ജുഡീഷ്യറി തകർന്നാൽ ജനാധിപത്യവും തകരും

 
Special Story

ജുഡീഷ്യറി തകർന്നാൽ ജനാധിപത്യവും തകരും

സത്യസന്ധതയിലും കാര്യക്ഷമതയിലും ഇന്ത്യൻ ജുഡീഷ്യറി പൊതുവെ ഉന്നത നിലവാരം പുലർത്തുന്നുണ്ട്

Namitha Mohanan

ജനാധിപത്യരാജ്യത്ത് ജനവിശ്വാസം പൂർണമായും ആർജിച്ച് പ്രവർത്തിക്കേണ്ട ഒരു സംവിധാനമാണ് ജുഡീഷ്യറി. ഇന്ത്യയിലാണെങ്കിൽ സുപ്രീം കോടതി വരെയെത്തുന്ന വിവിധ തലങ്ങളിലുള്ള ജുഡീഷ്യൽ സംവിധാനമാണുള്ളത്. ഈ സംവിധാനത്തിന്‍റെ വിശ്വാസ്യത തകർന്നാൽ ജനാധിപത്യ സംവിധാനം തന്നെ പൂർണമായി തകരും.

സത്യസന്ധതയിലും കാര്യക്ഷമതയിലും ഇന്ത്യൻ ജുഡീഷ്യറി പൊതുവെ ഉന്നത നിലവാരം പുലർത്തുന്നുണ്ട്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കു നേരെ കൈ ചൂണ്ടാൻ പോലും കരുത്തുള്ള വി.ആർ കൃഷ്ണയ്യരെ പോലുള്ള ജഡ്ജിമാർ നമുക്കുണ്ടായിരുന്നു. അതിപ്രഗത്ഭരായ ജഡ്ജിമാരെ ജുഡീഷ്യൽ സംവിധാനത്തിൽ ലഭിക്കാതിരുന്നത് അവർക്ക് ലഭിച്ചിരുന്ന സേവനവേതന വ്യവസ്ഥകളിലെ പോരായ്മ മൂലമായിരുന്നു. പേരുകേട്ട ഒരു വക്കീലിന് ലഭിക്കുന്ന വരുമാനത്തിനടുത്തു പോലും ഒരു ജഡ്ജിക്കു കിട്ടുന്നില്ലെന്നും അതു മൂലം നിയമ പ്രാഗത്ഭ്യമുള്ള വക്കീലന്മാരെ ജുഡീഷ്യൽ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്നും ഒരുകാലത്ത് പരാതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വളരെ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ജുഡീഷ്യറിക്കു ലഭിക്കുന്നുണ്ട്. റിട്ടയർമെന്‍റിനു ശേഷം അവരിൽ പലരും നല്ല സ്ഥാനമാനങ്ങൾ വഹിക്കുന്നു. ഗവർണർമാർ, ജുഡീഷ്യൽ കമ്മിഷനിലെ അംഗങ്ങൾ തുടങ്ങിയ സംവിധാനത്തിലേക്കാണ് ഇവരിൽ അധികം പേരും റിട്ടയർമെന്‍റിനെ തുടർന്ന് പോകുന്നത്. അതെല്ലാം ജുഡീഷ്യറിയുടെ സത്യസന്ധതയും കാര്യക്ഷമതയും സംരക്ഷിക്കാനുള്ള നടപടിയാണ്. സമയബന്ധിതമായും സത്യസന്ധമായും വിധി പറയുന്ന ധാരാളം ജഡ്ജിമാരും ഉണ്ട്.

ദുഃഖകരമെന്ന് പറയട്ടെ അടുത്ത കാലത്തായി ജുഡീഷ്യറിയുടെ താഴെത്തട്ട് മുതൽ സുപ്രീം കോടതി ജഡ്ജിമാരെവരെ സ്വാധീനിക്കാൻ അവിഹിതമായ മാർഗങ്ങൾ ഉപയോഗിക്കുന്നു എന്ന ശക്തമായ സൂചനകൾ പുറത്തുവരുന്നുണ്ട്.

