കൊച്ചി കായലും തേംസ് നദിയും
പ്രൊഫ. കെ.വി. തോമസ്
1984ൽ പാർലമെന്‍റ് അംഗമായതു മുതൽ പല പ്രാവശ്യം ലണ്ടൻ നഗരം സന്ദർശിക്കാനും തേംസ് നദിയിലൂടെ യാത്ര ചെയ്യാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം ഒരാഴ്ച ലണ്ടനിൽ താമസിച്ചപ്പോഴും ലണ്ടൻ വീൽ, ബിഗ് ബെൻ എന്നിവയോടൊപ്പം എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് തേംസ് നദിയാണ്. അതിലൂടെയുള്ള ബോട്ട് യാത്ര നൽകിയ അനുഭവം അവിസ്മരണീയമാണ്.
യാത്ര കഴിഞ്ഞെത്തിയ ശേഷം എഴുത്തുകാരി ടി.എസ്. ദീപയുടെ "ഓ ബിലാത്തി ഓമൽകിനാത്തി' എന്ന പുസ്തകത്തിലെ 221 ബി, ബേക്കർ സ്ര്ടീറ്റ് മുതൽ ടു ബി ഓർ നോട്ട് ടുബി വരെ വായിച്ചപ്പോഴാണ് വീണ്ടും തേംസ് നദിയുടെ ഓർമകൾ വന്നുനിറഞ്ഞത്. ബ്രിട്ടീഷ് ജനതയുടെ ചരിത്രം മുഴുവൻ ഒഴുകുന്നത് ഈ നദിയിലൂടെയാണ്. എന്നാൽ, തേംസ് നദിയെക്കുറിച്ചുള്ള ഓർമകൾക്കൊപ്പം എന്‍റെ മനസിലേക്ക് കടന്നുവന്നത് നമ്മുടെ സ്വന്തം കൊച്ചി കായലാണ്.
തേംസ് നദിയെ ബ്രിട്ടീഷുകാർ സംരക്ഷിച്ച് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയതുപോലെ കൊച്ചി കായലിനെയും മാറ്റാൻ നമുക്ക് കഴിയണം
എന്‍റെ ചെറുപ്പം മുതൽ കൊച്ചി കായൽ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. 1992ൽ തേവര കോളെജിൽ പഠിപ്പിക്കാൻ കുമ്പളങ്ങിയിൽ നിന്നും ഞാൻ പോയത് വള്ളത്തിലായിരുന്നു. അപ്പന്‍റെ ജേഷ്ഠൻ ബാപ്പു വല്ല്യപ്പന്‍റെ കെട്ടുവള്ളത്തിലായിരുന്നു അമ്മവീടായ മരട് തൈക്കൂട്ടത്തിലേക്കും, അപ്പന്‍റെ ജേഷ്ഠന്‍റെ മകൾ മേരി താത്തിയെ കല്ല്യാണം കഴിച്ചയച്ച കണ്ണമാലിയിലേക്കും മലയാറ്റൂർ പെരുന്നാളിനുമൊക്കെ ഞങ്ങൾ യാത്ര ചെയ്തിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വല്ലാർപാടം, കടമക്കുടി എന്നീ ദ്വീപ് സമൂഹങ്ങളിലേക്കുള്ള യാത്രകളും വള്ളത്തിൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, തേംസ് നദി ഇംഗ്ലണ്ടിന്‍റെ പ്രതാപത്തിന്‍റെയും പൈതൃകത്തിന്‍റെയും അടയാളമാകുന്നതുപോലെ, എന്‍റെ ജീവിതവുമായി ഇഴുകിച്ചേർന്നുകിടക്കുന്ന ഒന്നാണ് കൊച്ചി കായൽ. തേംസ് നദിയിലെ ബോട്ട് യാത്രയെ അനുസ്മരിക്കുന്ന ബോട്ട് യാത്രകൾ കൊച്ചി കായലിലും കാണാം. കുറെകൂടി മെച്ചപ്പെടുത്താനുണ്ടെന്ന് മാത്രം.
അറബികളും ജൂതന്മാരും ചൈനക്കാരും പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഇന്ത്യയിലെ വിവിധ സമൂഹങ്ങളും വന്ന് അടയാളങ്ങൾ തീർത്ത കായലാണിത്. പണ്ഡിറ്റ് കറുപ്പന്‍റെയും കെ.പി. വള്ളോന്‍റെയും നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അധഃസ്ഥിതരുടെയും കർഷക തൊഴിലാളികളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാനുമുള്ള അവകാശത്തിനും വേണ്ടി നടത്തിയ പൗര സമരങ്ങളും, കൊച്ചി കപ്പൽശാലയ്ക്കു വേണ്ടി കൊച്ചി കായലിൽ കടലാസ് കപ്പലിറക്കിയതുമെല്ലാം ഈ കായലിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ലണ്ടൻ ബ്രിഡ്ജിനെ അനുസ്മരിപ്പിക്കുന്ന തോപ്പുംപടി പാലവും, കൊച്ചി തുറമുഖത്തിന്‍റെ ശില്പിയായ സർ റോബർട്ട് ബ്രിസ്റ്റോയുടെ 1920 ഏപ്രിൽ മുതലുള്ള പ്രവർത്തനങ്ങളും ഈ ചരിത്രത്തിന് ആഴം കൂട്ടുന്നു.
തേംസ് നദിയെ ബ്രിട്ടീഷുകാർ സംരക്ഷിച്ച് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയതുപോലെ കൊച്ചി കായലിനെയും മാറ്റാൻ നമുക്ക് കഴിയണം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഷൺമുഖം റോഡിന് പടിഞ്ഞാറു വശത്തുള്ള ചെറിയ തുരുത്തിൽ ഒരു വലിയ മത്സ്യകന്യകയെ സ്ഥാപിച്ച്, ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ ആവിഷ്കരിക്കാമെന്ന ആശയം ഉടലെടുത്തത് ഞാൻ ഓർക്കുന്നു.
കൊച്ചിയുടെ ചരിത്രം കൊച്ചി കായലിന്‍റെ ചരിത്രം കൂടിയാണ്. തേംസ് നദിയെപ്പോലെ കൊച്ചി കായലിനെയും ലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ ഒരു ജലാശയമാക്കി മാറ്റുന്നതിനെക്കുറിച്ചും, ഒപ്പം ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ പ്രദേശങ്ങളുടെ ചരിത്ര പാരമ്പര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കാവുന്നതാണ്.
കടമക്കുടി ദ്വീപ് സമൂഹങ്ങളും, ഇന്ത്യയിലെ ആദ്യ മോഡൽ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സംരക്ഷിച്ചുകൊണ്ട്, പരമ്പരാഗത ഭക്ഷണരീതികളും ചവിട്ടു നാടകം പോലുള്ള കലാരൂപങ്ങളും ജനമധ്യത്തിലേക്ക് എത്തിക്കണം. ലണ്ടൻ നഗരം പോലെ കൊച്ചിയും ചുറ്റുമുള്ള ഗ്രാമങ്ങളും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റാൻ നമുക്ക് സാധിക്കണം.
വെസ്റ്റ് മിനിസ്റ്റർ ആബിയുടെയും ബിഗ്ബെന്നിന്‍റെയും സമീപത്തുള്ളതാണ് പാർലമെന്‍റ് സ്ക്വയർ. ശാന്തമായ ഒരു പച്ച വിരിപ്പാണിത്. ഈ സ്ക്വയറിൽ ലോകം ആദരിക്കുന്ന പന്ത്രണ്ട് വ്യക്തികളുടെ പ്രതിമകളുണ്ട്. അതിൽ ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ പ്രതിമയാണ് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അക്രമരഹിത സമരത്തിലൂടെ കെട്ടുകെട്ടിച്ച മഹാത്മജിയുടേത്. സമാനമായ ഒരു ചരിത്രമാണ് എറണാകുളം ബിടിഎച്ചിന് മുമ്പിലുള്ള ഗാന്ധി പ്രതിമ, രാജേന്ദ്ര മൈതാനം, ശിവക്ഷേത്രം, ദർബാർ ഹാൾ ഗ്രൗണ്ട് , സുബാഷ് ചന്ദ്രബോസ് പാർക്ക്, മഹാരാജാസ് കോളേജ് തുടങ്ങിയവയ്ക്കുള്ളത്.
ലണ്ടന്‍റെ പ്രകൃതി ഭംഗിയും ചരിത്രവും സംരക്ഷിക്കാൻ കഴിഞ്ഞുവെന്നു മാത്രമല്ല, നഗരത്തിന്‍റെ രക്തധമനിയായ തേംസ് നദിയെ കേന്ദ്രീകരിച്ചുകൊണ്ട് വളർച്ച നേടാനും ആ നഗരത്തിന് സാധിച്ചു. ആധുനിക നഗരവൽക്കരണത്തോടൊപ്പം പൗരാണികത്വം നിലനിർത്താനും, ശുചിത്വവും അടിസ്ഥാന വികസനവും ഒരുക്കാനും ലണ്ടന് കഴിഞ്ഞിട്ടുണ്ട്. ലണ്ടൻ നഗരം ലോകത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഒരു ഇടമായി മാറുന്നതിന്‍റെ പ്രധാന കാരണവും ഇതു തന്നെയാണ്.
തേംസ് നദിക്ക് ചുറ്റും ലണ്ടൻ നഗരം വളർന്നതുപോലെ, കൊച്ചി കായലിന് ചുറ്റുമുള്ള ദ്വീപ് സമൂഹങ്ങളുടെ പ്രകൃതി സൗന്ദര്യവും ചരിത്രവും പാരമ്പര്യവും വീണ്ടെടുത്തുകൊണ്ട് കൊച്ചിക്കും വളരാൻ കഴിയണം.