കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എല്ലാ പ്രസംഗങ്ങളിലും എടുത്തുപറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്- അദാനി, അംബാനിമാരെ നിലയ്ക്കു നിർത്തണം, അവരുടെ കൈയിലാണ് ഇന്ത്യാ രാജ്യം, പ്രധാനമന്ത്രിയും ബിജെപിയും ഭരിക്കുന്നത് അവരുടെ നിർദേശാനുസരണമാണ്. രണ്ട്- ഇന്നത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഗുരുതര വീഴ്ചയുണ്ട്.
ഈ സന്ദർഭത്തിൽ പല ചോദ്യങ്ങളും ജോത്സ്യന്‍റെ മനസിൽ ഉയരുന്നുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന് സ്വതന്ത്ര്യം നേടിത്തന്ന് രാജ്യത്തെ മുന്നോട്ടു നയിച്ച മഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരൊന്നും അന്നത്തെ വൻകിട കമ്പനിക്കാരായിരുന്ന ടാറ്റ, ബിർള, ഡാൽമിയ എന്നിവരുടെയൊക്കെ സഹായം സ്വീകരിച്ചിട്ടില്ലേ? സുരക്ഷാ ഭടന്‍റെ വെടിയേറ്റ് ഇന്ദിര ഗാന്ധി മരിച്ചപ്പോൾ കൊൽക്കത്തയിലായിരുന്ന രാജീവ് ഗാന്ധിയെ കൊണ്ടുവന്നത് ആരുടെ വിമാനത്തിലാണ്? ഇന്ദിര ഗാന്ധിയുടെയും പ്രണബ് മുഖർജിയുടെയും അടുത്ത സുഹൃത്തായിരുന്നില്ലേ റിലയൻസ് ഗ്രൂപ്പിന്‍റെ സ്ഥാപക ഉടമ ധീരുഭായ് അംബാനി? നാളെയൊരിക്കൽ കോൺഗ്രസ് അധികാരത്തിലേറിയാൽ അദാനി, അംബാനി തുടങ്ങിയ വൻകിടക്കാർക്കെതിരെ കോൺഗ്രസ് പാർട്ടി എന്തു നടപടി സ്വീകരിക്കും. ആയിരക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നൽകുന്ന വൻകിട സ്വകാര്യ മേഖലയെ ഇല്ലാതാക്കുമോ?
2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്. വൻ കമ്പനികളിലെ സാമ്പത്തിക ക്രമക്കേടുകൾ, വഞ്ചന, ദുർവിനിയോഗം എന്നിവ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പരസ്യപ്പെടുത്തുകയും തുടർന്ന് പ്രസ്തുത കമ്പനികളിലെ ഓഹരി വിലകൾ കുത്തനെ ഇടിയുകയും ചെയ്യുമ്പോൾ ഷോർട്ട് സെല്ലർ എന്ന നിലയിൽ ഹിൻഡൻബർഗ് മാർക്കറ്റിൽ നിന്ന് താഴ്ന്ന വിലയ്ക്ക് ഈ ഷെയറുകൾ വാങ്ങി, പിന്നീട്, മാർക്കറ്റ് മെച്ചപ്പെട്ടമ്പോൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു. ഈ തട്ടിപ്പ് കമ്പനിയാണ് അദാനി തുടങ്ങിയ വൻ ഇന്ത്യൻ സ്വകാര്യ കമ്പനികളുടെ ഉറക്കം കെടുത്തിയതെന്ന് രാഹുലിന് അറിയില്ലേ.
ഇന്ത്യയിലെ സ്വകാര്യ മേഖലയെ തകർക്കാൻ വിദേശ ശക്തികൾ, പ്രത്യേകിച്ച് അമെരിക്ക എന്നും ഒളിഞ്ഞും, തെളിഞ്ഞും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതൽ ഡോ. മൻമോഹൻ സിങ് വരെ ഈ ആരോപണങ്ങൾ കേട്ടവരാണ്. അദാനിക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ച ഹിൻഡൻബർഗ് അടച്ചു പൂട്ടുന്നു എന്ന് അതിന്‍റെ ഉടമസ്ഥാൻ ആൻഡേഴ്സൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെല്ലാം അമെരിക്ക ഒഴികെയുള്ള രാജ്യങ്ങളെ തകർക്കുന്ന സാമ്പത്തിക ഭീകരരാണ് എന്ന കാര്യം രാഹുൽ മനസിലാക്കണം.
മഹാരാഷ്‌ട്രയിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിൽ വലിയ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്ന മറ്റൊരു ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവമായി തങ്ങളുടെ ജോലി നിർവഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. ഭരിക്കുന്ന സർക്കാരിന്‍റെ ഇച്ഛയ്ക്കനുസരിച്ച് ഇലട്രോണിക് വോട്ടിങ് മെഷീനെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് ആക്ഷേപം.
കർണാടക, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങി ബിജെപി ഇതര സർക്കാരുകൾ അധികാരത്തിലുള്ളിടത്തെല്ലാം ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ എങ്ങിനെ പ്രവർത്തിച്ചുവെന്നാണ് രാഹുലിന് പറയാനുള്ളത്? കോൺഗ്രസും സഖ്യകക്ഷികളും ജയിച്ചിടത്തെല്ലാം ഇലക്ഷൻ കമ്മിഷൻ ഉത്തരവാദിത്വത്തോടെയും ബിജെപി ഭരിക്കുന്നിടത്തെല്ലാം ഏകപക്ഷീയമായും പെരുമാറി എന്നാണോ? സ്വതന്ത്ര്യാനന്തര ഭാരതത്തിൽ നടന്നിട്ടുള്ള പാർലമെന്‍റ്, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലൊന്നും വിശ്വാസ്യതയില്ലേ?
തെരഞ്ഞെടുപ്പ് കമ്മിഷനെ ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം. കോൺഗ്രസ് പാർട്ടിയിൽ എത്ര നാളായി മെംബർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞടുപ്പ് നടന്നിട്ട്. പരസ്പരം തല ചൊറിഞ്ഞ് കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയത്തിൽ പിടിച്ചുനിൽക്കുന്നു; എല്ലാം ഒരു അഡ്ജസ്റ്റ്മെന്‍റ് അല്ലേ? നാളെ രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം പാർട്ടിയിലെങ്കിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണ്ടേ?!
നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ ആക്ഷേപിക്കുമ്പോൾ, മോത്തിലാൽ നെഹ്രുവിന്‍റെ കാലം മുതലുള്ള നെഹ്രു കുടുംബത്തിന്‍റെ കുടുംബാധിപത്യത്തെ കുറിച്ച് രാഹുലിന് എന്താണ് പറയാനുള്ളത്? നെഹ്രുവിന് ശേഷം ഇന്ദിര, ഇന്ദിരയ്ക്ക് ശേഷം രാജീവ്, രാജീവിന് ശേഷം സോണിയ, അതിനുശേഷം രാഹുലും പ്രിയങ്കയും. ഇവർക്കു പിന്നാലെ ഇനിയും നെഹ്രു കുടുംബത്തിലെ ഗാന്ധിമാർ വരാനിരിക്കുന്നതേയുള്ളൂ..! സ്വന്തം കണ്ണിൽ കോല് ഇരിക്കെ സഹോദരനോട്, "സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാൻ എടുത്തു കളയട്ടേ' എന്നു പറയുന്നതു പോലെയാണ് രാഹുലിന്‍റെ ആരോപണങ്ങൾ എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.