പച്ച്മഡിയിലെ ജിപ്സി സഫാരി.

 

Metro Vaartha

Special Story

കാനനം മോഹനം: മായക്കാഴ്ചകളുമായി മധ്യപ്രദേശ്

കടുവകൾക്കും വന്യജീവി സമ്പത്തിനും അപ്പുറത്തേക്ക്, ആഡംബര സൗകര്യങ്ങളും പൈതൃക - ആത്മീയ കേന്ദ്രങ്ങളും ഇഴചേരുന്ന അതിവിശാലമായൊരു ടൂറിസം സർക്യൂട്ടാണ് മധ്യ പ്രദേശ് ഒരുക്കുന്നത്.

VK SANJU

വിശേഷണം ടൈഗർ സ്റ്റേറ്റ് എന്നാണെങ്കിലും, കടുവകൾക്കും വന്യജീവി സമ്പത്തിനും അപ്പുറത്തേക്ക്, ആഡംബര സൗകര്യങ്ങളും പൈതൃക സ്മാരകങ്ങളും ആത്മീയ കേന്ദ്രങ്ങളും ഇഴചേരുന്ന അതിവിശാലമായൊരു ടൂറിസം സർക്യൂട്ടാണ് സഞ്ചാരികൾക്കായി മധ്യ പ്രദേശ് ഒരുക്കിവയ്ക്കുന്നത്.

വി.കെ. സഞ്ജു

കൊടും വേനലിലും ഇല പൊഴിക്കാത്ത നിത്യഹരിത വനങ്ങൾ, മഴക്കാലം കഴിഞ്ഞാലും കുളിർ ജലം പൊഴിച്ചുകൊണ്ടിരിക്കുന്ന ഗുഹാമുഖങ്ങൾ, ഇടുക്കിയെയോ വയനാടിനെയോ ഓർമിപ്പിക്കുന്ന ഹിൽ സ്റ്റേഷനുകൾ, ജൈവവൈവിധ്യത്തിന്‍റെ അമൂല്യ സമ്പത്ത്... മധ്യ പ്രദേശ് മാടിവിളിക്കുകയാണ് സഞ്ചാരികളെ.

ഒളിഞ്ഞിരിക്കുന്ന രത്നമെന്നാണ് വിനോദസഞ്ചാരികൾക്കിടയിൽ മധ്യ പ്രദേശ് അറിയപ്പെട്ടിരുന്നത്. അവിടെനിന്ന് ആഗോള ടൂറിസം ഭൂപടത്തിലെ ഐക്കൺ പദവിയിലേക്കുള്ള വളർച്ചയുടെ പാതയിലാണിപ്പോൾ സംസ്ഥാനം. ഇന്ത്യയുടെ 'ടൈഗർ സ്റ്റേറ്റ്' എന്ന നിലയിൽ വൈൽഡ് ലൈഫ് സഫാരി തന്നെയായിരുന്നു മധ്യ പ്രദേശ് ടൂറിസത്തിലെ പ്രധാന ആകർഷണം. ഇപ്പോൾ അതിനപ്പുറത്തേക്ക് ആഡംബരത്തിനും സാഹസികതയ്ക്കും സംസ്കാരത്തിനും സാങ്കേതികവിദ്യക്കും സമൂഹ പങ്കാളിത്തത്തിനുമെല്ലാം തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ലോകോത്തര വിനോദസഞ്ചാര അനുഭവമാണ് ഇന്ത്യയുടെ ഹൃദയഭൂമി വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ ടൂറിസത്തിന്‍റെ പുതിയ മാതൃക

ധൂപ്‌ഗഡിൽ മേയാനിറങ്ങിയ കാട്ടുപോത്ത്.

വന്യജീവി വൈവിധ്യം കൊണ്ട് സമ്പന്നമായ മധ്യ പ്രദേശ് ഇപ്പോൾ വന്യജീവി സംരക്ഷണത്തെയും സാമൂഹിക വികസനത്തെയും സംയോജിപ്പിച്ചുകൊണ്ട് ഒരു സുസ്ഥിര ഇക്കോടൂറിസം മാതൃക കൂടി രൂപപ്പെടുത്തിയിരിക്കുന്നു. ടൈഗർ റിസർവുകളിൽ നിന്നും സഫാരികളിൽ നിന്നും ലഭിക്കുന്ന വരുമാനം നേരിട്ട് വന്യജീവി സംരക്ഷണത്തിനും, പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനുമായി പുനർനിക്ഷേപിക്കുന്ന സമീപനം ഇവിടെ നടപ്പാക്കുന്നു. ഇത് പ്രദേശവാസികളെ പരിസ്ഥിതിയുടെ സംരക്ഷകരായി നിലകൊള്ളാൻ പ്രേരിപ്പിക്കുന്നു.

സഞ്ചാരികളെ സഫാരി ജീപ്പുകളിൽ നിന്നു പ്രകൃതിയിലേക്കിറക്കി മണ്ണിൽ ചവിട്ടി നടക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ അഡ്വഞ്ചർ ടൂറിസം പദ്ധതികളും സംസ്ഥാനം ആസൂത്രണം ചെയ്തു കഴിഞ്ഞു. ട്രെക്കിങ്ങും ഹൈക്കിങ്ങുമെല്ലാം സംസ്ഥാനത്തിന്‍റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയിലേക്ക് പുതിയ പാതകൾ തുറക്കുന്നു.

കയാക്കിങ് അടക്കമുള്ള ജല കായിക വിനോദങ്ങളിലൂടെ നിരവധി നദികളെയും ജലാശയങ്ങളെയും ടൂറിസത്തിനായി ഉപയോഗപ്പെടുത്തുന്നു. പ്രകൃതിയുമായി ഇഴചേരുന്ന, അവിസ്മരണീയമായ അനുഭവങ്ങൾ നൽകുന്ന ക്യാംപിങ്ങും, ഒരു പടി കൂടി കടന്ന് ഗ്ലാമ്പിങ്ങും (ഗ്ലാമർ ക്യാംപിങ്) പദ്ധതികളിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു.

ചെലവാക്കാൻ പണം ഏറെയുള്ള വിദേശികൾ അടക്കമുള്ള വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ മധ്യപ്രദേശ് ലക്ഷ്വറി ടൂറിസത്തിനും വലിയ പ്രാധാന്യം നൽകുന്നു. ആഡംബരത്തിന്‍റെയും പൈതൃകത്തിന്‍റെയും അപൂർവ സംഗമ വേദിയാക്കി ഒരു ഗോൾഫ് കോഴ്സ് കൂടി സംസ്ഥാന സർക്കാർ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന സാഞ്ചിയാണ് ഇതിന്‍റെ വേദി.

ട്രാവൽ ഏജന്‍റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TAAI) പിന്തുണയോടെ, ചരിത്രപ്രധാനമായ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ സാഞ്ചിക്ക് സമീപം ഒരു ലോകോത്തര ഗോൾഫ് കോഴ്‌സ് നിർമിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം പൂർത്തിയായ മധ്യ പ്രദേശ് ട്രാവൽ മാർട്ടിലാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര സഞ്ചാരികളിൽ ഗോൾഫിൽ താത്പര്യമുള്ള വലിയൊരു വിഭാഗമുണ്ട്. 18-ഹോൾ അന്താരാഷ്ട്ര ഗോൾഫ് കോഴ്‌സാണ് പൈതൃക കേന്ദ്രത്തിനരികെ ഒരുക്കുന്നത്. ഇതിലൂടെ, പ്രകൃതി സൗന്ദര്യവും മികച്ച കായിക വിനോദവും ഒരുമിച്ച് ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു.

വന്യജീവി, ആത്മീയത, പൈതൃകം, സംസ്കാരം എന്നിവയുടെ അതുല്യമായ സംയോജനമാണ് ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളെ മധ്യപ്രദേശിലേക്ക് ആകർഷിക്കുന്നത്. മധ്യപ്രദേശിലാണ് തങ്ങളുടെ ബ്രാൻഡ് ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി സഫാരി അനുഭവം സമ്മാനിച്ചതെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്‍റെ (IHCL) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ ചന്ദർ കുമാർ, ട്രാവൽ മാർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒമ്പത് ഹോട്ടലുകൾ പ്രവർത്തിക്കുന്ന IHCL, എട്ടെണ്ണം കൂടി സ്ഥാപിക്കാൻ തയാറെടുക്കുകയാണെന്നും പ്രഖ്യാപിച്ചു.

ദി പോസ്റ്റ്കാർഡ് ഹോട്ടൽ സഹസ്ഥാപകൻ അനിരുദ്ധ് കാണ്ഡ്പാൽ, കൻഹ, പെഞ്ച് ദേശീയ ഉദ്യാനങ്ങളിൽ അൾട്രാ-ലക്ഷ്വറി വൈൽഡ് ലൈഫ് ലോഡ്ജുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും പ്രഖ്യാപിച്ചു.

വർധിക്കുന്ന കണക്റ്റിവിറ്റി

ഭീംബേട്കയിൽ നിന്നൊരു കാഴ്ച.

സംസ്ഥാനത്തിന്‍റെ അതിവിശാലവും അതീവ സങ്കീർണവുമായ ഭൂമിശാസ്ത്രമാണ് മധ്യ പ്രദേശ് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. ഇതിനെ അതിജീവിക്കാൻ മധ്യപ്രദേശ് വിപ്ലവകരമായ കണക്റ്റിവിറ്റി പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിൽ പ്രധാനമാണ് റീജ്യണൽ ഹെലികോപ്റ്റർ സർവീസുകൾ. ട്രാൻസ് ഭാരത് ഏവിയേഷൻ, ജെറ്റ് സെർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ധാരണയിലെത്തി മൂന്ന് സെക്ടറുകളിലായി പ്രാദേശിക ഹെലികോപ്റ്റർ സർവീസുകൾ ആരംഭിച്ചു. ഇത് മുപ്പതിലധികം ലക്ഷ്യസ്ഥാനങ്ങളെ വ്യോമമാർഗം ബന്ധിപ്പിക്കുകയും കൻഹ, ബാന്ധവ്ഗഡ്, ഉജ്ജയിൻ, ഖജുരാഹോ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

നർമദാ യാത്രയാണ് ജല മാർഗമുള്ള കണക്റ്റിവിറ്റിയും ടൂറിസ്റ്റ് ആകർഷണവും വർധിപ്പിക്കാനുള്ള മറ്റൊരു പ്രധാന പദ്ധതി. ആത്മീയ, സാംസ്‌കാരിക ടൂറിസത്തിൽ ചരിത്രം കുറിക്കുന്ന പദ്ധതിയാണ് നർമദ ക്രൂസ്. ധർ ജില്ലയിലെ മേഘനാഥ് ഘട്ടിൽ നിന്ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി വരെയാണ് ഈ സാംസ്‌കാരിക ക്രൂസ് സർവീസിന്‍റെ ദൈർഘ്യം. ഈ സംരംഭത്തിനായി അഞ്ച് കമ്പനികൾക്ക് അനുമതിപത്രവും നൽകിക്കഴിഞ്ഞു. ഗുജറാത്ത് സർക്കാരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗുജറാത്ത് ടൂറിസം വകുപ്പ് സ്റ്റാച്യു ഓഫ് യൂണിറ്റിയുമായി ബന്ധിപ്പിച്ച് പ്രാദേശിക ക്രൂസ് സർവീസുകൾ നടത്തുന്നുണ്ടെങ്കിലും, സംസ്ഥാന അതിർത്തി കടന്നുള്ള സർവീസ്, സഞ്ചാരികൾക്ക് കൂടുതൽ ആകർഷകമായ യാത്രാനുഭവം ഒരുക്കുമെന്നുറപ്പാണ്.

കേരളത്തെയോ ഗോവയെയോ പോലെ ബീച്ചുകളുടെ ധാരാളിത്തമില്ല എന്നതാണ് മധ്യ പ്രദേശ് ടൂറിസം ബോർഡ് സംസ്ഥാനത്തെ ടൂറിസം വിഭവശേഷിയിൽ കണ്ടെത്തിയിട്ടുള്ള പ്രധാന പോരായ്മ. എന്നാൽ, അതിവിശാലമായ കായലുകളിലൂടെയും തടാകങ്ങളിലൂടെയും നദികളിലൂടെയും ഈ കുറവ് മറികടക്കാൻ സ്കൂബ ഡൈവിങ് അടക്കമുള്ള പദ്ധതികളും അവർ ആസൂത്രണം ചെയ്തു കഴിഞ്ഞു.

ഭൂവിഭാഗത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം, അതിന്‍റെ ജലാശയങ്ങളെ പ്രധാന ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നസർപുര ഐലൻഡ് വെൽനസ് പദ്ധതി ഇതിൽ പ്രധാനമാണ്. ഖണ്ഡ്‌വ ജില്ലയിലെ ഇന്ദിരാസാഗർ റിസർവോയറിൽ ₹140 കോടി ചെലവിൽ വെൽനസ് റിസോർട്ട് സ്ഥാപിക്കും. ഇവിടെ ലക്ഷ്വറി മുറികൾ, സ്പാ, ധ്യാനം, യോഗ എന്നിവ ഉൾപ്പെടുന്ന വെൽനസ് സെന്‍റർ, ജല കായിക വിനോദങ്ങൾ എന്നിവ ലഭ്യമാകും.

ഹനുവന്തിയ ഗ്ലാമ്പിങ് ആണ് മറ്റൊരു ആകർഷണം. ഇതിനുവേണ്ടി, ഇന്ദിരാസാഗർ റിസർവോയറിലെ പ്രശസ്തമായ ഹനുവന്തിയ, ഈസ്മൈട്രിപ്പുമായി ധാരണയിലെത്തി ലക്ഷ്വറി ടെന്‍റ് സിറ്റിയോടെ ഗ്ലാമ്പിങ്ങിന്‍റെയും സാഹസിക ടൂറിസത്തിന്‍റെയും കേന്ദ്രമായി മാറുകയാണ്.

ആഡംബര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആഗോള സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ, ടയർ-3 നഗരങ്ങളിലേക്കുള്ള ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ വേണ്ട പിന്തുണകൾ നൽകാമെന്ന് എയർ ഇന്ത്യയുടെ ഹെഡ് ഓഫ് സെയിൽസ് മനീഷ് പുരി ഉറപ്പു നൽകിയിട്ടുണ്ട്.

ഡിജിറ്റൽ സംസ്കാരം

ചരിത്രവും ആഡംബരവും സന്നിവേശിപ്പിക്കുന്നതാണ് മധ്യപ്രദേശിന്‍റെ പുതിയ ടൂറിസം നയം.

ടൂറിസത്തിനായി ശക്തമായ ഡിജിറ്റൽ, സാംസ്‌കാരിക പ്രചാരണമാണ് സംസ്ഥാനം നടത്തുന്നത്. ലോകപ്രശസ്ത സിത്താർ മാന്ത്രിക അനൗഷ്‌ക ശങ്കറിനെ അവതരിപ്പിച്ചുകൊണ്ടുള്ള 'ദി സിതാറിസ്റ്റ്' എന്ന ടിവി കൊമേഴ്സ്യൽ. ഓർച്ഛയിലെ കല്ലിൽ കൊത്തിയ ശിൽപ്പങ്ങൾ, മാണ്ഡുവിന്‍റെ ചരിത്രാവശിഷ്ടങ്ങൾ, മഹേശ്വറിലെ ശാന്തമായ ഘട്ടുകൾ എന്നിവയിലൂടെ പ്രേക്ഷകരെ ഒരു സംഗീത യാത്രയിലേക്ക് ക്ഷണിക്കുകയാണിതിൽ.

ബാലാജി ടെലിഫിലിംസ് പോലുള്ള പ്രമുഖ നിർമാണ കമ്പനികളെ ആകർഷിച്ച്, മധ്യപ്രദേശ് സംസ്ഥാനമാകെ വ്യാപിച്ചു കിടക്കുന്നൊരു ഫിലിം സിറ്റി തന്നെയായി മാറാനുള്ള തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.

യാത്രാ ഡോട്ട് കോം, കേളി ടെയിൽസ് പോലുള്ള പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തം വൈവിധ്യമാർന്ന കാഴ്ചകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. അതാവി ബേർഡ് ഫൗണ്ടേഷനുമായി ചേർന്ന് ബേഡ് ടൂറിസത്തിന് പ്രാധാന്യം നൽകുന്നത് ഇക്കോ- സാഹസിക ടൂറിസത്തിനും പുതിയ തലം നൽകുന്നു.

'വില്ലേജ് വൈബ്‌സ്' പ്രദർശനത്തിലൂടെയും, പ്രാദേശിക ഹോംസ്‌റ്റേ ഓപ്പറേറ്റർമാർക്ക് ടൂർ ഓപ്പറേറ്റർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ അവസരം നൽകുന്നതിലൂടെയും ടൂറിസം വരുമാനം പ്രാദേശിക സമൂഹത്തിലേക്ക് എത്തുന്നു എന്ന് സംസ്ഥാനം ഉറപ്പാക്കുന്നു.

വികസനത്തിന്‍റെ ചക്രവാളം

സാഞ്ചിയിലെ സ്തൂപത്തിനടുത്ത് ഒരുക്കിയിട്ടുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ.

ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിനു സഹായമേകാൻ മധ്യ പ്രദേശ് സർക്കാർ സമഗ്രമായൊരു പഞ്ചതല പദ്ധതി തന്നെ നടപ്പാക്കുകയാണിപ്പോൾ. നിക്ഷേപവും ആഡംബര സൗകര്യങ്ങളും ചേരുന്നതാണ് ഇതിൽ ആദ്യത്തേത്. 3,665 കോടി രൂപയുടെ നിക്ഷേപം മധ്യ പ്രദേശ് ട്രാവൽ മാർട്ടിലൂടെ ആകർഷിക്കാൻ സാധിച്ചു. ഗോൾഫ് കോഴ്സ്, വെൽനസ് റിസോർട്ട്, ലക്ഷ്വറി ലോഡ്ജുകൾ എന്നിവ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടും.

ഹെലികോപ്റ്റർ സർവീസുകൾ, നർമദ ക്രൂയിസ് എന്നിവയിലൂടെ യാത്രാസൗകര്യം വിപ്ലവകരമായി മെച്ചപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. ഫിലിം & ഡിജിറ്റൽ സ്റ്റോറിടെല്ലിങ്ങിൽ അനൗഷ്‌ക ശങ്കറിന്‍റെ ക്യാംപെയ്നും ഡിജിറ്റൽ പങ്കാളിത്തങ്ങളും വഴി ആഗോളതലത്തിൽ പ്രചാരണം നൽകുന്നത് മൂന്നാമത്തെ ഘട്ടം.

സുസ്ഥിരവും സാമൂഹികവുമായ ഇക്കോടൂറിസം പദ്ധതിയിലൂടെ സഫാരി വരുമാനം സംരക്ഷണത്തിനും സമൂഹ വികസനത്തിനും ഉപയോഗിക്കുന്നു. ഗോൾഫ് ടൂറിസം, MICE (മീറ്റിംഗുകൾ, ഇൻസെന്‍റീവുകൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ), വെഡ്ഡിംഗ് ടൂറിസം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് മറ്റൊരു തലം.

ഈ സമഗ്രമായ സമീപനം, മധ്യപ്രദേശിനെ ലോകമെങ്ങും നിന്നുള്ള വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറ്റാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം