എഐ ടൂളുകളിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
AI Image - freepik.com
മുഖം മാത്രമുള്ള ചിത്രമാണ് സാരിയുടുപ്പിക്കാൻ ജെമിനിയിലേക്ക് അപ്‌ലോഡ് ചെയ്തത്. എന്നാൽ, സാരിയുടുപ്പിച്ചു കിട്ടിയ ചിത്രത്തിൽ കൈയിലെ മറച്ചുവച്ച മറുക് കൃത്യമായി അതേ സ്ഥാനത്തുതന്നെ പതിഞ്ഞിരിക്കുന്നു!
വി.കെ. സഞ്ജു
വിക്രമാദിത്യ മഹാരാജാവ് ഒരിക്കൽ തന്‍റെ പ്രിയപ്പെട്ട ഭാര്യ ലീലാദേവിയുടെ ഒരു ചിത്രം വരപ്പിച്ചു. അർധനഗ്നയായി നിൽക്കുന്ന മനോഹരമായ ചിത്രം പൂർത്തിയായി. ചിത്രത്തിലെ രാജ്ഞിയുടെ തുടയുടെ ഭാഗത്ത് അറിയാതെ ഒരു തുള്ളി കറുത്ത മഷി തെറിച്ചു വീണത് അപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ചിത്രകാരൻ പെട്ടെന്നു തന്നെ ചായക്കൂട്ടുകളെടുത്ത് അത് മായ്ക്കാനുള്ള ശ്രമമമായി. എന്നാൽ, രാജസഭയിലുണ്ടായിരുന്ന കാളിദാസൻ അതു തടഞ്ഞു. രാജ്ഞിയുടെ കാലിൽ യഥാർഥത്തിൽ അങ്ങനെയൊരു മറുകുണ്ടെന്ന് ദിവ്യജ്ഞാനത്താൽ തിരിച്ചറിഞ്ഞ കാളിദാസൻ, അതു മായ്ക്കേണ്ടെന്നു നിർദേശിച്ചെന്നാണു കഥ.
അതുവരെ അങ്ങനെയൊരു മറുക് ശ്രദ്ധിക്കാതിരുന്ന മഹാരാജാവ് ഒട്ടും വൈകാതെ നേരിട്ടു പരിശോധിച്ചു. കാളിദാസൻ പറഞ്ഞത് ശരിയാണ്. ചിത്രത്തിൽ മഷി തെറിച്ച അതേ സ്ഥാനത്ത് രാജ്ഞിയുടെ കാലിൽ മറുകുണ്ട്. താൻ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത മറുകിനെക്കുറിച്ച് കാളിദാസൻ എങ്ങനെയറിഞ്ഞു എന്നായി രാജാവിന്‍റെ സംശയം. ദിവ്യജ്ഞാന വാദമൊന്നും വിലപ്പോയില്ല. കാളിദാസനെ നാടുകടത്താൻ ഉത്തരവായി. പിൽക്കാലത്ത് തന്‍റെ 'തെറ്റ്' തിരിച്ചറിഞ്ഞ രാജാവ് കാളിദാസനു മാത്രം പൂരിപ്പിക്കാൻ കഴിയുന്ന സമസ്യ തയാറാക്കി അദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടുവരുന്നതാണ് കഥയുടെ ക്ലൈമാക്സ്.
ഝലക് ഭാവ്നാനി പങ്കുവച്ച ചിത്രം.
ഗൂഗിളിന്‍റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ നാനോ ബനാന എഐ സാരി ട്രെൻഡിനിടെ വൈറലായൊരു കുറിപ്പാണ് കാളിദാസന്‍റെ കാനനവാസവും രാജ്ഞിയുടെ തുടയിലെ മറുകുമെല്ലാം വീണ്ടും ഓർമയിലെത്തിക്കുന്നത്. ഝലക് ഭവ്നാനി എന്ന മോഡൽ, ജെമിനിയുടെ എഐ സാരി ട്രെൻഡ് ഉപയോഗിച്ച് തയാറാക്കിയ സ്വന്തം ചിത്രം കണ്ട് ഞെട്ടി. കൈ മറച്ചുവച്ച ചിത്രമാണ് സാരിയുടുപ്പിക്കാൻ ജെമിനിയിലേക്ക് അപ്‌ലോഡ് ചെയ്തത്. എന്നാൽ, സാരിയുടുപ്പിച്ചു കിട്ടിയ ചിത്രത്തിൽ കൈയിലെ മറുക് കൃത്യമായി അതേ സ്ഥാനത്തുതന്നെയുണ്ട്!
കാളിദാസനെപ്പോലെ ജെമിനിക്ക് ദിവ്യജ്ഞാനമൊന്നുമില്ല. മുഖം നോക്കി ശരീരത്തിലെ മറുകുകളുടെ സ്ഥാനം നിർണയിക്കാൻ മാത്രം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ വളർന്നിട്ടുമില്ല. എന്നിട്ടും ഇതെങ്ങനെ സാധിച്ചു എന്നതിന് രണ്ട് വിശദീകരണങ്ങൾ സാധ്യമാണ്. തികച്ചും യാദൃച്ഛികമായിരിക്കാനുള്ള വിദൂര സാധ്യതയാണ് ഒന്ന്. എന്നാൽ, കൂടുതൽ സാധ്യതയുള്ള മറ്റൊരു വിശദീകരണമാണ് കൂടുതൽ ആശങ്കാജനകം. അപ്പ്‌ലോഡ് ചെയ്ത മുഖചിത്രം ഉപയോഗിച്ച് വിവിധ പ്ലാറ്റ്‌ഫോമുകളിൽ തെരച്ചിൽ നടത്തിയ എഐ ടൂൾ കണ്ടെത്തിയ ഇതേ വ്യക്തിയുടെ മറ്റു ചിത്രങ്ങളിൽ ഏതിലെങ്കിലും ആ മറുക് വ്യക്തമായിരുന്നിരിക്കണം.
അങ്ങനെയെങ്കിൽ, ജെമിനിക്ക് വിവിധ പ്ലാറ്റ്ഫോമുകളിൽ ഒരു വ്യക്തിയുടെ ചിത്രം പരതാനും പരിശോധിക്കാനും വിശദാംശങ്ങൾ ശേഖരിക്കാനും ആ വ്യക്തിയുടെ അനുവാദം ആവശ്യമില്ലേ? അനുമതി വേണമെന്നാണ് പറച്ചിലെങ്കിലും, അതൊന്നും മനസിലാകുന്ന ഭാഷയിൽ ചോദിക്കുന്ന പതിവ് എഐ എന്നല്ല മിക്ക ആപ്ലിക്കേഷനുകളിലും കാണാനാവില്ല.
ഗൂഗിൾ കഴിഞ്ഞ മാസം പുറത്തിറക്കിയ എഐ ടൂളാണ് ജെമിനി നാനോ ബനാന. ഉപയോക്താക്കൾക്ക് ഇതുപയോഗിച്ച് 3ഡി പ്രതിമകൾ സൃഷ്ടിക്കാൻ സാധിക്കും. പിന്നാലെ, ഇതിന്‍റെ തന്നെ വകഭേദമായ നാനോ ബനാന എഐ സാരി ട്രെൻഡാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ സാധാരണ ഫോട്ടോകൾ ഉപയോഗിച്ച് 90കളിലെ ബോളിവുഡ് ശൈലിയിൽ സാരിയുടുത്ത പോർട്രെയ്റ്റുകൾ സൃഷ്ടിക്കാൻ ഇതു സഹായിക്കും. ഈ ട്രെൻഡ് കേരളത്തിലും വൈറലായി വരുന്ന സമയത്താണ് കാളിദാസൻ കണ്ടെത്തിയതു പോലൊരു മറുക് ഝലക് ഭാവ്നാനിയുടെ ശരീരത്തിൽ ജെമിനി കണ്ടെത്തിയ വാർത്ത പുറത്തുവന്നിരിക്കുന്നത്.
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വ്യക്തികളുടെ സ്വകാര്യത വലിയ തോതിൽ അപകടത്തിലാക്കുന്നതാണ് എന്നതു വ്യക്തമാണ്. ഇത്തരത്തിൽ ലഭ്യമാകുന്ന മുഖചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതുപയോഗിച്ച് അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കാനും ഫെയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ നിയന്ത്രണം കരസ്ഥമാക്കാനുമൊക്കെ ഹാക്കർമാർക്കു സാധിക്കും.
പ്രതീകാത്മക ചിത്രം.
ജെമിനി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതു തിരിച്ചറിയാനുള്ള മെറ്റാ ഡേറ്റ ടാഗുകളുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. ഇതിനൊപ്പം, സിന്തൈഡ് എന്നറിയപ്പെടുന്ന ഒരു അദൃശ്യ വാട്ടർമാർക്ക് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അവകാശവാദം.
എന്നാൽ, ഈ മെറ്റാ ഡേറ്റ ടാഗുകളോ സിന്തൈഡോ ഒന്നും ഒരു സാധാരണ ഉപയോക്താവിനു വായിക്കാനോ കാണാനോ സാധിക്കില്ല. അതിനുള്ള ടൂളുകൾ പബ്ലിക് ഡൊമെയ്നിൽ ലഭ്യവുമല്ല. അതേസമയം, ഇത്തരം ടാഗുകളും വാട്ടർമാർക്കുമൊക്കെ നീക്കം ചെയ്യാനുള്ള ടൂളുകൾ ലഭ്യമാണു താനും.
വി.സി. സജ്ജനാർ.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിച്ച് രാജ്യമാകെ പ്രശസ്തനായ തെലങ്കാന പൊലീസ് ഉദ്യോഗസ്ഥനാണ് വി.സി. സജ്ജനാർ. നാനോ ബനാന പോലെ ഇന്‍റർനെറ്റിലെ ട്രെൻഡിങ് വിഷയങ്ങളിൽ ജാഗ്രത പാലിക്കാനാണ് എക്സ് പോസ്റ്റിലൂടെ അദ്ദേഹം നൽകുന്ന ഉപദേശം. 'നാനോ ബനാന' ഭ്രാന്തിന്‍റെ കെണിയിൽ പോയി ചാടരുതെന്നും, വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി പങ്കുവച്ചാൽ വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ബാങ്ക് അക്കൗണ്ടുകളിലെ പണം കുറ്റവാളികളുടെ കൈകളിലെത്താൻ ഒരു ക്ലിക്ക് മതിയാകും. ജെമിനി പോലെ കുറച്ചെങ്കിലും വിശ്വസിക്കാവുന്ന പ്ലാറ്റ്‌ഫോമിനെ അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളും അനൗദ്യോഗിക ആപ്പുകളും ധാരാളമായി ഉണ്ടാകും. ഇവ ഉപയോഗിച്ച് സാമ്പത്തിക, ലൈംഗിക തട്ടിപ്പുകൾ നടത്താൻ സൈബർ ക്രിമിനലുകൾ ശ്രമിക്കും. ഇത്തരം സൈറ്റുകളും ആപ്പുകളും ശേഖരിക്കുന്ന ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ എവിടെ സൂക്ഷിക്കുന്നു എന്നു പോലും കണ്ടെത്താനാവില്ല. അവ വീണ്ടെടുക്കാനോ നശിപ്പിക്കാനോ പ്രായോഗികമായി സാധിക്കുകയുമില്ല.
വൈറൽ AI ടൂളുകൾ ഉപയോഗിക്കുന്നതിനു മുൻപ് മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ശുപാർശ ചെയ്യുന്നത്:
സെൻസിറ്റീവ് അല്ലെങ്കിൽ സ്വകാര്യമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യരുത്.
ലൊക്കേഷൻ ടാഗുകൾ പോലുള്ള മെറ്റാ ഡേറ്റ നീക്കം ചെയ്യുക.
സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിങ്സ് ശക്തമാക്കി വയ്ക്കുക.
സാധ്യമായ ആപ്പുകളിലും ഉപകരണങ്ങളിലുമെല്ലാം ഉപയോഗത്തിന് 2-സ്റ്റെപ്പ് വെരിഫിക്കേഷൻ ഏർപ്പെടുത്തുക.
കാളിദാസന്‍റെയും വിക്രമാദിത്യന്‍റെയും സാങ്കൽപ്പിക ചിത്രം.
കാളിദാസൻ രാജ്‍ഞിയുടെ മറുക് ഒളിച്ചു കണ്ടതാണെന്നോ, അതല്ലെങ്കിൽ അവർ തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നോ ഒക്കെയാവാം രാജാവ് സംശയിച്ചിരിക്കുക. എന്നാൽ, കാളിദാസൻ അവകാശപ്പെട്ട ദിവ്യജ്ഞാനം ഇനി അന്നത്തെ കാലത്ത് ലഭ്യമായിരുന്ന ഏതെങ്കിലും എഐ ടൂൾ ആയിരുന്നിരിക്കുമോ...?