ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും.
file photo
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോൺകോളിനു വേണ്ടി കാതോർക്കുകയാണ് ഒരു അമെരിക്കൻ പ്രസിഡന്‍റ്!
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോൾ താരിഫ് യുദ്ധത്തിലെ താരം. കഴിഞ്ഞ ദിവസം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാലു ഫോൺ കോളുകൾക്ക് അദ്ദേഹം മറുപടി നൽകാത്തതാണ് ഇപ്പോൾ ആഗോള മാധ്യമങ്ങളിലെ വാർത്ത.
മോദിയെ പ്രശംസിച്ച് ജർമൻ, ജാപ്പനീസ് പത്രങ്ങൾ
ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ സീറ്റുങ്(എഫ്എസെഡ്) , ജാപ്പനീസ് പത്രമായ നിക്കി ഏഷ്യ എന്നിവയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ ഫോൺ തിരസ്കരണത്തെ കുറിച്ച് ലോകത്തോട് വിളിച്ചു പറയാൻ ഔത്സുക്യം കാണിക്കുന്നത്.
'മോദിയുടെ കോപത്തിന്‍റെ ആഴവും ജാഗ്രതയും' ആണ് ട്രംപിന്‍റെ ഫോൺ കോൾ തിരസ്കരിക്കുന്നതിനു കാരണമായത് എന്ന് എഫ്എസെഡ് എഴുതുന്നു. പ്രധാനമന്ത്രി മോദി ട്രംപിന്‍റെ കോളുകൾ ഒഴിവാക്കുകയാണെന്നും ഇത് ട്രംപിന്‍റെ നിരാശ വർധിപ്പിക്കുകയാണെന്നും 'നിക്കി ഏഷ്യ' എഴുതുന്നു.
യുഎസ് സമ്മർദ്ദത്തിനെതിരെ ഉറച്ചു നിൽക്കാൻ തയാറാണെന്ന് ഇന്ത്യ നിലപാടു വ്യക്തമാക്കി കഴിഞ്ഞു. പ്രധാനമന്ത്രിയാകട്ടെ, രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല എന്നു പ്രതിജ്ഞയെടുത്തു.
ഈ വ്യാപാര സംഘർഷം വാഷിങ്ടണിന്‍റെ സമ്മർദ്ദത്തിനു മുമ്പിൽ ന്യൂഡൽഹി വഴങ്ങില്ലെന്നു തെളിയിക്കുന്നു എന്ന് എഫ്എഇഎസ് എന്ന ജർമൻ പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്‍റിന്‍റെ നടപടികളിൽ ഇന്ത്യൻ പ്രധാനമന്ത്രി എത്രത്തോളം അസ്വസ്ഥനാണെന്ന് തെളിയിക്കുന്നതാണ് ട്രംപിന്‍റെ ഫോൺ കോൾ മോദി തിരസ്കരിച്ചതിനു കാരണമെന്ന് ഈ ജർമൻ പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു.
നാണം കെട്ട് ട്രംപ്
ഇന്ത്യയുടെ അപ്രതീക്ഷിതമായ ഈ നിലപാട് ട്രംപിനെ ചില്ലറയല്ല അസ്വസ്ഥനാക്കുന്നത്. പാക്കിസ്ഥാനുമായുള്ള ബന്ധം വർധിപ്പിക്കാനുള്ള ട്രംപിന്‍റെ പദ്ധതികളും പ്രസ്താവനകളും അതിനു തെളിവാണെന്നും ജർമൻ പത്രം എഴുതുന്നു.
