പൊലീസ് മർദനം മുതൽ അയ്യപ്പ സംഗമം വരെ നീളുന്ന ബഹു. കേരള സർക്കാർ എന്ന ദുരന്തഹാസ്യം.
നിരന്തരം വർഗീയ വിഷം തുപ്പുന്ന വെറുമൊരു സമുദായ നേതാവിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് യുവാക്കൾക്കുള്ള ഉത്തമ മാതൃക എന്നാണ്. അതേ മുഖ്യമന്ത്രി ഇപ്പോൾ 'വിശ്വാസികൾക്ക്' അനുകൂലമായി നിലപാട് മാറ്റുന്നതിൽ അദ്ഭുതപ്പെടാനില്ല.
അജയൻ
പണ്ടത്തെ ഇടതുപക്ഷം പൊലീസിനെ വിശേഷിപ്പിച്ചിരുന്നത്, ഭരണവർഗത്തിന്‍റെ മർദനോപകരണം എന്നായിരുന്നു; ഭരണകൂടപീഡനത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും പ്രതീകമായിരുന്നു അവർക്കു പൊലീസ് ലാത്തി. അവർക്കെതിരേ, തിളയ്ക്കുന്ന യൗവനത്തിൽ ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ പിണറായി വിജയനും എം.വി. ഗോവിന്ദനുമൊക്കെ ഇപ്പോഴും ഓർമയുണ്ടാകും. പഴയ യുവരക്തങ്ങൾ പതിറ്റാണ്ടുകൾക്കിപ്പുറം ഭരണചക്രം തിരിക്കുന്നവരായി മാറിയപ്പോഴും പൊലീസിനു മാറ്റമൊന്നുമില്ല- മാർദവവുമില്ല മര്യാദക്കാരുമായില്ല, അങ്ങനെ ഭാവിക്കുന്നതു പോലുമില്ല! കസ്റ്റഡി പീഡനങ്ങളെക്കുറിച്ചുള്ള വാർത്തകൾ സമൃദ്ധമാണ്. അതിലെ ഇരകളിലേറെയും ഈ പാർട്ടി പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന അടിസ്ഥാന വർഗത്തിൽനിന്നുള്ളവരാണ്. കസേര കിട്ടിയാൽ വിപ്ലവം പടികടക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മൗനം.
2018ലെ വരാപ്പുഴ സംഭവം പലരും ഇനിയും മറന്നുകാണില്ല. ആളു മാറി ലോക്കപ്പിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുവാവിന്‍റെ ശവശരീരമാണു പിന്നെ പുറത്തുവന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ അയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോയി. ആഭ്യന്തര വകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി മാത്രം പോയില്ല! എന്തായിരുന്നു സർക്കാരിന്‍റെ നീതിനിർവഹണം? പേരിന് രണ്ടു സസ്പെൻഷൻ, പിന്നെ ആരുമറിയാതെ തിരിച്ചെടുക്കൽ, അതുകഴിഞ്ഞ് പ്രൊമോഷനും!
നവകേരള യാത്രയ്ക്കിടെ പൊലീസും മുഖ്യമന്ത്രിയുടെ സ്വന്തം അംഗരക്ഷകരും ചേർന്ന് ചെടിച്ചട്ടി വരെയെടുത്താണ് പ്രക്ഷോഭകരെ അടിച്ചൊതുക്കുന്നതും കേരളം കണ്ടു. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, വരാനിരിക്കുന്നതിന്‍റെ ട്രെയിലർ മാത്രമായിരുന്നു.
ദീർഘമായ നിയമപോരാട്ടത്തിനൊടുവിൽ പുറത്തുവന്ന കുന്നംകുളം പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾ കേരള സമൂഹത്തോട് വിളിച്ചുപറയുന്നുണ്ട്- ക്രൂരത വഴിമാറുന്നില്ല, കാലാകാലങ്ങളായി പിന്തുടർന്നു പോരുന്ന നയം തന്നെയാണത്. രാഷ്ട്രീയ പ്രതിയോഗികൾ മുതൽ സാധാരണ പൗരൻമാരെ വരെ നേരിടാൻ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുന്ന രീതിക്കു പോലുമില്ല മാറ്റം. അധികാരികൾ എല്ലാമറിയുന്നുണ്ട്. പക്ഷേ, അവർ കണ്ണടയ്ക്കുന്നു. തലയ്ക്കു മീതേ നിൽക്കുന്നവരെ പേടിച്ചിട്ടോ അതോ അതാണു സൗകര്യമെന്നു തോന്നിയിട്ടോ എന്തോ!
