വീണ്ടുവിചാരം | ജോസഫ് എം. പുതുശ്ശേരി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മുൻ സഹകരണ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) റെയ്ഡാണ് കരുവന്നൂർ വാർത്തകൾക്ക് വീണ്ടും ചിറകു മുളപ്പിച്ചത്. റെയ്ഡിനെ തുടർന്ന് മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതടക്കം ചില കർശന നടപടികളിലേക്ക് ഇഡി നീങ്ങുകയും അവരുടെ കണ്ടെത്തലുകൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. വൻ തുകയുടെ ക്രമക്കേടിൽ ഉൾപ്പെട്ട വായ്പാ തട്ടിപ്പ് മാത്രമാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതടക്കമുള്ള തട്ടിപ്പുകൾ ഇതിനു പുറമേയാണ്. ബാങ്ക് ഭരിച്ചിരുന്ന പാർട്ടിയുടെ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കിയിട്ടുമുണ്ട്.
ഇഡി നടത്തുന്ന ഈ അന്വേഷണവും നടപടികളും പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പുതിയ പ്രതീക്ഷ നൽകുന്നു; അന്വേഷണം എവിടെ വരെ പോകും, പരിസമാപ്തി എന്തായിരിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ കൂടി. കാരണം ഇതിനേക്കാൾ ഗൗരവതരമായ കേസുകളിൽ പോലും മൊഴികളും തെളിവുകളും ഉണ്ടായിട്ടു കൂടി നേതാക്കളിലേക്ക് കടക്കേണ്ട ഘട്ടത്തിൽ അന്വേഷണം ആവിയായി പോകുന്നത് നമുക്ക് സുപരിചിതമായ വർത്തമാനകാല കാഴ്ചയാണ്. ഇവിടെയും നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇഡി തന്നെ വ്യക്തമാക്കുമ്പോൾ എവിടെ വച്ചാണ് ആ ആവി എൻജിൻ പ്രവർത്തിച്ചു തുടങ്ങുക എന്ന് ആശങ്കപ്പെടുന്നവരെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക? അങ്ങനെ ഉണ്ടാവില്ല എന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും മാലോകരെ ബോധ്യപ്പെടുത്തി വിശ്വാസ്യത വീണ്ടെടുക്കാനുള്ള ബാധ്യത ഇഡിക്കുള്ളതാണ്. അല്ലെങ്കിൽ ഈ "സഹകരണ അപഹരണവും' ഒരു കർമപരിപാടിയായി മുന്നോട്ടു പോകും!
റെയ്ഡിനു പിന്നാലെ തന്നെ പ്രതിരോധ കവചവും രക്ഷാദൗത്യവുമൊക്കെയായി സിപിഎം രംഗത്ത് വന്നുകഴിഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി ഇടപെടുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചത്. എത്ര വിചിത്രമായ ആരോപണം! സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിൽ നടത്തിയ തിരിമറിയിലൂടെ കവർന്ന 300 കോടി രൂപ എവിടെയെന്ന് കണ്ടെത്താനുള്ള ബാധ്യത ഭരണം നടത്തുന്ന കക്ഷിയുടെ സെക്രട്ടറിക്കില്ലേ? വർഷങ്ങൾ പിന്നിട്ടിട്ടും അതിൽ ഒരു അടിയും മുന്നോട്ടു പോകാതെ അന്വേഷണങ്ങൾ പാതി വഴിക്ക് അവസാനിക്കുമ്പോൾ അതെന്തുകൊണ്ടെന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനില്ലേ? തട്ടിപ്പിനിരയായി ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് തീ തിന്നു കഴിയുന്ന നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനുള്ള ബാധ്യത കണികയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേണ്ടേ?
ഇതൊന്നുമുണ്ടാവാത്ത പശ്ചാത്തലത്തിൽ 300 കോടി മുക്കിയവരെ തേടി ഇഡിയെത്തുമ്പോൾ അത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സ്ഥിരം വായ്ത്താരി ആവർത്തിച്ചാൽ അത് തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളുമെന്ന ധാരണ അസ്ഥാനത്താണ്.
ഈ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണവും സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ നിരർഥകമാക്കുന്നു. മൊയ്തീനെയും ബിനാമികളെയും ഒഴിവാക്കി ഉദ്യോഗസ്ഥരെയും പ്രാദേശിക നേതാക്കളെയും മാത്രം പ്രതികളാക്കിയ ക്രൈം ബ്രാഞ്ച് നടപടി തട്ടിപ്പിൽ പങ്കാളികളായ ഉന്നതരെ ഒഴിവാക്കി രക്ഷിക്കാനുള്ള അമിതാവേശത്തിന്റെ ബാക്കിപത്രമായിരുന്നില്ലേ? തട്ടിപ്പിൽ നഷ്ടപ്പെട്ട 300 കോടിയും അത് പിടുങ്ങിയവരെയും കണ്ടെത്താനുള്ള പ്രാഗത്ഭ്യമില്ലാത്തവരാണോ ക്രൈം ബ്രാഞ്ച്? തട്ടിപ്പുകാർക്ക് അരുനിന്ന് കേസന്വേഷണത്തെ വന്ധ്യംകരിച്ച് ഇഡിക്കു കടന്നുവരാനുള്ള വഴി വെട്ടിക്കൊടുത്തിട്ട് അത് രാഷ്ട്രീയപ്രേരിതമാണെന്ന് വിലപിക്കുമ്പോൾ അത് വിലപ്പോകില്ലെന്ന് മാത്രമല്ല, "ഓടരുതമ്മാവാ ആളറിയാം' എന്ന് പറയാനാണ് തോന്നുക.
കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചു കൊടുക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവനും കരുവന്നൂർ ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി ആർ. ബിന്ദുവും ആവർത്തിച്ച് പ്രഖ്യാപിച്ചിട്ട് അത് യാഥാർഥ്യമായോ? ഇക്കാര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും സംസ്ഥാന സെക്രട്ടറി ഒന്നന്വേഷിച്ചിട്ടുണ്ടോ? ഈ ബാങ്ക് കൊള്ള അറിഞ്ഞിട്ടും 10 വർഷം പാർട്ടി അത് മൂടിവയ്ക്കുകയായിരുന്നുവെന്ന നാൾവഴികൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നപ്പോഴെങ്കിലും ശക്തമായ നടപടിക്ക് പാർട്ടി സെക്രട്ടറി നിർദേശം നൽകേണ്ടതല്ലേ? ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകിയ സി.കെ. സുരേഷിനെ പുറത്താക്കാൻ കാട്ടിയ ആർജവത്തിന്റെ നാലിലൊരംശമെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താൻ പ്രകടിപ്പിക്കേണ്ടതല്ലേ? അഴിമതിക്കാർക്ക് സംരക്ഷണം നൽകി അവർ അകത്തും, പരാതി നൽകുന്നവർ പുറത്തുമെന്ന ഇടതു ഭരണത്തിലെ നീതിശാസ്ത്രത്തെക്കുറിച്ചുള്ള താത്വിക അവലോകനമെങ്കിലും രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനയ്ക്ക് മുമ്പ് സെക്രട്ടറി നടത്തേണ്ടതല്ലേ? "പുറത്തു വന്നത് ചിലതാണെങ്കിൽ പുറത്തു വരാത്ത അനേകം കാര്യങ്ങൾ ഉണ്ടെന്ന്' ഇത് സംബന്ധിച്ച സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിൽ പറഞ്ഞിട്ട് അവ തേടാനോ വെളിച്ചത്തു കൊണ്ടുവരാനോ ശ്രമിക്കാതെ അതുമൂടി ഉത്തരവാദികളായവർക്ക് സംരക്ഷണം നൽകുന്നതിലെ സാംഗത്യം വിലയിരുത്തപ്പെടേണ്ടേ?
ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപമുള്ളപ്പോൾ ചികിത്സയ്ക്ക് പണം ലഭിക്കാതെ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഹതഭാഗ്യ ജീവിതങ്ങളെക്കുറിച്ച് എന്തു വിശദീകരണമാണ് നൽകാനുള്ളത്. നിക്ഷേപം ലഭിക്കാതെ ദൈനംദിനാവശ്യങ്ങൾ മുടങ്ങിയത് കാരണം തിരുവോണ ദിവസം സ്വന്തം വീട്ടിൽ നിരാഹാരം അനുഷ്ഠിച്ച നിക്ഷേപകന് എന്തു മറുപടിയാണ് നൽകാനുള്ളത്?
ഇത്തരത്തിൽ സഹകരണ ബാങ്കുകൾ കൊള്ളയടിച്ച് തകർക്കുന്നത് സ്ഥിരം പതിവായിരിക്കുന്നു. സ്വന്തം പാർട്ടിക്കാർ നയിക്കുന്ന ഭരണ സമിതിയുടെ കീഴിൽ ഇങ്ങനെ കൊള്ളയടിക്കപ്പെട്ട ബാങ്കുകളുടെ കണക്കും പട്ടികയും ഗോവിന്ദനു കിട്ടാതെ പോകാനിടയില്ലല്ലോ. അതിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാൻ കഴിയുമോ? അങ്ങനെ പാപ്പരാക്കപ്പെട്ട നിക്ഷേപകരുടെ കാര്യം എപ്പോഴെങ്കിലും താങ്കളെ അലോരസപ്പെടുത്തുകയോ അവർക്ക് നീതി ലഭ്യമാക്കാൻ ഇടപെടുകയോ ചെയ്തിട്ടുണ്ടോ? ആ വേദന ഉൾക്കൊണ്ടിരുന്നുവെങ്കിൽ തട്ടിപ്പുകാർക്ക് എന്നേ വിലങ്ങു വീഴുമായിരുന്നു. തട്ടിപ്പിന് ഈ വ്യാപക വളർച്ച സംഭവിക്കാതെ മുളയിലേ നുള്ളാമായിരുന്നു.
ഒരു സഹകരണ ബാങ്ക് മൂടോടെ മുടിച്ച് മുങ്ങിയവർ കേസിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് സഹകരണ മന്ത്രി തന്നെയാവുന്നതാണ് നാം കാണുന്നത്. അപ്പോൾപ്പിന്നെ രക്ഷാ നടപടികൾക്ക് സംഭവിക്കുന്ന തകർച്ച ഊഹിക്കാവുന്നതേയുള്ളൂ. അതോടെ പൊട്ടിത്തകരുന്ന ബാങ്കുകളുടെ എണ്ണം പെരുകുകയാണ്. തകർച്ച ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായും നിസംഗമായും നിന്ന് തകർച്ചയുടെ ഗതി വേഗം വർധിപ്പിക്കുന്നു.
അല്ലെങ്കിൽപ്പിന്നെ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് തകർച്ച കാണാൻ കഴിയാതെ പോകുന്നതെന്തേ? ഒരു ദിവസം പൊടുന്നനെ ഉണ്ടാകുന്നതല്ലല്ലോ ഈ തകർച്ച. ലഘുവായി തുടങ്ങി നാളുകൾ എടുത്ത് വൻ തട്ടിപ്പിലേക്ക് അത് വളർന്നു വികസിക്കുകയാണ്. തുടക്കത്തിലെ ചൂണ്ടിക്കാട്ടുകയും തടയുകയും ചെയ്തിരുന്നെങ്കിൽ എത്രയോ ബാങ്കുകളെ കരകയറ്റാമായിരുന്നു. അവിടെ സ്വന്തം ഉത്തരവാദിത്വം മറന്ന് ഭരണസമിതിയുടെ ഇംഗിതത്തിനു വഴങ്ങി ഒപ്പുവച്ചു കൊടുക്കുന്ന ഏറാൻ മൂളികളായി ചുമതലപ്പെട്ടവർ തരംതാഴ്ന്നു. അത് തകർച്ചയുടെ ആഴം വർധിപ്പിക്കുന്നു. ഇത്തരത്തിൽ തകർന്ന ബാങ്കുകളിൽ ഭരണസമിതി അംഗങ്ങളേയും ഓഡിറ്റ് ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുത്ത് അവരിൽനിന്ന് തട്ടിച്ച നിക്ഷേപത്തുക വീണ്ടെടുക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ എന്ത് ന്യായവാദം ഉയർത്തിയാലും ഇത് തടയാനാകില്ല.
