മികച്ച സേവനങ്ങള്‍ ഉറപ്പുനല്‍കാൻ കെഫോണിന് സാധിച്ചു.

 

പ്രതീകാത്മക ചിത്രം

Special Story

വിജയവീഥിയിൽ കെ ഫോൺ

പദ്ധതി ആരംഭിച്ചപ്പോള്‍ പല രീതിയില്‍ സംശയങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നു. അവയെ എല്ലാം നിരര്‍ഥകമാക്കുംവിധം മികച്ച സേവനങ്ങള്‍ ഉറപ്പുനല്‍കാനും വിശ്വാസം ആര്‍ജിക്കാനും കെഫോണിന് സാധിച്ചു.

ഡോ. സന്തോഷ് ബാബു

(മാനെജിങ് ഡയറക്റ്റർ, കെ ഫോൺ)

വിവരസാങ്കേതിക രംഗത്തെ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം കേരളവും മുന്നോട്ടു കുതിക്കുകയാണ്. പുതുതലമുറ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഐടി പാര്‍ക്കുകളും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ ഉയര്‍ന്നുവരുന്ന നൂതന സാധ്യതകളും, സാധാരണ ജനങ്ങൾക്ക് ഉൾപ്പെടെ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന കെ ഫോണ്‍ ശൃംഖലയുമൊക്കെയാണ് സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ യാത്രയെ സമഗ്രവും ശക്തവുമാക്കുന്ന പ്രധാന ഘടകങ്ങള്‍.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മുന്നേറിക്കൊണ്ട് ലോകത്തിനു തന്നെ മാതൃകയായി മാറിയ സംസ്ഥാനമാണ് കേരളം. ഇന്ന് ഈ 21ാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍, വ്യാപാര മേഖല എന്നിങ്ങനെ എല്ലാത്തിനും കരുത്ത് പകരുന്നത് ഡിജിറ്റല്‍ ലോകമാണ്. വിദ്യാർഥികള്‍, വ്യാപാരികള്‍, അധ്യാപകര്‍ അങ്ങനെ ആരുമാവട്ടെ, ഏത് മേഖലയില്‍ തൊഴിലെടുക്കുന്നവരുമാകട്ടെ എല്ലാവര്‍ക്കും ഒരുപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമായി നിത്യജീവിതത്തില്‍ ഇന്ന് ഇന്‍റര്‍നെറ്റ് മാറിക്കഴിഞ്ഞിരിക്കുന്നു.

ഇന്‍റര്‍നെറ്റ് പൗരന്‍റെ അടിസ്ഥാനാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഈ പ്രഖ്യാപനം വെറും പ്രസ്താവന മാത്രമായി ഒതുങ്ങിയില്ല, മറിച്ച് അത് പ്രവര്‍ത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. കേരള സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപനത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഡിജിറ്റല്‍ കേരളമെന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു കെ ഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്.

ഇന്‍റര്‍നെറ്റ് സാക്ഷരതയില്‍ മുന്നിലെത്തിയ കേരളം, എല്ലാവര്‍ക്കും സമാനമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കെഫോണിലൂടെ സാക്ഷാത്കരിക്കുകയാണ്. നിലവില്‍ അടിസ്ഥാന സേവനങ്ങള്‍ക്കൊപ്പം, വാല്യൂ ആഡഡ് സര്‍വിസുകളിലേക്കും കടന്ന് കൂടുതല്‍ ഉപയോക്താക്കളെ ലക്ഷ്യമിടുകയാണ് കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് സേവനമായ കെഫോണ്‍. മറ്റ് സ്വകാര്യ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളോട് കിടപിടിക്കാൻ സാധിക്കുന്ന നിലവാരത്തിലുള്ള സേവനമാണ് കെഫോണ്‍ ഒരുക്കുന്നത്.

ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് എന്നീ അടുത്ത ഘട്ട പദ്ധതികളോടൊപ്പം, സംസ്ഥാനത്തിന് പുറത്തേക്കും സേവനം വ്യാപിപ്പിക്കാനുള്ള ISP 'A' ലൈസന്‍സും കെ ഫോണ്‍ നേടിയിട്ടുണ്ട്. ഇതിനോടകം തന്നെ സംസ്ഥാനത്താകെ ഒരു ലക്ഷത്തില്‍പ്പരം ഉപയോക്താക്കളെ കൈവരിച്ചെന്നത് ഈ പദ്ധതിയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തെളിവാണ്. മാത്രമല്ല ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഇന്‍റര്‍നെറ്റ് എത്തിച്ചേരുന്ന കേരളത്തിന്‍റെ ഡിജിറ്റല്‍ വിപ്ലവത്തിന് പിന്നിലെ യഥാർഥ ശക്തിയായി കെ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

സാമൂഹ്യനീതിയുടെ പുത്തന്‍ മാതൃക

ലോകം ഇന്ന് ഓരോ വ്യക്തിയുടേയും വിരല്‍ത്തുമ്പിലാണ്. ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നതിലൂടെ കുട്ടികള്‍ക്കും മറ്റ് വിദ്യാർഥികള്‍ക്കും മുന്നില്‍ അറിവിന്‍റെ പുത്തന്‍ വാതായനങ്ങളാണ് തുറക്കുന്നത്. കെഫോണിലൂടെ ഇന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മറ്റെല്ലാവരേയും പോലെ ഇന്‍റര്‍നെറ്റും അതിലൂടെയുള്ള വിപുലമായ സാധ്യതകളും മുന്നിലെത്തുന്നു.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനതയെ ചേര്‍ത്തുനിര്‍ത്തി അവര്‍ക്കാവശ്യമായ ഇന്‍റര്‍നെറ്റ് സേവനം കുറഞ്ഞ നിരക്കില്‍ എത്തിച്ചു നല്‍കിയതായിരുന്നു കെഫോണിന്‍റെ വിജയ യാത്രയിലെ എടുത്തുപറയേണ്ട നേട്ടം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കി, വിദ്യാഭ്യാസത്തിലും തൊഴിലിലും ഡിജിറ്റല്‍ ലോകത്തിന്‍റെ എല്ലാ അവസരങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതുവരെ 14,194 കുടുംബങ്ങള്‍ക്കാണ് കെഫോണ്‍ സൗജന്യ കണക്‌ഷന്‍ നല്‍കിയത്. അതില്‍ കോട്ടൂര്‍ പഞ്ചായത്തിലെ 103 ആദിവാസി കുടുംബങ്ങളും അട്ടപ്പാടിയിലെ 396 ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടുന്നു. കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസആർ) ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഈ മഹത്തായ സേവനങ്ങള്‍ സാധ്യമാക്കിയത്. ഇതിനു പുറമേ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോണ്‍ ബിപിഎല്‍ കണക്‌ഷനുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു. സുഗമമായ ഗതാഗത സൗകര്യങ്ങള്‍ പോലും പരിമിതമായ ഒരു പ്രദേശമാണിത്.

കേരളത്തിന്‍റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെഫോണ്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്‍റെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്‍റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകള്‍ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്‍റര്‍നെറ്റ് കണക്‌ഷനും ഒപ്പം മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കെഫോണ്‍ കണക്‌ഷനുകള്‍ക്കുപരി മറ്റ് ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കെഫോണ്‍ ഫൈബറുകള്‍ ലീസിനെടുത്ത് ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതുവഴി കഴിയും.

മാറുന്ന സര്‍ക്കാര്‍ ഓഫിസുകള്‍

സംസ്ഥാനത്തെ 23,355 സര്‍ക്കാര്‍ ഓഫിസുകളില്‍ കെഫോണ്‍ കണക്‌ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്‌ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇതില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, പഞ്ചായത്തുകള്‍, ബ്ലോക്ക് ഓഫിസുകള്‍ തുടങ്ങി ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫിസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്‌ഷനാണ് ഉപയോഗിക്കുന്നത്. ഒരാശുപത്രിയില്‍ രോഗിയുടെ ഡാറ്റ കൈകാര്യം ചെയ്യുന്നത് മുതല്‍, പഞ്ചായത്ത് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെ എല്ലാ കാര്യങ്ങളും കൂടുതല്‍ വേഗവും കാര്യക്ഷമവുമായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നതില്‍ കെഫോണിന്‍റെ പങ്ക് വളരെ വലുതാണ്.

വ്യാപാര ലോകത്തിനു കരുത്ത്

വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും മാത്രമല്ല വ്യാപാര വ്യവസായ മേഖലയിലും വലിയ സ്വീകാര്യതയാണ് കെഫോണിനുള്ളത്. നിലവില്‍ 79,123 ഫൈബര്‍ ടു ഹോം (FTTH) കണക്‌ഷനുകള്‍ പ്രവര്‍ത്തനക്ഷമമാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്‌മോള്‍ & മീഡിയം എന്‍റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്‍റര്‍നെറ്റ് ലീസ് ലൈന്‍ കണക്‌ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്‌ഷനുകളും നിലവിലുണ്ട്. ഏഴായിരത്തോളം കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ പത്ത് ഉപയോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. 3,800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്‍റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

ഡിജിറ്റല്‍ ലക്ഷ്യത്തിലേക്ക്

പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,19,910 കണക്‌ഷനുകള്‍ കെഫോണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 2026 ഓടെ 2.5 ലക്ഷം കണക്‌ഷനുകള്‍ നല്‍കുക എന്നതാണ് കെഫോണിന്‍റെ പ്രധാന ലക്ഷ്യം. ഈ പദ്ധതി പൂര്‍ണാർഥത്തില്‍ സഫലമാകുമ്പോള്‍, കേരളത്തിലെ എല്ലാ വീടുകളിലും, ഓഫിസുകളിലും, വ്യവസായ സ്ഥാപനങ്ങളിലും ഉയര്‍ന്ന വേഗതയിലും സ്ഥിരതയിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും. ഇത്തരം സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഡിജിറ്റല്‍ സാന്ദ്രതയും സാധ്യതകളും മികച്ച രീതിയില്‍ ശക്തിപ്പെടുത്തുന്നതിനായുള്ള വഴിയൊരുക്കുകയാണ് കെഫോണ്‍.

കുറഞ്ഞ നിരക്ക്, കൂടിയ വിശ്വാസ്യത

സ്വകാര്യ ഇന്‍റര്‍നെറ്റ് കമ്പനികള്‍ തങ്ങളുടെ നിരക്കുകള്‍ 40-60% വരെ ഉയര്‍ത്തിയിട്ടും, ഏതൊരു സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന രീതിയില്‍ കുറഞ്ഞ നിരക്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. 99.9 ശതമാനമാണ് ലഭ്യതാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. സ്ഥിരതയുള്ളതും ഗുണമേന്മയുള്ളതുമയ ഇന്‍റര്‍നെറ്റ് സേവനം കെഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു.

കെ ഫോണ്‍ ഒടിടി

കെഫോണ്‍ വെറും ഇന്‍റര്‍നെറ്റ് കണക്‌ഷന്‍ പദ്ധതിയായി മാത്രം ഒതുങ്ങിയില്ല. വിനോദ മേഖലയിലും ശക്തമായ ചുവടുവെയ്പ്പാണ് കെഫോണ്‍ ഒടിടിയിലൂടെ കേരളം നടത്തിയിരിക്കുന്നത്. വിനോദവും വിജ്ഞാനവും വിരല്‍ത്തുമ്പിലൊരുക്കി 29ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളുമടങ്ങുന്ന സേവനങ്ങള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടിവി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ഒടിടിയിലൂടെ മറ്റ് ഇന്‍റര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം തന്നെയാണ് കെഫോണ്‍ നല്‍കുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളായ ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടി.വി തുടങ്ങിയവ കെഫോണ്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒടിടി യില്‍ തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്.

