file image
ആന്റണി ഷെലിൻ
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന്- സെപ്റ്റംബര്‍ 17ന്- 75 വയസ് തികയുകയാണ്. 1950 സെപ്റ്റംബറില്‍ വടക്കന്‍ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഒരു ചെറുപട്ടണമായ വഡ നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ദാസ് മോദി രാജ്യത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത നേതാവാണ്.
2001 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സേവമനുഷ്ഠിച്ച അദ്ദേഹം ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുമായത്. ആ പദവിയില്‍ അദ്ദേഹത്തിന്റെ കാലാവധി 11 വര്‍ഷവും 111 ദിവസവും (ഏകദേശം 4,140 ദിവസം) പിന്നിട്ടിരിക്കുന്നു. രാജ്യചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവധി കൂടിയാണിത്. ജവഹര്‍ലാല്‍ നെഹ്റു 16 വര്‍ഷവും 286 ദിവസവും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.
11 വര്‍ഷത്തിനിടെ മോദി ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പുനര്‍നിര്‍മിച്ചു. ബിജെപിയെ നിര്‍ണായക ശക്തിയാക്കി മാറ്റുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെയും മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി ബിജെപിയാണിപ്പോൾ. സഖ്യകക്ഷി സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കുന്ന മുരടിപ്പില്‍ നിന്നു രാജ്യത്തെ മുക്തമാക്കി. സാമ്പത്തിക വളര്‍ച്ച, സാമൂഹ്യ ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, സ്വയംപര്യാപ്തത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മോദിയെ പിന്തുണയ്ക്കുന്നവര്‍ അദ്ദേഹത്തെ കൂടുതല്‍ ആത്മവിശ്വാസമുള്ള ഇന്ത്യയുടെ ശില്പ്പിയായി കാണുന്നു.
എന്നാല്‍ എതിരാളികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തിനു മറ്റു പല വ്യാഖ്യാനങ്ങളും നല്‍കുന്നുണ്ട്. പക്ഷേ, ഇരുപക്ഷവും ഒരു കാര്യം സമ്മതിക്കും. അത് മോദി ഇന്ത്യയെ കഴിഞ്ഞ 11 വര്‍ഷം കൊണ്ടു മാറ്റിമറിച്ചു എന്നതാണ്. 2014ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഇന്ത്യ ലോകത്തിലെ 10ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് 4ാം സ്ഥാനത്താണ്. 2030 ആകുമ്പോഴേക്കും ഇന്ത്യ 3ാം സ്ഥാനത്തേക്ക് ഉയരുമെന്നും ആഗോള പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരവ്
തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള മോദിയുടെ കഴിവ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു മുഖമുദ്രയാണ്. 2002ൽ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ ട്രെയ്നിലുണ്ടായ രാമഭക്തരുടെ കൂട്ടക്കൊലയും, തിരിച്ചടിയായി നടന്ന ഭീകരമായ മുസ്ലിം വിരുദ്ധ കലാപത്തിനും ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്നു തന്നെ പലരും കരുതിയിരുന്നു. എന്നാല്‍ തന്റെ "ഗുജറാത്ത് മോഡല്‍' വികസനത്തെ ഉയര്‍ത്തിപ്പിടിച്ച് സ്വയം റീബ്രാന്‍ഡ് ചെയ്യുക മാത്രമല്ല, ദേശീയതലത്തില്‍ ഒരു വ്യക്തിത്വമായി ഉയര്‍ന്നുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം പാർട്ടിയിൽ നിന്ന് അടക്കമുള്ള രാഷ്ട്രീയ പകപോക്കലുകള്‍ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടു പോലും 2014ല്‍ പ്രധാനമന്ത്രിയായി മോദിയെ ജനം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റി.
ഗുജറാത്ത് മോഡല്‍
മോദിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ച അദ്ദേഹത്തിന്റെ ഗുജറാത്തിലെ ഭരണകാലത്തിന്റെ അടിത്തറയിലാണ് നിര്‍മിച്ചത്. മോദി മുഖ്യമന്ത്രിയായ കാലത്ത് "ഗുജറാത്ത് മോഡല്‍' എന്ന പേരില്‍ നിരവധി പരിഷ്കാരങ്ങളാണു നടപ്പിലാക്കിയത്. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപക സൗഹൃദ നയങ്ങള്‍, കാര്യക്ഷമമായ ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു ഗുജറാത്ത് മോഡല്‍. ഈയൊരു സമീപനം മോദിയുടെ ദേശീയ അജൻഡയുടെ രൂപരേഖയായി മാറുകയും ചെയ്തു. മോദിയുടെ ഗുജറാത്ത് ഭരണകാലയളവിലെ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സുജലം സുഫലാം യോജന. ജലക്ഷാമം നേരിടുന്ന സംസ്ഥാനത്തെ മിച്ച ജലമുള്ള സംസ്ഥാനമാക്കി മാറ്റിയ ജല മാനെജ്മെന്റ് പദ്ധതിയാണ് സുജലം സുഫലാം യോജന.
2024 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് വാട്ടര്‍ കണക്ഷന് നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ദേശീയ ജല്‍ ജീവന് മിഷന് അടിത്തറ പാകിയത് സുജലം സുഫലാം യോജന പദ്ധതിയാണ്. അതുപോലെ ഗുജറാത്തിലെ 18000 ഗ്രാമങ്ങളിലും 24 മണിക്കൂര്‍ വൈദ്യുതി എത്തിച്ച ജ്യോതിഗ്രാം യോജന എന്ന പദ്ധതിയാണ് ദേശീയ സൗഭാഗ്യ പദ്ധതിക്കു തുടക്കമിടാന്‍ കാരണമായത്. ഗാര്‍ഹിക വൈദ്യുതീകരണം ലക്ഷ്യമിടുന്ന പദ്ധതിയാണ് ദേശീയ സൗഭാഗ്യ.
2014ല്‍ ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് "മെയ്ക്ക് ഇന്‍ ഇന്ത്യ'. പദ്ധതിക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടായതെങ്കിലും അത് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വര്‍ധിപ്പിക്കുന്നതിനു കാരണമായി.
2017ല്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയത് പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരങ്ങളില്‍ ഒന്നാണ്. "ഒരു രാഷ്ട്രം, ഒരു നികുതി' സമ്പ്രദായം ഇന്ത്യയുടെ സങ്കീര്‍ണമായ നികുതി ഘടനയെ ഏറെ ലളിതമാക്കിയിട്ടുണ്ട്. അടുത്തിടെ അതിന്റെ സ്ലാബുകൾ രണ്ടായി ചുരുക്കി. എന്നിരുന്നാലും ജിഎസ്ടി നടത്തിപ്പില്‍ വെല്ലുവിളികള്‍ ഒരുപാട് നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 74ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സാങ്കേതിക പുരോഗതിക്കും ഉത്പാദനവും സ്വാശ്രയത്വവും വര്‍ധിപ്പിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കിയത്. കൊവിഡ് 19 മഹാമാരി ഉയര്‍ത്തിയ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനായി 2020ല്‍ മോദി ആത്മനിര്‍ഭര്‍ ഭാരത് (സ്വയം പര്യാപ്ത ഇന്ത്യ) ക്യാംപെയ്നു തുടക്കമിട്ടു. അതിപ്പോൾ ബഹിരാകാശ പദ്ധതികളിലും സൈനിക പദ്ധതികളിലും ആയുധ നിർമാണങ്ങളിലും സെമി കണ്ടക്റ്റർ നിർമാണത്തിലും പോലും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.
നേതാക്കളുടെ നേതാവ്
നരേന്ദ്ര മോദി ബിജെപിയുടെ പല ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. എന്നാൽ, അദ്ദേഹം പ്രധാനമന്ത്രിയായതിനു ശേഷം അഞ്ചു മുൻ ബിജെപി ദേശീയ പ്രസിഡന്റുമാർ അദ്ദേഹത്തിനു കീഴിൽ അച്ചടക്കത്തോടെ, വിശ്വാസ്യതയോടെ, കാര്യക്ഷമതയോടെ, വിധേയത്വത്തോടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു എന്നതു സവിശേഷമായ കാര്യമാണ്.
എം. വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവർ പാർട്ടിയുടെ പ്രോട്ടോകോൾ പ്രകാരം മോദിയുടെയും മേലേയാണ്. പക്ഷേ ഇവരെല്ലാം മോദിയുടെ ക്യാബിനറ്റിൽ മന്ത്രിമാരായി. രാജ്യത്തു മറ്റൊരു പാർട്ടിയിലും കാണാത്ത പ്രത്യേകതയാണിത്. വെങ്കയ്യ നായിഡു പിന്നീട് ഉപരാഷ്ട്രപതിയുമായി. മോദിയേക്കാൾ പാർട്ടിയിൽ മേലേതലത്തിലുണ്ടായിരുന്ന സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും അടക്കമുള്ളവർ അദ്ദേഹത്തിനു കീഴിൽ മന്ത്രിമാരായി പ്രവർത്തിച്ചു. ആർക്കും പരസ്പരം ഈഗോയോ ഈർഷ്യയോ താൻപോരിമാ ഭാവമോ ഉണ്ടാകാതെ മോദി അവരെ ഒപ്പം നിർത്തി. ഇതേവരെ മോദി സർക്കാരിലെ ഒരു മന്ത്രി പോലും അഴിമതി ആരോപണത്തിൽ കുടുങ്ങിയിട്ടില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്.