Special Story

രാഗസുധാ സാഗരത്തിൽ നീരാടി

#രവി മേനോൻ

ജീവിതത്തിൽ ഏറ്റവുമധികം ശൂന്യത അനുഭവിച്ച ഘട്ടം. ഇരട്ട സഹോദരൻ വിജയന്‍റെ അകാലവിയോഗം സൃഷ്ടിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നറിയാതെ സംഗീത വേദിയിൽ തളർന്നിരുന്ന ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അവസാന നാളുകളിലും കണ്ണു നിറയുമായിരുന്നു, ജയൻ മാസ്റ്റർക്ക്.

വിജയൻ ഓർമയായതിന് പിന്നാലെ കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിലെ ആറാട്ടിന്‍റെ ഭാഗമായി ഇരുസഹോദരരും ചേർന്ന് നേരത്തേ ഏറ്റ കച്ചേരി ഒറ്റയ്ക്കു നടത്താന്‍ ക്ഷണം ലഭിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ജയൻ ശ്രമിച്ചത്. പക്ഷേ എളുപ്പം പിൻവാങ്ങുന്നവരായിരുന്നില്ല സംഘാടകർ. ""വല്ലാത്തൊരു പരീക്ഷണഘട്ടമായിരുന്നു. ആ ദിവസങ്ങളില്‍ ഞാന്‍ പല തവണ സ്വയം ചോദിച്ചിട്ടുണ്ട്, പാടാതിരുന്നാല്‍ മരിച്ചു പോയ അനിയന്‍റെ ആത്മാവ് എന്നോട് പൊറുക്കുമോ എന്ന്. ആരോ ഉള്ളിലിരുന്നു പറയുന്ന പോലെ തോന്നി: പോകണം. നീ പോയി പാടണം. സംഗീതത്തിന് ഉണക്കാന്‍ കഴിയാത്ത മുറിവുകളില്ല.''

നീറുന്ന ഹൃദയവുമായി ജയന്‍ വേദിയില്‍ തിരിച്ചെത്തുന്നു. അന്നനുഭവിച്ച ഏകാന്തത പോലെയൊന്ന് ജീവിതത്തില്‍ അതിനു മുൻപോ പിൻപോ അനുഭവിച്ചിട്ടില്ല. വിജയനോടൊപ്പം താൻ പാടി അനശ്വരമാക്കിയ ഭക്തിഗാനങ്ങള്‍ പാടിത്തുടങ്ങിയപ്പോള്‍, കണ്ണുകൾ താനേ നിറഞ്ഞു; ശബ്ദം ഇടറി. പാട്ട് മുഴുമിക്കാനാവാതെ വേദിയില്‍ തളര്‍ന്നിരുന്നു, ജയൻ.

പിന്നെയുമുണ്ടായി അത്തരം അനുഭവങ്ങള്‍. എങ്കിലും, ഈശ്വരചിന്തയിലും സംഗീതത്തിലും മുഴുകി, പതുക്കെ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു ജയന്‍. പില്‍ക്കാലത്ത് യേശുദാസിന്‍റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി "മയില്‍‌പ്പീലി' (1988) എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോൾ ഒരു കാര്യം ജയന്‍ മനസില്‍ ഉറച്ചിരുന്നു. ഈ പാട്ടുകളുടെ പിതൃത്വം ജയന് മാത്രമായിരിക്കില്ല. ജയവിജയയ്ക്കായിരിക്കും. മലയാളത്തിലെ ഭക്തിഗാന സമാഹാരങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിറ്റഴിഞ്ഞ ആല്‍ബങ്ങളില്‍ ഒന്നായി മാറി കവി എസ്. രമേശന്‍ നായരും ജയനും (ജയവിജയ) ചേര്‍ന്നൊരുക്കിയ മയില്‍‌പ്പീലി. ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ, നീയെന്നെ ഗായകനാക്കി, രാധ തൻ പ്രേമത്തോടാണോ, ഒരു പിടി അവിലുമായ്... നിറഞ്ഞ മനസോടെ ആസ്വാദകർ ഏറ്റെടുത്ത ഗാനങ്ങൾ.

സിനിമയില്‍ ഏറെ പാട്ടുകളൊന്നും ചെയ്തിട്ടില്ല ജയവിജയ. പക്ഷേ അവയില്‍ ചിലതെങ്കിലും മലയാളികൾ ഇന്നും സ്നേഹപൂർവം മൂളിനടക്കുന്നു:

"നിറകുട'ത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി (യേശുദാസ്), "കുരുതിക്കള'ത്തിലെ കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ (യേശുദാസ്), "സ്നേഹ'ത്തിലെ ഈണം പാടി തളർന്നല്ലോ ഞങ്ങളും കാറ്റും (ജോളി എബ്രഹാം), ബാലചന്ദ്ര മേനോന്‍റെ അരങ്ങേറ്റ ചിത്രമായ "ഉത്രാടരാത്രി'യിലെ ഭ്രമണപഥം വഴി ദ്രുതചലനങ്ങളാല്‍ (യേശുദാസ്), മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു (വാണി ജയറാം), "മാറ്റൊലി'യിലെ പല്ലനയാറ്റില്‍ നിന്ന് (യേശുദാസ്)...

എല്ലാം ആര്‍ഭാടരഹിതമായ, ഭാവപ്രധാനമായ ഗാനങ്ങള്‍. പല ഗാനങ്ങളും ഉൾപ്പെട്ട സിനിമകൾ വെളിച്ചം കണ്ടില്ല എന്നതായിരുന്നു ജയവിജയന്മാരുടെ ദുര്യോഗം. എങ്കിലും പാട്ടുകൾ സൂപ്പർ ഹിറ്റായി. "തെരുവുഗീത'ത്തിലെ ഹൃദയം ദേവാലയം, ഭജഗോവിന്ദത്തിലെ ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി എന്നീ ഗാനങ്ങൾ ഉദാഹരണം.

ജയവിജയന്മാര്‍ വ്യാപരിച്ച അനേകം മണ്ഡലങ്ങളില്‍ ഒന്ന് മാത്രമായിരുന്നു സിനിമ. ശ്രീനാരായണ ഗുരുദേവന്‍റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ടമക്കള്‍ ആദ്യം മികവു തെളിയിച്ചത് കര്‍ണാടക സംഗീതത്തിലാണ്. മഹാന്മാരായ ഗുരുക്കന്മാരുടെ കീഴില്‍ അഭ്യസിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് പറയും ജയൻ. ആലത്തൂര്‍ സഹോദരര്‍, ബാലമുരളീകൃഷ്ണ, പിന്നെ സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. ഇത്രയും മഹാരഥന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായവര്‍ എത്രയുണ്ടാകും?

1950 കളിൽ "പ്രിയപുത്രൻ' എന്ന നാടകത്തിന്‍റെ ഗാനസൃഷ്ടിക്കിടെ ഇരട്ട സഹോദരന്മാരുടെ പേരുകൾ വിളക്കിച്ചേർത്ത് ജയവിജയ എന്നാക്കിയത് നടൻ ജോസ് പ്രകാശ്. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമയിൽ: "നോക്കിക്കോളൂ, ഈ പുതിയ പേര് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.''

എത്ര പ്രവചനാത്മകമായിരുന്നു ആ വാക്കുകൾ...

(ഫെയ്സ്ബുക്ക് പോസ്റ്റ്)

ഇനി മഴക്കാലം; കേരളത്തിൽ മേയ് 31 ഓടെ കാലവർഷമെത്തും

മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം; വിശദാംസങ്ങൾ

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു