മനുഷ്യർക്കും മൃഗങ്ങൾക്കും രക്ഷയില്ല; മരങ്ങളും യഥേഷ്‌ടം വെട്ടിക്കടത്തുന്നു.

 

freepik.com - Representative image

Special Story

വെറുതേ ഒരു 'വനം വകുപ്പ്'

മനുഷ്യർക്കും മൃഗങ്ങൾക്കും രക്ഷയില്ല; മരങ്ങളും യഥേഷ്‌ടം വെട്ടിക്കടത്തുന്നു

സുഗതന്‍ പി. ബാലന്‍

സംസ്ഥാനത്ത് വന്യജീവി -മനുഷ്യ സംഘര്‍ഷം വ്യാപകമാകുകയും വന്യമൃഗങ്ങളുടെ അസ്വഭാവിക മരണം അവയുടെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിട്ടും ഒന്നും ചെയ്യാനാകാതെ വനം വകുപ്പ്. വന്യജീവികളുടെ അസ്വഭാവിക മരണം ഗണ്യമായി ഉയര്‍ന്നിട്ടും എല്ലാത്തിലും സ്വാഭാവിക കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് വകുപ്പ്. ആനകളാണ് എറ്റവും കൂടുതല്‍ ചത്തൊടുങ്ങുന്നത്.

കടുവയും പുലികളും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ കേരളത്തില്‍ ചാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1102 കാട്ടാനകള്‍ പലകാരണങ്ങളാല്‍ ചരിഞ്ഞുവെന്നാണ് കണക്ക്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ മലയാറ്റൂര്‍ വനം ഡിവിഷനില്‍ മാത്രം ചരിഞ്ഞത് 11 ആനകളാണ്. ഇന്നത്തെ നിലയില്‍ ആനകളുടെ മരണം തുടര്‍ന്നാല്‍ ഇവയുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ ഇവ വംശനാശത്തിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കപോലും ഉയരുന്നുണ്ട്. രാജ്യത്ത് തന്നെ ആനകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ വനമേഖലയാണ് കേരളത്തിലുള്ളത്. അപ്പോഴാണ് ഇവയുടെ എണ്ണം ഗണ്യമായി കുറയുന്നത്.

മലയോര മേഖലയില്‍ വന്യജീവി ശല്യം കൂടിയതോടെ വന്യമൃഗങ്ങളെ കൊന്നൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം അവിടങ്ങളില്‍ കൂടുതലാണ്. ഇതുമൂലം വന്യജീവി സംരക്ഷണത്തിന്‍റെ കാര്യത്തിലും പരിസ്ഥിതി വിഷയങ്ങളിലും സ്വതന്ത്രമായി നിലപാടെടുക്കാന്‍ സര്‍ക്കാരിനും രാഷ്‌ട്രീയ കക്ഷികള്‍ക്കും വിമുഖതയാണ്. ഇതോടെയാണ് വനം വകുപ്പിന് ഒരുപരിധിവരെ പല്ലും നഖവും നഷ്‌ടപ്പെട്ടത്.

ഇപ്പോള്‍ വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതില്‍ മനുഷ്യ ഇടപെടലുകളുണ്ടോ എന്ന പരിശോധന ഒഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഫലപ്രദമായ ഒരു പദ്ധതിയും സര്‍ക്കാരോ, വനംവകുപ്പോ തയാറാക്കിയിട്ടില്ല. വനമേഖലക്കും ജനവാസമേഖലക്കും മധ്യേ സംരക്ഷിത മേഖല (ബഫര്‍ സോണ്‍) ഉറപ്പാക്കണമെന്ന നിര്‍ദേശത്തിന് ചെവികൊടുക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.

ആനകള്‍ ചരിയുമ്പോള്‍ പരസ്പരം ഏറ്റുമുട്ടിയുള്ള മരണം, ഒഴുക്കില്‍പ്പെട്ടുള്ള മരണം, പാറയിടുക്കില്‍ വീണുള്ള മരണം തുടങ്ങി വനം വകുപ്പ് ഉടന്‍തന്നെ നിരത്തുന്ന കാരണങ്ങള്‍ പലതാണ്. ഒരസ്വഭാവികതയും ഒരിക്കല്‍പോലും ഒരു ഉദ്യോഗസ്ഥനും ഉണ്ടാകാറില്ല. പടക്കം കടിച്ച് വായ തകര്‍ന്ന് കാട്ടാന ചരിഞ്ഞ കേസില്‍ പോലും കൃത്യതയാര്‍ന്ന അന്വേഷണം ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കടുവകളുടെ എണ്ണത്തിലും വലിയ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കോടികള്‍ ഇവയുടെ സംരക്ഷണത്തിനായി ചെലവഴിക്കുമ്പോഴാണ് 2018നെ അപേക്ഷിച്ച് 30 ശതമാനത്തിലധികം കുറവുണ്ടായതായി കണ്ടെത്തിയത്.

ലോകത്ത് അവശേഷിക്കുന്ന കടുവകളില്‍ 75 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്ക്. കേരളത്തിലൊഴികെ ഇവയുടെ സാന്നിധ്യമുള്ള സംസ്ഥാനങ്ങളെല്ലാം സംരക്ഷണം ഒരുക്കുന്നതില്‍ മുന്‍നിരയിലാണെന്നാണ് ദേശീയ തലത്തിലുള്ള കണക്കുകള്‍ കാണിക്കുന്നത്. വനംവകുപ്പ് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ മയക്കുവെടി വെച്ച് പിടിക്കാറുണ്ടെങ്കിലും പലതും പിന്നാലെ ചത്തുപോകുകയാണ് പതിവ്. മൃഗങ്ങളെ വെടിവച്ച് കൊല്ലുന്നതിന് സമാന നടപടിയാണിത്. ഇക്കാര്യത്തില്‍ ശാസ്ത്രീയതയും കൊണ്ടുവരാന്‍ വകുപ്പിനായിട്ടില്ല. മുട്ടിലും സുഗന്ധഗിരിയുമടക്കം സമീപകാലത്ത് കാട്ടില്‍ നിന്ന് വന്‍തോതില്‍ തടിവെട്ടി കടത്തിയ സംഭവങ്ങള്‍ നിരവധിയാണ്. ഒന്നില്‍ പോലും ഫലപ്രദമായ ഒരു നടപടിയുമുണ്ടായിട്ടില്ല. ചുരുക്കത്തില്‍ വനം -വന്യജീവി സംരക്ഷണത്തില്‍ പൂര്‍ണ പരാജയമാവുകയാണ് വനംവകുപ്പ്.

''സുജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും'': രാഹുൽ മാങ്കൂട്ടത്തിൽ

രജിനിയുടെ പവർ ഹൗസ്; ഒടിടി റിലീസിനൊരുങ്ങി 'കൂലി'

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു

ഐപിഎൽ മതിയാക്കിയതിനു പിന്നാലെ അശ്വിൻ ബിഗ് ബാഷിൽ‍?