മമത മങ്ങിയ ബംഗാൾ
നമിത മോഹനൻ
പശ്ചിമ ബംഗാളിൽ 34 വർഷം നീണ്ട മാർക്സിസ്റ്റ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ആദ്യമായി ഭരണത്തിലെത്തുന്നത്- 2011ൽ. തുടർഭരണം നയിക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കു കരുത്തുറ്റ പ്രതിപക്ഷമായിരുന്നു മമതയുടെ തൃണമൂൽ. തുടർന്ന് മമത ബാനർജി മുന്നിൽ നിന്ന് നയിച്ച സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾ മാർക്സിസ്റ്റ് സർക്കാരിന്‍റെ അടിത്തറയിളക്കിയ കർഷക വെടിവയ്പ്പിലേക്കു വഴിമാറി. ബംഗാളിൽ അന്ന് ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരമാണ് മമതയ്ക്ക് ബംഗാളിന്‍റെ രാജ്ഞിയാക്കിയത്.
പിന്നീടങ്ങോട്ടുള്ള 15 വർഷങ്ങൾ പശ്ചിമ ബംഗാളിന്‍റെ ഭരണം മമതയുടെ ഉരുക്കു മുഷ്ടികളിലായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ മമത ഓരോ തവണയും അധികാരം നിലനിർത്തി. രാജ്യത്തെ ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായി തുടർന്നു. ബിജെപി പലപ്പോഴായി ബംഗാളിനെ ലക്ഷ്യം വച്ചെങ്കിലും ഫലം കണ്ടില്ല.
എന്നാൽ, ഇത്തവണ തുടർഭരണം മോഹിച്ചിറങ്ങിയ മമതയ്ക്കും തൃണമൂലിനും അടിപതറി. മമത വ്യക്തമായ ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെങ്കിലും തൃണമൂലിന്‍റെ അവസ്ഥ അങ്ങനെയല്ല. തൃണമൂലിനെ ചവിട്ടിത്താഴ്ത്തി ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു. ഇരുനൂറിനടുത്ത് സീറ്റിലേക്ക് ബിജെപി കുതിച്ചുകയറിയപ്പോൾ, തൃണമൂലിനു 90 പോലും തൊടാനായില്ല.
15 വർഷത്തെ തൃണമൂൽ - മമത അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ട് ബിജെപി അധികാരത്തിൽ കയറുകയാണ്. ഏറെക്കാലം നീണ്ട ബിജെപിയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾ കൂടിയാണ് സാഷാത്കരിക്കപ്പെടുന്നത്.
മൂന്നാം മമത സർക്കാരിന്‍റെ കാലത്ത് അവർക്കെതിരേ ഉയർന്ന പല ആരോപണങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. പാർട്ടിക്കകത്തെ അഴിമതി ആരോപണങ്ങളും, അത് നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതും തോൽവിക്കു വലിയ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. 'ദീദി കവചം' എന്നറിയപ്പെട്ടിരുന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണതും സന്ദേശ്ഖാലി സംഭവങ്ങളും, അതിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തുണ്ടായ വർഗീയ കലാപങ്ങളിൽ മമതയ്ക്ക് പങ്കുണ്ടെന്ന ബിജെപിയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടരുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബിജെപിയുടെ പ്രവർത്തനം, അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിരന്തര സന്ദർശനം, ഗ്യാരന്‍റികൾ ഇവയെല്ലാം ജനങ്ങളെ സ്വാധീനിച്ചതായാണ് കണക്കുകൂട്ടൽ.