ഇതെല്ലാം കഴിഞ്ഞ് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ ഓഡിറ്റിൽ ഇളവ് വരുത്തി സഹകരണ രജിസ്ട്രാർ ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നു! കൊവിഡ് കാലം മുതൽ സഹകരണ മേഖലയിലെ തിരിച്ചടവ് പ്രതിസന്ധിയിലായതിനാൽ ഭൂരിഭാഗം സംഘങ്ങളും നഷ്ടത്തിലാണ്. ഇത് മറികടക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ന്യായവാദം.
സഹകരണ ബാങ്കുകളുടെ കിട്ടാക്കടത്തിനു തുല്യമായ തുക ഓരോ വർഷവും ബാങ്കിന്റെ കരുതൽ ധനശേഖരമായി നീക്കിവയ്ക്കുന്ന നിലവിലെ രീതി ഒഴിവാക്കി കിട്ടാക്കടത്തിന് കരുതൽ വയ്ക്കേണ്ട എന്നാണ് പുതിയ സർക്കുലർ. ഇതോടെ നഷ്ടത്തിലുള്ള സംഘങ്ങൾ പോലും കണക്കിൽ ലാഭത്തിലാവും. ഇത്തരത്തിൽ ഇരുട്ടുകൊണ്ട് ഓട്ടയടച്ചിട്ട് എന്ത് പ്രയോജനം? കണക്കിലെ ഈ വ്യാജ നിർമിതി കൊണ്ട് എന്ത് നേട്ടമാണ് കൈവരിക്കാനാവുക?
ഓഡിറ്റ് വകുപ്പിനോട് കൂടിയാലോചിക്കാതെ സർക്കുലർ ഇറക്കിയതിൽ അവർ കടുത്ത പ്രതിഷേധത്തിലാണ്. അത് തികച്ചും സാങ്കേതികവും മൂപ്പിളമ തർക്കവും മാത്രം.
നിലവിലെ രീതിയനുസരിച്ച് അവർ ഓഡിറ്റ് നടത്തിയിട്ട് ഇത്രയേറെ സംഘങ്ങൾ തകർന്നതിനെക്കുറിച്ച് പ്രതിഷേധത്തിന് മുമ്പ് ഓഡിറ്റ് വിഭാഗം വിശദീകരിക്കേണ്ടതുണ്ട്. ഇപ്പോൾ ഉയർത്തുന്ന അധികാര തർക്കത്തിനപ്പുറത്ത് ഫലത്തിൽ വരുത്താൻ കഴിയാതെ പോയ ജാഗ്രതക്കുറവും വീഴ്ചയും സൃഷ്ടിച്ച ആഘാതം എത്ര വലുതാണെന്ന ആത്മപരിശോധന എങ്കിലും ഈ സമയത്ത് ഉണ്ടാവേണ്ടതല്ലേ? സർക്കുലറിനെതിരേ ഉയർത്തുന്നത് ന്യായവാദമാണെങ്കിലും നേരത്തെ സ്വയം വരുത്തിയ വീഴ്ച അതിന്റെ സത്ത ചോർത്തിക്കളയുന്നു.
തകർന്ന ബാങ്കുകളുടെ പട്ടികയിൽപ്പെട്ട ഒന്നിൽ പാർട്ടി ഏരിയാ സെക്രട്ടറിയുടെ വീട്ടിൽ തന്നെ മൂന്നു വായ്പകളാണുള്ളത്. എടുത്തതല്ലാതെ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പൈസ പോലും തിരിച്ചടച്ചിട്ടില്ല. ഗോവിന്ദൻ അന്വേഷിക്കുമെങ്കിൽ വിശദാംശങ്ങൾ നൽകാൻ തയാറാണ്. പിന്നെയെങ്ങനെ ബാങ്കുകൾ നിലനിൽക്കും.
കരുവന്നൂർ ബാങ്കിൽ അംഗങ്ങളായ പാവപ്പെട്ടവരുടെ സ്വത്ത് അവർ അറിയാതെ പണയപ്പെടുത്തി അംഗങ്ങളല്ലാത്ത ബിനാമികൾക്ക് ഏജന്റുമാർ വഴി വായ്പ നൽകുകയായിരുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈടിന്റെ നിശ്ചിത ശതമാനം മാത്രമേ വായ്പ നൽകാവൂ എന്ന വ്യവസ്ഥ നിലനിൽക്കെ എത്രയോ ഇരട്ടിത്തുക വായ്പ നൽകിയ ബാങ്കുകൾ തകർന്നവയുടെ പട്ടികയിലുണ്ട്. ജപ്തി വഴി പോലും വായ്പ തുക ഈടാക്കാനാവാത്ത അവസ്ഥ.
ഇതിന് അറുതി വരുത്തിയേ പറ്റൂ. നിക്ഷേപകർക്ക് നിക്ഷേപത്തുക മടക്കി നൽകണം. അതിനു സർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ സംവിധാനം അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തി നിക്ഷേപ സമാഹരണം നടത്തി സ്വരൂപിച്ച തുകയുടെ കാര്യത്തിൽ സർക്കാരിന് എങ്ങനെ കൈമലർത്താനാവും?
പശുവിനെ വളർത്തിയും കൃഷി ചെയ്തുമൊക്കെ ലഭിക്കുന്ന നക്കാപ്പിച്ച തുകകൾ സ്വരുക്കൂട്ടി നിക്ഷേപിച്ച് മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വീട് വയ്ക്കാനോ ചികിത്സയ്ക്കോ അടക്കമുള്ള നിർണായക ജീവിതാവശ്യങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് വിശ്വാസത്തിൽ കഴിഞ്ഞിരുന്ന സാധാരണക്കാരന് ആവശ്യഘട്ടത്തിൽ അത് ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ആഘാതം താങ്ങാനാവുന്നതല്ല. അതിനുത്തരവാദികൾ ആരായാലും എത്ര ഉന്നതരാണെങ്കിലും അവർ പിടിക്കപ്പെട്ടേ മതിയാവൂ. അവരിൽനിന്ന് ആ തുക കണ്ടുകെട്ടി നിക്ഷേപകന് നൽകുകയും വേണം. അവിടെ നിയമം നോക്കുകുത്തിയാവാൻ പാടില്ല.
പാവപ്പെട്ടവർ അർധ പട്ടണി കിടന്നു സ്വരുക്കൂട്ടിയ തുക തട്ടിയെടുത്ത് തട്ടിപ്പുകാർ വലിയ വീടും കാറും സന്നാഹങ്ങളും ജീവിത സൗകര്യങ്ങളുമായി വിലസുന്നത് നിയമത്തെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. നീതി - നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളി. അവരെ കൈയാമം അണിയിച്ചേ പറ്റൂ. അതിന് സഹകരണവും പിൻബലവും നൽകുകയാണ് വേണ്ടത്. അതിനു പകരം അത്തരക്കാർക്ക് രക്ഷാകവചം തീർക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്.