.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഏറ്റവും ദോഷം കുറഞ്ഞതു തെരഞ്ഞെടുക്കുക എന്ന ഓപ്ഷൻ മാത്രമാണ് വോട്ടറെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിൽ മുന്നിലുള്ളത്.

 

MV Graphics

Special Story

മനംമടുപ്പായി മാറുന്ന തെരഞ്ഞെടുപ്പ്

അനുയായികൾ ആഘോഷിക്കുന്ന പഞ്ച് ഡയലോഗുകൾ പലതും സാധാരണ വോട്ടർമാർ സംബന്ധിച്ച് ധീരതയല്ല, ധാർഷ്ട്യം പോലുമല്ല, വെറും നിരാശ മാത്രമാണ്

MV Desk

കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രചാരണം അതിന്‍റെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. രാഷ്ട്രീയ മലിനജലത്തിലെ അവശിഷ്ടങ്ങൾ കൂറുമാറി പുതിയ മുഖങ്ങളായി വേഷമിടുന്നു; പതിവ് റോഡുകളും പാലങ്ങളും 'വികസനത്തിന്‍റെ' പരസ്യപ്പലകകളാകുന്നു. കോൺഗ്രസ് വിരോധം ഹൃദയത്തിലേറ്റുന്ന സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന അടക്കംപറച്ചിലുകൾ ഇപ്പോൾ അട്ടഹാസങ്ങളായി മാറിക്കഴിഞ്ഞു. വോട്ടർ ഇവിടെ തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്, മറിച്ച് മനംമടുപ്പിന്‍റെ അങ്ങേയറ്റത്ത് ഏതെങ്കിലും ഒന്നിൽ അന്തിമമായി ചെന്നുനിൽക്കുക മാത്രമാണ്.

അജയൻ

സീറ്റുകൾക്കായുള്ള 'ഡീലുകൾ' മുതൽ എതിർ ക്യാംപുകളിൽ നിന്ന് വീണുകിട്ടുന്ന എച്ചിലുകൾ വരെ; കേരളത്തിന്‍റെ രാഷ്ട്രീയ മാന്യത പാതാളത്തോളം താഴ്ന്ന ഒരു കാലമായി ഈ തെരഞ്ഞെടുപ്പ് സീസൺ ഓർമിക്കപ്പെട്ടേക്കും. കടുത്ത നിരാശയിൽ നിന്നുടലെടുത്ത ഒരു പ്രഹസനം പോലെയാണിത്. പാർട്ടി ശ്രേണിയുടെ ഉച്ചിയിലിരിക്കുന്നവർ പോലും മിതത്വത്തിന്‍റെ അവസാന കണികയും കൈമോശം വന്നതുപോലെ പെരുമാറുന്നു. അധികാരം കൈപ്പിടിയിൽ നിന്നകലുന്നു എന്ന ഭീതിയുണ്ടാകുമ്പോൾ ആദ്യം ബലികൊടുക്കപ്പെടുന്നത് അന്തസ്സായിരിക്കുമെന്ന് ഇവർ തെളിയിക്കുന്നു.

എംപി സ്ഥാനത്തിരുന്നുകൊണ്ട് എംഎൽഎ സീറ്റിനായി മുറവിളി കൂട്ടിയ കെ. സുധാകരനെ മെരുക്കാൻ യുഡിഎഫ് പാടുപെടുന്ന സമയത്തു തന്നെ, 'വികസന' തിരക്കഥയുമായി എൽഡിഎഫ് സജീവമായിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ശബരിമല സ്വർണക്കവർച്ചയുണ്ടാക്കിയ ആഘാതവും മറച്ചുപിടിക്കാൻ 'വികസനം' എന്ന വാക്കിനെ ഒരു മറയാക്കുകയായിരുന്നു അവർ. എന്നാൽ, ആ മറയും ഇപ്പോൾ മറിഞ്ഞുവീണിരിക്കുന്നു. സിപിഎം - ബിജെപി 'അവിഹിതം' ഇപ്പോൾ ഒരു രഹസ്യമല്ല, എല്ലാവർക്കും അറിയാവുന്ന പരസ്യമായ സത്യമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു.

പിന്നീട് കണ്ടത് അധിക്ഷേപങ്ങളുടെ പെരുമഴയാണ്. സിപിഎമ്മിന്‍റെ ക്യാപ്റ്റൻ തന്നെ ഇതിനും നേതൃത്വം നൽകി. പഴയ സഹപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും, ചോദ്യം ചോദിച്ച പൗരനോട് 'വീട്ടിൽ പോയി ചോദിക്കാൻ' ആക്രോശിക്കുന്നതും, സോഷ്യൽ മീഡിയയിലെ തങ്ങൾക്ക് വിരുദ്ധമായ നരേറ്റിവുകളെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കുന്നതും കാണുന്ന കടുത്ത അനുയായികൾ അത് ആഘോഷമാക്കിയേക്കും. പക്ഷേ, സാധാരണ വോട്ടർമാർ അതിലൊക്കെ കാണുന്നത് ധീരതയല്ല, ധാർഷ്ട്യം പോലുമല്ല, വെറും നിരാശ മാത്രമാണ്.

ഈ നാടകത്തിന് മകുടം ചാർത്തിക്കൊണ്ടാണ് ശബരിമല കൊടിമരത്തിലെ സ്വർണ കവർച്ചാ കേസിന് ഹൈക്കോടതി വിധിയിലൂടെ തിരശ്ശീല വീണത്. യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ സിപിഎം ചമച്ച രാഷ്ട്രീയ നാടകമായിരുന്നു കൊടിമരക്കഥയെന്ന വിശ്വാസത്തിനാണ് ഇതോടെ കരുത്തേറുന്നത്. യഥാർഥ സ്വർണക്കവർച്ചയിൽ നിന്നു ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. കവർച്ചാ കേസിൽ പല സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളുമെന്നു പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിൽ വച്ച് ആ കേസ് തന്നെ കോമയിലായി. അന്വേഷണ ഉദ്യോഗസ്ഥരുടെ നിശബ്ദത ഈ ഒത്തുകളിയെക്കുറിച്ച് ഉച്ചത്തിൽ വിളിച്ചുകൂവുന്നുണ്ട്.

2018-ലെ ശബരിമല യുവതീ പ്രവേശന വിധിക്കു പിന്നാലെ ലിംഗസമത്വത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും വാചാലരായ അതേ എൽഡിഎഫ്, ഇപ്പോൾ ഒരു മാപ്പ് പോലും പറയാതെ സുപ്രീം കോടതിയിൽ നിലപാട് തിരുത്തിയിരിക്കുന്നു. നവോത്ഥാനവും പരിഷ്കരണവുമെല്ലാം സൗകര്യപൂർവം വിസ്മൃതിയിലായിരിക്കുന്നു.

സിപിഎം - ബിജെപി ഒത്തുകളി എന്ന ആരോപണം നിഷേധങ്ങൾക്കുമപ്പുറം ജനമധ്യത്തിൽ വ്യക്തമാക്കി കാണിക്കുന്നതാണ് ഇത്തരം മലക്കം മറിച്ചിലുകൾ. കണ്ണൂരിലെ സംഘർഷങ്ങളിൽ ഒരു ഹൈന്ദവ ആത്മീയ മധ്യസ്ഥനെ നിയോഗിച്ചതും, തൃശൂർ പൂരത്തിലെ കുഴപ്പങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചെന്നു പറയപ്പെടുന്ന എഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കാട്ടിയ വ്യഗ്രതയും ഇതിന്‍റെ സൂചനകളായി വായിക്കാം. തൃശൂരിലെ ആ കുഴപ്പങ്ങളാണ് സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് പാർലമെന്‍റിലേക്കുള്ള വഴിതുറന്നത് എന്നതും ശ്രദ്ധേയമാണ്. പിഎം ശ്രീ പദ്ധതിയിലെ കേന്ദ്രവുമായുള്ള ഡീലിനെക്കുറിച്ച് പാർട്ടിക്കറിയാമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ സമ്മതവും, കേന്ദ്രമന്ത്രി ഒരു സിപിഎം എംപിയെ പുകഴ്ത്തിയതും ഈ ബന്ധത്തിന്‍റെ സാധുത വർധിപ്പിക്കുന്നു.

ബിജെപി തങ്ങളുടെ ഉറച്ച വോട്ടുകളുള്ള മണ്ഡലങ്ങളിൽ നിന്നു പോലും മാറിക്കൊടുത്ത് ട്വന്‍റി-20 പോലുള്ള പാർട്ടികളെ മുന്നിൽ കയറ്റി നിർത്തുന്നതും ഈ തിരക്കഥയുടെ ഭാഗമായി തന്നെ കാണണം. തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ഒരു സ്റ്റേജ് നാടകം പോലെയാണ്; അവിടെ യഥാർഥ രാഷ്ട്രീയത്തിനു പ്രവേശനമില്ല. ശബരിമല സ്വർണക്കവർച്ചയെക്കുറിച്ച് ബിജെപി റന്നി മണ്ഡലത്തിൽ പുലർത്തുന്ന മൗനവും അർഥഗർഭമാണ്. വോട്ടർ പട്ടികയിൽ പോലുമില്ലാത്തവരായിരുന്നു ട്വന്‍റി-20 ആദ്യം പ്രഖ്യാപിച്ച ചില സ്ഥാനാർഥികൾ എന്ന വിചിത്രമായ അവസ്ഥയും ഈ തിരക്കഥയുടെ അസംബന്ധം വ്യക്തമാക്കുന്നു. പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ സിപിഎം കാണിക്കുന്ന മൃദുസമീപനം വോട്ടർമാർക്ക് എല്ലാം പറഞ്ഞുതരുന്നുണ്ട്.

മറ്റൊരു കൗതുകകരമായ കാര്യം, കോൺഗ്രസിനെ തകർക്കാൻ ഒന്നിച്ചുനിൽക്കുന്ന സിപിഎമ്മും ബിജെപിയും ഒരേപോലെ 'വികസന'ത്തെക്കുറിച്ച് വാചാലരാകുന്നു എന്നതാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിച്ച റോഡുകളും പാലങ്ങളും വലിയ നേട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നു. രാഷ്ട്രീയത്തിന് ആശയങ്ങൾ ഇല്ലാതാകുമ്പോൾ റിബൺ മുറിക്കൽ ഒരു പ്രത്യയശാസ്ത്രമായി മാറുന്നു. പെട്രോൾ സെസ് പണം കൊണ്ട് നിർമിച്ച ഹൈവേകളുടെ ക്രെഡിറ്റ് ബിജെപി അവകാശപ്പെടുന്നു. വേനൽക്കാലങ്ങളിൽ ആ ക്രെഡിറ്റിന്‍റെ പങ്കുപറ്റാൻ ശ്രമിക്കുന്ന സിപിഎം, മഴക്കാലത്ത് റോഡിൽ കുഴികളുണ്ടാകുമ്പോൾ അതു കേന്ദ്ര പദ്ധതിയെന്നു കൈയൊഴിയുന്നു. സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് നിർമിച്ച തുറമുഖത്തിന്‍റെ ക്രെഡിറ്റ് ബിജെപിയും സിപിഎമ്മും ഒരുപോലെ അവകാശപ്പെടുന്നു. ഒരു ട്രെയിനോ കെഎസ്ആർടിസി ബസോ ഫ്ലാഗ് ഓഫ് ചെയ്യുന്നതു പോലും ഭരണനേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്ന വിരോധാഭാസമാണിവിടെ കാണുന്നത്!

ഇന്ത്യ മുന്നണിയിലെ പങ്കാളിയായിരുന്നിട്ടും രാഹുൽ ഗാന്ധിക്കെതിരേ പിണറായി വിജയൻ ഉയർത്തുന്ന വിമർശനങ്ങൾ ബിജെപിയുടെ അതേ ഭാഷയിലുള്ളതാണ്. ഇതു നാളെ ബിജെപിക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങളായി മാറും. കണ്ണൂരും ആലപ്പുഴയും പോലുള്ള സിപിഎം കോട്ടകളിൽ പോലും വിള്ളലുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന സിപിഎം അജൻഡയ്ക്ക് അനുസൃതമായി ബിജെപി കൃത്യമായി കരുക്കൾ നീക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ കോൺഗ്രസാകട്ടെ, ആഭ്യന്തര കലഹങ്ങളിലും വിശ്വാസ്യതയില്ലാത്ത കൂറുമാറ്റക്കാരെ സർവാത്മനാ സ്വീകരിക്കുന്നതിലും മുഴുകിയിരിക്കുന്നു. സാമുദായിക സംഘടനകളുടെ പിന്തുണ തേടുന്നതിലൂടെ തങ്ങളുടെ മതേതര മുഖം തന്നെ അവർക്ക് നഷ്ടമാകുകയാണ്. മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ട ഈ മത്സരത്തിൽ, കോൺഗ്രസും യുഡിഎഫും എങ്ങനെയെങ്കിലും കടന്നുകൂടുന്നുണ്ടെങ്കിൽ അത് അവരുടെ കഴിവ് കൊണ്ടാവില്ല, മറിച്ച് ജനങ്ങളുടെ മടുപ്പ് കൊണ്ടായിരിക്കും. അവർ ജയിച്ചാലും അത് വലിയൊരു വിജയമായിരിക്കില്ല, മറിച്ച് വോട്ടർമാരുടെ നിസ്സഹായതയിൽനിന്നുതിരുന്ന നെടുവീർപ്പ് മാത്രമായിരിക്കും - ഏറ്റവും ദോഷം കുറഞ്ഞതു തെരഞ്ഞെടുക്കുക എന്ന ഓപ്ഷൻ മാത്രമാണ് വോട്ടറെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിൽ മുന്നിലുള്ളത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

''നിതീഷിന് ആദ‍്യ ഓവർ നൽകിയതിന്‍റെ ലോജിക് മനസിലാവുന്നില്ല, എത്ര നാൾ ഈ ബൗളിങ് നിരയുമായി മുന്നോട്ട് പോകും'': കൃഷ്ണമാചാരി ശ്രീകാന്ത്

ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും

പണം പിരിച്ച് മുങ്ങുകയാണ് ഹോബി; വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽകെട്ടി ഡിവൈഎഫ്ഐയുടെ പ്രതിഷേധം

സിപിഎം - എസ്‌ഡിപിഐ ഡീൽ കോൺഗ്രസിന്‍റെ നുണ, എൽഡിഎഫിന്‍റേത് വർഗീയ വിരുദ്ധ നിലപാട്; മുഖ്യമന്ത്രി