കുടംബാധിപത്യം ജഡ്ജിമാരുടെ നിയമനത്തിലും കാണപ്പെടുന്നു. അച്ഛൻ, മകൻ, കൊച്ചുമകൻ, ബന്ധുക്കൾ എന്നീ നിലകളിലേക്ക് നിയമനങ്ങൾ നീങ്ങുന്നുവെന്നത് ഒരു യാഥാർഥ്യമാണ്.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ വീടിനോട് ചേർന്നുള്ള സ്ട്രോങ് റൂമിൽ നോട്ടുകെട്ടുകൾ കണ്ടത്. ആകസ്മികമായ ഒരു തീപിടിത്തമാണ് ആരോപണങ്ങളുടെ തീമഴ പെയ്യിക്കുന്നത്. ഈ ആരോപണം ശക്തവും വ്യക്തവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സുപ്രീം കോടതിക്ക് കഴിഞ്ഞിട്ടില്ല.

ബാങ്കുകളിൽ പോലും ഇല്ലാത്ത വിധത്തിലുള്ള നോട്ടുകെട്ടുകളാണ് യശ്വന്ത് വർമയുടെ വസതിയിൽ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനെക്കുറിച്ചുള്ള പരാതികൾ സുപ്രീം കോടതിയിൽ എത്തിയപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ കേൾവി ശക്തി നഷ്ടപ്പെട്ട രീതിയിലായിരുന്നു മറുപടി. ഒരു സഹോദരനെക്കുറിച്ചുള്ള പരാതിയെടുക്കാൻ മറ്റൊരു സഹോദരന് കഴിയുമോ. ( ജഡ്ജിമാർ പരസ്പരം വിളിക്കുന്നത് ബ്രദർ എന്നാണ്).

പ്രധാനമന്ത്രിമാർക്കെതിരേ പോലും ശക്തമായ അന്വേഷണം നടന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാഗാന്ധിക്കെതിരേയും ബൊഫോഴ്സ് തോക്കിടപാടിൽ രാജീവ്ഗാന്ധിക്കെതിരേയും ഉണ്ടായ ആരോപണങ്ങൾ എത്ര ശക്തമായിട്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ വിവിധ ഏജൻസികൾ അന്വേഷിച്ചത്. ഇന്ത്യൻ സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു ഒരു അച്ചാറു കമ്പനിക്കാരന്‍റെ പരാതിയിൽപെട്ട് വലഞ്ഞു. കരുത്തനായിരുന്ന കെ.കരുണാകരന് രാജൻ കേസിൽ അകപ്പെട്ട് തന്‍റെ അധികാരം ഒഴിയേണ്ടി വന്നതും, പാം ഓയിൽ കേസിൽ സത്യസന്ധനായ ഒരു ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ജീവിതം ഇല്ലാതാക്കിയതും ഈ നാട്ടിൽ തന്നെയാണ്.

മുൻമന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ഒരു ജനപ്രതിനിധിക്ക് 25 ലക്ഷം രൂപയുടെ സമ്പത്തിക സ്രോതസ്സ് വ്യക്തമായി ബോധ്യപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ കോടതിയിലേക്ക് വലിച്ചഴയ്ക്കപ്പെട്ടു. കേരളത്തിലെ പരീക്ഷ സമ്പ്രദായത്തിൽ അവിഹിതമായി കടന്നുവന്ന യൂട്യൂബ് ചാനലിന്‍റെ സ്ഥിതി നാം കണ്ടുകൊണ്ടിരിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ മൂല്യം സംരക്ഷിക്കുന്നതും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതും പാർലമെന്‍റാണ്. ഇതിനെക്കുറിച്ച് വലിയ ചർച്ചകൾ പാർലമെന്‍റിൽ നടക്കണം. തെറ്റ് ചെയ്ത ജഡ്ജിമാരെ ഇംപീച്ച് ചെയ്യുക മാത്രമല്ല, രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കനുസരിച്ച് അവർക്കെതിരേ നടപടിയും ഉണ്ടാകണം. ജുഡീഷ്യറിയുടെ സത്യസന്ധത എങ്ങിനെ പ്രവർത്തനക്ഷമമാക്കാം എന്ന ചുമതല പാർലമെന്‍റിൽ നിക്ഷിപ്തമായിരിക്കെ, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർലമെന്‍റോ സർക്കാരോ, സ്പീക്കറോ തയാറാകണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു