Special Story

ലോകായുക്ത നിയമം ദുർബലമായി; നിയന്ത്രണം സർക്കാരുകളുടെ കൈയിൽ

സ്വന്തം ലേഖകൻ

ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ കുറ്റക്കാരനെന്നു കണ്ടെത്തിയ ആരെയും രക്ഷിക്കാൻ ഭരണപക്ഷത്തിന് സാധ്യത തുറന്നു. രാഷ്‌ട്രീയ പാര്‍ട്ടി ഭാരവാഹികളെ ലോകായുക്ത നിയമത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയതോടെ അഴിമതി നിരോധന സംവിധാനം തീർത്തും ദുർബലമാകും. ഭേദഗതി നിയമത്തില്‍ കൂടി വന്ന പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ:

ഉത്തരവ് തള്ളാന്‍ അധികാരം

നേരത്തേയുള്ള നിയമം അനുസരിച്ച് ലോകായുക്ത വിധിച്ചാൽ ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള നിയമനാധികാരികള്‍ ഉത്തരവ് നടപ്പാക്കണം. തുടർന്ന് ഇക്കാര്യം ലോകായുക്തയെ അറിയിക്കണം. ഭേദഗതി പ്രകാരം ലോകായുക്തയുടെ ഉത്തരവ് തള്ളാനും കൊള്ളാനും അപ്പലെറ്റ് അഥോറിറ്റിക്ക് അധികാരമുണ്ട്. മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ നിയമസഭയാണ് അപ്പലെറ്റ് അഥോറിറ്റി. മന്ത്രിമാര്‍ക്കെതിരേയെങ്കില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരേയെങ്കില്‍ സ്പീക്കറുമാണ് അപ്പലെറ്റ് അഥോറിറ്റി. 90 ദിവസത്തിനകം തീരുമാനം ലോകായുക്തയെ അറിയിക്കണം. നിയമസഭ തീരുമാനം എടുക്കേണ്ട വിധിയില്‍, സഭ ചേരുന്നതു മുതല്‍ 90 ദിവസമാണു സമയപരിധി. ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തിയാലും ഭരണപക്ഷത്തിനു ആരെയും രക്ഷിച്ചെടുക്കാന്‍ ഈ ഭേദഗതിയില്‍ കൂടി കഴിയും.* രാഷ്‌ട്രീയ പാർട്ടികളെ ഒഴിവാക്കി

രാഷ്‌ട്രീയ പാര്‍ട്ടി ഭാരവാഹികളെ ലോകായുക്ത നിയമത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികളിലെ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ലോകായുക്തയ്ക്കു കേസെടുക്കാനും വിധി പുറപ്പെടുവിക്കാനും അധികാരമുണ്ടായിരുന്നു.

നിയമന മാനദണ്ഡത്തിലും മാറ്റം

ലോകായുക്തയായി സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ നിയമിക്കണമെന്നും ഉപലോകായുക്തയായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ നിയമിക്കണമെന്നുമായിരുന്നു മുൻ നിയമം. ഇനി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയെ ലോകായുക്തയായും ഉപലോകായുക്തയായും നിയമിക്കാം. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഉയര്‍ന്ന പ്രായപരിധി 70 വയസാക്കി നിജപ്പെടുത്തി.

ലോകായുക്തയുടെ തസ്തികയില്‍ ഒഴിവ് വന്നാല്‍ എന്തുക്രമീകരണം വേണമെന്ന് നിലവില്‍ വ്യവസ്ഥയില്ലായിരുന്നു. ഇതിനായി നിയമത്തിലെ ഏഴാം വകുപ്പില്‍ (5എ), (5 ബി) ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. മരണം, രാജി തുടങ്ങിയ കാരണങ്ങളാല്‍ ലോകായുക്തയുടെ തസ്തികയില്‍ ഒഴിവ് വന്നാല്‍ ഗവര്‍ണര്‍ക്കു പുതിയ ലോകായുക്തയുടെ നിയമനം വരെ ഏറ്റവും സീനിയറായ ഉപലോകായുക്തയെ ലോകായുക്തയായി പ്രവര്‍ത്തിക്കാന്‍ അധികാരപ്പെടുത്താം. അവധിയോ മറ്റോ കാരണം ലോകായുക്തയുടെ അസാന്നിധ്യമുണ്ടായാലും ഗവര്‍ണര്‍ക്ക് ഏറ്റവും സീനിയറായ ഉപലോകായുക്തയ്ക്ക് ചുമതല നിര്‍വഹിക്കാന്‍ അധികാരപ്പെടുത്താമെന്നും ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

കോടതിയെ സമീപിക്കുമെന്നു പരാതിക്കാരന്‍

ലോകായുക്ത നിയമ ഭേദഗതിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദുരിതാശ്വാസനിധി വിനിയോഗത്തിനെതിരെ ലോകായുക്തയില്‍ ഹർജി ഫയല്‍ ചെയ്തിരുന്ന ആര്‍.എസ്. ശശികുമാര്‍ അറിയിച്ചു. ജുഡീഷ്യറിയുടെ അപ്പലേറ്റ് അധികാരം ജുഡീഷ്യറിയില്‍ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന വ്യവസ്ഥ നില നില്‍ക്കെ, ലോകായുക്ത ഉത്തരവില്‍ അന്തിമ തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിനു സമാനമാണെന്നും ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു