അഞ്ചാം തലമുറ യുദ്ധവിമാനം നിർമിക്കാൻ ഇന്ത്യ
Representative image
അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്‍റെ പ്രോട്ടോടൈപ്പ് തദ്ദേശീയമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് പ്രതിരോധ രംഗത്തു സ്വാശ്രയത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) വികസിപ്പിക്കാൻ അനുമതി നൽകിയത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ യുഎസ് (എഫ് 22, എഫ് 35എ ലൈറ്റ്നിങ് 2), ചൈന (ജെ20 മൈറ്റി ഡ്രാഗൺ), റഷ്യ (സുഖോയ് സു 57) തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമെത്തും ഇന്ത്യ.
വ്യവസായ പങ്കാളിത്തത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ഡിആർഡിഒയുടെ ഭാഗമായ എയറോനോട്ടിക്കൽ ഡെവലപ്മെന്‍റ് ഏജൻസി (എഡിഎ)യുടെ തീരുമാനം. സ്വകാര്യ, പൊതുമേഖലകൾക്കു തുല്യ അവസരം ലഭിക്കും. സ്വതന്ത്രമായോ സംയുക്ത സംരഭമായോ കൺസോർഷ്യമായോ പങ്കാളികളാകാം. എന്നാൽ, ഇന്ത്യൻ കമ്പനിയായിരിക്കണം.
ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതിക്ക് നേതൃത്വം നൽകിയത് എഡിഎ ആയിരുന്നു. സുഖോയ് സു-30എംകെഐ പോർവിമാനങ്ങളുടെ പിൻഗാമിയായിരിക്കും ഇന്ത്യയുടെ സ്വന്തം എഎംസിഎ. 2035ൽ യാഥാർഥ്യമായേക്കും. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റഫാൽ പോലുള്ള വിമാനങ്ങളുടെ അടുത്ത തലമുറയാകും എഎംസിഎ.
അഞ്ചാം തലമുറ യുദ്ധവിമാനം നിർമിക്കാൻ ഇന്ത്യ
25 ടൺ ഭാരവും ഇരട്ട എൻജിനുമുള്ള യുദ്ധവിമാനം. 6.5 ടൺ ഇന്ധനശേഷിയുള്ള ടാങ്ക്. ആധുനിക യുദ്ധങ്ങളിലെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന മികവ്. പദ്ധതിക്ക് 15000 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. തീരുമാനങ്ങളെടുക്കാൻ എഐ കൊണ്ടു പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക് പൈലറ്റിന്‍റെ സഹായവും വിമാനത്തിലുണ്ടാകും.
വിമാനത്തിനുള്ളിൽ ആയുധ അറയുണ്ടാകും. ഇതിൽ നാലു ദീർഘദൂര വ്യോമ- വ്യോമ മിസൈലുകളും ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ചു തൊടുക്കാവുന്ന നിരവധി മിസൈലുകളും (1500 കിലോഗ്രാം പോർമുന) സൂക്ഷിക്കാം.
വിമാനം പറക്കുമ്പോൾ വളരെ കുറച്ചുമാത്രമാകും വൈദ്യുത കാന്തിക തരംഗങ്ങൾ. അതിനാൽ റഡാറുകൾക്ക് കണ്ടെത്താൻ എളുപ്പമല്ല.
വിമാനം യാഥാർഥ്യമാകാൻ 10 വർഷം വേണ്ടിവരുമെന്നു ഡിആർഡിഒ ചെയർമാൻ സമീർ വി. കാമത്ത്. ഏറ്റവും പ്രധാനം എൻജിന്‍റെ വികസനമാണ്. ഇതിനായി വിദേശ കമ്പനികളുമായി ചേർന്നുള്ള സംയുക്ത സംരംഭം വേണ്ടിവരും.
റഷ്യൻ കമ്പനി സുഖോയ് വികസിപ്പിച്ച അഞ്ചാംതലമുറ സ്റ്റെൽത്ത് വിമാനം. ശബ്ദത്തിന്‍റെ 1.8 മടങ്ങ് വേഗം. വ്യോമ- വ്യോമ, വ്യോമ- ഭൂതല മിസൈലുകളടക്കം 7.4 ടൺ ആയുധങ്ങൾ വഹിക്കും. 54,100 അടി ഉയരത്തിൽ പറക്കും. 1864 മൈൽ ദൂരം സഞ്ചരിക്കും. റഷ്യയ്ക്ക് നിലവിൽ 76 സു 57 വിമാനങ്ങളുണ്ട്. ഇന്ത്യയും യുഎഇയും ഇതു വാങ്ങുന്നതു പരിഗണിക്കുന്നു.
ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച വിമാനം ഈ രംഗത്ത് ഏറ്റവും അത്യാധുനികമെന്നു കരുതുന്നു. 9 ടൺ ഭാരമുള്ള പോർമുനകൾ വഹിക്കും. ശബ്ദത്തിന്‍റെ 1.6 മടങ്ങ് വേഗം. 9.2 ടൺ ഇന്ധനശേഷി.
രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ നിർമാണ യൂണിറ്റ് കർണാടകയിലെ കോലാറിൽ യാഥാർഥ്യമാകുന്നു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (ടിഎഎസ്എൽ) യൂറോപ്യൻ വ്യോമയാന ഭീമൻ എയർബസും ചേർന്നാണു മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ ഒരുമിക്കുന്നത്. രാജ്യത്തെയും ദക്ഷിണേഷ്യയിലെയും വിപണികളെ ലക്ഷ്യമിട്ട് എച്ച് 125 സിവിൽ കോപ്റ്ററുകളാകും ഇവിടെ നിർമിക്കുക. ഫ്രാൻസ്, യുഎസ്, ബ്രസീൽ രാജ്യങ്ങളിലാണ് നിലവിൽ ഈ കോപ്റ്ററുകളുടെ നിർമാണ യൂണിറ്റുകളുള്ളത്.
കർണാടകയിലെ വേംഗൽ വ്യവസായ മേഖലയിലാകും യൂണിറ്റ്. തുടക്കത്തിൽ വർഷം 10 കോപ്റ്ററുകൾ നിർമിക്കുന്ന യൂണിറ്റിൽ പിന്നീടിത് 500 എണ്ണമായി ഉയർത്തും.