പൂർണിമയും വൈഷ്ണവും കോളെജ് ക്യാംപസിൽ.

 

Metro Vaartha

Special Story

ഈ അമ്മയും മകനും പൊളിയല്ലേ!!

നാൽപ്പതാം വയസിൽ മകനോടൊപ്പം കോളേജിൽ ബിരുദ വിദ്യാർഥിനിയായി പൂർണിമ

Local Desk

ഏബിൾ സി. അലക്സ്

കോതമംഗലം: നാൽപ്പതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ. ബിനുവിനൊപ്പം ബിരുദ വിദ്യാർഥിനിയായതിന്‍റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ.എസ്. ബിനുവിന്‍റെ ഭാര്യ പൂർണിമ രഘു. കോതമംഗലം മാർ അത്തനേഷ്യസ് കോളെജാണ് അപൂർവമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.

'പ്രായമൊന്നും നോക്കിയില്ല, ബിരുദം നേടണമെന്നു വലിയ ആഗ്രഹമായിരുന്നു എനിക്ക്.... കോളെജിൽ പഠിക്കണമെന്ന എന്‍റെ മോഹം പൂവണിഞ്ഞു. മകനൊപ്പമാകുമ്പോൾ അതിന്‍റെ സന്തോഷം ഇരട്ടിയാണ്. ഇനി ബിരുദത്തിലേക്കുള്ള യാത്രയാണ്, അതും നേടും'- ഉച്ചയ്ക്കുള്ള ഇടവേളയിൽ മകന്‍റെ കൈപിടിച്ചു കോളെജ് വരാന്തയിലൂടെ നടക്കുന്നതിനിടയിൽ പൂർണിമ പറഞ്ഞു.

ഫുട്ബോൾ കളിയെ പ്രണയിക്കുന്ന മകൻ വൈഷ്ണവ്, സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടി ബികോം ഒന്നാം വർഷ വിദ്യാർഥിയാണെങ്കിൽ, സാഹിത്യത്തെയും വായനയെയും സ്നേഹിക്കുന്ന പൂർണിമ ഒന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനിയാണ്.

ന്യൂജെൻ കുട്ടികളുടെ കൂടെ പഠിക്കുന്നതിന്‍റെ ജാള്യതയൊന്നും പൂർണിമയ്ക്കില്ല. പ്രായം വെറും നമ്പർ മാത്രമാണെന്നാണ് പൂർണിമയുടെ പക്ഷം.

'ഞങ്ങൾ അമ്മയും മകനും കോളെജ്മേറ്റ്സ് എന്നു പറയുന്നതു തന്നെ ഒരു സന്തോഷമല്ലേ!' മകനൊടൊപ്പം നടക്കുന്നതിനിടയിൽ പൂർണിമ പറയുന്നു.

വീട്ടുകാര്യങ്ങളും അടുക്കളക്കാര്യങ്ങളും എല്ലാം തീർത്ത് രണ്ടു മക്കളിൽ ഇളയവനും, പോത്താനിക്കാട് സെന്‍റ് സേവ്യഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ വൈഭവ് ദേവിനെ സ്കൂളിലും പറഞ്ഞയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ഈ അമ്മയുടെയും മൂത്ത മകന്‍റെയും ഒരുമിച്ചുള്ള കോളെജ് യാത്ര. വൈകിട്ടും ഒന്നിച്ചാണു മടക്കം.

എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ബിനുവും കട്ടയ്ക്ക് കൂടെയുണ്ട്.

പൂർണിമയും വൈഷ്ണവും കോളെജ് ക്യാംപസിൽ.

മികച്ച ഫുട്ബോൾ കളിക്കാരനും, ഇടുക്കി ജില്ലാ ഫുട്ബോൾ ടീമിലെ മുൻ അംഗവും, കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ കണ്ടക്റ്ററുമാണ് ബിനു. ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ അടുക്കളയിൽ കയറി ഭർത്താവ് സഹായിക്കുമെന്നും, അത് തന്‍റെ പഠനത്തിന് ഏറെ സഹായകരമാണെന്ന് പൂർണിമ പറയുന്നു.

പഠനത്തോടൊപ്പം ഫുട്ബോൾ കളിയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വൈഷ്ണവിന്‍റെ ആഗ്രഹം. മകനോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടണമെന്ന പൂർണിമയുടെ നിശ്ചയ ദാർഢ്യത്തെ ഏറെ അഭിനന്ദിക്കുന്നതായും, ഉന്നത വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായിരിക്കണമെന്നും കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും പറഞ്ഞു....

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