എന്തിനീ വിവാദങ്ങൾ..?

 
Special Story

എന്തിനീ വിവാദങ്ങൾ..?

കടലിലെയും രാഷ്‌ട്രീയത്തിലെയും തിരമാലകൾ എപ്പോഴാണ് ഭാവം മാറുന്നതെന്ന് പറയാനാവില്ല

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ആദ്യപാദത്തിൽ തന്നെ അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടായിരുന്നു. കേരള നിയമസഭയും മന്ത്രിസഭയും പാസാക്കുന്ന പല ബില്ലുകളും രാഷ്‌ട്രപതിക്കു പോലും അയച്ചുകൊടുക്കാതെ അദ്ദേഹം തടഞ്ഞുവച്ചു.

എന്നാൽ ഗോവക്കാരനായ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വന്നതോടെ ശാന്തിയുടെ മന്ദമാരുതൻ കേരളത്തിൽ വീശാൻ തുടങ്ങിയെന്ന് പലരും കരുതി. അദ്ദേഹം എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയൊരു സ്നേഹബന്ധം ഉടലെടുക്കുന്നത് നാം കണ്ടു. ഡൽഹി കേരള ഹൗസിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് മുഖ്യമന്ത്രി ഒരുക്കിയ പ്രാതൽ സൽക്കാരത്തിൽ മുൻകൂട്ടിയുള്ള ക്ഷണം കൂടാതെ തന്നെ ഗവർണർ പങ്കെടുത്തതും നല്ലൊരു തുടക്കമായി. മുഖ്യമന്ത്രിയുടെ പിറന്നാളിന് ഗവർണർ നേരിട്ട് ക്ലിഫ് ഹൗസിലെത്തി ചെറിയ നിലവിളക്കു നൽകിയാണ് വലിയ സ്നേഹവിളക്ക് കത്തിച്ചത്.

കടലിലെയും രാഷ്‌ട്രീയത്തിലെയും തിരമാലകൾ എപ്പോഴാണ് ഭാവം മാറുന്നതെന്ന് പറയാനാവില്ല. ശാന്തമായ കടലും രാഷ്‌ട്രീയ അന്തരീക്ഷവും പെട്ടെന്ന് കലുഷിതമാകും. വൻ കപ്പലുകൾ പോലും വലിയ തിരമാലകളിൽപ്പെട്ട് മുങ്ങിപ്പോകാം. രാഷ്‌ട്രീയ കെട്ടിപ്പിടിക്കലുകൾ ചിലപ്പോൾ ധൃതരാഷ്‌ട്ര ആലിംഗനമായി മാറും.

അതാണ് കേരള രാജ്ഭവനിലും നടന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നേതൃത്വം കൊടുത്ത് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെതിരേ കൃഷിമന്ത്രി കെ. രാജൻ പരിപാടി ഉപേക്ഷിച്ചതിനെ തുടർന്നാണ് ഗവർണറും സർക്കാരും തമ്മിൽ പുതിയ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞത്.

ആർഎസ്എസിന്‍റെ ചിഹ്നങ്ങളെ രാജ്ഭവനിലും ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളും ഉപയോഗിക്കുന്നത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. പ്രശ്നം കുറേക്കൂടി രൂക്ഷമാകുന്ന സംഭവങ്ങളാണ് പിന്നീടു നടന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത മറ്റൊരു പരിപാടിയിൽ ഭാരതാംബയുടെ ഫോട്ടൊയും വിളക്കും കണ്ടപ്പോൾ എന്തൊക്കെ പ്രോട്ടോക്കോൾ പറഞ്ഞാലും തികഞ്ഞ മാർക്സിസ്റ്റായ ശിവൻകുട്ടിക്ക് ഇറങ്ങിപ്പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനെ തുടർന്ന് കേരളത്തിലെ ഇടതു- കോളെജ് വിദ്യാർഥി സംഘടനകളും ബിജെപി ഇതര വലതു സംഘടനകളും ഗവർണർക്കെതിരായി കലാപക്കൊടി ഉയർത്തി.

മന്ത്രി ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് രാജ്ഭവനും ഭരണഘടനാ ലംഘനമാണ് ഗവർണർ ചെയ്തതെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. എന്നാൽ ഗവർണർ വിട്ടുവീഴ്ചയുടെ പാതയിലേക്ക് വരുമെന്നു തോന്നുന്നില്ല. സർക്കാരും പിന്നോട്ടുപോകുന്ന ലക്ഷണമില്ല. ഗവർണറുടെ അധികാരങ്ങൾ എന്തൊക്കെയെന്ന് പുതിയ തലമുറയെ പഠിപ്പിക്കാൻ വരെ സർക്കാർ തയാറായി നിൽക്കുന്നു. പുതിയ പാഠ്യ പദ്ധതിയിൽ അതും ഒരു വിഷയമാകും.

ഭരണഘടനയുടെ ആമുഖത്തിൽ പിന്നീട് ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് എഴുതിച്ചേർത്ത സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ എടുത്തു മാറ്റണമെന്നാണ് രാജ്യം ഭരിക്കുന്ന സർക്കാരിനെ പുറകിൽ നിന്ന് നയിക്കുന്ന ആർഎസ്എസിന്‍റെ കാലാകാലങ്ങളായുള്ള ആവശ്യം. അത് അവർ വീണ്ടും ഉന്നയിച്ചിരിക്കുന്നു. അതിനു ഭരണഘടനാ ഭേദഗതി വേണം. ഭരണഘടനാ ഭേദഗതിയെന്ന ആർഎസ്എസിന്‍റെ ഈ ആഗ്രഹം ഏതായാലും തത്കാലം നടക്കില്ല. കാരണം, പാർലലമെന്‍റിൽ ബിജെപിക്ക് ഒറ്റയ്ക്ക് അതിനുള്ള ഭൂരിപക്ഷമില്ല എന്നതാണ്. "ഒരു രാജ്യം, ഒരു ഭാഷ' അതും ഹിന്ദി തന്നെ എന്നുള്ളതാണ് നമ്മുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുതിയ മുദ്രാവാക്യം.

അശോകചക്രം പതിപ്പിച്ച മനോഹര ത്രിവർണ പതാകയുള്ളപ്പോൾ എന്തിനാണ് കാവിക്കൊടിയേന്തിയ ഭാരതാംബ എന്നാണ് ജോത്സ്യന് ചോദിക്കാനുള്ളത്. ഭാഷയുടെയും ജാതിയുടെയും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിലൊക്കെ എത്രയോ രക്തമാണ് ഈ മണ്ണിൽ ഒഴുകിയിട്ടുള്ളത്. രാജ്യം അതിലും വലിയ പ്രശ്നങ്ങൾ നേരിടുന്ന സന്ദർഭത്തിൽ ഇനിയൊരു ആഭ്യന്തര കലാപം കൂടി വേണോ എന്ന് എല്ലാവരും ആലോചിക്കേണ്ടിയിരിക്കുന്നു എന്നാണ് ജോത്സ്യന് പറയാനുള്ളത്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി