അനാചാരങ്ങൾക്കു പച്ചക്കൊടി കാട്ടുന്ന ഒരു സർക്കാർ

 
representative image
Special Story

അനാചാരങ്ങൾക്കു പച്ചക്കൊടി കാട്ടുന്ന ഒരു സർക്കാർ

യൂറോപ്പിലും അമെരിക്കയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയ അടക്കമുള്ള ഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്ന അനാചാരങ്ങളേക്കാള്‍ കടുത്തതാണ് ഏഷ്യയിലെ ചില രാജ്യങ്ങളില്‍ നിലനിന്നത്.

അഡ്വ. ജി. സുഗുണന്‍

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവിധ രാജ്യങ്ങളിലെ ചരിത്രങ്ങളില്‍ കാണാം. പൗരാണിക കാലഘട്ടം മുതല്‍ ആധുനിക കാലം വരെ മാത്രമല്ല, 21ാം നൂറ്റാണ്ടിലും ഇപ്പോഴുമെല്ലാം അനാചാരങ്ങള്‍ അഭംഗുരം തുടരുന്നു. ഫ്യൂഡലിസ്റ്റ് കാലഘട്ടങ്ങളിലും മധ്യ കാലഘട്ടങ്ങളിലുമെല്ലാം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൈവ വരദാനമായി കരുതിയവരായിരുന്നു ഭൂരിപക്ഷം പേരും. ഇവയെ ഉയര്‍ത്തിക്കാട്ടാന്‍ ഭരണകൂടങ്ങള്‍ എന്നും മുൻപന്തിയില്‍ തന്നെയുണ്ടായിരുന്നു.

യൂറോപ്പിലും അമെരിക്കയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയ അടക്കമുള്ള ഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്ന അനാചാരങ്ങളേക്കാള്‍ കടുത്തതാണ് ഏഷ്യയിലെ ചില രാജ്യങ്ങളില്‍ നിലനിന്നത്. ഇന്ത്യയിലെ പൗരാണിക കാലഘട്ടം മുതല്‍ ഇന്നു വരെയുള്ള എല്ലാ ഘട്ടങ്ങളിലും അന്ധവിശ്വാസവും അനാചാരവും രാജ്യത്തെയും ജനങ്ങളെയും പിന്നോട്ടാണ് നയിച്ചത്.

ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുരോഗമന പ്രസ്ഥാനങ്ങള്‍ സജീവമായി രംഗത്തു വന്നിരുന്നു. സ്വാമി വിവേകാനന്ദന്‍ അത്തരമൊരു പുരോഗമന- നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ശക്തനായ പോരാളിയായിരുന്നു.

മറ്റു പല സംസ്ഥാനങ്ങളെക്കാളും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒരു പ്രദേശമാണ് കേരളം എന്നാണ് ഏവരും കരുതിയിരുന്നതുമാണ്. എന്നാല്‍ കേരളം അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട് നിറഞ്ഞ ഒരു ഭ്രാന്താലയമാണെന്നാണ് സ്വാമി വിവേകാനന്ദന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ ചലനശേഷിയും സാമൂഹിക പുരോഗതിയും ഉണ്ടായിരുന്ന ഇന്ത്യന്‍ സമൂഹത്തെ ഇവിടത്തെ കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഹീനമായ ജാതിവ്യവസ്ഥയും വളരെ പിന്നോട്ടടിപ്പിച്ചുവെന്ന് കമ്മ്യൂണിസ്റ്റ് ആചാര്യനായ കാൾ മാര്‍ക്‌സ് "1948ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കടുത്ത അന്ധവിശ്വാസവും അനാചാരവും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും കൊടികുത്തി വാഴുകയാണ്. ഗുജറാത്ത്, യുപി, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതു കൂടുതലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആ സംസ്ഥാനങ്ങളേക്കാള്‍ പതിന്മടങ്ങ് അന്ധവിശ്വാസവും അനാചാരങ്ങളുമെല്ലാം കൊടികുത്തി വാഴുന്നത് കേരളത്തിലാണെന്ന് വിശ്വസിക്കുന്ന ബുദ്ധിജീവികളടക്കം നല്ലൊരു വിഭാഗം രാജ്യത്തുണ്ട്. രണ്ട് ദശാബ്ദത്തിന് മുമ്പ് ഈ ലേഖകന്‍റെ സുഹൃത്തായ കൊൽക്കത്ത സര്‍വകലാശാലയിലെ ഒരു സോഷ്യോളജി പ്രൊഫസര്‍ ലോകത്തേറ്റവും കൂടുതല്‍ അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാഴുന്നത് കേരളത്തിലാണെന്ന് പറഞ്ഞത് ഓര്‍ക്കുന്നു. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള ഈ സംസ്ഥാനത്തെ ആ നിലയില്‍ കാണുന്നത് ശരിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ ഉദാഹരണ സഹിതം അന്ധവിശ്വാസികളുടെ നാടാണ് കേരളമെന്ന യാഥാർഥ്യം എന്നെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ സാമൂഹ്യ സ്ഥിതിയെപ്പറ്റി വിശദമായ ഗവേഷണം നടത്തിയിട്ടുള്ള ആ അധ്യാപകന്‍റെ കാഴ്ചപ്പാട് പൂര്‍ണമായും ശരിയുമായിരുന്നു.

മഹാഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വഴി നടക്കാനുള്ള അവകാശം മാത്രമല്ല, വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നമ്മുടെ സംസ്ഥാനത്ത് നിഷേധിക്കപ്പെട്ടിരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു സമൂഹം ആ കാലഘട്ടത്തില്‍ മറ്റൊരു സ്ഥലത്തും ഉണ്ടായിരുന്നതായി രേഖകളില്ല. വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അന്ന് ബാലികേറാമലയായതില്‍ അദ്ഭുതമില്ല. സംസ്ഥാനത്ത് മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക- ദലിത് വിഭാഗക്കാര്‍ക്ക് മൃഗതുല്യമായ പരിഗണന പോലും നല്‍കാതിരുന്ന നമ്മുടെ സംസ്ഥാനത്തെ സാമൂഹ്യ ഘടനയെ പുകഴ്ത്തിപ്പറയുന്നവര്‍ ഇന്നും ഇവിടെയുണ്ട്.

വിദ്യാസമ്പന്നർക്കിടയിൽപ്പോലും കടുത്ത അന്ധവിശ്വാസവും അനാചാരങ്ങളും ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളുമൊക്കെ സാധാരണ സംഭവങ്ങള്‍ മാത്രമായി ഇന്ന് മാറിയിരിക്കുന്നു. ദുര്‍മന്ത്രവാദങ്ങളെ തുടര്‍ന്നുളള കൊലപാതകങ്ങളും ഇവിടെ നിരന്തരം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പുറത്തു വരുന്നു.

നവോത്ഥാന നായകരുടെയും ഇടതു പ്രസ്ഥാനങ്ങളുടെയുമെല്ലാം പ്രവര്‍ത്തനഫലമായി കേരളത്തില്‍ അന്ധവിശ്വാസവും അനാചാരങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളുമെല്ലാം അവസാനിച്ചെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അന്ധവിശ്വാസങ്ങളും അനാചാരാങ്ങളും കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ഇതുകൊണ്ടു തന്നെയാണ് കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു അനാചാര വിരുദ്ധ ബില്ലിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

അന്ധവിശ്വാസവും ആഭിചാര ക്രിയകളും മൂലം എത്രയോ ആളുകളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. 2014ല്‍ തഴവയിലും പൊന്നാനിയിലും രണ്ടു സ്ത്രീകള്‍ ദുര്‍മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് ഇരയായി. 2017ല്‍ തിരുവനന്തപുരം നന്തന്‍കോട്ട് ആസ്ട്രല്‍ പ്രൊജക്‌ഷന്‍റെ പേരില്‍ 4 പേരെ കൊലപ്പെടുത്തി. 2019ല്‍ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുള്ള പീഡനത്തില്‍ ജീവനൊടുക്കി. കരുനാഗപ്പള്ളിയില്‍ ബാധയൊഴിപ്പിക്കാൻ പട്ടിണിക്കിട്ട് കൊലപാതകം. 2021ല്‍ പാലക്കാട്ട് 6 വയസുകാരനെ ബലിക്ക് എന്ന പേരില്‍ മാതാവ് കഴുത്തറുത്തു കൊലപ്പെടുത്തി. 2022ല്‍ പത്തനംതിട്ട ഇലന്തൂരില്‍ സാമ്പത്തിക അഭിവൃദ്ധിക്കായി 2 സ്ത്രീകളെ നരബലി നടത്തി. ആഭിചാര ക്രിയകളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ തന്നെയാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ആഭിചാര പ്രവൃത്തി തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവു വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലാണിത്. ആഭിചാര പ്രവൃത്തിയുടെ ഭാഗമായി മരണം സംഭവിച്ചാല്‍ കൊലക്കുറ്റം ചുമത്താം. കേരളത്തില്‍ ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന് കൊലപാതകമടക്കം പെരുകുമ്പോള്‍ അതിന് തടയിടാന്‍ കര്‍ശന വ്യവസ്ഥകളടങ്ങിയ കരട് ബില്‍ തയാറാക്കിയത് 2019 ഒക്‌റ്റോബറിലാണ്. 6 വര്‍ഷമായിട്ടും ഇത് നിയമമാക്കാനായില്ല. വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ ആചാരങ്ങളും അനാചാരങ്ങളും വേര്‍തിരിക്കാനാവില്ലെന്നും, വിശ്വാസികള്‍ എതിരാവുമെന്നും ഭയന്നാണ് ഈ ബില്‍ പൂഴ്ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

മത സ്ഥാപനങ്ങളടക്കം നടത്തുന്ന ജീവന് ഹാനികരമാകാത്ത ആചാരങ്ങളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നിലപാട്. റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മിഷനാണ് ബില്‍ തയാറാക്കിയത്. അത് ഭരണഘടനയിലെ തുല്യനീതി സങ്കല്പത്തിനെതിരാണെന്നും, മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരന്‍റെ മൗലികാവകാശങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുയര്‍ന്നത്. ക്ഷേത്രങ്ങളിലെ കുത്തിയോട്ടം, ശൂലംകുത്തി കാവടി, വില്ലിൽ തൂക്കം, മലബാറിലെ തീ തെയ്യങ്ങള്‍ എന്നിവയെയെല്ലാം വിലക്കേണ്ടി വരുമെന്നതോടെ സര്‍ക്കാര്‍ നിര്‍ലജ്ജം പിന്‍വാങ്ങി.

2013ല്‍ മഹാരാഷ്‌ട്രയും 2017ല്‍ കര്‍ണാടകവും പാസാക്കിയ നിയമത്തിന് സമാനമായാണ് കേരളത്തിലെ "അന്ധവിശ്വാസവും അനാചാരങ്ങളും ദുര്‍മന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബില്‍' തയാറാക്കിയത്. മന്ത്രവാദം, അക്രമ മാര്‍ഗങ്ങളിലൂടെയുള്ള പ്രേതോച്ചാടനം, മൃഗബലി തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അനാചാരം നടക്കുന്നിടത്തടക്കം തെരച്ചില്‍ നടത്താനും രേഖകള്‍ പിടിച്ചെടുക്കാനും പൊലീസിന് അധികാരം നല്‍കുന്നുണ്ട്, ഈ നിയമത്തില്‍.

അനാചാരവിരുദ്ധ നിയമം 6 സംസ്ഥാനങ്ങള്‍ ഇതിനകം പാസാക്കി. കര്‍ണാടക നിയമപ്രകാരം ശാസ്ത്ര പിന്‍ബലമില്ലാത്ത ആചാരങ്ങള്‍ ആഭിചാരവും ദുരാചാരവുമാണ്. മഹാരാഷ്‌ട്രയില്‍ പിശാച് ബാധയൊഴിപ്പിക്കല്‍, മാന്ത്രികക്കല്ല്, ദിവ്യചികിത്സ എന്നിവയ്ക്ക 7 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. ബിഹാറിലും ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം നിയമവിരുദ്ധം. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരേ പ്രേതബാധയുടെ പേരിലുള്ള കൈയേറ്റം തടയാൻ വ്യവസ്ഥയുണ്ട്. വലിയ പുരോഗമന പ്രസ്ഥാനങ്ങളുടെ നാടും, മാര്‍ക്‌സിസ്റ്റ് ഫിലോസഫിയുടെ അടിത്തറയുമുള്ള കേരളത്തില്‍ മാത്രം ഇത്തരമൊരു ബില്ല് എതിര്‍പ്പു മൂലം മാറ്റി വയ്‌ക്കേണ്ടി വന്ന പരിതാപകരമായ സ്ഥിതി!

അന്ധവിശ്വാസവും അനാചാരവും ലോകത്തൊരിടത്തുമില്ലാത്ത നിലയില്‍ നമ്മുടെ സംസ്ഥാനത്ത് വർധിച്ചുക്കുന്നതുകൊണ്ടാണ് അര പതിറ്റാണ്ടിനു മുമ്പ് ആചാര വിരുദ്ധ ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത വിശ്വാസപ്പേടി എന്തിനാണ് ""പുരോഗമനവാദികളുടെ'' സംസ്ഥാനമായ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാകുന്നത്?

മന്ത്രവാദവും ആഭിചാര പ്രവൃത്തികളും അംഗീകരിച്ചു നല്‍കുകയാണോ എന്നും, ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാമെന്നുള്ള നിലപാടാണോ സര്‍ക്കാരിന് ഉള്ളതെന്നും കേരള ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്. മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിരോധിക്കാനുള്ള നിയമ നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ശ്രദ്ധേയമായ പ്രതികരണം. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിയമ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറിയതായി സര്‍ക്കാര്‍ അറിയിച്ചത്.

നിയമത്തിന്‍റെ അഭാവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണ നടപടികളെ സംബന്ധിച്ച് കോടതി ചോദിക്കുകയും ചെയ്തു. ദുരാചാരങ്ങളെ അംഗീകരിച്ചു മുന്നോട്ടുപോകാമെന്നാണോ സര്‍ക്കാര്‍ നിലപാട്? നിയന്ത്രണ നടപടികള്‍ വ്യക്തമാക്കി 3 ആഴ്ചയ്ക്കകം ആഭ്യന്ത വകുപ്പ് സെക്രട്ടറി തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മന്ത്രവാദ- ആഭിചാര നിരോധന നിയമ നിര്‍മാണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിയമ പരിഷ്‌കാര കമ്മിഷന്‍ തയാറാക്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ "ദ കേരള പ്രിവന്‍ഷന്‍ ആൻഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്റ്റീസസ്, സോര്‍സറി ആൻഡ് ബ്ലാക് മാജിക് ബില്‍- 2019' ആണ് ഇപ്പോള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഈ നിയമ നിര്‍മാണം നടത്താന്‍ തീരുമാനിച്ച കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2023 ജൂലൈ 5ന് മന്ത്രിസഭാ യോഗം ഇതുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചു. ഒരു പ്രത്യേക വിഷയത്തിന് നിയമ നിര്‍മാണത്തിന് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും ഈ ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. നിയമ നിര്‍മാണത്തിന് കോടതിക്ക് നിര്‍ബന്ധിക്കാനാകില്ലെന്ന വാദം ശരിയാണെങ്കിലും ഒരു ഇടപെടലും പാടില്ലെന്ന അർഥം അതിനില്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തില്‍ ഇത്തരമൊരു സത്യവാങ്മൂലമല്ല കോടതി പ്രതീക്ഷിച്ചത്.

വിശ്വാസികളെ ഭയന്ന് അന്ധവിശ്വാസ വിരുദ്ധ ബില്‍ പൂട്ടിക്കെട്ടുന്നതിന് യാതൊരു നീതീകരണവുമില്ല. ഇടതുപക്ഷ സര്‍ക്കാരാണിവിടെയുള്ളത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ഇടതുപക്ഷം. എന്നാല്‍ അവർ തന്നെ പിന്തിരിപ്പന്മാരും രാജ്യത്തെ പിന്നോട്ടു നയിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുമായ ചിലരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മഹത്തായ ലക്ഷ്യങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് ഓടുന്നത് അപമാനകരമാണ്. പേരില്‍ ഇടതുപക്ഷവും പ്രവൃത്തിയില്‍ വലതുപക്ഷവുമായി ഇടതു സര്‍ക്കാര്‍ മാറുന്നത് ഖേദകരമാണ്. ഇടതു ദിശയിലേയ്ക്ക് നീങ്ങേണ്ട പിണറായി ഭരണകൂടം വലതു ദിശയിലേയ്ക്ക് നീങ്ങുന്നതിന് യാതൊരു നീതീകരണവുമില്ല. സര്‍ക്കാര്‍ ഭയപ്പെടേണ്ടത് വിശ്വാസികളെയല്ല; ജനങ്ങളെയും ജനാധിപത്യ പ്രസ്ഥാനങ്ങളെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശക്തമായ നിലപാടെടുത്തിട്ടുള്ള ഇടതുപക്ഷ സമൂഹത്തെയുമാണ് എന്ന യാഥാർഥ്യം വൈകിയ വേളയിലെങ്കിലും മനസിലാക്കുന്നത് നന്ന്.

(ലേഖകന്‍ ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി