ശാസ്ത്ര-സാങ്കേതിക മേഖലയുടെ വളർച്ചയോടൊപ്പം മനുഷ്യമനസ്സും വളരേണ്ടതുണ്ട്. എന്നാൽ നിർമിത ബുദ്ധിയും വാർത്താ വിനിമയ രംഗത്തുണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് മനുഷ്യൻ മനുഷ്യനെതന്നെ അവഹേളിക്കുന്ന ധാരാളം സംഭവങ്ങളാണ് സമൂഹത്തിൽ ഇപ്പോൾ അരങ്ങേറുന്നത്. സ്ത്രീ അമ്മയാണ്, ജീവിതസഖിയാണ്, കൂട്ടുകാരിയാണ്, സഹോദരിയും-മകളുമാണ് എന്ന കാഴ്ചപ്പാട് നഷ്ടപ്പെടുത്തിക്കൊണ്ട് പുരാണകഥകളെ കൂട്ടുപിടിച്ച് കുന്തിദേവിയെപ്പോലും ദ്വയാർഥ പ്രയോഗത്തിനുള്ള മാർഗമാക്കുന്ന തികച്ചും തരം താഴ്ന്ന പരാമർശങ്ങൾ വേദനയോടെ മാത്രമേ ശ്രവിക്കാനാവുന്നുള്ളൂ.
ഇതെല്ലാം ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും നിസ്സാരക്കാരല്ല. കണ്ണുകൊണ്ടും, കൈകൊണ്ടും വാക്കുകളിലൂടെയും അവർ നടത്തുന്ന ലൈംഗിക ചേഷ്ടകൾ ആസ്വദിക്കുന്ന ഒരു സമൂഹം വളർന്നു വരുന്നത് തികച്ചും വേദനാജനകമാണ്. വ്യവസായരംഗത്തും സാമൂഹ്യരംഗത്തും നിറഞ്ഞു നിൽക്കുന്ന ഇവരിൽ പലർക്കുമെതിരെ നിയമത്തിന്‍റെ ദണ്ഡ് ഉയരുമെങ്കിലും നീതി പീഠങ്ങളിൽ തലനാരിഴ കീറിയുള്ള വാദപ്രതിവാദങ്ങളിലൂടെ കുറ്റക്കാർ പലപ്പോഴും രക്ഷപെടാറുണ്ട്. സമ്പന്നരായ ഇവർക്ക് ഭരണകൂടത്തിലും അതുവഴി നീതി നിർവഹണത്തിലും വലിയ സ്വാധീനമുണ്ടാകും. അപ്പോൾ അന്ധയായ നീതിദേവത ബധിരയും ഊമയുമായി മാറുന്നു. പ്രഗത്ഭന്മാരായ വക്കീലൻമാർക്ക് കോടികൾ കൊടുത്ത് നിയമയുദ്ധം നടത്തി ഇവർ രക്ഷപെടുമ്പോൾ അപമാനിക്കപ്പെടുന്ന സ്ത്രീ ഹൃദയങ്ങളെ കാണാതിരിക്കാനാവില്ല.
അടുത്തകാലത്ത് പ്രഗൽഭയായ ഒരു സിനിമാ നടി രാഷ്ട്രീയ ചാണക്യൻമാരെപ്പോലും വെല്ലുവിളിക്കുന്ന മെയ് വഴക്കത്തോടെ ഇത്തരം ആരോപണങ്ങളെ നേരിടാൻ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്.
മനുഷ്യ ശരീരത്തിലെ ഞരമ്പുകളെ പോലും വെല്ലുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പടർന്നു കയറുന്ന ഈ കാലഘട്ടത്തിൽ, കാഴ്ചക്കാരുടെ എണ്ണം കുതിച്ചുകയറാൻ ജാള്യതയില്ലാതെ ഇക്കിളിപ്പെടുത്തുന്ന വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരേ ശക്തമായ നടപടികൾ എടുക്കണം. മനുഷ്യന്‍റെ ഓർമ പലപ്പോഴും നൈമിഷികമായതുകൊണ്ട് സമയത്തിന്‍റെ ഓട്ടത്തിൽ ഈ ഇക്കിളിക്കഥകൾ മാഞ്ഞു പോകാറുണ്ട്. ചിലരുടെ വാക്കുകൾ ദ്വയാർഥത്തിൽ കൂടുതൽ അർഥം പുറപ്പെടുവിക്കാറുണ്ട്. വ്യാപാര-വ്യവസായ രംഗത്ത് തലപ്പത്ത് നിൽക്കുന്നവർ മാർക്കറ്റിങ്ങിന്‍റെ ഭാഗമാണ് ഇതെന്ന് പറയുമ്പോൾ മുൻ സംസ്ഥാനമന്ത്രി ജി. സുധാകരൻ പറയുന്നതുപോലെ ചെപ്പിക്കിട്ട് തന്നെ ഇവന്മാർക്ക് രണ്ടു കൊടുക്കണം എന്നാണ് ജ്യോത്സ്യന്‍റെയും അഭിപ്രായം.