'മഹാദേവി' എന്ന പിടിയാനയ്ക്കു വേണ്ടിയുള്ള നിയമയുദ്ധം
കോലാപൂരിലെ തെരുവുകൾ അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാകുന്നത് ആദ്യമായിരിക്കും. നയിക്കാൻ രാഷ്ട്രീയ നേതാക്കളോ സാമുദായികാചാര്യന്മാരോ ഇല്ലാത്തൊരു പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് ആ പ്രതിഷേധത്തിൽ ഒരേ മനസ്സോടെ പങ്കാളികളായത്. എല്ലാം അവരുടെ പ്രിയപ്പെട്ട മഹാദേവിയെ തിരിച്ചെത്തിക്കുന്നതിനുവേണ്ടിയാണ്.. ആ ചെറുപട്ടണത്തിലെ എല്ലാവരുടെയും ജീവിതത്തോട് ചേർന്നു നിൽക്കുന്ന മഹാദേവി എന്ന പിടിയാനയെ തിരിച്ചെത്തിക്കുന്നതിനു വേണ്ടിയുള്ള കരുത്തുറ്റ പ്രതിഷേധം.
മൃഗസ്നേഹികളും ആനപ്രേമികളും തമ്മിലുള്ള ദീർഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് മഹാദേവിക്ക് സ്വന്തം നാട് വിട്ടു പോകേണ്ടി വന്നത്. ക്രൂരമായ പീഡനങ്ങൾ മൂലം ആനയുടെ മാനസിക നില പോലും തെറ്റിയെന്ന് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ആരോപിക്കുമ്പോൾ മഹാദേവിയെ തങ്ങൾ പൊന്നു പോലെയാണ് നോക്കിയിരുന്നതെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. എന്തു തന്നെയായാലും ആനയുടെ ദേഹത്തുണ്ടായിരുന്ന മുറിവുകളെ കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കായില്ല. നിയമപോരാട്ടത്തിൽ പരാജയപ്പെട്ടുവെങ്കിലും എങ്ങനെയും മഹാദേവിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നാട്ടുകാർ തുടരുകയാണ്.
വെറും 3 വയസു മാത്രം പ്രായമുള്ളപ്പോൾ 1992ലാണ് മഹാദേവി കോലാപൂരിലെ ജൈനമഠത്തിലെത്തിയത്. 36 വയസു വരെയും കോലാപൂരിലുള്ളവരെ കണ്ടും അറിഞ്ഞും അവർക്കൊപ്പമാണ് മഹാദേവി വളർന്നത്. പക്ഷേ ആന കൊടിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന പെറ്റയുടെ ആരോപണം ഉയർന്നതോടെ ബോംബേ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും മഹാദേവിയെ കോലാപൂരിൽ നിന്ന് അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള വന്താരയെന്ന മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
കാൽപ്പാദങ്ങളിൽ പഴുപ്പ്, ദേഹത്താകെ മുറിവുകൾ, വളർന്നു നീണ്ട കാൽനഖങ്ങൾ ഇതൊന്നും പോരാതെ ചില സമയത്തെ അസ്വാഭാവികമായ പെരുമാറ്റവും. മഹാദേവിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണമെന്നതിന് കാരണമായി പെറ്റ ചൂണ്ടിക്കാട്ടിയത് ഇതൊക്കെയായിരുന്നു. അതു മാത്രമല്ല ചിലപ്പോൾ ഘോഷയാത്രയെന്ന പേരിൽ ആനയെക്കൊണ്ട് ഭിക്ഷ എടുപ്പിച്ചിരുന്നതായും സംസ്ഥാനത്തിന്‍റെ അതിർത്തികളിലെ വിവിധ തരം ആചാരങ്ങളിൽ പങ്കെടുപ്പിച്ചിരുന്നുവെന്നും കൂർത്ത ആയുധങ്ങൾ കൊണ്ട് മുറിപ്പെടുത്തിയിരുന്നുവെന്നും പെറ്റ പറയുന്നു. 2022-23 ൽ തെലങ്കാനയിലെ മുഹറം ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രയിലും മഹാദേവിയെ എഴുന്നള്ളിച്ചിരുന്നു. പക്ഷേ ഇതിൽ പല ആരോപണങ്ങളും തെറ്റാണെന്നാണ് കോലാപൂർ നിവാസികൾ പറയുന്നത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ മഹാദേവിയെ തങ്ങൾ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും വൈകാരികമായ അടുപ്പമാണ് ആനയുമായുള്ളതെന്നും അവർ പറയുന്നു.
നിയമവും, ധാർമികതയും, വൈകാരികതയുമെല്ലാം മഹാദേവിയുടെ കാര്യത്തിൽ കൂടിക്കുഴഞ്ഞു കിടക്കുകയാണ്. പക്ഷേ നിയമത്തിന് അനുസരിച്ചേ അധികൃതർക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കൂ. എങ്കിലും മഹാദേവിയുടെ കാര്യത്തിൽ കുറച്ചു കൂടി സുതാര്യത വേണമെന്നും അവളെ തിരിച്ചു കൊണ്ടു വരണമെന്നുമുള്ള ആവശ്യത്തിൽ നിന്ന് നാട്ടുകാർ പിന്മാറിയിട്ടില്ല. മഹാദേവിയുടെ ആരോഗ്യകാര്യങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ ഹർജി സമർപ്പിച്ചിട്ടുണ്ട്. അതേ സമയം മഹാദേവി നിലവിൽ വിദഗ്ധരുടെ കീഴിൽ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് വന്താര പറയുന്നത്.
ജൈന മഠത്തിന്‍റെ ആചാരങ്ങളിൽ ഉൾപ്പെടെ മഹാദേവി ഒഴിവാക്കാനാകാത്ത ഭാഗമാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. ഇണക്കി വളർത്തുന്ന ആനകളുമായി വൈകാരികമായ അടുപ്പമാണ് ഇന്ത്യക്കാർ പുലർത്താറുള്ളത്. ഇണക്കി വളർത്തുന്ന ആനകളിൽ ഭൂരിഭാഗവും ക്ഷേത്രങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണുള്ളതെന്നാണ് കണക്കുകൾ.