലൂടെയുള്ള സാങ്കേതിക പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ വിവർത്തനം വരെയും, യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ, ഇന്ത്യൻ ഭാഷാ സൊസൈറ്റി എന്നിവയുടെ ഇന്ത്യൻ ഭാഷകളിലെ വിവർത്തന, അക്കാദമിക പഠന സാമഗ്രികളുടെ പ്രോത്സാഹനത്തിനുള്ള അസ്മിത (ASMITA) വരെയുള്ള ചുവടുവയ്പുകൾ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളാണ്.
കൂടാതെ, 79 ഇന്ത്യൻ ഭാഷകളിൽ പ്രൈമറുകൾ സജ്ജമാക്കാനുള്ള സർക്കാരിന്‍റെ ഉദ്യമം ഒരു മഹത്തായ മുന്നേറ്റമാണ്. ഇത് ആദ്യകാലങ്ങളിൽ ഗ്രാമീണ, ആദിവാസി മേഖലകളിലെയും വിദൂര ദേശങ്ങളിലെയും കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു. ഈ പ്രൈമറുകൾ, മറ്റ് വിദ്യാഭ്യാസ സാമഗ്രികൾക്കൊപ്പമുള്ള, കേവലം പഠന സാമഗ്രികൾ മാത്രമല്ല - അവ സർഗാത്മകത, വിമർശനാത്മക ചിന്ത, ആജീവനാന്ത പഠനം എന്നിവയിലേക്കുള്ള കവാടങ്ങളാണ്.
ഭാഷ നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുന്നു. നമ്മുടെ വികാരങ്ങൾ പ്രകടമാക്കുന്നു, സാംസ്കാരിക വേരുകളുമായി നമ്മെ ബന്ധിപ്പിക്കുന്നു. കുട്ടികൾക്ക് സ്വന്തം മാതൃഭാഷയിൽ പഠിക്കാനും ക്രമേണ മറ്റ് ഭാഷകളിൽ പ്രാവീണ്യം നേടാനും കഴിയുന്ന ഒരു പുതു യുഗത്തെ എൻഇപി 2020 വിളംബരം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അപകോളനിവൽക്കരിക്കുന്നതിലൂടെ, അക്കാദമികമായി ഉന്നത നിലവാരം പുലർത്തുന്നവരും, ഭാരതത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ അഭിമാനിക്കുന്നവരുമായ ചിന്തകരുടെ ഒരു തലമുറയെ വളർത്തിയെടുക്കാൻ നാം ശ്രമിക്കുന്നു. ഈ പരിവർത്തനം കേവലം നയപരമായ ഒരു മാറ്റമല്ല, മറിച്ച് ഒരു സാംസ്കാരിക നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്നു.
ഭാവിയിലേക്ക് കണ്ണോടിക്കുമ്പോൾ, ഭാരതത്തിന്‍റെ ഭാഷാ വൈവിധ്യം വിദ്യാഭ്യാസ മികവിന്‍റെയും സാമൂഹിക- സാംസ്കാരിക- സാമ്പത്തിക പുരോഗതിയുടെയും ആണിക്കല്ലായി നിർവചിക്കപ്പെടും. ഈ അമൃത കാലത്ത്, നാം വികസിത ഭാരത അജൻഡ പിന്തുടരുമ്പോൾ, മാതൃഭാഷകൾ വികസനത്തിന്‍റെ ചാലകശക്തകളായി മാറാൻ സജ്ജമാവുകയാണ്. ഭാരതം ആഗോള ശക്തിയായി ഉയരുമ്പോൾ, ഭാഷാപരമ്പര്യം നമ്മുടെ പുരോഗതിയുടെ ആധാരശിലയായി മാറും.