അനവസരത്തിലുള്ള ട്രംപിന്‍റെ അവകാശ വാദവും അവിവേകത്തോടെയുള്ള നയതന്ത്ര ശൈലിയും ഇന്ത്യയുമായുള്ള സൗഹൃദത്തിൽ പിരിമുറുക്കത്തിനിടയാക്കിയതായും ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ അവസാനിപ്പിച്ചത് തന്‍റെ മധ്യസ്ഥതയിലാണെന്ന ട്രംപിന്‍റെ അവകാശവാദത്തെ ഉന്നയിച്ച് ജാപ്പനീസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുമായി ഇന്ത്യ അടുക്കുമ്പോൾ ട്രംപിന്‍റെ നഷ്ടങ്ങൾ
ചൈനയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതോടെ തകർച്ചയിലേയ്ക്കു പോകുന്നത് അമെരിക്കയുടെ ഇന്തോ-പസഫിക് വിന്യാസത്തെ കുറിച്ചുള്ള ആശയമാണെന്നും അത് ചൈനയെ നിയന്ത്രിക്കുന്നതിൽ ഇന്ത്യ കേന്ദ്ര പങ്ക് വഹിക്കുന്ന ഒരു പദ്ധതിയായിരുന്നു എന്നും ഒരു പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മാർക്ക് ഫ്രേസിയർ ജർമൻ പത്രമായ എഫ്എഇസഡിനോട് വിശദീകരിച്ചു.
ചൈനയെ നേരിടാനുള്ള തന്ത്രപരമായ ശ്രമത്തിലൂടെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയും യുഎസും കൂടുതൽ അടുത്തതു തന്നെ. എന്നാൽ ട്രംപിന്‍റെ ശിക്ഷാ താരിഫുകൾ നിലവിലാകുന്നതോടെ ആ പങ്കാളിത്തം തകരുകയാണ്.
ന്യൂയോർക്കിലെ ന്യൂ സ്കൂളിലെ ഇന്ത്യ-ചൈന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹ ഡയറക്റ്റർ കൂടിയായ മാർക്ക് ഫ്രേസിയർ പറയുന്നത് ന്യൂഡൽഹി ഒരിക്കലും ബെയ്ജിങിനെതിരെ വാഷിങ്ടണിനൊപ്പം നിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു തന്നെയാണ്. എന്നാൽ ആഗോള സ്ഥാപനങ്ങളിൽ സ്വാധീനം വികസിപ്പിക്കുന്നതിൽ ന്യൂഡൽഹിയും ബെയ്ജിങും പൊതു താൽപര്യങ്ങൾ പങ്കിടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാത്രമല്ല, ചൈനീസ് നിക്ഷേപത്തിനും സാങ്കേതിക വിദ്യയ്ക്കും ഇന്ത്യൻ വ്യവസായത്തെ ഉത്തേജിപ്പിക്കാൻ കഴിയുമെന്നതു പോലെ തന്നെ ബെയ്ജിങിന്‍റെ ആഗോള സാമ്പത്തിക ഭൗമ രാഷ്ട്രീയ സ്ഥാനം ഉയർത്തുന്നതിൽ ന്യൂഡൽഹിക്ക് സുപ്രധാന പങ്കു വഹിക്കാൻ സാധിക്കുമെന്നും ഫ്രോസിയർ പറയുന്നു.
ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യയും
ഇന്ത്യയുടെ മാറ്റം തന്ത്രപരമാണെന്നും യുഎസ് താരിഫുകൾക്കുള്ള പ്രതികരണമെന്നതിൽ ഉപരി, യുഎസ് പിൻവാങ്ങുന്നതോടെ ആഗോള സ്വാധീനത്തിലും വ്യാവസായിക വളർച്ചയിലും ഇന്ത്യയും ചൈനയും താൽപര്യങ്ങൾ പങ്കിടുന്നതായും ഫ്രേസിയർ നിരീക്ഷിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന(എസ് സിഒ) ഉച്ചകോടിയിൽ ഔദ്യോഗികമായി പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് അവസാനം ചൈന സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദർശനമാണ് ഇത്. യുഎസ്- ചൈന ബന്ധങ്ങളുടെ പ്രവചനാതീതമായ പാത സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ബെയ്ജിങുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ഒരു ശ്രമമായാണ് ഇതിനെ ലോകം ഉറ്റു നോക്കുന്നത്.