സ്റ്റാര്‍ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 444 രൂപയുടെ ഏറ്റവും കുറഞ്ഞ ഒരു മാസ പാക്കേജില്‍ 4500 ജിബി ഡാറ്റാ ലിമിറ്റില്‍ 45 എംബിപിഎസ് വേഗതയിലുള്ള ഇന്‍റര്‍നെറ്റും 23 ഒടിടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 1,265 രൂപയ്ക്കും ആറ് മാസത്തേക്ക് 2398 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 4,529 രൂപയ്ക്കും ലഭ്യമാകും. വൈബ് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന 599 രൂപയുടെ ഒരു മാസ പാക്കേജില്‍ 26 ഒടിടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളുമാണ് ലഭ്യമാകുക. 55 എംബിപിഎസ് വേഗതയില്‍ 4500 ജിബി ഇന്‍റര്‍നെറ്റും ലഭ്യമാകും. മൂന്ന് മാസത്തേക്ക് 1,707 രൂപയും ആറ് മാസത്തേക്ക് 3235 രൂപയും ഒരു വര്‍ഷത്തേക്ക് 6110 രൂപയും നല്‍കി ഈ സേവനം ആസ്വദിക്കാം. 799 രൂപയുടെ വൈബ് പ്ലസ് ഒരു മാസ പാക്കേജില്‍ വൈബിലേതു പോലെ തന്നെ 26 ഒടിടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. എന്നാല്‍ ഡാറ്റാ സ്പീജ് 105 എംബിപിഎസ് ആയി ഉയരും. 4,500 ജിബിയാണ് ഡേറ്റ ലിമിറ്റ്. ഈ പാക്കേജ് മൂന്ന് മാസത്തേക്ക് 2,277 രൂപയ്ക്കും ആറ് മാസത്തേക്ക് 4,315 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 8150 രൂപയ്ക്കും ലഭ്യമാകും. മാസം 899 രൂപയ്ക്ക് ലഭിക്കുന്ന അമേസ് എന്ന പാക്കേജില്‍ 65 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്‍റര്‍നെറ്റും ഒപ്പം 29 ഒടിടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജിന്‍റെ മൂന്ന് മാസത്തേക്കുള്ള തുക 2562 രൂപയാണ്. ആറ് മാസത്തേക്ക് 4,855 രൂപയ്ക്കും ഒരു വര്‍ഷത്തേക്ക് 9170 രൂപയ്ക്കും ഈ പാക്കേജ് ആസ്വദിക്കാം. 999 രൂപയുടെ അമേസ് പ്ലസ് ഒരു മാസ പാക്കേജില്‍ 155 എംബിപിഎസ് വേഗതയില്‍ 4500 ജിബി വരെ ഇന്‍റര്‍നെറ്റും ഒപ്പം 29 ഒടിടികളും 350ലധികം ഡിജിറ്റല്‍ ചാനലുകളും ലഭ്യമാകും. ഈ പാക്കേജ് 2,847 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 5,395 രൂപയ്ക്ക് ആറു മാസത്തേക്കും 10190 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കും ലഭ്യമാണ്.

ആരംഭിച്ച് ഏകദേശം ഒരുമാസത്തിനുള്ളില്‍ തന്നെ 300ത്തിലധികം സബ്സ്‌ക്രിപ്ഷനുകള്‍ കെഫോണ്‍ ഒടിടി ആക്റ്റിവേറ്റു ചെയ്തു, കൂടാതെ 400ത്തിലധികം എന്‍ക്വയറികളും ഉപയോക്താക്കളുടെ ഇടയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഈ ആവേശകരമായ പ്രതികരണം ജനങ്ങള്‍ക്ക് കെഫോണിലുള്ള വിശ്വാസത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല കെഫോണ്‍ ഒടിടിയെ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിന്‍റെ ഉദാഹരണം കൂടിയാണിത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന വേഗതയുള്ള ഇന്‍റര്‍നെറ്റ്, എന്‍റര്‍ടെയ്ന്‍മെന്‍റ്, ഡിജിറ്റല്‍ ടിവി തുടങ്ങിയവയെല്ലാം ഒരുകുടക്കീഴിലെത്തിക്കുകയാണ് കെഫോണ്‍ ഒടിടിയിലൂടെ.

പരാതി പരിഹാരം അതിവേഗം

ഉപഭോക്തൃ സേവന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് കെഫോണ്‍ ടെക്നിക്കല്‍ കോള്‍ സെന്‍റര്‍ പ്രവര്‍ത്തനം നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ സംസ്ഥാനത്തുടനീളം ഉപയോക്താക്കള്‍ക്ക് വേഗതയാര്‍ന്നതും സുതാര്യവുമായ പിന്തുണ ഉറപ്പു നല്‍കുന്നു. ടെക്നിക്കല്‍ ബിരുദധാരികളായ 37 പേരടങ്ങുന്ന സംഘമാണ് കോള്‍ സെന്‍ററില്‍ സേവനമനുഷ്ഠിക്കുന്നത്. ഇവരില്‍ 60 ശതമാനം സ്ത്രീകളാണെന്നത്, ടെക്നോളജി മേഖലയിലെ വനിതാ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കെഫോണിന്‍റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.

പരാതികള്‍ക്ക് വേഗത്തിലുള്ള പരിഹാരം നല്‍കുന്നതിനായി L1, L2, L3 എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതും പ്രഥമ പരിഗണന നല്‍കേണ്ടതുമായ (P1) പ്രശ്‌നങ്ങള്‍ 2-3 മണിക്കൂറിനുള്ളില്‍ പരിഹരിക്കപ്പെടും. മറ്റ് പരാതികള്‍ (P2 മുതല്‍ P4 വരെ) പരാതിയുടെ ഗൗരവത്തിന്‍റെയും ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ 8 മുതല്‍ 48 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും.

ആധുനിക ടിക്കറ്റിംഗ് സോഫ്റ്റ്വെയറിലൂടെ ഉപയോക്താക്കളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പരിഹരിച്ചു കഴിയുമ്പോഴും തത്സമയം ഈ വിവരം ഉപഭോതാക്കള്‍ക്ക് എസ്എംഎസ് മുഖേന ലഭ്യമാകും. കൂടുതല്‍ സാങ്കേതിക ഇടപെടല്‍ ആവശ്യമായ സാഹചര്യങ്ങളില്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്‍റര്‍ (എൻഒസി) പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുകയും, സ്ഥലത്തെ അംഗീകൃത സര്‍വിസ് പങ്കാളികളിലൂടെ സമയബന്ധിതമായ ഓണ്‍- സൈറ്റ് പരിഹാരം നല്‍കുകയും ചെയ്യുന്നു.

എന്‍റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കായി സേവനത്തിലുണ്ടാകുന്ന തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി, 24 മണിക്കൂറിനുള്ളില്‍ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിലൂടെ സ്ഥാപനങ്ങള്‍ക്കും ബിസിനസ് ഉപയോക്താക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനുള്ള കെ-ഫോണിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കോളുകള്‍ ലൈവായി നിരീക്ഷിക്കുന്നതിലൂടെ സേവനത്തിന്‍റെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നു. ഉപയോക്താക്കള്‍ക്ക് 18005704466 എന്ന ടോള്‍-ഫ്രീ നമ്പര്‍ വഴിയോ ''എന്‍റെ കെ-ഫോണ്‍'' മൊബൈല്‍ ആപ്പ് വഴിയോ എളുപ്പത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ https://bss.kfon.co.in/ എന്ന സെല്‍ഫ് കെയര്‍ പോര്‍ട്ടലിലൂടെ യൂസര്‍ ഐഡിയും പാസ്വേഡുമുപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നതാണ്.

സാങ്കേതിക മികവ്, ആധുനിക സംവിധാനങ്ങള്‍, വേഗത്തിലുള്ള പ്രശ്‌നപരിഹാരം എന്നിവ സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന കെഫോണ്‍ ടെക്നിക്കല്‍ കോള്‍ സെന്‍റര്‍ കേരളത്തിന്‍റെ ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മാത്രമല്ല മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃ സേവനം ലഭ്യമാകുന്നതിനാല്‍ സാധാരണക്കാരായവര്‍ക്കും സൗകര്യപ്രദമാണ്.

വിമര്‍ശനങ്ങള്‍ക്കു മറുപടി

അഭിമാനാര്‍ഹമായ വളര്‍ച്ച നേടിയാണ് കേരളത്തിന്‍റെ സ്വന്തം കെഫോണ്‍ പദ്ധതി മുന്നോട്ട് കുതിക്കുന്നത്. ഈ പദ്ധതി ആരംഭിച്ചപ്പോള്‍ പല രീതിയില്‍ സംശയങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അവയെ എല്ലാം നിരര്‍ഥകമാക്കുംവിധം മികച്ച ആസൂത്രണവും ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളും ഒത്തുചേര്‍ന്നുകൊണ്ട് ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന സേവനങ്ങള്‍ ഉറപ്പുനല്‍കുവാനും അവരുടെ വിശ്വാസം ആര്‍ജിക്കുവാനും ഇക്കാലയളവില്‍ കെഫോണിന് സാധിച്ചിട്ടുണ്ട്.

സാങ്കേതിക മികവും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും കൂട്ടിയിണക്കി മികച്ച നേട്ടങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്‍റെ സ്വന്തം കെഫോണ്‍ പദ്ധതി വിജയവീഥിയില്‍ കുതിപ്പ് തുടരുകയാണ്.

വെള്ളിയാഴ്ച ലോട്ടറി ബന്ദ്

ഇന്ത്യ യുഎസിനു മേൽ അധിക തീരുവ ചുമത്താത്തതിനു കാരണം വെളിപ്പെടുത്തി രാജ്നാഥ് സിങ്

യൂറോപ്യൻ യൂണിയനെ ഭയപ്പെടുത്തി റഷ്യൻ വിമാനം

ദൈവമില്ലെന്നു പറഞ്ഞവർ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു: അണ്ണാമലൈ

31 വർഷത്തിനു ശേഷം നാട്ടിലെത്തിയ പിടികിട്ടാപ്പുള്ളി പെട്ടു