അതേസമയം, പ്രതിപക്ഷമോ? രാത്രി മൂന്നാമത്തെ വേദിയിൽ നാടകം കളിക്കാനെത്തിയ അഭിനേതാക്കളെപ്പോലെ ദുർബലമായി സംഭാഷണശകലങ്ങൾ ആർക്കോ വേണ്ടി ഉരുവിടുന്നതു പോലെയാണ് അവരുടെ പ്രതിഷേധങ്ങൾ. ഓണത്തിന് മുഖ്യമന്ത്രിക്കൊപ്പം ഇലയിട്ട് സദ്യയുണ്ണാൻ കൊള്ളാം! മുഖ്യമന്ത്രിയാകട്ടെ, അടുത്ത കാലത്തായി മൗനത്തിന്‍റെ കലയിൽ പ്രാവീണ്യം നേടിക്കൊണ്ടിരിക്കുകയാണ്. 'മൗനം വിദ്വാനു ഭൂഷണം' എന്ന ചൊല്ലിൽ പറയുന്ന മൗനമല്ല, ഉത്തരം മുട്ടിയതിന്‍റെ മൗനമാണെന്നു മാത്രം!
അധികാരത്തിലിരിക്കുന്നവരെ ഇതൊന്നും ബാധിക്കുന്നതേയില്ല. ഭൂരിപക്ഷ പ്രീണനത്തിലാണ് ഇപ്പോഴവരുടെ ശ്രദ്ധ മുഴുവൻ. അതിന് അയ്യപ്പ സംഗമം എന്നൊരു പേരുമിട്ടിട്ടുണ്ട്. ശബരിമലയിലെ അടിസ്ഥാനസൗകര്യ വികസനമായിരുന്നു ലക്ഷ്യമെങ്കിൽ ഈ സർക്കസിന്‍റെയൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഒരിക്കൽ ശബരിമലയിൽ ലിംഗസമത്വത്തിനു വേണ്ടി വാദിക്കുകയും, ദുർബലമെങ്കിലും ഒരു നവോത്ഥാന മതിൽ കെട്ടിപ്പൊക്കുകയും ചെയ്ത സർക്കാരാണ് തെരഞ്ഞെടുപ്പ് തിരിച്ചടികൾക്കു ശേഷം ആചാരസംരക്ഷകരുടെ വേഷം കെട്ടാൻ ശ്രമിക്കുന്നത്- ദുരന്തഹാസ്യം എന്നല്ലാതെ എന്തു പറയാൻ! പോരാഞ്ഞിട്ട്, ഇതു കഴിഞ്ഞൊരു ന്യൂനപക്ഷ സംഗമവും നടത്തുന്നുണ്ടത്രെ!
നിരന്തരം വർഗീയ വിഷം തുപ്പുന്ന വെറുമൊരു സമുദായ നേതാവിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് യുവാക്കൾക്കുള്ള ഉത്തമ മാതൃക എന്നാണ്. അതേ മുഖ്യമന്ത്രി ഇപ്പോൾ 'വിശ്വാസികൾക്ക്' അനുകൂലമായി നിലപാട് മാറ്റുന്നതിൽ അദ്ഭുതപ്പെടാനില്ല. ഇനി ശ്രീകൃഷ്ണ ജയന്തിക്ക് ശോഭയാത്രയും നടത്താൻ പ്ലാനുണ്ടത്രെ! ഇതൊന്നും നിലപാട് മാറ്റമല്ല, നിസഹായാവസ്ഥയാണ്. ഒരുകാലത്ത് മതേതര മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന പാർട്ടിക്ക് ഇതു പിന്നോട്ടു നടത്തമാണ്; നാണംകെട്ട കീഴടങ്ങലാണ്.
സ്വാഭാവികമായ ബഹുമാനമൊന്നും ഇനി കിട്ടാൻ പോകുന്നില്ലെന്നു തോന്നിയതു കൊണ്ടാവും, മന്ത്രിമാർക്കുള്ള കത്തുകളിൽ ഇനി ബഹുമാനപ്പെട്ട (ബഹു.) എന്നു ചേർക്കണമെന്ന് ഇണ്ടാസ് പുറപ്പെടുവിച്ചത്. യഥാർഥത്തിൽ ബഹുമാനത്തിന് അർഹരായിരുന്നെങ്കിൽ ഇങ്ങനെയൊരു സർക്കുലർ പുറപ്പെടുവിക്കേണ്ടി വരുമായിരുന്നോ സർക്കാരിന്? ''ബ്രൂട്ടസ് ഒരു മാന്യനാണ്'' എന്ന് മാർക്ക് ആന്‍റണിയെക്കൊണ്ട് വില്യം ഷേക്ക്സ്പിയർ നിന്ദാസ്തുതി പറയിച്ചത് ഇത്തരം ഇണ്ടാസുകൾ കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കും!